Image

വിധി തകര്‍ത്തിട്ടും തളര്‍ന്നില്ല; ഇത്‌ പ്രതീക്ഷയുടെ രണ്ടാം ജന്മം

Published on 05 February, 2012
വിധി തകര്‍ത്തിട്ടും തളര്‍ന്നില്ല; ഇത്‌ പ്രതീക്ഷയുടെ രണ്ടാം ജന്മം
നിലമ്പൂര്‍: ആശുപത്രിക്കിടക്കയിലിരുന്ന്‌ കൃഷ്‌ണകുമാര്‍ എഴുതിത്തുടങ്ങി. ഇടതുകയ്യില്‍ അക്ഷരങ്ങള്‍ വഴങ്ങാന്‍ പ്രയാസം. കാരണം ഇതുവരെ അക്ഷരക്കൂട്ടുകള്‍ വഴങ്ങിയിരുന്ന വലംകൈ കൃഷ്‌ണകുമാറിന്‌ നഷ്‌ടമായിട്ട്‌ രണ്ടാഴ്‌ച പിന്നിടുകയാണ്‌. `എന്നെ ഇങ്ങനെയാക്കിയതിനു പിന്നില്‍ ഈശ്വരന്‌ എന്തോ പദ്ധതിയുണ്ട്‌... ട്രെയിനിടിച്ച്‌ രണ്ടു കാലുകളും ഒരു കയ്യും നഷ്‌ടപ്പെട്ട്‌ ആശുപത്രിയില്‍ കഴിയുന്ന യുവാവില്‍നിന്നു പ്രതീക്ഷിക്കാവുന്നതല്ല, ഈ വാക്കുകള്‍. എന്നാല്‍, കൃഷ്‌ണകുമാര്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ വിധിയുടെ ക്രൂരതയില്‍ തളരുകയല്ല, ദൈവത്തിന്റെ പദ്ധതി എന്താണെന്നറിയാന്‍ കരളുറപ്പോടെ കാത്തിരിക്കുകയാണ്‌.

പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ കൃഷ്‌ണകുമാറിനെ സാന്ത്വനിപ്പിക്കാന്‍ പോയ പാലാങ്കര ഹോറേബ്‌ മാര്‍ത്തോമ്മാ പള്ളി വികാരി റവ. പോള്‍ ജേക്കബ്‌ വീട്ടില്‍ തിരിച്ചെത്തുംമുന്‍പ്‌ മൊബൈലില്‍ കൃഷ്‌ണകുമാറിന്റെ സന്ദേശം വന്നു-`നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടല്ലോ. പിന്നെ ഞാനെന്തിനു ഭയപ്പെടണം?

ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയില്‍ പരേതനായ പെരുമ്പിലാവില്‍ മുരാരി നായരുടെയും ശാരദയുടെയും രണ്ടു മക്കളില്‍ മൂത്തവനാണ്‌ കൃഷ്‌ണകുമാര്‍. മുരാരി നായര്‍ കൃഷ്‌ണകുമാറിന്‌ മൂന്നു വയസ്സുള്ളപ്പോള്‍ മരിച്ചു. അനുജന്‍ ശ്രീകാന്ത്‌ എംജി യൂണിവേഴ്‌സിറ്റിയില്‍ എംഎസ്‌സി (ഫിസിക്‌സ്‌) വിദ്യാര്‍ഥിയാണ്‌. കൃഷ്‌ണകുമാറിന്‌ എസ്‌എസ്‌എല്‍സിക്ക്‌ 78ഉം പ്ലസ്‌ ടുവിന്‌ 88ഉം ശതമാനം മാര്‍ക്കുണ്ടായിരുന്നു. ചുങ്കത്തറ മാര്‍ത്തോമ്മാ കോളജില്‍നിന്ന്‌ ഒന്നാം ക്ലാസോടെ ബികോം ജയിച്ചു. കോട്ടയത്ത്‌ കമ്പനി സെക്രട്ടറിഷിപ്‌ കോഴ്‌സിന്‌ ചേര്‍ന്നു. രണ്ടാം വര്‍ഷമാണ്‌.

ഒരേക്കര്‍ കൃഷിയിടത്തിലെ വരുമാനംകൊണ്ടാണ്‌ ഏറെ പ്രതീക്ഷകളോടെ ശാരദ മക്കളെ വളര്‍ത്തിയത്‌. വീട്ടില്‍ വന്ന്‌ കോട്ടയത്തേക്ക്‌ രാജ്യറാണി എക്‌സ്‌പ്രസില്‍ പുറപ്പെടാന്‍ നിലമ്പൂര്‍ റയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ 19നു രാത്രി എട്ടിനാണ്‌ സ്വപ്‌നങ്ങള്‍ക്ക്‌ മങ്ങലേല്‍പ്പിച്ച ദുരന്തം. പാളം മുറിച്ചുകടന്ന കൃഷ്‌ണകുമാറിനെ ഷണ്ടിങ്‌ നടത്തുകയായിരുന്ന ബോഗി ഇടിച്ചുവീഴ്‌ത്തി. ചക്രങ്ങള്‍ കയറി വലതുകാല്‍മുട്ടിനും ഇടതുകാല്‍ നെരിയാണിക്കും മീതെ മുറിഞ്ഞു വേര്‍പ്പെട്ടു. വലതു കൈമുട്ടിനു മേലെ അറ്റു. പൊലീസ്‌ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കി പെരിന്തല്‍മണ്ണയിലേക്കു വിട്ടു.

ഞരമ്പുകള്‍ക്ക്‌ ക്ഷതമേറ്റതിനാല്‍ കൈകാലുകള്‍ തുന്നിച്ചേര്‍ക്കാനായില്ല. ഡോ. മോഹന്‍കുമാര്‍, മൈക്രോവാസ്‌കുലര്‍ സര്‍ജന്‍ ഡോ. എസ്‌. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശസ്‌ത്രക്രിയ നടത്തി. ഇതുവരെ മരുന്നിനുമാത്രം 70,000 രൂപ വേണ്ടിവന്നു. ദീര്‍ഘനാള്‍ തുടര്‍ചികില്‍സ വേണ്ടിവരും. കൃത്രിമ കൈകാലുകള്‍ വച്ചുപിടിപ്പിക്കണം. ഭീമമായ സംഖ്യ വേണം. അഭ്യുദയകാംക്ഷികള്‍ ചേര്‍ന്ന്‌ കൃഷ്‌ണകുമാറിന്റെ പേരില്‍ ചുങ്കത്തറ സര്‍വീസ്‌ സഹകരണ ബാങ്ക്‌ (നമ്പര്‍ ജെ. 12832), നിലമ്പൂര്‍ എസ്‌ബിടി ( 67172369531) എന്നിവിടങ്ങളില്‍ അക്കൗണ്ട്‌ തുടങ്ങി.
വിധി തകര്‍ത്തിട്ടും തളര്‍ന്നില്ല; ഇത്‌ പ്രതീക്ഷയുടെ രണ്ടാം ജന്മം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക