Image

അക്ഷരവിവാദം അവസാനിക്കുന്നു...

Published on 13 February, 2012
അക്ഷരവിവാദം അവസാനിക്കുന്നു...
ഗള്‍ഫിലെ ചൂടിലിരുന്ന്‌ ഞങ്ങള്‍ രണ്ടുപേരും(ഭാര്യയും ഭര്‍ത്താവും) അക്ഷരവിവാദം വായിച്ചു. മലയാളം എം.എ ക്ലാസ്സില്‍ വച്ചു കണ്ടുമുട്ടിയ ഞങ്ങളെ മലയാളഭാഷയോടുള്ള സ്‌നേഹമാണ്‌ ഒന്നിച്ചു ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലേഖനങ്ങളും ഞങ്ങള്‍ ശ്രദ്ധിക്കുന്നു.

Dr ജോയി കുഞ്ഞാപ്പുവിന്റെ ലേഖനത്തിലെ പാകപ്പിഴകള്‍ക്ക്‌ ത്രേസ്യാമ്മ നാടാവള്ളില്‍ എഴുതിയ ലേഖനം ഞങ്ങള്‍ക്ക്‌ സമാധാനമായിരുന്നു. അതിനുശേഷം ഭാഷാധ്യാപികയല്ലെന്നും അമരവും പാണിനിയും(അമരകോശമെന്നും പാണിനിയമെന്നും ബഹുമാനത്തോടെ പറയേണ്ടതാണ്‌) പഠിച്ചിട്ടില്ലെന്നും പറഞ്ഞ്‌ പ്രത്യക്ഷപ്പെട്ട എന്‍ .പി. ഷീല ജോയി കുഞ്ഞാപ്പുവിന്റെ മുഖം രക്ഷിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ്‌്‌ ഏറ്റെടുത്തത്‌.  ഇരുപത്തിയാറ്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ കൊണ്ട്‌ മലയാളഭാഷാ പഠനം സുഗമമാക്കാമെന്നും അഭിപ്രായപ്പെട്ടു. അങ്ങനെയൊരു ഭാഷയുണ്ടായാല്‍ അതു മലയാള ഭാഷ ആയിരിക്കുകയില്ലല്ലൊ. അന്‍പത്തൊന്നക്ഷരങ്ങള്‍ കൊണ്ടു ചമച്ച ഒരു വലിയ ഗ്രന്ഥശേഖരം കേരളത്തിനുണ്ട്‌. അതൊന്നും ഈ മറുഭാഷക്കാര്‍ക്കു വായിക്കാനാവുകയുമില്ല.

മലയാളം ശരിക്കു പഠിച്ചിട്ടുപോലുമില്ലെന്നും പറഞ്ഞ്‌ നന്ദകുമാര്‍ ചാണയില്‍ നിഷ്‌പക്ഷമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചുവെങ്കിലും അറിവില്ലായ്‌മ അവിടെ പ്രത്യക്ഷപ്പെടുകയാണുണ്ടായത്‌. `ക്ക' എന്നതിനുപകരം ഇക്ക എന്നെഴുതിയതെന്തിനാണെന്നു മനസ്സിലാക്കുന്നില്ല. `ശ്‌'?`ക്‌' എന്ന വ്യഞ്‌ജന മൂലാക്ഷരങ്ങളോട്‌ സ്വരാക്ഷരങ്ങള്‍ ചേരുമ്പോള്‍ എന്നു പറഞ്ഞിരുന്നെങ്കില്‍ എന്നു പറഞ്ഞ്‌ തെറ്റുതിരുത്താന്‍ ശ്രമിച്ചു. `ശ്‌'എന്ന വ്യഞ്‌ജനത്തോട്‌ `ഉ' എന്ന സ്വരം ചേരുമ്പോള്‍ `ശൂ' എന്ന അക്ഷരം ഉണ്ടാകുന്നുവെന്ന്‌ ത്രേസ്യാമ്മ നാടാവള്ളില്‍ പറഞ്ഞിരുന്നതല്ലേ ശരി. വ്യഞ്‌ജനവും സ്വരവും കൂടി ചേര്‍ന്നാലെ അക്ഷരമാകൂ, എന്നു മനസ്സിലാക്കുക.

വരിക്കച്ചക്കയുമായി രംഗപ്രവേശം ചെയ്‌ത ജോര്‍ജ്ജ്‌ നടവയല്‍ താനും ഒരെഴുത്തുകാരനാണെന്നു തെളിയിക്കാന്‍ ശ്രമിച്ചതല്ലാതെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. എന്റെ അച്ഛന്‍ കോട്ടയത്ത്‌ മുപ്പതു വര്‍ഷമായി പത്രപ്രവര്‍ത്തനം നടത്തുന്നു. മാതൃഭൂമി പാകിസ്‌താന്‍ എന്ന്‌ തീര്‍പ്പുകല്‌പിച്ചതായി അറിയില്ലെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു.

സന്തോഷ്‌ പാലാ `യ'കാരവാദം എന്ന തലക്കെട്ടോടുകൂടി വന്നതിനാല്‍ വിഷയത്തെക്കുറിച്ചും ബോദ്ധ്യമുള്ള ആളാണെന്നു മനസ്സിലായി. `യ്‌ക്ക' പോയിട്ടുമില്ല `ക്ക' വന്നിട്ടുമില്ല യകാരം എവിടെ ഉപയോഗിക്കണമെന്നതാണ്‌ വിഷയം എന്ന്‌ എതിര്‍വാദക്കാരി പറഞ്ഞിട്ടും ആരും അത്‌ ഗൗനിച്ചില്ല. `യ്‌ക്ക' ക്ക എന്നു പറഞ്ഞാണ്‌ വാദം പൊടിപൊടിച്ചത്‌. അമേരിയ്‌ക്ക അമേരിക്കയായ കഥ യെന്നു പറഞ്ഞ്‌ ആവശ്യമില്ലാത്ത ഒരു വിഷയമാണ്‌ അവതരിപ്പിക്കപ്പെട്ടതും.

കഥയേയും കവിതയേയും സമീപിക്കേണ്ട രീതിയില്‍ സമീപിക്കണം എന്നു പറഞ്ഞിട്ടും പ്രസിദ്ധരായ കവികളുടെ പദങ്ങള്‍ നിരത്തിയിട്ടെന്തുകാര്യം? അവര്‍ മഹാകവികളായിരിക്കാം. വാഗര്‍ത്ഥങ്ങള്‍ നോക്കിയും പ്രാസം നോക്കിയുമൊക്കെ അവര്‍ വാക്കുകള്‍ ഉപയോഗിക്കും. അതു വച്ച്‌ വ്യാകരണത്തിന്‌ തീര്‍പ്പുകല്‍പ്പിക്കാനാവില്ല. സാഹിത്യ അക്കാഡമി അവാര്‍ഡിനും വാക്കുകളെ നോക്കിയല്ല; കൃതിയെ നോക്കിയാണ്‌ അംഗീകാരം കൊടുക്കുന്നത്‌.

ഒരു പദത്തിന്റെ ഇടയ്‌ക്ക്‌ `ഇ'കാരത്തിനും `ഏ'കാരത്തിനും ശേഷം വരുന്ന `ക' കാരത്തിനു മുകളില്‍ `യ'കാരം ആവശ്യമില്ല എന്ന നിയമമനുസരിച്ചാല്‍ ഉദാഹരിച്ച വാക്കുകളൊക്കെ ശരിയാകും. അര്‍ത്ഥവ്യത്യാസം വരികയുമില്ല. ആ നിയമങ്ങളിലൊതുങ്ങാത്ത പദങ്ങള്‍ ഒരു പക്ഷെ നാമപദങ്ങളിലുണ്ടാകാം. അതു പറയുന്നതുപോലെ എഴുതാം. ക്രിയാ പദങ്ങള്‍ അര്‍ത്ഥമനുസരിച്ച്‌ എഴുതാം. കറക്കുക, കുറയ്‌ക്കുക, പറക്കുക, വറക്കുക, തേക്കുക, തേയ്‌ക്കുക തുടങ്ങിയവയെല്ലാം അര്‍ത്ഥവ്യത്യാസമുള്ള പദങ്ങളാണ്‌. വളര എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള വഴികളാണിവ.

ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഇതുവരെ `യ'കാരം എവിടെ വേണം എവിടെ വേണ്ടാ എന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടായിട്ടില്ല. ഈ നിയമങ്ങളാണ്‌ ഞങ്ങള്‍ പാലിക്കുന്നത്‌.
വ്യാകരണം ഭാഷാശാസ്‌ത്രമാണ്‌. ആ ശാസ്‌ത്രത്തില്‍ അവഗാഹമുള്ളവര്‍ മാത്രം അതിനെ സമീപിക്കുക, അല്ലെങ്കില്‍ മൗനം പാലിക്കുക.

`മൗനം വിദ്വാനുഭൂഷണമെന്നല്ലെ ചൊല്ല്‌'

(അക്ഷരവിവാദം ഇതോടെ അവസാനിക്കുന്നു...)



`ഇക്ക' വന്നവഴിയും `അടയ്‌ക്ക' പോയ പോക്കും ബരുത്തി ബെച്ച പുലിവാല്‍

'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ  (Dr Joy Kunjappu)

'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം (Thresiamma Nadavallil)

'ക്ക' ക്ക് ഒരിറ്റു കണ്ണീര്‍ വേണോ? എന്‍.പി ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക