Image

കോഴഞ്ചേരി കേരളത്തിന്റെ മാതൃകയാവണം: ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത

അനില്‍ പെണ്ണുക്കര Published on 13 February, 2012
കോഴഞ്ചേരി കേരളത്തിന്റെ മാതൃകയാവണം: ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
കോഴഞ്ചേരി സംഗമം വാര്‍ത്തകള്‍

കോഴഞ്ചേരി കേരളത്തിന്റെ മാതൃകയായി മാറണമെന്ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കോഞ്ചേരി സംഗമത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴഞ്ചേരി സംഗമം യു.എസ്‌.എ എന്ന പേരില്‍ കോഴഞ്ചേരിയില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും അമേരിക്കയില്‍ താമസിക്കുന്നവര്‍ ചേര്‍ന്ന്‌ ഒരു സംഘടന രൂപീകരിച്ചതില്‍ സന്തോഷമുണ്ട്‌. കാരണം ഞാന്‍ കോഴഞ്ചേരിയിലാണ്‌ ജനിച്ചത്‌. കുറച്ചുവര്‍ഷം അവിടെ താമസിച്ചതിനുശേഷം തന്റെ പിതാവിനോടൊപ്പം മാരാമണ്ണിലേക്ക്‌ പോയി. പക്ഷെ ഹൈസ്‌കൂള്‍ പഠനം കോഴഞ്ചേരിയിലായിരുന്നു. അങ്ങനെ കോഴഞ്ചേരിയുമായി അര്‍ത്ഥവത്തായ ബന്ധമുണ്ട്‌. അതുകൊണ്ട്‌ കോഴഞ്ചേരി സംഗമം യു.എസ്‌.എ എനിക്ക്‌ വളരെ സന്തോഷവും താത്‌പര്യവുമുള്ള പ്രസ്ഥാനമാണ്‌. കോഴഞ്ചേരി 80 വര്‍ഷം മുമ്പ്‌ എന്തായിരുന്നു. ഒരു തുറമുഖത്തിന്‌ സമാനമായിരുന്നു. ആലപ്പുഴയില്‍ നിന്ന്‌ വെള്ളിയാഴ്‌ചയും, ചൊവ്വാഴ്‌ചയും വന്നുകൊണ്ടിരുന്ന നൂറുകണക്കിന്‌ കെട്ടുവള്ളങ്ങള്‍ കച്ചവടത്തിന്റെ വലിയ മുഖമായിരുന്നു എന്നെ കാട്ടിത്തന്നത്‌. കാലം മാറി. കോഴഞ്ചേരിയും മാറി.

ഇന്ന്‌ അമേരിക്കയില്‍ പോയി ആ പ്രദേശത്തിന്റെ സാമ്പത്തിക സമൃദ്ധിയും ജീവിത സൗകര്യങ്ങളും അനുഭവിക്കുന്ന നിങ്ങളോട്‌ എനിക്ക്‌ അസൂയ ഇല്ല. നിങ്ങള്‍ ഞങ്ങള്‍ക്ക്‌ എന്നും അഭിമാനവും സഹായകരവുമാണ്‌. കോഴഞ്ചേരിയിലും ചുറ്റുപാടുമുള്ള അനേകര്‍ക്ക്‌ പഠനത്തിനും, ചികിത്സയ്‌ക്കും വീട്‌ വയ്‌ക്കുന്നതിനും സഹായം നല്‍കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌.

കോഴഞ്ചേരിയിലും ചുറ്റുപാടുമുള്ള എല്ലാവര്‍ക്കും വീടും, വിദ്യാഭ്യാസവും ഭക്ഷണവും ലഭിക്കുന്നതും, കോഴഞ്ചേരി അനുഭവിച്ചുകൊണ്ടിരിക്കുന്ന കൃഷി മാന്ദ്യത്തില്‍ നിന്നുമുള്ള വിടുതല്‍ ലഭിക്കുന്നതും ഇന്നത്തെ വലിയ ആവശ്യങ്ങളാണ്‌. കോഴഞ്ചേരി അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഇതിനുവേണ്ടിയുള്ളതാകട്ടെ എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴഞ്ചേരി സംഗമം പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കോര്‍ഡിനേറ്റര്‍ ചന്‌ഗ്രശേഖര കുറുപ്പ്‌ സ്വാഗതവും, സെക്രട്ടറി അലക്‌സ്‌ നന്ദിയും പറഞ്ഞു.


പ്രവാസി മലയാളി കുടിയേറ്റത്തിന്‌ പ്രചോദനമായത്‌ `കോഴഞ്ചേരി പ്രവാസികള്‍': പ്രൊഫ. പി.ജെ. കുര്യന്‍


വിദേശ കുടിയേറ്റത്തിന്‌ മലയാളികളെ ഒന്നടങ്കം പ്രേരിപ്പിച്ചതും വിദേശത്തെ ജോലി സാദ്ധ്യതയെ കേരളക്കരയെ അറയിച്ചതും കോഴഞ്ചേരിയിലെ ആദ്യകാല വിദേശ കുടിയേറ്റ മലയാളികളായിരുന്നുവെന്ന്‌ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി പ്രസ്‌താവിച്ചു.

പത്താമത്‌ കോഴഞ്ചേരി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രി. വിദേശ കുടിയേറ്റം പ്രധാനമായും 1960 കളില്‍ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു. കോഴഞ്ചേരി, തടിയൂര്‍, കുറിയന്നൂര്‍, കുമ്പനാട്‌ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ്‌ ഈ കാലഘട്ടത്തില്‍ ഈ സ്ഥലങ്ങളിലേക്ക്‌ ജോലി തേടിപ്പോയത്‌. ഇത്‌ കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിലുള്ളവര്‍ക്ക്‌ പ്രചോദനമായി. പിന്നീടത്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുകയായിരുന്നു. പക്ഷെ, കാലങ്ങള്‍ കഴിഞ്ഞിട്ടും കോഴഞ്ചേരിയും, പരിസര പ്രദേശങ്ങളും വികസനത്തിന്റെ പാതയിലേക്ക്‌ വന്നിട്ടില്ല. കോഴഞ്ചേരിക്ക്‌ ശേഷമുണ്ടായ പത്തനംതിട്ട ഇന്ന്‌ ജില്ലാ ആസ്ഥാനമായി. കോഴഞ്ചേരി താലൂക്ക്‌ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. കോഴഞ്ചേരിയുടെ വികസനത്തിനും സമീപ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന വികസന പദ്ധതികള്‍ക്കുമെല്ലാം പ്രവാസി മലയാളികളുടെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്നും പ്രൊഫ. പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു.

കോഴഞ്ചേരി സംഗമം പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഫോമാ നേതാക്കളായ സജി ഏബ്രഹാം, അനിയന്‍ ജോര്‍ജ്‌, മോന്‍സി വര്‍ഗീസ്‌, തോമസ്‌ ഹൂസ്റ്റണ്‍, അനിയന്‍ മൂലയില്‍, പി.ടി. അലക്‌സാണ്ടര്‍, വി.ടി. മാത്യു, കുര്യന്‍ മടയ്‌ക്കല്‍, അനിയന്‍ മുളമൂട്ടില്‍, സുജിത്ത്‌ മൂലയില്‍, ബാബു ജോര്‍ജ്‌, ചന്ദ്രശേഖര കുറുപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഉദ്‌ഘാടന സമ്മേളനത്തിനുശേഷം ഏഷ്യാനെറ്റ്‌ ഫെയിം രമേഷ്‌ പിഷാരടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജന്‍ പള്ളുരുത്തി, ദേവിചന്ദന, പ്രേംകുമാര്‍, രോഹിണി ആര്‍ നായര്‍, വീണാ ലക്ഷ്‌മി എന്നിവര്‍ നയിച്ച മെഗാഷോയും നടന്നു.


ജോണ്‍ ടൈറ്റസിനും മുത്തൂറ്റ്‌ എം. ജോര്‍ജിനും ബിസിനസ്‌ അച്ചീവ്‌മെന്റ്‌ പുരസ്‌കാരം

കോഴഞ്ചേരി: ഫോമയുടെ മുന്‍ പ്രസിഡന്റും, അമേരിക്കയിലെ മികച്ച വ്യവസായിയുമായ ജോണ്‍ ടൈറ്റസിനും, ഇന്ത്യയിലെ ഒന്നാമത്തെ സാമ്പത്തിക സ്ഥാപനത്തിന്റെ തലവനായ മുത്തൂറ്റ്‌ എം. ജോര്‍ജിനും ബിസിനസ്‌ അച്ചീവ്‌മെന്റ്‌ പുരസ്‌കാരം.

കോഴഞ്ചേരി സംഗമത്തിന്റെ പത്താമത്‌ വാര്‍ഷാകാഘോഷങ്ങളുടെ ഭാഗമായാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. കോഴഞ്ചേരി മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്‌ മുന്‍ കേന്ദ്രമന്ത്രി പ്രഫ. പി.ജെ. കുര്യന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. കോഴഞ്ചേരി സംഗമത്തിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികള്‍ കണ്ടെത്തിയ അവാര്‍ഡ്‌ ജേതാക്കള്‍ എന്തുകൊണ്ടും അതിന്‌ അര്‍ഹതപ്പെട്ടവരാണെന്നു പ്രൊഫ. കുര്യന്‍ പറഞ്ഞു. ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനായി മുത്തൂറ്റ്‌ ഗ്രൂപ്പും, അമേരിക്കയിലെ എയ്‌റോനോട്ടിക്കല്‍ ബിസിനസില്‍ കുതിച്ചുയരുന്ന ജോണ്‍ ടൈറ്റസും മലയാളികള്‍ക്ക്‌ അഭിമാനവും, അനുകരണീയവുമായ വ്യക്തിത്വത്തിന്‌ ഉടമകളാണെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡുകള്‍ വിതരണം ചെയ്‌തത്‌ ആറന്മുള എം.എല്‍.എ ശിവദാസന്‍ നായരായിരുന്നു. കോഴഞ്ചേരിയുടെ അഭിമാനമായ രണ്ട പ്രശസ്‌ത വ്യക്തികള്‍ക്ക്‌ പുരസ്‌കാരം ലഭിച്ചതും, അത്‌ നല്‍കുവാന്‍ തനിക്ക്‌ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നുവെന്ന്‌ അഡ്വ. ശിവദാസന്‍നായര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തുടങ്ങിയ പ്രസ്ഥാനം ഇന്ന്‌ ഇന്ത്യ മുഴുവന്‍ വ്യാപിച്ച്‌ രാജ്യത്തെ ഒന്നാംകിട ബാങ്കിംഗ്‌ സ്ഥാപനമായി മാറിയതില്‍ സന്തോഷമുണ്ടെന്നും, പ്രവാസി മലയാളികളുടെ ഒരു പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുത്തൂറ്റ്‌ എം. ജോര്‍ജ്‌ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയില്‍ എയ്‌റോ കണ്‍ട്രോള്‍സിന്റെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും തന്റെ കുടുംബം മാത്രമല്ല, ഞങ്ങളോടൊപ്പം 350ലധികം കുടുംബങ്ങള്‍ ചേരുന്ന ഒരു വലിയ ബിസിനസ്‌ കുടുംബത്തിന്‌ ലഭിച്ച ഒരു പുരസ്‌കാരമാണ്‌ കോഴഞ്ചേരി സംഗമം പുരസ്‌കാരമെന്ന്‌ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ കുസുമം ടൈറ്റസ്‌ പ്രസ്‌താവിച്ചു. ജോണ്‍ ടൈറ്റസിന്റെ അഭാവത്തില്‍ ഈ പുരസ്‌കാരം വാങ്ങുമ്പോള്‍ പ്രവാസി സമൂഹത്തെ കോഴഞ്ചേരിയിലെ ജനങ്ങള്‍ അംഗീകരിക്കുന്നതിന്‌ തുല്യമാണെന്ന്‌ കുസുമം ടൈറ്റസ്‌ പറഞ്ഞു.

കോഴഞ്ചേരി സംഗമം പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ അധ്യക്ഷതവഹിച്ച ബിസിനസ്‌ യോഗത്തില്‍ ട്രഷറര്‍ അനിയന്‍ മൂലയില്‍, അനിയന്‍ മുളമൂട്ടില്‍, ഡോ. അന്ന സഖറിയ ഈശോ ഏബ്രഹാം, സുജിത്‌ മൂലയില്‍, വി.റ്റി. മാത്യു, ജോണ്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴഞ്ചേരി കേരളത്തിന്റെ മാതൃകയാവണം: ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക