Image

റിയാദില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണെ്ടത്തി

Published on 01 February, 2012
റിയാദില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണെ്ടത്തി
റിയാദ്: തിരുവനന്തപുരം പാലോട് ഇമ്മാനുവല്‍ കോട്ടേജില്‍ റെജി എന്ന തോമസ് മാത്യൂ വര്‍ഗീസിനെ (48) റിയാദിലെ ഒരു സ്വകാര്യ പോളി ക്ലിനിക്കിലെ ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണെ്ടത്തി. ബദിയ ദാല്‍ മെഹദൂദില്‍ ഒരു ഗ്രോസറി ഷോപ്പിലെ ജീവനക്കാരനായിരുന്ന റെജി ഞായര്‍ രാവിലെ 11 ന് ചെറിയ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി എത്തിയത്. റിസപ്ഷനില്‍ നിന്നും ഒ.പി. കാര്‍ഡ് എടുത്തതിനു ശേഷം ടോയ്‌ലറ്റില്‍ പോയതാണ്. 

ചൊവാഴ്ച പുലര്‍ച്ചെയാണ് ടോയ്‌ലറ്റ് ദീര്‍ഘനേരമായി അകത്ത് നിന്നും ലോക്ക് ചെയ്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ക്ലിനിക്ക് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ടോയ്‌ലറ്റിന്റെ വാതില്‍ ചവിട്ടിപൊളിച്ചപ്പോഴാണ് റെജിയെ മരിച്ച നിലയില്‍ കണെ്ടത്തിയത്, ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. റിയാദിലെത്തിയിട്ട് ഒരു വര്‍ഷവും രണ്ടു മാസമേ ആയിരുന്നുള്ളൂ. 

ഭാര്യ: സിനി മാത്യു. രണ്ട് പെണ്‍ മക്കളുണ്ട്. പരേതനായ തോമസിന്റെയും, മറിയാമ്മയുടെയും മകനാണ്. കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മറ്റിക്കു കീഴിലെ ജീവകാരുണ്യ പ്രവര്‍ത്തകരായ രത്‌നരാജ്, അബ്ദുള്‍ വാഹിദ് എന്നിവര്‍ മൃതദേഹം നാട്ടിലയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തുണ്ട്. റെജിയുടെ സഹോദരീ ഭര്‍ത്താവ് ബിനു ജിദ്ദയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക