Image

കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളില്‍ വക്കം കമ്മിറ്റിക്ക് സ്തുതി

ജി.കെ Published on 01 February, 2012
കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങളില്‍ വക്കം കമ്മിറ്റിക്ക് സ്തുതി
തട്ടിമുട്ടി അധികാരത്തിലേറിയ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പിന്റെ പൂക്കാലമാണ്. കണ്ണൂരിലും കാസര്‍ഗോഡും ഉണ്ടായ പൊട്ടലും ചീറ്റലുമെല്ലാം സിപിഎമ്മിന്റെ ജില്ലാ സമ്മേളന വാര്‍ത്തകളില്‍ മുങ്ങിപ്പോയെന്ന് നേതൃത്വം ആശ്വാസം കൊണ്ടപ്പോഴാണ് കെ.അച്യുതല്‍ എംഎല്‍എ വീണ്ടും വെടിപൊട്ടിച്ചത്. ഒപ്പം കണ്ണൂരിന്റെ കണ്ണിലുണ്ണിയായ കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ച ചില പോലീസുകാരും ഗ്രൂപ്പ് പോരിന്റെ എരിതീയിലേക്ക് തങ്ങളെക്കൊണ്ടാവുംവിധം എണ്ണയൊഴിച്ചുകൊടുത്തു. അതോടെ കോണ്‍ഗ്രസില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവുമായി ചില കേന്ദ്രന്‍മാരും സംസ്ഥാനത്തെ ചില വേന്ദ്രന്‍മാരും രംഗത്തെത്തി.

എന്നാല്‍ പി.സി. ചാക്കോ എംപിയ്ക്ക് ഒളിവും മറയുമൊന്നുമില്ലാത്തതിനാല്‍ അദ്ദേഹം ഉള്ള കാര്യം നേരെ ചൊവ്വെ അങ്ങു പറഞ്ഞു. അന്വേഷണക്കമ്മീഷനുകളെ വെയ്ക്കുക സമിതികള്‍ രൂപീകരിക്കുക എന്നതെല്ലാം പാര്‍ട്ടിയില്‍ ഗാന്ധിജിയുടെ കാലം തൊട്ടേയുള്ള സംഗതികളാണ്. ദുര്‍ജന നിഗ്രഹമാണ് അന്വേഷണ കമ്മീഷനുകളുടെ ചുമതലയെങ്കിലും അത്തരം അതിരുവിട്ട കാര്യങ്ങളിലേക്കൊന്നും അവര്‍ ഇതുവരെ കടന്നതായി ചരിത്രമില്ല. തെളിവെടുപ്പെന്നൊക്കെ പറഞ്ഞ ഈ അന്വേഷണകമ്മീഷനുകള്‍ പലജില്ലകളിലും പോയി ചായകുടിച്ച് മടങ്ങും. ഒടുവില്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ നായയ്ക്കും നരിക്കും പരിക്കില്ലാത്ത എന്തെങ്കിലും ഒരു സാധനമങ്ങ് സമര്‍പ്പിക്കും. സമര്‍പ്പണത്തിനായി പ്രത്യേക ചടങ്ങൊക്കെ ഉണ്ടാകുമെന്ന ഒരു കുഴപ്പം മാത്രമെയുള്ളു.

ഈ അന്വേഷണ കമ്മീഷന്‍ എന്ന സാധനത്തിന്് മുമ്പില്‍ പണ്‌ടൊക്കെ തെന്നലയെന്നൊരു സ്ഥിരം പേരായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. അതുകൊണ്ട് തരാതരം പോലെ ഇപ്പോള്‍ വക്കമെന്നോ കരകുളമെന്നോ എന്നൊക്കെ കേള്‍ക്കും. ചെറുകിട ക്വട്ടേഷനുകളാണെങ്കില്‍ ചിലപ്പോള്‍ ഹസന്‍ എന്നു കേട്ടെന്നുവരാം. ഇതൊന്നും തങ്ങളെ ഗൗനിക്കുന്ന കാര്യമല്ലെന്ന് നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്കും അറിയാം. അന്വേഷണം നടത്തുന്നവര്‍ക്കും അറിയാം. ഇതൊന്നും അറിയാത്ത ആളൊന്നുമല്ല അച്യുതനും. എന്നാലും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് ഒരുമാസത്തിനകം പുറത്താക്കിയില്ലെങ്കില്‍ കടലില്‍ ചാടി ചത്തുകളയുമെന്നോ മറ്റോ ചാനലുകളില്‍ കയറിയിരുന്നങ്ങ് വീരവാദം മുഴക്കി.

അച്യുതന്റെ വീവദാത്തിന്റെ കാര്യം പാര്‍ട്ടിയും കമ്മീഷനും മറന്നു. എന്തിന് അച്യുതന്‍ പോലും മറന്നുതുടങ്ങിയതായിരുന്നു. അല്ലെങ്കിലും എല്ലാം മറക്കാനും പൊറുക്കാനുമാണല്ലോ ഗാന്ധിജി തങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പഴയ കാലന്‍ മത്തായി ശൈലിയില്‍ വാര്‍ത്തയുണ്‌ടോ വാര്‍ത്ത എന്നന്വേഷിച്ചുനടക്കുന്ന ചാനലേമാന്‍മാര്‍ മാത്രം ഇക്കാര്യം മറന്നില്ല. അവര്‍ കൃത്യം ഒരുമാസം തികയുന്ന അന്നു തന്നെ അച്യുതനെ പോയി കണ്ടു. ചാനലുകാരെ കണ്ടപ്പോഴാണ് പഴയ ശപഥത്തിന്റെ കാര്യം അച്യുതനും ഓര്‍ത്തത്. എന്നാല്‍ ഒന്നുകൂടി ഉച്ചത്തില്‍ അങ്ങ് ചെന്നിത്തലവരെ കേള്‍ക്കുമാറാകുന്ന തരത്തില്‍ ഒന്നു കൂടി ഉഗ്രശപഥം ചെയ്യുകതന്നെ.

അതോടെ പുനഃസംഘടനയെന്ന അപ്പക്കഷണം കണ്ട് കഴിഞ്ഞ എട്ടുമാസമായി കൊതിച്ചിരിക്കുന്ന പലരും ചെറുതായി കുരച്ചു തുടങ്ങി. എന്തായാലും കുരയ്ക്ക് ശക്തി കൂടിയെന്ന് മനസ്സിലായത് കേന്ദ്രത്തിലാണ് ജോലിയെങ്കിലും കേരളത്തില്‍ സദാ ചുറ്റിത്തിരിയുന്ന മുല്ലപ്പള്ളി മന്ത്രി തന്നെ കുരച്ചപ്പോഴാണ്. അതോടെ കെ.പി.വിശ്വാനഥനെന്നും മറ്റുംപേരായ ചിലരും വക്കം കമ്മിറ്റി, പുനഃസംഘടന എന്നെല്ലാം പറഞ്ഞ് ഓരിയിടാന്‍ ആരംഭിച്ചു. അപ്പോഴാണ് നമ്മുടെ കെപിസിസി പ്രസിഡന്റ് പറയുന്നത് റിപ്പോര്‍ട്ട് നടപ്പാക്കും. പക്ഷെ ഒരു പ്രശ്‌നം. റിപ്പോര്‍ട്ടിലുള്ളതെല്ലാം ദീര്‍ഘകാല ശുപാര്‍ശകളാണ്. അതുകൊണ്ട് അത് നടപ്പാക്കി വരുമ്പോഴേക്കും പലരും പാര്‍ട്ടിയില്‍ പോയിട്ട് ഈ ലോകത്തു തന്നെ കാണില്ല.

അപ്പോള്‍ പിന്നെ എന്തിനായിരുന്നു കമ്മീഷനെന്ന് ചോദിച്ചാല്‍ പാര്‍ട്ടി പുനഃസംഘടനയില്‍ സ്ഥാനം ചോദിച്ച് വരുന്നവരെ വിരട്ടാന്‍ നേതൃത്വത്തിന്റെ കൈയിലും എന്തെങ്കിലും വേണ്‌ടെ. എന്തായാലും ഇതിനിടയ്ക്കാണ് കണ്ണൂരിലെ ചില പോലീസുകാര്‍ക്ക് കെ.സുധാകരന്‍ എംപിയോട് അതിയായ സ്‌നേഹം തോന്നിയത്. സ്‌നേഹം പ്രകടിപ്പിക്കാന്‍ മറ്റുവഴിയൊന്നുമില്ലാത്തതിനാല്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ തന്നെ എംപിയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളെക്‌സ് വെച്ചു. ഇത് പോലീസ് പിടിച്ച പുലിവാലാവുമെന്ന് പാവം പോലീസുകാര്‍ കരുതിയില്ല.

മുഖ്യമന്ത്രി കണ്ണൂരിലേക്ക് നേരിട്ടിറക്കുമതിചെയ്ത അനുപ് കുരുവിള എന്ന എസ്പി വേന്ദ്രന്‍ പോലീസുകാരെ കൈയോടെ സസ്‌പെന്‍ഡ് ചെയ്തു. എസ്പിയുടെ നടപടിയ്‌ക്കെതിരെ കേന്ദ്രത്തിലെ വയലാര്‍ മുഖ്യന്‍ കണ്ണൂരില്‍ പോയി പ്രസ്താവനയിറക്കി. പിറ്റേന്നു തന്നെ മുഖ്യമന്ത്രിയും മുല്ലപ്പള്ളി മന്ത്രിയും എസ്പിക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റും കൊടുത്തു. അങ്ങനെ കണ്ണൂരില്‍ കാര്യങ്ങള്‍ക്ക് കൊണ്ടും കൊടുത്തും തീര്‍ക്കുന്നതിരക്കിനിടെയാണ് വക്കം കമ്മിറ്റി എന്നു പിറുപിറുത്തുകൊണ്ട് ചിലര്‍ നടക്കുന്നത്. അല്ലെങ്കിലും അന്വേഷണക്കമ്മീഷന്‍ കോണ്‍ഗ്രസില്‍ ആരെയാണ് കുറ്റക്കാരായി കാണുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കുമെന്നായിരുന്നു യുഡിഎഫിന്റെ കണക്കു കൂട്ടല്‍. 1977 ലെ തെരഞ്ഞെടുപ്പു ഫലം (യുഡിഎഫ് 111 സീറ്റ്) പോലും അട്ടിമറിക്കുമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് ഇടിത്തീ പോലെ പിള്ള ജയിലില്‍ പോയതും വി.എസ്.കേരളത്തിന്റെ ഹസാരെ ആയതും.

അവസാനം രാഹുല്‍ കോണ്‍ഗ്രസും പുതുപ്പള്ളി കോണ്‍ഗ്രസും ചെന്നിത്തല കോണ്‍ഗ്രസും ചേര്‍ന്ന് മതത്തിന്റെയും സമുദായത്തിന്റെയുമെല്ലാം ത്രാസിലിട്ട് തൂക്കി നോക്കി പണത്തൂക്കം ഉറപ്പാക്കി കുറച്ചുപേരെ സ്ഥാനാര്‍ഥികളായി നിര്‍ത്തി. ആണ്ടി നല്ല അടിക്കാരനാണെന്ന് സ്ഥാനാര്‍ഥികളായ ആണ്ടിമാരും അവരെ സഥാനാര്‍ഥികളാക്കിയ ആണ്ടിമാരും പറഞ്ഞെങ്കിലും എന്തോ ജനങ്ങള്‍ക്ക് ബോധിച്ചില്ല. അതുകൊണ്ട് അവര്‍ ചാഞ്ഞും ചെരിഞ്ഞും ചേരിമാറി വോട്ടു കുത്തി.

അങ്ങനെയാണ് 111 എന്ന സ്വപ്ന ഗ്രാഫില്‍ നിന്ന് യുഡിഎഫ് 72 എന്ന ദയനീയ നിലയിലേക്കു കൂപ്പു കുത്തിയത്. ഇതൊന്നും അറിയാത്തവരായി കോണ്‍ഗ്രസുകാരല്ലാതെ ഭൂമി മലയാളത്തില്‍ ആരുമില്ല. ഇതു കണ്ടുപിടിക്കാനായി കമ്മീഷനെ വെച്ചതേ തെറ്റ്. ഇനി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പാര്‍ട്ടി പിന്നെ പുതിയ അംഗത്വവിതരണ ക്യാപെയില്‍ സംഘടിപ്പിക്കേണ്ടിവരും. അതുകൊണ്ട് അങ്ങ് മിസോറാമില്‍ ഗവര്‍ണറായി ഇരിക്കുന്ന വക്കത്തിന് സ്തുതി പാടി കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ച് പഠിക്കാനായി അടുത്ത അന്വേഷണ കമ്മീഷനെ നിയോഗിക്കുക തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക