Image

അഴീക്കോട്‌: ആത്മാഭിമാനത്തിന്റെ മണ്ഡനവും അനീതിയുടെ ഖണ്ഡനവും

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു; D.Sc.; Ph.D. Published on 29 January, 2012
അഴീക്കോട്‌: ആത്മാഭിമാനത്തിന്റെ മണ്ഡനവും അനീതിയുടെ ഖണ്ഡനവും
1958ല്‍ വള്ളത്തോള്‍ കഥാവശേഷനായപ്പോള്‍, ഏകീകൃത കേരളസംസ്ഥാനത്തില്‍ ഉണ്ടായ മനോനിലയ്‌ക്കു തുല്യമായ ശോകഭാവം മുറ്റിനിന്ന ഒരു സംഭവമാണ്‌ പ്രൊഫസ്സര്‍ (ഡോക്‌ടര്‍) സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാട്‌ - ഒരു മഹാബോധിവൃക്ഷം വേരറ്റ പ്രതീതി. സാധാരണ ജനങ്ങളുടേയും പണ്ഡിതരുടേയും അംഗീകാരം ഒരു പോലെ നേടിയ മനീഷിയുടെ തിരോധാനം. ഭാഷയുടെ മൂലവും, മൂല്യവും, ജീനിയസ്സും, ഉത്ഭവവും, തത്ഭവവും ഉള്‍ക്കൊണ്ട സ്ഥിതപ്രജ്ഞന്റെ വിടവാങ്ങല്‍. നൈതികതയില്‍ പൊതിഞ്ഞ സത്യം ചീറ്റുന്ന ഉഗ്രഫണം ഉയര്‍ത്തിയ, സാംസ്‌കാരിക നിധി കാത്ത, അനന്തന്റെ മറയല്‍. ഭാഷയെ ശബ്‌ദതരംഗമാക്കി മാറ്റി, വാമൊഴിയെ വരമൊഴിയുടെ അനുസ്വനമാക്കിയ സര്‍ഗലേഖനത്തിന്റെ അവസാനാദ്ധ്യായത്തിന്റെ അടയല്‍. വിദ്യയോതിയും വിദ്യാവാഹകരെ അഭ്യസിപ്പിച്ചും വൈവിദ്ധ്യമാര്‍ന്ന ചിന്ത വേദോപനിഷത്തുക്കളുടെ തണലിലും നിഴലിലും വരച്ചുവെച്ച തൂലികയുടെ അന്തര്‍ദ്ധാനം. സര്‍വ്വോപരി, അടുത്തവരേയും മടുത്തവരേയും അവസാനനാളുകളില്‍ കണ്ണീരും കിനാവുമായി ആശുപത്രിവരാന്തയില്‍ മനം മാറ്റി അണിനിരത്തിയ അതുല്യക്കാഴ്‌ചയുടെ ജാലവിദ്യക്കാരന്റെ പിന്‍വാങ്ങല്‍.

ഭാഷയില്‍ പ്രാവീണ്യവും, ഭാഷയോട്‌ പ്രേമവും, മലയാളിയോട്‌ കൂറും കാണിച്ച അഴീക്കോട്‌, ഒരു മേഖലയില്‍ മാത്രം തന്നെ തളച്ചിടാതെ, തന്റെ പ്രതിഭയ്‌ക്ക്‌ ബഹുചെത്തുമുഖങ്ങള്‍ കൊത്തി. വിശാലാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു. തനതായ അഭിപ്രായം, നിര്‍ഭയമായി, മുട്ടും നട്ടെല്ലും വളയ്‌ക്കാതെ, ആത്മപ്രകാശനോപാധി- യാക്കിയ ആദര്‍ശവാദിയായ പ്രഭാഷകനും, വാദിയും സംവാദിയുമായിരുന്ന അഴിക്കോടിന്റെ ശബ്‌ദം ഏവരും ഗൗരവത്തോടെ ശ്രവിച്ചു.

അമേരിക്കന്‍ പ്രയോഗത്തില്‍, സുകുമാര്‍ അഴീക്കോടിന്റെ ജീവിതംകൊണ്ടാടുന്ന അവസരത്തില്‍, ഈ കുറിപ്പ്‌, കൃതികളുടെ പേരുകള്‍ നിരത്തുന്ന കീശാനിഘണ്ടുവാക്കുന്നതിനു പകരം, ഞാനറിഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അറിയപ്പെടാത്ത ചില കോണുകളിലേക്ക്‌ വെളിച്ചം വീശട്ടെ!

1962ല്‍ എസ്‌. കെ. പൊറ്റേക്കാടിനോട്‌ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ട അഴീക്കോട്‌, പിന്നീട്‌ തന്റെ രാഷ്‌ട്രീയവീക്ഷണം കൂടുതല്‍ വിപുലമാക്കി, കക്ഷിഭേദമെന്യെ എല്ലാവര്‍ക്കും സമ്മതനും ആരാദ്ധ്യനുമായിത്തീര്‍ന്നു. പ്രസംഗത്തിലൂടെ പ്രബോധനം നടത്തിയ അദ്ദേഹം, തന്റെ പ്രഭാഷണദാഹത്തെ ഈയിടെ സ്വയംവിമര്‍ശനം നടത്തിയത്‌, `എനിക്ക്‌ സന്ധ്യയായാല്‍ പ്രസംഗിക്കാന്‍ തോന്നുമെന്നല്ലാതെ മറ്റൊരു ദോഷവുമില്ലെ'ന്നു പറഞ്ഞാണ്‌.

മൂന്നു മാസങ്ങള്‍ക്കു മുമ്പ്‌ മാതൃഭൂമി പുരസ്‌ക്കാരം എറ്റുവാങ്ങുന്ന അവസരത്തില്‍, `ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി കാട്ടിയ ധൈര്യത്തേയും വിശാല മനസ്‌കതയേയും അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചിരുന്നു. അറുപതുകളുടെ അവസാനം പ്രത്യക്ഷപ്പെട്ട ഒരു അഭിമുഖത്തില്‍, താന്‍ എന്തുകൊണ്ട്‌ അവിവാഹിതനായിരിക്കുന്നു എന്ന്‌ ചോദിച്ചപ്പോള്‍, തന്റെ പുസ്‌തകശേഖരം ചൂണ്ടിക്കാട്ടുകയാണുണ്ടായത്‌.

അമ്പതു വയസ്സ്‌ കഴിഞ്ഞ്‌ ഡ്രൈവിങ്‌ പഠിക്കുന്നത്‌ അപകടകരമാണെന്ന സുഹൃത്‌ വചനത്തെ നിരാകരിച്ച്‌, അദ്ദേഹം തൃശ്ശൂരങ്ങാടിയില്‍ കാറോടിച്ചു നടന്ന്‌, തന്റെ നിര്‍ഭയത്വം ആത്മീയതയില്‍ ഒതുങ്ങുന്നതല്ലെന്നു തെളിയിച്ചു. പരമാത്മാവും ജീവാത്മാവും ലോകവും ഒന്നുതന്നെ എന്നര്‍ത്ഥം വരുന്ന ഛാമ്പോഗ്യോപനിഷത്തിലെ `തത്ത്വമസ്യാദി വാക്യം' (`അത്‌ നീയാകുന്നു' എന്ന വേദാന്തതത്ത്വം) തലക്കെട്ടാക്കിയ അദ്ദേഹത്തിന്റെ പുസ്‌തകത്തിന്റെ പുതിയ പതിപ്പ്‌, യഥാര്‍ത്ഥ കണ്ണാടി വൃത്താകൃതിയില്‍ മുന്‍ചട്ടയില്‍ പ്രതിഷ്‌ഠിച്ച്‌, ഡി. സി. ബുക്ക്‌സ്‌ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.
ചില വ്യക്തിഗത അനുഭവങ്ങള്‍ കുറിച്ച്‌ അവസാനിപ്പിക്കട്ടെ!

1976ല്‍ കേരള സാഹിത്യ അക്കാദമി നടത്തിയ വര്‍ക്ക്‌ഷോപ്പില്‍ അദ്ദേഹം ക്ലാസ്സില്‍ ഒരു ഉപമയ്‌ക്കിടയില്‍, ഹിമാലയത്തില്‍ അന്വേഷിക്കാന്‍ പറ്റിയില്ലെങ്കില്‍ പച്ചമരുന്ന്‌ അടുത്തുള്ള കുന്നിലെങ്കിലും അന്വേഷിക്കണമെന്ന്‌ പറഞ്ഞിരുന്നത്‌ വിലങ്ങന്‍ കുന്നിനെ അന്ന്‌ ഓര്‍മ്മിപ്പിച്ചിരുന്നു. വിലങ്ങന്റെ താഴ്‌വരയിലെ അമലയില്‍ ആ ഉപമാനത്തിന്റേയോ ഉപമേയത്തിന്റേയോ അധീശശക്തിയില്‍
അവസാനനാളുകള്‍ അദ്ദേഹം തള്ളിനീക്കിയത്‌ ദുഃഖം കലര്‍ന്ന അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളു. താമസ്സിയാതെ, ബോംബെയില്‍ വെച്ച്‌ പ്രശസ്‌തകവി കൃഷ്‌ണന്‍പറപ്പിള്ളിയുടെ അറുപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ നടന്ന കവി സമ്മേളനത്തിന്‍ അദ്ധ്യക്ഷനായ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍, കലാശാസ്‌ത്രസംഗീതസാഹിത്യങ്ങള്‍ കൂട്ടിക്കുഴച്ച ഒരുവന്റെ വ്യഥ കവിതയായി ഒരു ചെറുപ്പക്കാരന്‍ അന്ന്‌ കൂട്ടിവായിച്ചിരുന്നു. മൂന്നു മാസം മുമ്പ്‌, അദ്ദേഹവുമായി സംസാരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പല്ലെടുത്തതു മൂലം സംഭാഷണം ദീര്‍ഘിച്ചില്ല. അദ്ദേഹം അന്ന്‌ സൂചിപ്പിച്ച വേദന, അനേകം ജീനുകളില്‍ ലേഖനം ചെയ്യപ്പെട്ട മാരകരോഗത്തിന്റെ വിപത്തായി മാറുമെന്ന്‌ സ്വപ്‌നേപി കരുതിയില്ല. ഗാന്ധിസത്തില്‍ അടിയൂന്നി, വിശ്വമാനവികതയില്‍ വിലയം ചെയ്‌ത അദ്ദേഹത്തിന്റെ വിയോഗം ഭാഷാസ്‌നേഹികളെ മാത്രമല്ല, സാംസ്‌കാരിക പാരമ്പര്യം പിന്തുടരുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാ നല്ല മനുഷ്യരേയും ദുഃഖിപ്പിക്കും!
അഴീക്കോട്‌: ആത്മാഭിമാനത്തിന്റെ മണ്ഡനവും അനീതിയുടെ ഖണ്ഡനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക