Image

ഖത്തര്‍ ദേശീയ കായികദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു

Published on 15 February, 2012
ഖത്തര്‍ ദേശീയ കായികദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു
ദോഹ: പ്രഥമ ദേശീയ കായികദിനം പ്രൗഢവും ഖത്തറിന്‍െറ കായികാവേശം നിറഞ്ഞതുമായ വൈവിധ്യമാര്‍ന്ന പരിപാടികളോടെ രാജ്യം ആഘോഷിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആഘോഷത്തിന്‍െറ ഭാഗമായി നടന്ന കായിക പരിപാടികളില്‍ തലമുറകളുടെയും വേഷ, ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ദേശങ്ങളുടെയും വ്യത്യാസമില്ലാതെ സ്വദേശികളും പ്രവാസികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. രാജ്യത്തിന്‍െറ കായികസ്വപ്‌നങ്ങള്‍ക്ക്‌ കൂടുതല്‍ നിറവും ആവേശവും ഊര്‍ജവും പകര്‍ന്ന പരിപാടികള്‍ കായികപ്രവര്‍ത്തനങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റാനും അതിലൂടെ ജനങ്ങളുടെ ശാരീരികക്ഷമതയും കൂട്ടായ്‌മയും ഉറപ്പാക്കാനുമുള്ള സന്ദേശം കൂടിയായിരുന്നു.

ഖലീഫ ഇന്‍റര്‍നാഷനല്‍ ടെന്നീസ്‌ ആന്‍റ്‌ സ്‌ക്വാഷ്‌ കോംപ്‌ളക്‌സില്‍ നടന്ന കായിക പരിപാടികളില്‍ കിരീടാവകാശി ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനിയും പത്‌നി ശൈഖ്‌ ജവാഹിര്‍ ബിന്‍ത്‌ ഹമദ്‌ ബിന്‍ സുഹൈം ആല്‍ഥാനിയും സംബന്ധിച്ചു. ടേബിള്‍ ടെന്നീസ്‌ കളിയില്‍ പങ്കെടുത്ത കിരീടാവകാശി ഹെറിറ്റേജ്‌ വില്‌ളേജ്‌, കിഡ്‌സ്‌ വില്‌ളേജ്‌, വി.ഐ.പി വില്‌ളേജ്‌ എന്നിയവടക്കം കോംപ്‌ളക്‌സിലെ സൗകര്യങ്ങള്‍ സന്ദര്‍ശിച്ചു.

കോര്‍ണിഷില്‍ രാവിലെ ഒമ്പത്‌ മണിക്ക്‌ നടന്ന റാലിയില്‍ പ്രമുഖവ്യക്തിത്വങ്ങളും പ്രവാസി സംഘടനാ പ്രതിനിധികളും സ്‌ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും വിദേശികളുമായി ആയിരങ്ങള്‍ പങ്കെടുത്തു. ഇസ്ലാമിക്‌ മ്യൂസിയം പാര്‍ക്ക്‌, ഷെറാട്ടണ്‍ പാര്‍ക്ക്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഒറിക്‌സ്‌ ഏരിയയിലേക്കാണ്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നത്‌. ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ ഖത്തര്‍ ഒളിമ്പിക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കമ്മിറ്റിയുടെ കീഴിലുള്ള സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ്‌ ക്‌ളബ്ബുകളുമെല്ലാം പൊതുജനങ്ങള്‍ക്ക്‌ കായിക പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെ തുറന്നുകൊടുത്തു. വിശിഷ്ടാതിഥികള്‍ക്ക്‌ പ്രത്യേകമായി കൂറ്റന്‍ ടെന്‍റ്‌ തയാറാക്കിയിരുന്നു. ജനറല്‍ പോസ്റ്റഓഫീസിന്‌ സമീപം ഖത്തര്‍ ഷൂട്ടിംഗ്‌ ആന്‍റ്‌ ആര്‍ച്ചെറി ഫെഡറേഷനുമായി സഹകരിച്ച്‌ ഇലക്ട്രോണിക്‌ ഷൂട്ടിംഗ്‌ മല്‍സരത്തിനായി ടെന്‍റ്‌ സജ്ജീകരിച്ചിരുന്നു. കോര്‍ണിഷിലെ പരിപാടികളില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക്‌ ബാഡ്‌ജുകളും ടീഷര്‍ട്ടുകളും പഴങ്ങളും വിതരണം ചെയ്‌തു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച്‌ ഒട്ടേറെ പേര്‍ പരിപാടികളില്‍ സംബന്ധിച്ചു.
കോര്‍ണിഷില്‍ നടന്ന ദേശീയ കായിക ദിനറാലിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെന്മ പ്രതിനിധീകരിച്ച്‌ ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. റാലിയില്‍ പങ്കെടുത്തന്മ ഏക ഇന്ത്യന്‍ പ്രവാസി സംഘടനയാണ്‌ ഇസ്ലാമിക്‌ അസോസിയേഷന്‍.

കോര്‍ണിഷില്‍ നടന്ന പരിപാടികളില്‍ മുന്‍ ജി.സി.സി തലവന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹമദ്‌ അല്‍ അതിയ്യയും പങ്കെടുത്തു. ദേശീയ, മേഖല, അന്തര്‍ദേശീയ തലങ്ങളില്‍ ഖത്തര്‍ നടത്തുന്ന ധീരമായ മുന്നേറ്റങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ്‌ ദേശീയ കായിക ദിനാഘോഷമെന്ന്‌ പിന്നീട്‌ ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക്‌ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഫൗണ്ടേഷന്‍ ഗ്രൗണ്ടുകളില്‍ നാലിടത്തായി സംഘടിപ്പിച്ച പരിപാടികളില്‍ വിവിധ പ്രായക്കാരായ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. സന്ദര്‍ശകര്‍ക്കായി പോഷകസമൃദ്ധമായ ഭക്ഷണവിഭവങ്ങളും ഒരുക്കിയിരുന്നു.ഫൗണ്ടേഷന്‍െറ റിക്രിയേഷന്‍ സെന്‍ററില്‍ നീന്തല്‍ മല്‍സരവും എയ്‌റോബിക്‌സ്‌, സ്‌പിന്നിംഗ്‌ സംബ ക്‌ളാസുകളും സൈക്‌ളിംഗ്‌, ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റുകളുമാണ്‌ നടന്നത്‌. സ്റ്റുഡന്‍റ്‌ സെന്‍റര്‍ ടേബിള്‍ ടെന്നീസ്‌, ബാഡ്‌മിന്‍റണ്‍, വോളിബാള്‍, ബില്ല്യാര്‍ഡ്‌സ്‌ ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി രസകരവും വ്യത്യസ്‌തവുമായ മല്‍സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഫൗണ്ടേഷന്‌ കീഴിലെ അല്‍ ശഖബില്‍ അറേബ്യന്‍ കുതിരകളുടെ പ്രദര്‍ശനവും കുതിരസവാരിയുമാണ്‌ ഒരുക്കിയിരുന്നത്‌. പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട്‌ വന്‍ വിജയമായിരുന്നെന്ന്‌ ഫൗണ്ടേഷന്‍ പ്രസിഡന്‍റ്‌ ഡോ. ഫാതി സൗദ്‌ പറഞ്ഞു.

കായികദിനത്തിന്‍െറ ഭാഗമായി കാബിനറ്റ്‌ ജനറല്‍ സെക്രട്ടേറിയറ്റിന്‍െറ ആഭിമുഖ്യത്തിലും വിവിധ പരിപാടികള്‍ നടന്നു. സെക്രട്ടറിയേറ്റിലെയും മാനേജ്‌മെന്‍റ്‌ ഡെവലപ്‌മെന്‍റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെയും ജീവനക്കാരോടൊപ്പം ഉപപ്രധാനമന്ത്രിയും മന്ത്രിസഭാകാര്യ സഹമന്ത്രിയുമായ അഹ്മദ്‌ ബിന്‍ അബ്ദുല്ല ആല്‍ മഹ്മൂദും പങ്കെടുത്തു.
കായിക ദിനത്തിന്‍െറ ഭാഗമായി ഖത്തര്‍ ഇന്ത്യ ഫ്രറ്റേണിറ്റിഫോറം വക്‌റയില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. യൂണിഫോമണിഞ്ഞ ഐ.എഫ്‌.എഫ്‌പ്രവര്‍ത്തകരുള്‍പ്പെടെ നൂറുകണക്കിന്‌ പ്രവാസി ഇന്ത്യക്കാര്‍ പരിപാടിയില്‍ അണിനിരന്നു. ഖത്തര്‍ സൗത്ത്‌ മേഖല സുരക്ഷാ വിഭാഗം മേധാവി മസ്‌ഊദ്‌ ജും ആന്‍ അല്‍ഖഹ്‌ത്വാനി മാരത്തോണ്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ഡോ. റോണി മാത്യൂ (കിംസ്‌മെഡിക്കല്‍സെന്റര്‍) മാരത്തോണിന്‌ ശേഷം ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. വ്യായാമത്തിന്‍െറ അഭാവവും ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും രോഗതുരമായ സമൂഹത്തെ സൃഷ്ടിക്കുമെന്നും വ്യായാമം നിത്യജീവിതത്തിന്‍െറ ഭാഗമാക്കാന്‍ പ്രവാസികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അനസ്‌ അല്‍കൗസരി, ഐ.എഫ്‌.എഫ്‌ പ്രസിന്‍റ്‌ ്‌സഫര്‍ അഹമദ്‌, റസാഖ്‌ ടി.വി എന്നിവര്‍ നേതൃത്വം നല്‍കി.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌ ഗ്രൂപ്പും കായികദിനപരിപാടികളില്‍ പങ്കാളികളായി. കോര്‍ണിഷില്‍ നടന്ന റാലിയില്‍ ലുലു റീജിയനല്‍ ഡയറക്ടര്‍ മുഹമ്മദ്‌ അല്‍താഫ്‌ അടക്കമുള്ള ലുലു അധികൃതര്‍ പങ്കെടുത്തു. കായികദിനപരിപാടികളില്‍ ലുലുവിന്‍െറ സജീവ പങ്കാളിത്തത്തെ പ്രശംസിച്ച ഖത്തര്‍ ഒളിമ്പിക്‌ കമ്മിറ്റി ചെയര്‍മാന്‍ ശൈഖ്‌ സൗദ്‌ ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, വരും വര്‍ഷങ്ങളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഏഷ്യന്‍ ഗെയിംസിനും ഖത്തര്‍ എക്‌സണ്‍ മോബില്‍ ഓപണ്‍ ടെന്നീസിനും ഖത്തര്‍ മോട്ടോജി.പിക്കും ആതിഥ്യമരുളിയ ഖത്തര്‍ എല്ലാവിധ കായികപരിപാടികളെയും പ്രോല്‍സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന്‌ മുഹമ്മദ്‌ അല്‍താഫ്‌ പറഞ്ഞു. ഈ ചരിത്രസംഭവത്തിന്‍െറ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ലുലു ഗ്രൂപ്പിന്‌ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ഭക്ഷണശീലവും മെച്ചപ്പെട്ട ശാരീരികക്ഷമതയും നിലനിര്‍ത്തേണ്ടതിന്‍െറ സന്ദേശം പ്രചരിപ്പിക്കുന്ന പ്രമോഷന്‍ പദ്ധതികള്‍ ദേശീയ കായിക ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ ലുലുവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ഖത്തര്‍ ദേശീയ കായികദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക