Image

ഒരു സൗരയൂഥ യാത്ര - ബാബു പാറയ്ക്കല്‍

ബാബു പാറയ്ക്കല്‍ Published on 01 February, 2012
ഒരു സൗരയൂഥ യാത്ര - ബാബു പാറയ്ക്കല്‍

വര്‍ക്കി റിട്ടയന്‍മെന്റ് ജീവിതം ആസ്വദിക്കയാണ്. സാധാരണ ഉച്ചയൂണു കഴിഞ്ഞ് ഒന്നുമയങ്ങുന്നതാണ്. പതിവുപോലെ ഒന്നുമയങ്ങാന്‍ കിടന്നപ്പോഴാണ് ഭാര്യ പത്രമെടുത്തു നെഞ്ചിലേക്കെറിഞ്ഞത്. അദ്ദേഹം പത്രമെടുത്തു നിവര്‍ത്തി. ' മുല്ലപ്പെരിയാര്‍ ' ആണു മുഖ്യവിഷയം. 116 വര്‍ഷങ്ങള്‍ക്കുശേഷം ഇത്രയും വലിയ പാരയായി ഇതുമാറുമെന്ന് ഈ അണക്കെട്ടു നിര്‍മ്മിച്ച ബ്രിട്ടീഷുകാര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. വര്‍ക്കി പേജുകള്‍ ഓരോന്നായി മറിച്ചു വായിച്ചു. അവിടെകണ്ട ഒരു വാര്‍ത്ത പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു. “സൗരയൂഥത്തിന്റെ അങ്ങേതലയ്ക്കലെവിടെയോ ഒരു പുതിയ ഗ്രഹം കണ്ടുപിടിച്ചിരിക്കുന്നു.” നവഗ്രഹങ്ങളില്‍ നിന്നും പ്‌ളൂട്ടോയുടെ മെംബര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്തിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ളൂ. “ഇപ്പോള്‍ കണ്ടുപിടിച്ചിട്ടുള്ള ഗ്രഹത്തില്‍ മനുഷ്യവാസം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവിടെ പോയി അവരുടെ ജീവിതരീതികള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനുവേണ്ടി ഏതാനും പേരെ അങ്ങോട്ടയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ച താല്‍പര്യമുള്ളവര്‍ നാസയുമായി ബന്ധപ്പെടുക.” പത്രത്തില്‍ കണ്ട പരസ്യത്തില്‍ വര്‍ക്കി അല്പനേരം കൂടി നോക്കിയിരുന്നു. താന്‍ ഇപ്പോള്‍ വിശ്രമജീവതമാണ്. പണം ആവശ്യത്തിലധികമുണ്ട്. പ്രശസ്തി മാത്രമാണില്ലാത്തത്. ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരു ചാന്‍സു കിട്ടിയാല്‍ തന്നെലോകം അിയും. ഏതായാലും ഒന്നു ശ്രമിക്കുന്നതില്‍ തെറ്റില്ലല്ലോ- വര്‍ക്കി നാസയുമായി ബന്ധപ്പെട്ടു. പോകുവാന്‍ സെലക്ടു ചെയ്യപ്പെട്ടാല്‍ മൂന്നുമാസത്തെ പരിശീലനം ഉണ്ടാകും. റോക്കറ്റു വിക്ഷേപിക്കുന്നത് ഇന്ത്യയില്‍ നിന്നായിരിക്കും. പി.എസ്.എല്‍.വി സീരീസ് എല്ലാം വിജയകരമായതോടെ ശാസ്ത്രലോകത്ത് ഇന്ത്യയെപ്പറ്റിയുള്ള മതിപ്പു വര്‍ദ്ധിച്ചിരിക്കുന്നു. 'നിങ്ങള്‍ക്കിതിന്റെ വല്ലോം ആവശ്യമുണ്ടോ മനുഷ്യാ' എന്നു ഭാര്യ ചോദിച്ചെങ്കിലും അവര്‍ക്കു ഭര്‍ത്താവിനെ നല്ലതുപോലെ അിറയാം. വര്‍ക്കി ഒരു തീരുമാനമെടുത്താല്‍ എടുത്തതാ. “എങ്കിലും ഇതു വിക്ഷേപിക്കുന്നത് ഇന്ത്യയില്‍ നിന്നാണല്ലോ എന്ന ഒരു ശങ്കയേ എനിക്കുള്ളൂ.” വര്‍ക്കി മനസ്സു തുറന്നു.
“പണ്ടത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. എന്നാലും നല്ലൊരു തുകയ്ക്ക് ഇന്‍ഷൂറന്‍സ് എടുത്തിട്ടുപോയാല്‍ മതി.” ഭാര്യയ്ക്കു മനസ്സിലുള്ളവയൊന്നു മൂടിവയ്ക്കാനായില്ല.
പരിശീലനത്തിനു യാത്രാചെലവിനും കൂടി ഒരു കോടി രൂപ നല്‍കണം. അതിനു വര്‍ക്കിക്കു ബുദ്ധിമുട്ടില്ല. രണ്ടു ലക്ഷം ഡോളറിന്റെ കാര്യമല്ലേയുള്ളൂ വര്‍ക്കി താല്‍പ്പര്യമറിയിച്ചുകൊണ്ട് നാസയ്‌ക്കെഴുതി.
ആദ്യത്തെ ഇന്റര്‍വ്യൂ കാലിഫോര്‍ണിയയിലായിരുന്നു. വര്‍ക്കി സെലക്ടു ചെയ്യപ്പട്ടു. പിന്നീടുള്ള കാര്യങ്ങളൊക്കെ വളരെ പെട്ടെന്നായിരുന്നു. നാസയുടെ പരിശീല കേന്ദ്രത്തില്‍ മൂന്നുമാസത്തെ തീവ്രമായ പരിശീലനമുണ്ടായിരുന്നു. വട്ടംകറക്കിയും മുകളിലേക്കെറിഞ്ഞും താഴേക്കും ചാടിയും തുടര്‍ച്ചയായുണ്ടായ കായികാഭ്യാസത്തില്‍ വര്‍ക്കി ഏതാണ്ട് അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു കുടിച്ച മുലപ്പാല്‍ വരെ വെളിയില്‍ വന്നു. എങ്കിലും ഉണ്ടാകുവാന്‍ പോകുന്ന പ്രശസ്തിയെപ്പറ്റി ഓര്‍ത്തപ്പോള്‍ ഇതൊന്നും സാരമില്ലെന്നു തോന്നി. ഇന്ത്യന്‍ പത്ര മാധ്യമങ്ങളില്‍ വര്‍ക്കിയുടെ പരിശീലനത്തെപ്പറ്റിയും തുടര്‍ന്നുണ്ടാകുവാന്‍ പോകുന്ന യാത്രയെപ്പറ്റിയും പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പരിശീലനം പൂര്‍ത്തിയായപ്പോള്‍ വര്‍ക്കിയെ വിക്ഷേപണത്തിനായി ഇന്ത്യയിലേക്കയച്ചു. കേരളത്തിലെത്തിയ വര്‍ക്കിയെ തുമ്പയില്‍ ഏതാനും ദിവസം പ്രത്യേക പരിശീലനം നല്‍കിയശേഷം ശ്രീഹരിക്കോട്ടയിലേക്കയച്ചു. അടുത്തദിവസം രാവിലെ 8മണിക്ക് വര്‍ക്കിയെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പുതിയ ഗ്രഹം ലക്ഷ്യമാക്കി പറഞ്ഞു.
ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ശൂന്യാകാശത്തെത്തി. പിറ്റേദിവസം രാവിലെ പുതിയ ഗ്രഹമായ 'കെപ്‌ളര്‍ 22 ബി'യില്‍ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. റോക്കറ്റ് അതിവേഗം പറഞ്ഞുകൊണ്ടിരുന്നു. ജനാലയില്‍ കൂടി കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. താന്‍ വസിച്ചിരുന്ന ഭൂമി എന്ന ഗ്രഹം ഒരു ഫുട്‌ബോളിന്റെ വലുപ്പത്തില്‍ കാണുന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു ഗ്രഹത്തില്‍ അടുത്തെത്തി. വര്‍ക്കിയുടെ മുമ്പിലൂള്ള സ്‌ക്രീനില്‍ ആ ഗ്രഹത്തിന്റെ ചിത്രം തെളിഞ്ഞുവന്നു. ഒപ്പം ആ ഗ്രഹത്തെപ്പറ്റിയുള്ള വിവരണവും. പേരു ചൊവ്വ. ജീവജാലങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നു വിശ്വസിച്ചിരുന്നെങ്കിലും തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പരീക്ഷണാര്‍ത്ഥം നാസ അയച്ച വാഹനം ഉപരിതലത്തില്‍ നിന്നും ശേഖരിച്ച മണ്ണില്‍ ജലാംശം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. അല്പം കഴിഞ്ഞപ്പോള്‍ അതും ഒരു പന്തിന്റെ വലുപ്പത്തില്‍ ചെറുതായി വന്ന് ദൂരേയ്ക്ക് മറഞ്ഞു. ഏതാനും മണിക്കൂറില്‍ വീണ്ടും പിന്നിട്ടപ്പോള്‍ മറ്റൊരു ഗ്രഹം കാണാനായി. സ്‌ക്രീനില്‍ അതിന്റെ ചിത്രം തെളിഞ്ഞുവന്നു. വ്യാഴം എന്നാണതിന്റെ പേര്. ഗ്രഹങ്ങളില്‍ ഏറ്റവും വലുത്. അതിന്റെ ഓരത്തുകൂടി റോക്കറ്റു കുറെനേരം പാഞ്ഞു. വര്‍ക്കിക്കു വിശപ്പു തോന്നി. ആഹാരം വേണമെങ്കില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. വര്‍ക്കി ബട്ടണ്‍ അമര്‍ത്തി. വേണ്ട ആഹാരം സെലക്ട് ചെയ്യാനായി ഒരു ലിസ്റ്റ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ചോറും മീന്‍കറിയുമായിക്കൊള്ളട്ടെ. ഓഡര്‍ ചെയ്തുകഴിഞ്ഞ് ഏതാണ്ട് ഒരു മിനിറ്റിനു ശേഷം സ്‌ക്രീനില്‍ തെളിഞ്ഞു വന്നു, 'നിങ്ങളുടെ ആഹാരം റെഡി'.
വര്‍ക്കിയുടെ മുമ്പില്‍ ഒരു ചെറിയ ടേബിള്‍ ഉയര്‍ന്നുവന്നു. അതില്‍ ഒരു പ്ലേറ്റും. ആ പ്ലേറ്റില്‍ രണ്ടു ഗുളികകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വെളുത്ത ഗുളികയും ഒരു ചുവന്ന ഗുളികയും. ഇതെന്തുകഥ വര്‍ക്കിക്കൊന്നും മനസ്സിലായില്ല. ഉടനെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. 'കംപ്രസ്ഡ് ഫുഡ് ടാബ് ലറ്റ്' ഓര്‍ഡര്‍ ചെയ്ത ചോറും മീന്‍കറിയും രണ്ടുഗുളികകളിലാക്കി തന്നിരിക്കുന്നു. അതുകഴിച്ചുകഴിഞ്ഞപ്പോള്‍ വിശപ്പുമാറി. അല്പനേരം കഴിഞ്ഞപ്പോള്‍ മറ്റൊരു ഗ്രഹം അടുത്തുവന്നു. അതാണ് 'ശനി'. ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം.
അപ്പോള്‍ ഈ ഗ്രഹങ്ങളാണ് ഭൂമിയിലെ മനുഷ്യരുടെ കാലവും സമയവും സമയക്കേടുമൊക്കെ തീരുമാനിക്കുന്നത്; വര്‍ക്കി മനസിലോര്‍ത്തു. അടുത്ത ഏതാനും മണിക്കൂറുകളില്‍ യുറാനസ്, നെപ്ട്യൂണ്‍ ഗ്രഹങ്ങള്‍ പിന്നിട്ടു. പിന്നീട് അടുത്തുവന്ന പ്ലുട്ടോ എന്ന കുള്ളനെ വര്‍ക്കി ശ്രദ്ധിച്ചു. അടുത്തകാലം വരെ ഗ്രഹമായിരുന്നു. ഇപ്പോള്‍ മാത്രമാണ് അതിനുഗ്രഹമാകുവാനുള്ള മിനിമം യോഗ്യത ഇല്ലെന്നു മനസ്സിലായത്. അതുകൊണ്ട് പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമാക്കി തരം താഴ്ത്തിയിരിക്കയാണ്.
പിന്നീടുള്ള ഏതാനും മണിക്കൂറുകള്‍ ഉറങ്ങുവാനുള്ളതായിരുന്നു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ തനിക്ക് എത്തേണ്ട ഗ്രഹം അടുത്തു വരുന്നതായി അറിയിപ്പുണ്ടായി. താമസിയാതെ സ്‌ക്രീനില്‍ അതിന്റെ ചിത്രം തെളിഞ്ഞുവന്നു. 'കെപ്‌ളര്‍ 22 ബി' എന്നാണ് പുതിയ ഗ്രഹത്തിനുകൊടുത്തിരിക്കുന്ന പേര്. അവിടെ വായുവും ജലവുമുണ്ട്. കാലാവസ്ഥ കേരളത്തിലേതുപോലെ തന്നെ. അവിടെ മനുഷ്യവാസമുളളതായി 'ഹൂബിള്‍ ടെലസ്‌കോപ്പ് ' കണ്ടെത്തിയിട്ടുണ്ട്. അല്പസമയത്തിനുള്ളില്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന പേടകം പുതിയ ഗ്രഹത്തില്‍ ലാന്‍ഡു ചെയ്തു. അതിനടുത്തായി കിടന്ന പറക്കും തളികപോലെയുള്ള ഒരു പേടകത്തിലേക്കു കയറുവാന്‍ അറിയിപ്പുണ്ടായി. വര്‍ക്കി അതില്‍ കയറി. അല്പം കഴിഞ്ഞപ്പോള്‍ ആ പേടകം ഉയര്‍ന്നു പറന്നു. അതിവേഗത്തില്‍ പൊങ്ങിയും താണും പറന്ന ആ പേടകം ആരുടേതാണെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ അറിവില്ലായിരുന്നു.
ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ പൈലറ്റ് വര്‍ക്കിയുടെ അടുത്തേക്കുവന്നു.
“വര്‍ക്കി കേരളത്തില്‍ നിന്നല്ലേ?”
വര്‍ക്കി സ്തബ്ധനായിപ്പോയി. പറക്കും തളികയുടെ പൈലറ്റ് പച്ച മലയാളത്തില്‍ സംസാരിക്കുന്നു.
'നിങ്ങള്‍ ഈ ഗ്രഹത്തില്‍ താമസിക്കുന്ന ആളാണോ? നിങ്ങള്‍ എങ്ങളെ മലയാളത്തില്‍ സംസാരിക്കുന്നു?'
"ഇവിടെ വളരെയധികം മലയാളികളുണ്ട്. ഭൂമിയിലെ മലയാളികളൊക്കെ മരിച്ചുകഴിഞ്ഞാല്‍ ഇങ്ങോട്ടാണു വരുന്നത്. ഇന്ന് ഇവിടെ തിരുവല്ല അസോസിയേഷന്റെ മീറ്റിംഗ് നടക്കുകയാണ്. ഞാന്‍ നിങ്ങളെ അങ്ങോട്ടാണ് കൊണ്ടു പോകുന്നത്."
“ഇവിടെ തിരുവല്ല അസോസിയേഷനോ?”
“അയ്യോ, നിങ്ങള്‍ക്കറിയില്ല, ഇവിടെ തിരുവല്ല, ചെങ്ങന്നൂര്‍ , പന്തളം, അടൂര്‍ , ചങ്ങനാശേരി, പാല, കോട്ടയം എന്നുതുടങ്ങി ഏതാണ്ട് ഇരുപത്തിയഞ്ചോളം അസോസിയേഷനുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. പണ്ട് ഒരു മലയാളി അസോസിയേഷനേ ഉണ്ടായിരുന്നുള്ളൂ.”
അല്പസമയത്തിനുള്ളില്‍ ആപേടകം ഒരു സ്ഥലത്തു ലാന്‍ഡു ചെയ്തു. ധരിച്ചിരുന്ന കവചം മാറ്റി മുണ്ടും ഷര്‍ട്ടും ധരിച്ചുകൊള്ളാന്‍ പൈലറ്റു പറഞ്ഞു. വര്‍ക്കി അനുസരിച്ചു. പേടകത്തില്‍ നിന്നും വെളിയിലിറങ്ങിയപ്പോള്‍ ഏതാനും പേര്‍ സ്വീകരിക്കാന്‍ വെളിയില്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ഒരു ഹാളിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ തിരുവിതാംകൂര്‍ അസോസിയേഷന്റെ ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. ഭൂമിയില്‍ നിന്നും വന്ന വര്‍ക്കിയെ അവര്‍ മുഖ്യാതിഥിയായി പരിചയപ്പെടുത്തി. ഏതാണ്ട് ഇരുപത്തിഅഞ്ചോളം പ്രാദേശിക് അസോസിയേഷനുകള്‍ കൂടിയുള്ളതാണ് തിരുവിതാംകൂര്‍ അസോസിയേഷന്‍. ആശ്ചര്യമെന്നു പറയട്ടെ, അവിടെ കൂടിയിരുന്ന പലരെയും വര്‍ക്കി അ
ിയുന്നതായിരുന്നു. ന്യൂയോര്‍ക്കില്‍ തന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചുപോയവര്‍ എല്ലാവരും നല്ലതുപോലെ വേഷവിധാനം ചെയ്തിരിക്കുന്നു. പക്ഷേ, ഇവരൊക്കെ പ്രേതങ്ങളല്ലേ. വര്‍ക്കിയുടെ മനസ്സിലുണ്ടായ സംശയം തിരിച്ചറിഞ്ഞ അടുത്ത നിന്നയാള്‍ പറഞ്ഞു. ആരും പ്രേതങ്ങളല്ല. പ്രേതങ്ങള്‍ സാങ്കല്പികം മാത്രമാണ്. ഭൂമിയില്‍ മരിച്ചുകഴിഞ്ഞാല്‍ ആത്മാവ് ഇങ്ങോട്ടുപോരും. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ പഴയതുപോലെ ഉടലും നല്‍കി ആള്‍ ഇവിടെ പുനര്‍ജനിക്കുന്നു.
"ആശ്ചര്യം തന്നെ". വര്‍ക്കി പറഞ്ഞു.
“ഒരു കാര്യം മാത്രം.” ഇവിടെ വരുന്നവര്‍ക്കു മടക്കയാത്രയില്ല. എന്നാല്‍ കേരളത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങള്‍ അപ്പോള്‍ തന്നെ അ
ിഞ്ഞുകൊണ്ടാണിരിക്കുന്നത്.
"ഇവിടെ കാര്യങ്ങളൊക്കെ മനസ്സിലാക്കി എല്ലാവരുമായി സൗഹൃദം പങ്കിട്ട് രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങണമെന്നാണു ഞാന്‍ വിചാരിക്കുന്നത്."
ഞാന്‍ പറഞ്ഞില്ലേ, ഇവിടെ വരുന്ന ആര്‍ക്കും മടക്കയാത്രയില്ല, നിങ്ങള്‍ക്കും!”
വര്‍ക്കി ഞെട്ടിത്തരിച്ചുനിന്നു.
"പക്ഷേ, എനിക്കുപോകണം."
"നിങ്ങള്‍ക്കു മടങ്ങിപോകാം." അസോസിയേഷന്‍ പ്രസിഡന്റ് മുമ്പോട്ടു വന്നു, "കാരണം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഒരു ഡാം പണിത് കേരളീയരുടെ സുരക്ഷ ഉറപ്പാക്കാണമെന്ന് അസോസിയേഷന്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ആ പ്രമേയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അദ്ദേഹത്തിനു നല്‍കുവാന്‍ താങ്കളെ മടക്കി അയയ്ക്കാം. പക്ഷേ, താങ്കള്‍ അനുകൂലിക്കുന്നുവെങ്കില്‍ മാത്രം. താങ്കളുടെ അഭിപ്രായമെന്താണ്?"
"മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണം. അതില്‍ കുറഞ്ഞ ഒന്നും അംഗീകരിക്കുന്ന പ്രശ്‌നമില്ല!" വര്‍ക്കി തറപ്പിച്ചു പറഞ്ഞു.
അടുത്തു നിന്ന ആരോ തന്നെ തോണ്ടിവിളിക്കുന്നതായി വര്‍ക്കിക്കു തോന്നി. വര്‍ക്കി തിരിഞ്ഞു പുറകോട്ടു നോക്കി. തന്റെ ഭാര്യ!.
"നിങ്ങളുടെ തലയില്‍ ഈ മുല്ലപ്പെരിയാര്‍ മാത്രമേയുള്ളോ മനുഷ്യാ? ചായ വേണോന്നറിയാനാ ഞാന്‍ വിളിച്ചത്."
വര്‍ക്കി ഭാര്യയെനോക്കി ഊറി ചിരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക