Image

ഞാന്‍ കണ്ട വിശുദ്ധനാട് (ആറാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)

Published on 24 July, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (ആറാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
ബത്‌ലഹേമിലെ അരാരത്ത് ഹോട്ടലിലെ പ്രഭാത ഭക്ഷണത്തിനു പതിവിലേറെ തിരക്കായിരുന്നു. കേരളത്തില്‍ നിന്നെത്തിയ വിവിധ ടൂര്‍ ഗ്രുപ്പുകളിലായി നിരവധി അച്ചന്മാരെയും, കന്യാസ്ത്രീകളെയും കാണാന്‍ കഴിഞ്ഞു. കോഴിക്കോട്, തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയവരായിരുന്നു അവര്‍. കേരളത്തില്‍ നിന്ന് ഇപ്പോള്‍ എല്ലാ സീസണിലും ടൂര്‍ കമ്പനിക്കാര്‍ തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക നിലയും ജനങ്ങളുടെ പൊതുസ്വഭാവത്തിലും വന്ന വ്യതിയാനമായിരക്കാം ഇവിടെ പ്രതിഫലിക്കുന്നത്.

പ്രഭാത ഭക്ഷണം കഴിഞ്ഞ് എല്ലാവരും ബസ്സിലെത്തി ഈ ദിവസം സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളുടെ ലഘുവിവരണം ഗൈഡ് നല്‍കി. ഒരോദിവസത്തെ യാത്രക്ക് മുമ്പും ഒരോ ബൈബിള്‍ വചനം ചിന്തയ്ക്കായി നല്‍കും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കായിരിക്കും ആ ദിവസം പോകുക.
"നീയെന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു' ഇതായിരുന്നു ഈ ദിവസത്തെ തിരുവചനം.

ഞങ്ങള്‍ പുറപ്പെട്ടത് ബഥനിയിലേക്കായിരുന്നു. പുതിയ നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മര്‍ത്ത, മറിയം സഹോദരികളുടെയും ലാസറിന്റെയും ഭവനം സ്ഥിതിചെയ്തിരുന്ന സ്ഥലം. യേശുവിന്റെ ജറുസലേം പ്രവേശനത്തിനുശേഷം താമസിച്ചിരുന്ന ഭവനം.

ഈശോ ഏറെ സ്‌നേഹിച്ചിരുന്നവരായിരുന്നല്ലോ മര്‍ത്തയും മറിയവും, ലാസറും. ഈശോ അവരോടൊപ്പം ഇല്ലാതിരുന്ന സമയത്ത് ലാസര്‍ മരിച്ചു, നാലാംദിവസമാണ് ഈശോതിരിച്ചെത്തിയത് വിലപിക്കുന്ന സഹോദരികളെ ആശ്വസിപ്പിച്ച് ലാസറിനെ ഉയര്‍പ്പിച്ച സംഭവം യോഹാന്നാന്റെ സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. ലാസറിനെ ഉയര്‍പ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കാണണമെങ്കില്‍ നിരത്തില്‍ നിന്നും ഇരുപത്തിനാല് പടികള്‍ ഇറങ്ങി ചെല്ലണം. റോമന്‍ കത്തോലിക്കരുടെ ഒരു ദേവാലയംഅടുത്തുതന്നെയുണ്‍ട,്അതിനുള്ളില്‍ ഈ സംഭവം മൊസൈക്കില്‍ ആലേഖനം ചെയ്തിട്ടുണ്‍ട്. അതിനടുത്തായി ഗ്രീക്ക് ഓര്‍ത്തോഡക്‌സ് പള്ളിയുമുണ്ട്. ആ സ്ഥലത്തുവച്ചാണ് സൈമണ്‍ എന്ന കുഷ്ടരോഗിയെ സൗഖ്യമാക്കിയതെന്നും വിശ്വസിക്കപ്പെടുന്നു.

അത്ഭുതങ്ങള്‍ സംഭവിച്ച നാട്ടില്‍ നിന്നും യേശു മാമ്മോദീസ സ്വീകരിച്ച ജോര്‍ദ്ദാന്‍ നദിയിലേക്കായിരുന്നു അടുത്ത യാത്ര. ബൈബിളില്‍ ഏറെ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഒരു നദിയും പ്രദേശവുമാണിത്. പഴയ നിയമത്തില്‍ ജോഷ്വായുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനം ജോര്‍ദ്ദാന്‍ നദി കടന്നാണ് വാഗ്ദത്ത ഭൂമിയിലെത്തുന്നത.് ഏലിയാ പ്രവാചകനും ഈ നദി കടന്നത് ബൈബിളില്‍ കാണുന്നുണ്ട്് അതോടൊപ്പം നാമാന്‍ എന്ന കുഷ്ടരോഗി യേശുവിന്റെ നിര്‍ദേശ പ്രകാരം ജോര്‍ദ്ദാനില്‍ കുളിച്ച് രോഗവിമുക്തനാകുന്നുണ്ട്.

ഈ നദി, ജോര്‍ദ്ദാനും, സിറിയയും, ഇസ്രായലും സന്ധിക്കുന്ന സ്ഥലങ്ങളിലൂടൊഴുകി ഗലീലിയ താടാകവും കടന്ന് ചാവൂകടലില്‍ പതിക്കുന്നു. ഒരുകാലത്ത് കരകവിഞ്ഞെഴുകിയിരുന്ന ഈ നദിയിലെ ജലത്തിന്റെ തൊണ്ണുറുശതമാനവും കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തിരിച്ചുവിടുന്നതിനാല്‍ ഇപ്പോള്‍ ഈ നദി കണ്ടാല്‍ കലങ്ങി ഒഴുകുന്ന ഒരു തോടിന്റെ പ്രതിതീയാണ് ജനിപ്പിക്കുക. ശക്തമായ സെക്യൂരിറ്റി ചെക്കപ്പു കഴിഞ്ഞ് ബസ്സില്‍നിന്നിറങ്ങി നദിക്കരയിലേക്ക് പുറപ്പെട്ട് യേശു മാമ്മോദീസ സ്വീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് എത്തിചേര്‍ന്നു.

ഈ പുണ്യഭൂമിയില്‍ വച്ച് മാമ്മോദീസ നവീകരിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഒരോരുത്തരും നദിയിലിറങ്ങി, അച്ചന്മാര്‍ നദിയില്‍ നിന്ന് വെള്ളമെടുത്ത് പ്രാര്‍ത്ഥിച്ച് മാമ്മോദീസ നവീകരണം നടത്തി. ഇവിടെവച്ച് യേശുവിന് സ്‌നാപക യോഹന്നാന്‍ മാമ്മോദീസ നല്‍കിയപ്പോള്‍ സ്വര്‍ഗ്ഗംതുറക്കപ്പെട്ട,് പരിശുദ്ധാത്മാവ് പ്രാവിന്റെ രുപത്തില്‍ഇറങ്ങിവന്ന് "നീയെന്റെ പ്രിയ പുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു പറഞ്ഞ വചന ഭാഗം ബൈബിളില്‍ വായിക്കുണ്ട്.

ജോര്‍ദ്ദാന്‍ നദിയുടെ ഈ തീരംഎപ്പോഴും ജനനിബിഡമാണ,് പല രാജ്യങ്ങളില്‍ നിന്ന് ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അവരവരുടെ വിശ്വാസപ്രകാരം മാമ്മോദീസ സ്വീകരിക്കുന്നു, ചിലരെ വെള്ളത്തില്‍മുക്കുന്നു, മുതിര്‍ന്ന സ്‌നാനക്കാര്‍, ശിശുസ്‌നാനക്കാര്‍, മാമ്മോദീസ നവീകരണം നടത്തുന്നവര്‍ തുടങ്ങി കൗതുകത്തിന് ്ഇവിടെയെത്തിയവരും ഉണ്ടായിരുന്നു. ഇതിനോട്‌ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ബിസിനസ്സുകളും പൊടിപൊടിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

മാമ്മോദീസ നവീകരണം നടത്തി പുത്തന്‍ ഉേേന്മഷത്തോടെഞങ്ങളുടെ യാത്ര ലോകത്തിലെ ഏറ്റവും പുരാതന നഗരമെന്നറിയപ്പെടുന്ന ജെറീക്കോയിലേക്കായിരുന്നു. ക്രിസ്തുവിന് ്മുപ്പത്തിയഞ്ച്‌വര്‍ഷം മുമ്പ് റോമന്‍ പൊളിറ്റീഷന്‍ മാര്‍ക്ക് ആന്റണിയുടെ പ്രേമഭാജനമായിരുന്ന ക്ലീയോപാട്രയ്ക്ക് സമ്മാനമായി കൊടുത്ത നഗരമാണ് ജെറീക്കോ എന്ന് ്ചരിത്രം പറയുന്നു. പഴയ നിയമബൈബിള്‍ക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ട ജനം തമ്പേര്‍ അടിച്ച് അതിന്റെ ശബ്ദത്താല്‍ പ്രകമ്പനം കൊണ്ട് ജെറീക്കോയുടെ മതിലുകളെ നിലംപതിപ്പിച്ച് വാഗ്ദത്ത ഭൂമിലക്ഷ്യമാക്കി നീങ്ങിയെന്ന് പുറപ്പാടിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്‍്.

പുതിയ നിയമത്തില്‍ യേശു ജെറീക്കോയിലൂടെ യാത്ര ചെയ്തപ്പോള്‍ ചുങ്കക്കാരനും, കുള്ളനുമായ സക്കേവൂസ് യേശുവിനെ കാണാന്‍ സിക്കമൂര്‍ മരത്തിന്റെ മുകളില്‍ കയറി പുരുഷാരത്തിലൂടെ നടന്നുപോകുന്ന യേശുവിനെ ദര്‍ശിച്ചെന്നും ഇത് മനസ്സിലാക്കിയ യേശുഅവന്റെ വിശ്വാസതീക്ഷ്ണതയില്‍ സന്തുഷ്ടനായി അവനോടൊപ്പം അവന്റെ ഭവനത്തില്‍ അതിഥിയായിഎത്തിയെന്നും വായിക്കുണ്ട്.

സക്കേവുസ് കയറി എന്ന് പറയപ്പെടുന്ന സിക്കമൂര്‍മരം ഇവിടെ കാണുവാന്‍ സാധിക്കും. സിക്കമൂര്‍മരങ്ങള്‍ ഒരിക്കലും നശിക്കുകയില്ലെന്നും ഇതിന്റെ കടയ്ക്കല്‍ നിന്നും പുതിയ നാമ്പുകള്‍ ഉണ്ടായി നൂറ്റാടുകളോളം നിലനില്‍ക്കുമെന്നും പറയുന്നു. ഇതിനടുത്തുള്ള ചര്‍ച്ച് ഓഫ് ഗുഡ്‌ഷെപ്പേര്‍ഡ്സ്സിലെത്തി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചശേഷം പ്രലോഭന മലയിലേക്ക് പുറപ്പെട്ടു.സമുദ്രനിരപ്പില്‍ നിന്ന് മുന്നൂറ്റി അറുപത് മീറ്റര്‍ ഉയരത്തിലാണ് ഈ മല സ്ഥിതിചെയ്യുന്നത്. കേബിള്‍ കാറിലൂടെയാണ് അവിടെയെത്തിയത്. അവിടെ നിന്ന് നേക്കിയാല്‍ ജറീക്കോ പട്ടണവും താഴ്‌വാരങ്ങളും കാണുവാന്‍ സാധിക്കും.

യേശു നാല്‍പ്പത് ദിവസം തപസ്സിലും പ്രാര്‍ത്ഥനയിലും കഴിച്ചുകൂട്ടിയ ഈ മലയില്‍വച്ചാണ് സാത്താന്‍ യേശുവിനെ പരീക്ഷിയ്ക്കുന്നത്. പലതരത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കി യേശുവിനെ വശത്തിലാക്കാന്‍ ശ്രമിക്കുന്ന സാത്താന്‍, ഇതിലൊന്നും വശംവദനകാതെ പിതാവിന്റെ ഹിതം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യപുത്രനെയാണ് നാം ബൈബിളില്‍ കാണുന്നത്. മനുഷ്യജീവിതത്തില്‍ എക്കാലവും പ്രസക്തമായ ബൈബിള്‍ ഭാഗമാണിത്.

നമുക്കുചുറ്റുംഎപ്പോഴും പ്രലോഭനങ്ങളുടെമായ വലയങ്ങളുണ്ട്്, എന്നാല്‍ ദുര്‍ബല മനസ്ക്കര്‍ പലപ്പോഴും ആ വലയങ്ങളില്‍പ്പെട്ട് പുറത്തുകടക്കാനാവാതെ വിഷമിക്കുന്നു.

യേശു നാല്‍പ്പത്ദിവസം ഉപവസിച്ചതിന്റെ പാത പിന്‍തുടര്‍ന്നാണ് ക്രിസ്ത്യന്‍ പള്ളികളില്‍ നാല്‍പ്പത ്ദിവസം നോമ്പാചരണം നടത്തുന്നത്. ക്രിസ്തുവിനുശേഷം ആദിമ നൂറ്റാണ്‍ടുകളില്‍ പ്രലോഭന മലയിലെ ഗുഹകളില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിഞ്ഞിരുന്ന സന്ന്യാസിമാരുണ്ടായിരുന്നു. ബൈസ്ന്റയിന്‍ കാലഘട്ടത്തില്‍ ഇവിടെയൊരു മൊണാസ്സ്റ്ററി സ്ഥാപിച്ചിരുന്നു, എന്നാല്‍ പേര്‍ഷ്യന്‍ യുദ്ധക്കാലത്ത് സന്ന്യാസിമാര്‍ ഇവിടംവിട്ടുപോയി, പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തിയത്.

ടൂറിസ്റ്റുകള്‍ ധാരളമായി ഇപ്പോള്‍ ഇവിടംസന്ദര്‍ശിക്കുന്നുണ്ട്. കേബിള്‍കാറിലൂടെ മുകളിലെത്തി അവിടെ നിന്നുംകാല്‍നടയായിട്ടാണ് പ്രലോഭന മലയിലെത്തുന്നത.് നടപ്പിന്റെ കാഠിന്യവും മണലാരണ്യത്തിലെ ചൂടും പലരെയും മലമുകളിലേക്കുള്ള യാത്രയില്‍ നിന്ന് പിന്തിരിപ്പിച്ചു. അവര്‍കേബിള്‍കാര്‍ കൊണ്ടെത്തിച്ച സ്ഥലത്തുള്ളഇടത്താവളത്തില്‍വിശ്രമിച്ചു. നടക്കാന്‍ സന്നദ്ധരായ കുറെപ്പേര്‍മലമുകളിലെത്തി അവിടെയുള്ളഗുഹകളും മൊണാസ്സ്റ്ററിയും സന്ദര്‍ശിച്ച് തിരികെയെത്തി കേബിള്‍കാര്‍ സ്റ്റേഷനിലുള്ള റെസ്റ്റോറന്റില്‍ ഒരുക്കിയിരുന്ന പാലസ്റ്റീനിയന്‍ രീതിയിലുള്ള ഉച്ചഭക്ഷണവുംകഴിച്ച് തിരികെ പോന്നു.

മരിച്ചിട്ട് നാലുദിവസം കഴിഞ്ഞ ലാസറിനെ ഉറക്കത്തില്‍ നിന്നന്നെപോലെ ഉണര്‍ത്തിയ സംഭവം അരങ്ങേറിയസ്ഥലവും, യേശുവിനെ സ്‌നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയില്‍വച്ചുള്ള മാമ്മോദീസ നവീകരണവും, പ്രലോഭനമലയില്‍ പ്രലോഭനങ്ങളെ അതിജീവിച്ച മനുഷ്യപുത്രന്റെ ദൈവികഭാവ ത്തെപ്പറ്റിയുള്ള ചിന്തകളുമായി പാലസ്റ്റീന്‍ താഴ്‌വാരങ്ങളിലൂടെ സഞ്ചരിച്ച് ചാവുകടല്‍ക്കരയെത്തി.
(ഫോട്ടോസ്: റെക്‌സണ്‍ റോഡ്രിഗസ്)

(തുടരും..)

ഞാന്‍ കണ്ട വിശുദ്ധനാട് (ആറാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക