Image

ദുബായില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 15 സ്‌ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം

Published on 31 January, 2012
ദുബായില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 15 സ്‌ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം
ദുബായ്‌: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 15 സ്‌ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി ദുബായ്‌ മുനിസിപ്പാലിറ്റി ഭക്ഷ്യപരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി താഹിര്‍ അറിയിച്ചു. ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പരിശോധനയ്‌ക്കു ശേഷമേ ഇവ തുറക്കാന്‍ അനുവദിക്കൂ.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പൂട്ടാന്‍ നിര്‍ദേശിച്ച സ്‌ഥാപനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെന്നതു സന്തോഷകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മുനിസിപ്പാലിറ്റി 6592 പരിശോധനകള്‍ നടത്തി. ആഴ്‌ചയില്‍ 30-35 പരിശോധനകളാണ്‌ നഗരത്തില്‍ ഉദ്യോഗസ്‌ഥര്‍ നടത്തുന്നത്‌. ഇതിനു പുറമേ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കിയോ എന്നറിയാനുള്ള പരിശോധനകളും നടത്തും. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിന്റെ അടിസ്‌ഥാനത്തിലാണു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുക.

സാധാരണ പരിശോധനകള്‍ മുന്‍കൂട്ടി അറിയിച്ചാണു നടത്താറുള്ളതെങ്കിലും ഇടയ്‌ക്കിടയ്‌ക്കു മിന്നല്‍ പരിശോധനകളുമുണ്ടാകും. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 115 മിന്നല്‍ പരിശോധനകളാണു നടത്തിയത്‌. ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാത്ത പല സ്‌ഥാപനങ്ങളും കണ്ടെത്തുകയും ചെയ്‌തു.

വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നുവെന്നു പൊതുജനങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ 580 സ്‌ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. റസ്‌റ്ററന്റുകളും കാറ്ററിങ്‌ സ്‌ഥാപനങ്ങളുമായിരുന്നു ഇത്‌. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളില്‍ 95%ത്തിലും നടപടി എടുത്തു. ഇതില്‍ 318 പരാതികള്‍ യഥാര്‍ഥമായിരുന്നു.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ അതിന്റെ നിലവാരത്തിനനുസരിച്ച്‌ റേറ്റിങും നല്‍കും. കഴിഞ്ഞ വര്‍ഷം ദുബായില്‍ 257 സ്‌ഥാപനങ്ങള്‍ തൃപ്‌തികരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവയ്‌ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

ഓരോ മൂന്നു മാസവും ഭക്ഷ്യ നിയന്ത്രണ വിഭാഗം സ്‌ഥാപനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ഏതെങ്കിലും സ്‌ഥാപനത്തെക്കുറിച്ചുള്ള പരാതി നല്‍കാനോ ഇതു സംബന്ധിച്ച വിവരങ്ങളറിയാനോ 800900 എന്ന നമ്പറില്‍ വിളിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക