Image

സ്വന്തം വീട് ദൈവത്തിനു നല്‍കി സണ്ണി ചെമ്മാച്ചേല്‍

അനില്‍ പെണ്ണുക്കര Published on 23 January, 2017
സ്വന്തം വീട് ദൈവത്തിനു നല്‍കി സണ്ണി ചെമ്മാച്ചേല്‍
സ്വന്തം വീട് ദൈവത്തിനു നല്‍കി അമേരിക്കന്‍ മലയാളി. കോട്ടയം നീണ്ടൂര്‍ ചെമ്മാച്ചേല്‍ ലൂക്കോസ്, പരേതയായ അല്ലി ദമ്പതികളുടെ അഞ്ചാമത്തെ മകന്‍ സണ്ണി ചെമ്മാച്ചലാണ് ഒന്‍പതു മാസം മുന്‍പ് തന്റെ വീട് ദൈവത്തിനു തീറെഴുതി നല്‍കിയത്. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി പന്ത്രണ്ടു പേരെയും വീട്ടില്‍ താമസമാക്കി. അവര്‍ക്കു ഒരു കെയര്‍ടേക്കറെയും വച്ചു.

ചിക്കാഗോയില്‍ ബിസിനസ്. ഭാര്യക്ക് ജോലി, മക്കള്‍ക്ക് ജോലി. അത്യാവശ്യം പണം. നാട്ടില്‍ ഒരു വീട്. വല്ലപ്പോഴും വരുമ്പോള്‍ താമസം. വീട് പലപ്പോഴും അന്യമാകുന്നു എന്ന തോന്നല്‍. വീടിനെ സ്വര്‍ഗ്ഗമാക്കണമെങ്കില്‍ അവിടെ ദൈവത്തിന്റെ വരപ്രസാദം വേണം.

ദൈവത്തിന്റെ തോട്ടടത്തു നില്‍ക്കുന്നവരുടെ ലിസ്റ്റില്‍ ഒന്നാമനായ നവജീവന്‍ ട്രസ്റ്റിന്റെ സാരഥി പി.യു തോമസിനെ മാതൃകയാക്കി പെട്ടന്നൊരു തീരുമാനം. വീടിന്റെ പേരൊന്നു മാറ്റി 'എയ്ഞ്ചല്‍ ഗാര്‍ഡന്‍'. തോമസ് ചേട്ടനില്‍ നിന്നും പ്രചോദനം സ്വീകരിച്ച് ഏകദേശം 90 ല്‍ അധികം സ്ഥാപനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പലതിനെയും പ്രാരംഭ ഘട്ടത്തില്‍ ഒരു പരിധിവരെ സഹായിക്കാനും തോമസ് ചേട്ടന് കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കും വേണ്ട നിര്‍ദേശങ്ങളും ചില അന്തേവാസികളെയും ഇവിടെ എത്തിച്ചു തന്നു തോമസ് ചേട്ടന്‍ ..

എയ്ഞ്ചല്‍ ഗാര്‍ഡന്‍
..........................................
ഓരോ വ്യക്തിയുടെ ജീവിതവും ലോകത്തിന് അനുഗ്രഹമാകണമെന്ന തോന്നലില്‍ നിന്നാണ് തുടക്കം. ജീവിതത്തില്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എത്ര ഉന്നത നിലയിലെത്തിയാലും മറക്കരുത് എന്ന് ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് മാതാപിതാക്കളാണ്. ആ മാതാപിതാക്കളെ മറക്കുന്ന, അവരെ വലിച്ചെറിയുന്ന എത്രയോ മക്കള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. മക്കള്‍ ഉപേക്ഷിച്ചവര്‍, മാനസിക വിഭ്രാന്തി ഉള്ളവര്‍, ദുര്‍ഗുണ പരിഹാര പാഠ ശാലകളില്‍ നിന്നും വന്നവര്‍ ഒക്കെ ഇന്ന് എയ്ഞ്ചല്‍ ഗാര്‍ഡന്റെ സ്വന്തം. നാലുമുറികളിലായി പന്ത്രണ്ടു ദൈവപുത്രന്മാര്‍. അവര്‍ക്കൊപ്പം അവധിക്കു വരുമ്പോള്‍ സണ്ണി ചെമ്മാച്ചേലും.

കുടുംബം കൈത്താങ്
.........................................
നീണ്ടൂരിലെ പ്രശസ്തമായ പൂതത്തില്‍ ചെമ്മാച്ചേല്‍ കുടുംബം. അഗതികള്‍ക്ക് എന്നും തുണയായി നിന്ന പാരമ്പര്യം. 'ഞാന്‍ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ഇത്. ഭാര്യയും മക്കളും സഹോദരങ്ങളും ഒപ്പം നിന്നു. ഇത്രയും നാള്‍ ദൈവം തന്ന സമ്പാദ്യം ദൈവമക്കള്‍ക്കായി ചിലവാക്കുന്നു. നാളത്തെ കാര്യം അറിയില്ല . അതും തമ്പുരാന്‍ തീരുമാനിക്കും .

പി.യു തോമസ് ചേട്ടന്‍ യാതൊരു മുന്‍വിധിയുമില്ലാതെ തുടങ്ങിയ പ്രസ്ഥാനമാണ് നവജീവന്‍. ആയിരങ്ങള്‍ക്ക് ഇന്ന് അന്നമൂട്ടുന്ന പ്രസ്ഥാനം. ഒരായുസ് മുഴുവന്‍ രോഗികള്‍ക്കൊപ്പം ചിലവഴിക്കാനും പാവങ്ങള്‍ക്കായ് നിസ്വാര്‍ഥമായി അധ്വാനിക്കാനും ഒരു മനുഷ്യന് എങ്ങനെയാണ് കഴിയുന്നത് എന്ന ചോദ്യവുമായി തോമസ് ചേട്ടനെ സമീപിക്കുന്നവര്‍ക്കുള്ള ഉത്തരം വളരെ ലളിതമല്ലേ. മെഡിക്കല്‍ കോളജിലെ പാവങ്ങള്‍ക്കുള്ള ഉച്ചഭക്ഷണവുമായി നവജീവനില്‍ നിന്നും പുറത്തോട്ടിറങ്ങുന്ന ഒരു പഴയ വാന്‍, അതിന്റെ മുന്‍വശത്തെ ചില്ലില്‍ ആ ഉത്തരം ഇങ്ങനെ എഴുതിയിട്ടുണ്ട് 'ക്രിസ്തുവിന്റെ സ്‌നേഹം ഇതു ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നു'. വലിയ മാതൃകയായി അത് മുന്നിലുണ്ട്. ദൈവപ്രസാദമുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കിട്ടുന്ന കരുത്താണ് എന്റെ ആത്മബലം'.

ഭയപ്പെടുത്തുന്നത്
..................................
എയ്ഞ്ചല്‍ ഗാര്‍ഡന്‍ തുടങ്ങിയിട്ട് ഒന്‍പതു മാസമേ ആയുള്ളൂ. അന്തേവാസികള്‍ പന്ത്രണ്ടായി. ഒരുമാസം ഒരാള്‍ വീതം ഇങ്ങോട്ടെത്തുന്നു. ഇതിന്റെ എത്രയോ പതിന്മടങ്ങു ആളുകള്‍ വീടില്ലാതെ, മരുന്നില്ലാതെ, ആശ്രയമില്ലാതെ തെരുവില്‍ അലയുന്നു. വീട് ഉപേക്ഷിക്കുന്നവരുടെയും, വീട് നഷ്ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നു. ഇവരെയൊക്കെ നമുക്ക് പുനരധിവസിപ്പിക്കണം .

ഇപ്പോള്‍ ഡോക്ടര്‍ സേവനം ഉള്‍പ്പെടെ ഉള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട.് ഭക്ഷണം ഉണ്ടാക്കുവാന്‍ കുക്കിനെ നിയമിച്ചിട്ടുണ്ട്. തുടര്‍ നാളുകളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. കയ്യിലുള്ള പണം അതിനായി വിനിയോഗിക്കാന്‍ തുടങ്ങുന്നു. വീടിനോടു ചേര്‍ന്ന് ഒരു വലിയ ബില്‍ഡിങ് ഉണ്ടാക്കണം. ഒരു ജൈവ പച്ചക്കറിത്തോട്ടം, ഒരു ചെറിയ ക്ലിനിക്, ഒരു പ്രാര്‍ത്ഥനാലയം ഇവയൊക്കെ മനസില്‍ ഉണ്ട് . അതെല്ലാം തമ്പുരാന്‍ നടത്തി തരും. പലപ്പോളും പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ ചിലര്‍ക്ക് പാളിപ്പോകാറുണ്ട്. ഇവിടെ അങ്ങനെ അല്ല. ഞാന്‍ തനിയെ ഈ വീട്ടില്‍ അവധിക്കു വന്നു നിക്കുമ്പോള്‍ ഒരു ഏകാന്തതയാണ് തോന്നിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല . ഇവരുടെയൊക്കെ കൈ പിടിക്കുമ്പോള്‍ തമ്പുരാന്‍ അടുത്തുള്ളതുപോലെ ...അതിനെ എന്ത് പേരിട്ടും വിളിക്കാം.

ഏവര്‍ക്കും സ്വാഗതം.
........................................
നാട്ടില്‍ എത്തുന്ന പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം എപ്പോള്‍ വേണമെങ്കിലും എയ്ഞ്ചല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാം. ഇവിടുത്തെ ദൈവമക്കള്‍ക്കായി പ്രാര്‍ത്ഥിക്കാം . വീടിന്റെ ഹാള്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുക്കിയിട്ടുണ്ട്. അവരോടൊപ്പം ഭക്ഷണം കഴിക്കാം . ജീവിതത്തില്‍ നാം നേടിയതൊന്നും ഒന്നുമില്ലെന്നും ഇനിയും എന്തെല്ലാം നേടിയാലും ഒരു നിമിഷാര്‍ദ്ധം കൊണ്ട് അവയെല്ലാം ഇല്ലാതാകുമെന്നതും ഇവിടെയിരിക്കുമ്പോള്‍ ഒരു പക്ഷെ തോന്നിയേക്കാം. ആ തോന്നല്‍ ഒരാള്‍ക്ക് തുണ ആയാലോ.. ഏവര്‍ക്കും സ്വാഗതം .

സണ്ണി ചെമ്മാച്ചേല്‍ ഫോണ്‍ 17087048720
അവറാച്ചന്‍ (കെയര്‍ടേക്കര്‍)91+9447356222
സ്വന്തം വീട് ദൈവത്തിനു നല്‍കി സണ്ണി ചെമ്മാച്ചേല്‍ സ്വന്തം വീട് ദൈവത്തിനു നല്‍കി സണ്ണി ചെമ്മാച്ചേല്‍ സ്വന്തം വീട് ദൈവത്തിനു നല്‍കി സണ്ണി ചെമ്മാച്ചേല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക