Image

എയര്‍ഇന്ത്യ ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചു

Published on 01 February, 2012
എയര്‍ഇന്ത്യ ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചു
പഴയങ്ങാടി: എയര്‍ഇന്ത്യ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള വിമാനയാത്രാ നിരക്ക്‌ ഇന്നലെ മുതല്‍ വീണ്ടും വര്‍ധിപ്പിച്ചു. കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന്‌ ദുബൈ, ഷാര്‍ജ, റിയാദ്‌ സെക്ടറുകളിലേക്കുള്ള യാത്രാനിരക്കാണ്‌ വര്‍ധിപ്പിച്ചത്‌. ക്രിസ്‌മസ്‌ കഴിഞ്ഞ തിരക്കേറിയ സീസണില്‍ യാത്രാനിരക്കില്‍ വന്‍ വര്‍ധന വരുത്തിയ എയര്‍ഇന്ത്യാ നിലപാടില്‍ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ്‌ വീണ്ടും നിരക്ക്‌ വര്‍ധിപ്പിച്ചത്‌. 11,285 രൂപയുണ്ടായിരുന്ന ഷാര്‍ജയിലേക്ക്‌ ഇന്നലെ മുതല്‍ 12,800 രൂപയായും 10,600 രൂപയുണ്ടായിരുന്ന ദുബൈ സെക്ടറിലേക്കുള്ള നിരക്ക്‌ 11,445 രൂപയുമാക്കിയാണ്‌ എയര്‍ഇന്ത്യ ഇന്നലെ വര്‍ധന വരുത്തിയത്‌. 9,900 രൂപയുണ്ടായിരുന്ന റിയാദിലേക്ക്‌ 15,000 രൂപയായാണ്‌ വര്‍ധന ഒറ്റയടിക്ക്‌ നടപ്പാക്കിയത്‌. ഉംറ പാക്കേജുകള്‍ ആരംഭിച്ചത്‌ മുതല്‍ 60 ശതമാനത്തോളം യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചാണ്‌ ജിദ്ദയിലേക്ക്‌ എയര്‍ഇന്ത്യ സര്‍വീസ്‌ തുടരുന്നത്‌.

എയര്‍ഇന്ത്യ യാത്രാനിരക്കില്‍ വന്‍ വര്‍ധന വരുത്തിയ സാഹചര്യം മുതലെടുത്ത്‌ വിദേശ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്‌, ഒമാന്‍ എയര്‍വേയ്‌സ്‌, ഇത്തിഹാദ്‌ എന്നിവ തങ്ങളുടെ വിമാന നിരക്കില്‍ കുറവുവരുത്തി. ദുബൈയിലേക്ക്‌ 9,800 രൂപ ഈടാക്കിയിരുന്ന എമിറേറ്റ്‌സ്‌ ഫെബ്രുവരി രണ്ടാം തീയതി വരെ നാലു ദിവസത്തേക്ക്‌ പ്രത്യേക സൗജന്യ നിരക്ക്‌ ഏര്‍പ്പെടുത്തി. യാത്രാനിരക്കില്‍ പത്ത്‌ ശതമാനം ഇളവ്‌ നല്‍കിയാണ്‌ എമിറേറ്റ്‌സ്‌ സ്‌പെഷല്‍ ഓഫര്‍ അനുവദിച്ചത്‌. ദുബൈയില്‍ നിന്ന്‌ അബൂദബിയിലേക്ക്‌ ബസ്‌ സര്‍വീസ്‌ സൗകര്യം അനുവദിച്ചാണ്‌ കേരളത്തില്‍ നിന്ന്‌ ദുബൈയിലേക്ക്‌ മാത്രം സര്‍വീസ്‌ നടത്തിയിരുന്ന എമിറേറ്റ്‌സ്‌ അബൂദബിയിലേക്ക്‌ യാത്രക്കാരെ ആകര്‍ഷിക്കുന്നത്‌. ഇതോടെ അബൂദബിയിലേക്ക്‌ സര്‍വീസ്‌ നടത്തിയിരുന്ന എയര്‍ഇന്ത്യ എക്‌സ്‌പ്രസിന്‌ എമിറേറ്റ്‌സ്‌ വന്‍ ഭീഷണിയുയര്‍ത്തുകയാണ്‌.

മസ്‌കത്തിലേക്കും അവിടെ നിന്ന്‌ അബൂദബിയിലേക്കും ദുബൈയിലേക്കും സര്‍വീസില്‍ വന്‍ ഇളവ്‌ നല്‍കിയാണ്‌ ഒമാന്‍ എയര്‍വേയ്‌സ്‌ സര്‍വീസ്‌ തുടരുന്നത്‌. മിക്ക ദിവസങ്ങളിലും ഗ്രൂപ്പ്‌ ഫെയര്‍ ഏര്‍പ്പെടുത്തിയും റാസല്‍ഖൈമയിലേക്കും അവിടെ നിന്ന്‌ യു.എ.ഇയുടെ മിക്ക സ്‌റ്റേറ്റുകളിലേക്കും ബസ്‌ സര്‍വീസ്‌ എര്‍പ്പെടുത്തിയുമാണ്‌ റാസല്‍ഖൈമയുടെ റാക്ക്‌ എയര്‍വേയ്‌സ്‌ യാത്രക്കാരെ ആകര്‍ഷിക്കുന്നത്‌. കൂടുതല്‍ തുക ഈടാക്കിയിരുന്ന ഇത്തിഹാദ്‌ എയര്‍വേയ്‌സും യാത്രാനിരക്കില്‍ കുറവുവരുത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക