Image

പ്രവാചകന്റെ തിരുശേഷിപ്പുകള്‍ അഹമ്മദ് ഖസ്‌റജി ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു

Published on 13 February, 2012
പ്രവാചകന്റെ തിരുശേഷിപ്പുകള്‍ അഹമ്മദ് ഖസ്‌റജി ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു
അബൂദാബി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കാരന്തൂര്‍ സുന്നീ മര്‍ക്കസിലേക്ക് പ്രവാചകനായ മുഹമ്മദ് നബിയുടെ തിരുകേശം നല്‍കിയ അബുദാബിയിലെ ഡോ. അഹമ്മദ് മുഹമ്മദ് ഖസ്‌റജി തന്റെ ഖിസാനത്തുല്‍ ഖസ്രജിയ എന്ന ലോകോത്തര കൗതുക കാഗാര മ്യൂസിയത്തിലെ തിരുശേഷിപ്പുകളും ഇന്നലെ പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. 

നൂറുക്കണക്കിന് വിശ്വാസികള്‍ അബുദാബിയിലെ അല്‍ ബത്തീന്‍ അല്‍ മഹര്‍ബാ ജദീദിലെ ഡോ. അഹമ്മദ് ഖസ്‌റജിയുടെ വസതിയില്‍ സന്ദര്‍ശകരായെത്തി. പ്രവാചകനായ മുഹമ്മദ് നബിയുടെ തിരുകേശങ്ങള്‍, നബിയുടെ പുതപ്പ്, നബി ആകാശാരോഹണത്തിന്‍ ധരിച്ചിരുന്ന ഒവര്‍കോട്ട്, തിരു താടിയുടെ കേശം, മകള്‍ ഫാത്തിമ ബീവിയുടെ ചെരുപ്പിന്റെ ഭാഗം, ജുബയുടെ ഭാഗം, ഫാത്തിമ ബീവി ഉപയോഗിച്ചിരുന്ന സുറുമ പാത്രവും സുറുമ കോലും, വസ്ത്രം, ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്, രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്,എന്നിവരുടെ തിരുകേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ മോതിരം, നാലാം ഖലീഫ അലി ബിന്‍ അബീത്വാലിബിന്റെ തൊപ്പി, അവരുടെ തിരുകേശം, എന്നിവയും ഷെയ്ഖ് മുഹ്യദ്ദീന്‍ അബ്ദുള്‍ഖാദര്‍ ജീലാനിയുടെ കോട്ടും തുടങ്ങി നിരവധി മഹാന്‍മാരുടെ തിരുശേഷിപ്പുകളും ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന തന്റെ ലോകോത്തര മ്യൂസിയത്തിലെ ശേഖരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

പ്രദര്‍ശന വിവരങ്ങള്‍ അറിഞ്ഞു മലയാളികളടക്കം ഇന്ത്യാ, പാക്കിസ്ഥാന്‍, ഈജിപ്ത്, സിറിയ, ലബനാന്‍, തുര്‍ക്കി, തുടങ്ങിയ രാജ്യക്കാര്‍ തിരുശേഷിപ്പുകള്‍ കാണാന്‍ ഖസ്രജിയുടെ വീടിനു മുന്‍പില്‍ ക്യൂവില്‍ കാത്തുനിന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രദര്‍ശനം ജന ബാഹുല്യം കൊണ്ട് രാത്രി ഏറെ വൈകീട്ടും തീരാത്തതിനാല്‍ നാളെയും പ്രദര്‍ശനം തുടരുമെന്ന് ഡോ. അഹമ്മദ് ഖസ്‌റജി തന്റെ വീട്ടില്‍ തിരു ശേഷിപ്പുകള്‍ കാണാനെത്തിയ ആലൂര്‍ മഹമൂദ് ഹാജിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക