Image

പിറന്നാള്‍ സന്ദേശം(ക്രിസ്മസ് കവിത: സുധീര്‍ പണിക്കവീട്ടില്‍)

ഈമലയാളി എക്‌സ്‌ക്ലൂസീവ് Published on 24 December, 2016
പിറന്നാള്‍ സന്ദേശം(ക്രിസ്മസ് കവിത: സുധീര്‍ പണിക്കവീട്ടില്‍)
ഇത്തിരി മഞ്ഞുമായ് ഒരോ പ്രഭാതവും
കോരിത്തരിച്ച്‌കൊണ്ടെത്തി നോക്കേ
മറ്റൊരു സൂര്യനായ് മണ്ണില്‍ ഉദിച്ചൊരു
ദേവന്‍ പിറന്ന നാള്‍ വന്നണഞ്ഞു.

വര്‍ഷത്തിലെത്തുമാ ക്രുസ്തുമസ്സ് നാളിനെ
പുത്തനായ് മാറ്റുവാന്‍ മര്‍ത്യരോരോ
സ്വപ്നങ്ങള്‍ നെയ്യുന്നു, വില്‍ക്കുന്നു, മണ്ണിനെ
ചന്ത പറമ്പാക്കി മാറ്റീടുന്നു

പുല്‍ക്കൂട് തീര്‍ക്കുന്നു മേടകള്‍ മുറ്റത്ത്
ചാളകുടിലുമൊരുങ്ങുന്നു മോടിയില്‍
ആഹ്ലാദമെങ്ങും തിരയടിച്ചെത്തുമാ
പുണ്യദിനത്തിനായി കാത്തിരിക്കേ

കാറ്റിന്റെ താളത്തില്‍ എത്തുന്നു ദിവ്യമാം
ചോദ്യം, ഭഗവാന്റെ സ്‌നേഹാര്‍ദ്ര ശാസനം
ആട്ടവും പാട്ടുമീ ആര്‍ഭാടവും കൊള്ളാം
നിര്‍മ്മലമാക്കിയോ നിങ്ങള്‍ മനസ്സിനെ?

അന്നമില്ലാതെ വലയും ദരിദ്രന്മാര്‍ക്ക-
ഷ്ടിക്ക് വല്ലതും നിങ്ങള്‍ കൊടുത്തുവോ?
സ്‌നേഹമാണീശ്വരന്‍ എന്നറിഞ്ഞോ, നിങ്ങള്‍
ചിത്തത്തില്‍ വാഴുമാ ദേവനെ കണ്ടുവോ?

എന്റെ നാമത്തില്‍ കൊളുത്തും വിളക്കുകള്‍,
തോരണം ചാര്‍ത്തുന്ന വീഥികള്‍, മേളങ്ങള്‍
നിഷ്ഫലമാണെന്നറിയുക നിങ്ങളില്‍
നിങ്ങളെ തന്നെ അറിയാതിരിക്കുകില്‍

മുട്ട് കുത്തീടാന്‍ തുനിയുന്നതിന്‍ മുമ്പേ
ഒന്ന് കുനിക്ക നീ നിന്റെ ശിരസ്സിനേ.....

ശുഭം


പിറന്നാള്‍ സന്ദേശം(ക്രിസ്മസ് കവിത: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Ponmelil Abraham 2016-12-24 09:15:47
Valare nalla kavitha.
andrew 2016-12-24 14:16:21
മണ്ണിനെ ചന്ത പറമ്പആയി  മാറ്റിടുന്നു 
Beautiful message, Let the moral Philosopher in you bring out more beautiful thoughts like this poem
വിദ്യാധരൻ 2016-12-25 07:23:57
സത്യമാ സ്നേഹിതാ നിങ്ങൾ പറവത് 
സത്യം ഇന്നാർക്കു കേട്ടിടേണം 
നിർമലമായൊരു ഹൃത്തടം ഇല്ലേലും 
നിർമല എന്നുള്ള പേരുണ്ടതുപോരെ ?
ട്രമ്പും പുട്ടിനും ഡ്യൂട്ടറാട്ടെയും മണിയും 
വമ്പനാം കിം ജോങ് അണ്ണും 
ലോകത്തെ സ്നേഹത്തിൽ കോർത്തിണക്കും 
സ്നേഹമല്ലേ സ്നേഹിത ദൈവം ?
ക്രിസ്തുവും ബുദ്ധനും കൃഷ്ണനുമൊക്കെ 
ബുദ്ധിജീവികൾക്ക് ചേർന്നതല്ല.
തിമിർക്കുക ഇന്നു നീ ക്രിസ്തുമസ്സ് 
തിമിർക്കുക മദ്യ ലഹരിയിൽ  നീ
നിറുത്തുന്നു ഞാനീ സന്ദേശമിങ് 
കറങ്ങുന്നു തല ഞാൻ താഴെ വീഴും 
Joseph Padannamakkel 2016-12-25 09:34:17
വളരെ ഭാവാദികളോടെ ഹൃദയത്തിൽനിന്നും നെയ്തെടുത്ത തന്മയത്തമായി അവതരിപ്പിച്ച മനോഹരമായ ഒരു കവിത. സുധീർ പണിക്കവീട്ടിലിനു എന്റെ അഭിനന്ദനങ്ങൾ. താങ്കളുടെ ഈ കവിത എന്റെ വായനയിലെ ക്രിസ്തുമസ് സമ്മാനമായി തോന്നിപ്പോവുന്നു. അത്രയ്ക്ക് ആത്മജ്ഞാനവും ചിന്തകളും വിഷയവിജ്ഞാനവും ഈ ചെറുകവിതയിൽ പ്രകാശിക്കുന്നുണ്ട്. കവി ഒരു താത്ത്വികനെപ്പോലെ ചിന്തിക്കുന്നു. ഒന്നു ശ്രദ്ധിക്കൂ, ക്രിസ്തുമസിന്റെ പുലരിക്കു മുമ്പേതന്നെ മനുഷ്യൻ മണ്ണിനെയും ഭൂമിയേയും നശിപ്പിക്കുന്നു. മനസിനെ പവിത്രമാക്കാനും കവി ഉപദേശിക്കുന്നു. അവിടെ സൃഷ്ടാവിന്റെ ശാസനയും മുഴങ്ങി കേൾക്കാം. 'ദരിദ്രരും പീഡിതരുമായവരെ എന്റെപക്കലേയ്ക്ക് വരൂവെന്ന' യേശുവചനവും ഈ കവിതയിൽ ധ്വാനിക്കുന്നുണ്ട്. മനസിന്റെ ദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാത്തവരുടെ ആലങ്കാരിക ക്രിസ്തുമസ് വെറും പാഴായതെന്നും കവി പറയുന്നു. ശ്രീ പണിക്കവീട്ടിലിനും കുടുംബാംഗങ്ങൾക്കും ക്രിസ്തുമസ് മംഗളങ്ങൾ.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക