Image

അബുദാബിയില്‍ ആവേശമായി ഇന്ത്യാ ഫെസ്റ്റ്‌

Published on 03 February, 2012
അബുദാബിയില്‍ ആവേശമായി ഇന്ത്യാ ഫെസ്റ്റ്‌
അബുദാബി: ഇന്ത്യാ സോഷ്യല്‍ ആന്‍ഡ്‌ കള്‍ചറല്‍ സെന്ററില്‍ ആരംഭിച്ച ഇന്ത്യാ ഫെസ്‌റ്റ്‌ 2012ല്‍ പങ്കെടുക്കാന്‍ കൊടും തണുപ്പിലും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളെത്തി. ഭാരതീയ പൈതൃക സാംസ്‌കാരിക പരിപാടികളും ഭക്ഷ്യ വിഭവ മേളയുമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യാ ഫെസ്‌റ്റിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ ഇന്ത്യന്‍ സ്‌ഥാനപതി എം.കെ. ലോകേഷ്‌ തിരി തെളിയിച്ചു.

ഐഎസ്‌സി പ്രസിഡന്റ്‌ രമേഷ്‌ വി. പണിക്കര്‍, പാട്രണ്‍ ഗവര്‍ണര്‍മാരായ ഡോ. ജെ.ആര്‍. ഗംഗാരമണി, സിദ്ധാര്‍ഥ ബാലചന്ദ്രന്‍, ജനറല്‍ ഗവര്‍ണറും മുഖ്യ സ്‌പോണ്‍സറുമായ ജമിനി ബില്‍ഡിങ്‌ മെറ്റീരിയല്‍സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ഗണേഷ്‌ ബാബു, അബുദാബി മീഡിയ കൗണ്‍സില്‍ ചീഫ്‌ എക്‌സിക്യുട്ടീവ്‌ മന്‍സൂര്‍ അമര്‍, ഐഎസ്‌സി ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ സലാം തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യാ ഗവന്മെന്റിന്റെ സഹകരണത്തോടെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ ഫെസ്‌റ്റിവല്‍. ഇന്ത്യയില്‍ നിന്നെത്തിയ കള്‍ചറല്‍ ട്രൂപ്പുകളുടെ ഗുജറാത്തി ഫോക്‌ ഡാന്‍സ്‌, ഖവാലി, ഷെഹനായ്‌ പരിപാടികള്‍ക്കു പുറമെ ഈജിപ്‌ഷ്യന്‍ നാടോടി നൃത്തം, ഇന്തൊനീഷ്യന്‍ എംബസിയുടെ സഹകരണത്തോടെ നടന്ന പ്രത്യേക സംഘ നൃത്തം എന്നിവ ഇന്നലെ ഫെസ്‌റ്റിവല്‍ കാണാനെത്തിയവര്‍ക്ക്‌ വിസ്‌മയം പകര്‍ന്നു. ഇന്നും നാളെയും വടക്കേ ഇന്ത്യന്‍, ദക്ഷിണേന്ത്യന്‍ പൈതൃക കലാ പരിപാടികളുമുണ്ട്‌. വിവിധയിനം വ്യാപാര മേളകള്‍, പ്രദര്‍ശന പവലിയനുകള്‍ എന്നിവയുമുണ്ട്‌.

ഐഎസ്‌സി മന്ദിരത്തിന്റെ മേല്‍ക്കൂരയിലെ ഓപ്പണ്‍ സ്‌പെയ്‌സില്‍ സജ്‌ജമാക്കിയ തട്ടുകടകള്‍ക്കു മുമ്പില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ചൂടുള്ള ഭക്ഷ്യ വിഭവങ്ങള്‍ തണുപ്പില്‍ നിന്ന്‌ ആശ്വാസം പകര്‍ന്നതിനൊപ്പം തട്ടുകടകള്‍ക്കു മുമ്പില്‍ പാചകത്തിനിടയിലെ ചൂട്‌ കിട്ടാനും ജനങ്ങളുടെ തിരക്കായിരുന്നു. പത്ത്‌ ദിര്‍ഹത്തിന്റെ പാസ്‌മൂലമാണ്‌ പ്രവേശനം. നാളെ സമാപന ദിവസം പ്രവേശന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയിക്ക്‌ നിസാന്‍സണ്ണി കാറാണ്‌ ഒന്നാം സമ്മാനം. സ്വര്‍ണ ബിസ്‌കറ്റും ഒട്ടേറെ ഇലക്‌ട്രോണിക്‌ ഉല്‍പന്നങ്ങളും സമ്മാനിക്കും. ആയിരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം സൗജന്യമായി അനുവദിച്ചത്‌ അവരുടെ രക്ഷിതാക്കളെയും ഫെസ്‌റ്റിവല്‍ നഗരിയിലേക്ക്‌ ആകര്‍ഷിക്കാനിടയാക്കി.
അബുദാബിയില്‍ ആവേശമായി ഇന്ത്യാ ഫെസ്റ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക