Image

മുഖ്യധാര, ഗ്ലാസ്‌ സീലിംഗ്‌, ഇന്ത്യയുടെ കാലം

Published on 19 June, 2011
മുഖ്യധാര, ഗ്ലാസ്‌ സീലിംഗ്‌, ഇന്ത്യയുടെ കാലം
ചിക്കാഗോ: ഫോമയുടെ ഗൗരവതരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ പ്രൊഫഷണല്‍ സംഗമമെന്ന്‌ മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍. കേരളത്തില്‍ യു.ഡി.എഫ്‌ മന്ത്രിസഭ തിരിച്ചുവന്നതിനൊപ്പമാണിതെന്നതും സ്വാഗതാര്‍ഹമാണ്‌.

കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രയത്‌നം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്‌. പക്ഷെ വിജയിച്ചില്ല. ഡോ.എം.വി. പിള്ളയോട്‌ ചോദിച്ചാല്‍ മതി.

ഇന്ത്യയും വിദേശ ഇന്ത്യക്കാരും തമ്മിലുള്ള ബന്ധം പല പരിണാമങ്ങളിലൂടെ കടന്നു പോയി. ആദ്യകാലത്ത്‌ ഇരുകൂട്ടരും പരസ്‌പരം അവഗണിക്കുക എന്ന നയമാണ്‌ സ്വീകരിച്ചത്‌. രാജീവ്‌ ഗാന്ധിയാണ്‌ വിദേശ ഇന്ത്യാക്കാരെ ഇന്ത്യയ്‌ക്കുവേണ്ടി ഉപയോഗിക്കാമെന്നു കണ്ടെത്തി പ്രവര്‍ത്തിച്ചത്‌. ഇതു രണ്ടു കൂട്ടരിലും വലിയ പ്രതീക്ഷയുണ്ടാക്കി. വിദേശ ഇന്ത്യാക്കാരില്‍ നിന്നു വന്‍തുക നിക്ഷേപം ഇന്ത്യ പ്രതീക്ഷിച്ചു. വിസ ഇല്ലാതെ ഇന്ത്യയിലേക്ക്‌ പോകുന്നതും മറ്റും വിദേശ ഇന്ത്യാക്കാരും പ്രതീക്ഷിച്ചു. ഇതൊന്നും ഉണ്ടാകാതിരുന്നപ്പോള്‍ ഇരു ഭാഗത്തും നിരാശയായി. എന്തായാലും ഇപ്പോള്‍ യാഥാര്‍ഥ്യബോധത്തില്‍ നിന്നുണ്ടായ ബന്ധമാണ്‌ ഇരുവിഭാഗവും തമ്മില്‍ നിലനില്‍ക്കുന്നത്‌.

ലോകം ഇപ്പോള്‍ ഒരു പോസ്റ്റ്‌ അമേരിക്കന്‍ കാലത്തെപറ്റിയാണ്‌ ചിന്തിക്കുന്നത്‌. അമേരിക്കയുടെ പ്രാധാന്യം കുറയുമെന്നല്ല, മറിച്ച്‌ മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ പ്രാധാന്യം കൈവരുമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. ഇന്ത്യയാണ്‌്‌ ഇതിലൊന്ന്‌.

ഫിജിയില്‍ ഇന്ത്യന്‍ വംശജര്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ അംബാസഡറായിരുന്ന തന്നെ വന്നു കണ്ടവര്‍ അമേരിക്കക്കോ ഓസ്‌ട്രേലിയക്കോ വിസ സംഘടിപ്പിച്ചു നല്‍കണമെന്നായിരുന്നു അഭ്യര്‍ഥിച്ചിരുന്നത്‌. ഇന്ന്‌ ഇന്ത്യന്‍ വിസ കിട്ടിയാല്‍ മതി എന്നു പറയുന്നിടത്തെത്തി കാര്യങ്ങള്‍.

ചരിത്രപരമായ ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഇന്ത്യയാണ്‌ വ്യവസായത്തിനായി പോകേണ്ട രാജ്യമെന്നാണ്‌ അമേരിക്കയിലെ വാണിജ്യ വകുപ്പ്‌ തന്നെ പറയുന്നത്‌.

ജനറല്‍ സര്‍വീസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ റീജനല്‍ ഡയറക്‌ടര്‍ ഡോ. ആന്‍ കാലായില്‍ തന്റെ പ്രവര്‍ത്തന രംഗത്തെപ്പറ്റി വിവരിച്ചു. മിഡ്‌വെസ്റ്റിലെ ഏതാനും സ്റ്റേറ്റുകളില്‍ എല്ലാ ഫെഡറല്‍ പ്രോപ്പര്‍ട്ടികളുടെയും ചുമതലയുള്ള ആനിന്റെ കീഴില്‍ ആയിരത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.

മുഖ്യധാരയില്‍ നിന്ന്‌ നിയമനം ലഭിക്കുന്നത്‌ സുപ്രധാനമായ കാര്യമാണെന്നവര്‍ പറഞ്ഞു. അമേരിക്കയുടെ വൈവിധ്യത്തിന്റെ ഭാഗമായി മാറുകയാണ.്‌ അതിലൂടെ നാം അങ്ങനെയേ നമുക്ക്‌ അംഗീകാരം നേടാനാവൂ. മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ശബ്‌ദം ആരും കേള്‍ക്കാനുണ്ടാകില്ല.

ഇന്ത്യയില്‍ ഫ്‌ളയിംഗ്‌ സ്‌കൂള്‍ തുടങ്ങാന്‍ ചെന്ന്‌ നിരാശപ്പെട്ടു പോന്ന കഥ ഫോമ മുന്‍പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ വിവരിച്ചു. പഴയ എയര്‍പോര്‍ട്ടുകളിലൊന്നു വിട്ടുതരണമെന്നു താന്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ചുവര്‍ഷത്തേക്ക്‌ നല്‍കാമെന്നായിരുന്നു മറുപടി. അതുപോരാ എന്നു പറഞ്ഞപ്പോള്‍ സ്ഥലം വിട്ടോളാനായിരുന്നു മറുപടി.

ഏവിയേഷന്‍ രംഗത്ത്‌ വ്യവസായം തുടങ്ങാന്‍ ശ്രമിക്കുമ്പോഴൊക്കെ ഗവണ്‍മെന്റില്‍ നിന്നുള്ള അംഗീകാരം കിട്ടുക എന്നത്‌ പേടിസ്വപ്‌നമാണ്‌.

അമേരിക്കന്‍ മലയാളികള്‍ ഇന്ത്യയില്‍ അപ്പാര്‍ട്ടുമെന്റുകളും മറ്റും വാങ്ങി ഇടുമെങ്കിലും അതില്‍ നിന്നു വളരെ ചെറിയ വരുമാനമാണ്‌ കിട്ടുന്നതെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

പകുതി മനസോടെയുള്ള ചാട്ടം അപകടകരമാണെന്ന്‌ പ്രൊഫ. ശ്രീധര്‍ കാവില്‍ പറഞ്ഞു. കേരളത്തില്‍ ഒരു മന്ത്രി ഒരു കാര്യം ഒരു മാസം ചെയ്‌താ ല്‍ തന്നെ നാടു നന്നാകും. 44 നദികളുള്ള നമ്മുടെ നാട്ടില്‍ ആവശ്യത്തിനു വെള്ളമില്ലെന്നതു വിരോധാഭാസമാണ്‌. അരി കയറ്റുമതിയില്‍ കൊച്ചു രാജ്യങ്ങളായ തായ്‌ലന്‍ഡും വിയറ്റ്‌നാമുമാണ്‌ മുന്നില്‍. നാം അതിന്റെ അയലത്തുപോലുമില്ല.

പ്രൊഫഷണല്‍ രംഗത്തു ഗ്ലാസ്‌ സീലിംഗ്‌ നിലനില്‍ക്കുന്നുണ്ടെന്ന്‌ ഡോ. സോളിമോള്‍ കുരുവിള പറഞ്ഞു. പലപ്പോഴും അതു നാം തന്നെയാണ്‌ നമ്മുടെ തലയ്‌ക്കു മുകളില്‍ പ്രതിഷ്‌ഠിക്കുന്നത്‌. ഉന്നതമായ ജോലിയോ മികച്ച വരുമാനോ വേണമെന്നൊന്നുമില്ല, ജീവിതത്തില്‍ വിജയിക്കാനെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ അഭിഭാഷകരുടെ എണ്ണം ഇപ്പോഴും നന്നേകുറവാണെന്ന അറ്റേര്‍ണി ജോണ്‍സണ്‍ മ്യാലില്‍ പറഞ്ഞു. ഡോക്‌ടറും എന്‍ജിനീയറുല്ലാതെ മറ്റു ജോലികളും ഇന്ത്യാക്കാര്‍ തിരിച്ചറിഞ്ഞുവരുന്നത്‌ ശുഭോദര്‍ക്കമാണെന്ന്‌ ഡോ. ടോജോ തച്ചങ്കരി (ജോര്‍ജ്‌ മെസണ്‍ യൂണിവേഴ്‌സിറ്റി) പറഞ്ഞു. മെഡിക്കല്‍ രംഗത്ത്‌ നമുക്കു ആവശ്യത്തിലേറെ ആളുകള്‍ ഇപ്പോള്‍ തന്നെയുണ്ട്‌.

ഫിസിക്കല്‍ തെറപ്പിസ്റ്റുകളെയും മറ്റും ലഭിക്കുന്നതിനുള്ള വിഷമതകള്‍ മുന്‍ ഫോമ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സീനിയോറിട്ടി കൊണ്ടു മാത്രം ഒരാള്‍ക്കും ഉയരാനാവില്ലെന്നു ഡോ. ഏനു ചൂണ്ടിക്കാട്ടി. പല ഇന്ത്യാക്കാരും അസി. പ്രൊഫസര്‍ തസ്‌തികകളില്‍ ദീര്‍ഘകാലം തുടരുന്നതിനെപ്പറ്റി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

മാനേജ്‌മെന്റ്‌ രംഗത്ത്‌ മോഡല്‍ മൈനോറിട്ടി എന്ന കാഴ്‌ചപ്പാട്‌ കൊണ്ട്‌ വലിയ ഗുണമില്ലെന്ന്‌ ഡോ. ടോജോ പറഞ്ഞു. `അഗ്രസീവ്‌' ആയി പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോഴാണ്‌ വിജയം കൈവരുന്നത്‌. ഇന്ത്യാക്കാരില്‍ അതു കുറവാണ്‌താനും.

രണ്ടു ദശാബ്‌ദം മുമ്പ്‌ തന്നെ കെല്‍ ട്രോണ്‍ ചെയര്‍മാനാക്കിയപ്പോള്‍ താന്‍ പാകിസ്ഥാനിയാണെന്നും സി.ഐ.എ ചാരനാണെന്നുമൊക്കെ ആരോപണമുണ്ടായത്‌ ഡോ. ജാവേദ്‌ ഹസന്‍ അനുസ്‌മരിച്ചു. തന്റെ പേരില്‍ `കുട്ടി' എന്നൊന്നും ഇല്ല. അതായിരുന്നു കാരണം. സ്റ്റുഡന്റായി വന്ന താന്‍ 30 വയസാകുമ്പോഴേക്കും 20 കണ്ടുപിടിത്തങ്ങള്‍ക്കുടമയായി. കണ്ടുപിടുത്തങ്ങളിലൂടെ ധനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌.

കേരളത്തില്‍ തന്റെ കമ്പനികളില്‍ 1500 എന്‍ജിനീയര്‍മാരും 2500 ഓളം ടെക്‌നിക്കല്‍ സ്റ്റാഫും പ്രവര്‍ത്തിക്കുന്നു. പല രാജ്യങ്ങളിലേക്കും അവിടെ നിന്നും ആധുനികയന്ത്ര സംവിധാനങ്ങള്‍ കയറ്റി അയയ്‌ക്കുന്നു.
കമ്പ്യൂട്ടര്‍ കൂലികളായി ആളുകളെ കൊണ്ടുവരുന്നതിനൊന്നും താന്‍ ശ്രമിച്ചിട്ടില്ല.

മാവേലിക്കരയുടെ സമീപമുള്ള ഗ്രാമമാണ്‌ ചെന്നിത്തലയെങ്കിലും ഇപ്പോള്‍ ചെന്നിത്തലക്കടുത്തുള്ള പട്ടണമാണ്‌ മാവേലിക്കര എന്നാണ്‌ പറയപ്പെടുന്നതെന്ന്‌ ആപി നിയുക്ത പ്രസിഡന്റ്‌ ഡോ. നരേന്ദ്രകുമാര്‍ പറഞ്ഞു. അമേരിക്കയില്‍ ഒട്ടേറെ പ്രൊഫഷണലുകള്‍ ഉണ്ടെങ്കിലും നാട്ടില്‍ അവരുടെ വൈദഗ്‌ധ്യം പകര്‍ന്നു നല്‍കാന്‍ കഴിയുന്നില്ല. അതിനുള്ള ഈ ശ്രമം ശ്ലാഘനീയമാണെന്നദ്ദേഹം പറഞ്ഞു.

വിജയകരമായ പ്രൊഫഷണല്‍ സംഗമത്തോടെ ഫോമാ മലയാളി സമൂഹത്തിലുള്ള ശക്തമായ അടിത്തറയാണ്‌ ഒരിക്കല്‍ക്കൂടി തെളിയിച്ചത്‌. അമേരിക്കയിലെ പ്രൊഫഷണല്‍- വ്യാവസായിക രംഗങ്ങളിലെ പ്രമുഖരെ ഒരു വേദിയില്‍ അണിനിരത്താനും ഇവിടെയുള്ളവര്‍ക്കുവേണ്ടിയും കേരളത്തിലുള്ളവര്‍ക്കുവേണ്ടിയും ഫലപ്രദമായി പ്രവര്‍ത്തിക്കാനും വേണ്ട ആശയങ്ങള്‍ രൂപീകരിക്കാനായത്‌ ചരിത്രം കുറിക്കുന്ന നേട്ടമായി.

കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല രാവിലെ പത്തുമണിയോടെ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനം വൈകുന്നേരം തീരുന്നതുവരെ ഇടവേളയൊന്നുമില്ലാതെ തുടര്‍ന്നുവെന്നതും അപൂര്‍വമായി. വിവിധ സെഷനുകളിലൂടെ വിദഗ്‌ധര്‍ നല്‍കിയ വിവരണങ്ങള്‍ ആശയങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതായി. അമേരിക്കയിലെ ഏറ്റവും പ്രമുഖരടങ്ങുന്ന ഓഡിയന്‍സ്‌ എല്ലാ സെഷനുകളിലും സജീവമായി പങ്കെടുത്തുവെന്നതും മുമ്പെങ്ങുമില്ലാത്ത പ്രത്യേകത തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക