Image

ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 June, 2011
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍
ന്യൂയോര്‍ക്ക്‌: ഭാരതീയ ക്രൈസ്‌തവസഭയുടെ സ്ഥാപകനും, ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ഇടവക മധ്യസ്ഥനുമായ മാര്‍ത്തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ 2011 ജൂലൈ ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ (വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ) തീയതികളില്‍ ഭക്ത്യാഡംഭരപൂര്‍വ്വം ആഘോഷിക്കുന്നു. ഈവര്‍ഷത്തെ തിരുനാള്‍ തിരുകര്‍മ്മങ്ങളുടെ പ്രധാന കാര്‍മ്മികന്‍ തൃശൂര്‍ രൂപതാ മുന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴിയാണ്‌.

ജൂലൈ ഒന്നാംതീയതി വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഇടവക വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി കൊടിയേറ്റുന്നതോടുകൂടി തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും, ആരാധനയും ഉണ്ടായിരിക്കും.

രണ്ടാംതീയതി ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന്‌ നിത്യസഹായ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. അന്നേദിവസം വൈകുന്നേരം അഞ്ച്‌മണിക്ക്‌ വേസ്‌പരയും തുടര്‍ന്ന്‌ ആറുമണിക്ക്‌ പ്രസുദേന്തി നൈറ്റും ഉണ്ടായിരിക്കും. ഈവര്‍ഷത്തെ പ്രസുദേന്തി നൈറ്റില്‍ ഇടവകക്കാരെ കൂടാതെ പ്രൊഫഷണല്‍ ടീം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ദുക്‌റാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നിന്‌ ഞായറാഴ്‌ച രാവിലെ 8.15 നും 10.45-നും പതിവുപോലെ ദിവ്യബലിയുണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലാംതീയതി തിങ്കളാഴ്‌ച രാവിലെ 9.30-ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി മുഖ്യകാര്‍മ്മികനും, ഫാ. ജോസ്‌ കണ്ടത്തിക്കുടി, ഫാ. റോയിസണ്‍ മേനോലിക്കല്‍, ഫാ. സിബി വെട്ടിയോലില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും. വി. കുര്‍ബാനയ്‌ക്കുശേഷം മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടേയും ബാന്റുമേളങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്‌ ബ്രോങ്ക്‌സ്‌ നഗരവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്‌. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്‌.

ജൂലൈ അഞ്ചിന്‌ ചൊവ്വാഴ്‌ച മരിച്ചവരുടെ ഓര്‍മ്മദിനം. സെമിത്തേരി സന്ദര്‍ശനം, വൈകുന്നേരം ഏഴുമണിക്ക്‌ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന്‌ ഒപ്പീസും ഉണ്ടായിരിക്കും.

നമ്മുടെ പിതാവായ മാര്‍ത്തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങളിലും, ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളിലും പങ്കുകൊണ്ട്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടിയും പ്രസുദേന്തിക്കുവേണ്ടി സോണി വടക്കേലും ഏവരേയും സ്വാഗതം ചെയ്‌തു. ഷോണ്‍ വടക്കേലാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക