Image

ലോ അക്കാദമി സമരം തുടരും: പ്രതിഛായ കുരുക്കില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍

എ.എസ് ശ്രീകുമാര്‍ Published on 25 January, 2017
ലോ അക്കാദമി സമരം തുടരും: പ്രതിഛായ കുരുക്കില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലുള്ള ലോ അക്കാദമിയുടെ ചുറ്റുമതില്‍ ഭേദിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേരളത്തിന്റെ മഹത്തായ കലാലയ പാരമ്പര്യത്തിനും അധ്യാപക സംസ്‌കാരത്തിനും ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രതയ്ക്കും തീരാകളങ്കം ചാര്‍ത്തിയിരിക്കുന്നു. നാട്ടിലെ നീതിക്കും നിയമ വ്യവസ്ഥയ്ക്കും ജാഗ്രതയോടെ കാവലായി നില്‍ക്കേണ്ട അഭിഭാഷകരെ വാര്‍ത്തെടുക്കുന്ന ഈ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ഇതിന്റെ മാനേജ്‌മെന്റിനും, പ്രിന്‍സിപ്പലും സെലിബ്രിറ്റിയുമായ ലക്ഷ്മി നായരുടെ ഏകാധിപത്യ ഭരണത്തിനും ധാര്‍ഷ്ട്യത്തിനും ജാതി വിവേചന നിലപാടുകള്‍ക്കുമെതിരെ സന്ധിയില്ലാ സമരത്തിലാണ്. ഇത്തരത്തിലൊരു സമരം കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ടുകേഴ്‌വിയില്ലാത്തതാണ്. പക്ഷേ, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും  ഈ സമരത്തിന്റെ മറ്റൊരു പതിപ്പ് സമീപകാലത്ത് അക്രമാസക്തമാകുന്നത് നാം കണ്ടു. പ്രസ്തുത വിദ്യാര്‍ത്ഥി സമര മുന്നേറ്റത്തിലെ ഹീറോകളായിരുന്നല്ലോ കനയ്യ കുമാറും ജീവത്യാഗം ചെയ്ത രോഹിത് വെമൂലയുമെല്ലാം.

ലോ കോളേജ് പ്രിന്‍സിപ്പല്‍ ഏകാധിപത്യ രീതിയില്‍ പെരുമാറുന്നു, പെണ്‍കുട്ടികളുടെ സ്വകാര്യതയെ തകര്‍ക്കുന്ന നിലയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു, വ്യക്തി താത്പര്യമനുസരിച്ച് ഇന്റേണല്‍ മാര്‍ക്ക് കൊടുക്കുന്നു, ആണ്‍കുട്ടികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പണിയെടുപ്പിക്കുന്നു, ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ഷോപ്പുകള്‍ക്ക് മുന്നില്‍ ഈ ഹോട്ടലിന്റെ പബ്‌ളിസിറ്റിക്ക് തങ്ങളെ നിയോഗിക്കുന്നു...എന്നു തുടങ്ങി വളരെ ഗുരുതരവും സ്‌തോഭജനകവുമായ പരാതികളുടെ ഭണ്ഡാരവുമായാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരമുഖത്തുള്ളത്. ഞെട്ടിപ്പിക്കുന്ന പരാതിയെ തുടര്‍ന്ന് കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സമിതി നടത്തിയ തെളിവെടുപ്പില്‍ മാനസിക പീഡനങ്ങള്‍ക്കിരയായ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വിശദീകരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രിന്‍സിപ്പലിന്റെ രാജിയൊഴിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല. 

അതേസമയം, ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൊടപുഴയില്‍ നടന്ന സിറ്റിങ്ങില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം പി മോഹന്‍ദാസാണ് കേസെടുത്തത്. സമരം പരിഹരിക്കാത്തതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.   അക്കാദമിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളി ലക്ഷ്മി നായര്‍ രംഗത്തെത്തിയിരുന്നു. കോളേജില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച അവര്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയാണിതെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി എത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചിരുന്നു. വേണമെങ്കില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചചെയ്യാമെന്നും രാജിവയ്ക്കില്ലെന്നും അവര്‍ പറഞ്ഞുവെങ്കിലും സമരം ശക്തമാക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം.

ഇതിനിടെ ലക്ഷ്മി നായരെ കൂടുതല്‍ കുരുക്കിലാക്കിക്കൊണ്ട്, ഒരു വിദ്യാര്‍ത്ഥിനിയെ ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വരികയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥിനിയെയാണ് അധിക്ഷേപിച്ചത്. ഹാജര്‍ കുറഞ്ഞതിന് ഫൈന്‍ അടയ്ക്കാമെന്ന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിനിയോട് നിന്നെ ഇയര്‍ ഔട്ടാക്കാന്‍ തീരുമാനിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ പറയുന്നു. ആരോഗ്യമില്ലെങ്കില്‍ പിന്നെന്തിന് ലോ അക്കാദമിയില്‍ ചേര്‍ന്നുവെന്നും  മറ്റുവല്ല ഡിഗ്രിക്കും പോകാമായിരുന്നില്ലേയെന്നും ലക്ഷ്മി നായര്‍ ചോദിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നീയെനിക്ക് കുരിശാണെന്നും തന്ത കേറിയിറങ്ങിയത് കൊണ്ടാണ് അഡ്മിഷന്‍ തന്നതെന്നും വിദ്യാര്‍ത്ഥിനിയോട് പരുഷമായി പറയുന്നു. തെളിവെടുപ്പിനെത്തിയ ഉപസമിതിക്ക് മുന്നില്‍ വിദ്യാര്‍ത്ഥിനിയും അമ്മയും നേരത്തെ ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ താന്‍ അത്തരത്തില്‍ സംസാരിച്ചിട്ടില്ല എന്നായിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം. ആ കള്ളമാണ് ശബ്ദരേഖയിലൂടെ പൊളിഞ്ഞത്.

കൈരളി ടി.വിയിലെ 'മാജിക്ക് ഓവന്‍' എന്ന കുക്കറി ഷോയിലൂടെയാണ് ലക്ഷ്മി നായര്‍ മലയാളികള്‍ക്ക് പരിചിതയാവുന്നത്. 'ഫ്‌ളേവേഴ്സ് ഓഫ് ഇന്ത്യ' എന്നൊരു പരിപാടിയും അവതരിപ്പിച്ചു. 'സെലിബ്രിറ്റി കിച്ചന്‍ മാജിക്ക്' എന്ന കുക്കറി റിയാലിറ്റി ഷോയിലെ ജഡ്ജായും ഈ പാചക വിദഗ്ധയെ മലയാളികള്‍ കണ്ടു. പാചക പുസ്തകങ്ങള്‍ രചിച്ചും ഇമേജുണ്ടാക്കി ആരാധകരെ സമ്പാദിച്ചു. 'കേറ്ററീന' എന്ന ഹോട്ടലിന്റെ ഉടമയുമാണ്. പല ഉല്‍പ്പനങ്ങളുടെയും ബ്രാന്‍ഡ് അംബാസഡറുമായും നമ്മെ കൊതിപ്പിക്കുന്നു. ലോ കോളജ് വിവാദം കത്തിപ്പടര്‍ന്നതോടെ ലക്ഷ്മി നായരുടെ വീഡിയോകള്‍ യു ട്യൂബില്‍ വൈറലായിട്ടുണ്ട്. മലേഷ്യയിലെ ബീച്ചിലും സ്വിമ്മിങ് പൂളിലും മറ്റുമുള്ള കിടിലന്‍ പെര്‍ഫോമന്‍സുകളാണ് ഇവയില്‍. ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ പരിപാടിക്ക് വേണ്ടിയായിരുന്നു ഇത്. ഏതൊരു ടി.വി ഷോയുടെയും റേറ്റിങ്ങിന്റെ മാനദണ്ഡങ്ങളിലൊന്ന് അതിന്റെ അവതാരകരുടെ സ്വഭാവശുദ്ധിയും ഇമേജുമെക്കെയാണല്ലോ. ലോ അക്കാദമി വിവാദത്തിലൂടെ ലക്ഷ്മി നായര്‍ വേവാത്ത പ്രതിഛായ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്.

ലക്ഷ്മി നായരുടെ പിതാവ് ഡോ. എന്‍ നാരായണന്‍ നായരാണ് ലോ അക്കാദമിയുടെ സ്ഥാപക ഡയറക്ടര്‍. 1990ല്‍ ഗസ്റ്റ് ലക്ചറര്‍ ആയാണ് ലക്ഷമി നായര്‍ ലോ അക്കാദമിയിലെത്തുന്നത്. 1994ല്‍ സ്ഥിരം ലക്ചററായി. 2007ല്‍ പ്രൊഫസര്‍. പിന്നാലെ പ്രിന്‍സിപ്പല്‍ കസേരയിലുമെത്തി. സി.പി.ഐ ബന്ധങ്ങളുള്ള ഇവരെ തിരുവനന്തപുരത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും എന്ന് വരെ കേട്ടിരുന്നു. ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ അവരുടെ ഫാസിസ്റ്റ് മനോഭാവത്തെ തുറന്നുകാട്ടുന്നതാണെന്നാണ് വ്യാപകമായ ആക്ഷേപം. ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ എസ്.എഫ്. ഐ നേതാവുമായ അഡ്വക്കേറ്റ് ആദര്‍ശും രംഗത്ത് വന്നു. അക്കാദമിയിലെ പെണ്‍കുട്ടികളെ ലക്ഷ്മി നായര്‍ രാത്രികാലങ്ങളില്‍ പുറത്ത് കൊണ്ടുപോയിരുന്നതായും ഇതിനെതിരെ പ്രതികരിച്ച തനിക്കെതിരെ കള്ളക്കേസുണ്ടാക്കി ലക്ഷ്മി നായര്‍ പ്രതികാരം ചെയ്തുവെന്നും ആദര്‍ശ് ആരോപിക്കുന്നു. 

ലോ അക്കാദമി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു എന്നാണ് ഒരു വിദ്യാര്‍ഥിനി വെളിപ്പെടുത്തുന്നത്. പെണ്‍കുട്ടികള്‍ കുളിമുറിയില്‍ പോകുന്നതും വരുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമായി പതിയുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതത്രെ. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പലയിടത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കോറിഡോറുകളിലും ഡൈനിങ് ഹാളിലും മറ്റ് പല സ്ഥലങ്ങളിലും ക്യാമറയുണ്ട്. പെണ്‍കുട്ടികള്‍ കുളിമുറിയില്‍ പോകുന്നതും വരുന്നതും കിട്ടത്തക്ക ആംഗിളിലാണത്രെ ക്യാമറകള്‍. സുരക്ഷയാണ് ഇതിന്റെ ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ഹോസ്റ്റലിന്റെ പിറകില്‍ ക്യാമറ വെച്ചില്ല എന്നും കുട്ടികള്‍ ചോദിക്കുന്നുണ്ട്. ലക്ഷ്മി നായരുടെ അസഭ്യ വര്‍ഷത്തെക്കുറിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്. നീ ആ കുട്ടിയുടെ കൂടെ നടന്നാല്‍ അവള്‍ നിനക്ക് വല്ല ലോഡ്ജിലും മുറിയെടുത്ത് തരും എന്ന് തന്റെ കൂട്ടുകാരിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്...അഞ്ച് വര്‍ഷത്തിനുള്ളില്‍ പോകുമ്പോള്‍ വയറും വീര്‍പ്പിച്ച് കുട്ടിയെ ഒക്കത്ത് വെച്ചേ പോകുകയുള്ളൂ...ഒരു വിദ്യാര്‍ഥിനിയെക്കുറിച്ച് മാതാപിതാക്കളോട് പ്രിന്‍സിപ്പല്‍ പറഞ്ഞ ഭാഷയാണിത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം സംസാരിച്ചാല്‍ പോലും പ്രിന്‍സിപ്പല്‍ അസഭ്യം പറയാറുണ്ടത്രെ. ''ആണിന്റെ ചൂടുപറ്റിയിരിക്കാനല്ലേ നീ വരുന്നത് എന്നാണ് പെണ്‍കുട്ടികളോട് ചോദ്യം.  കുര്‍ത്ത ധരിച്ചുവരുന്ന കുട്ടികളോട് നിനക്കൊക്കെ ഷാള്‍ ഇടാതെ വരുന്നതല്ലേ സൗകര്യം...'' എന്ന് ചോദിച്ചിട്ടുണ്ട് പോലും. ഉമ്രയ്ക്ക് പോയിവന്ന വിദ്യാര്‍ത്ഥിയോട്, ''മേത്തന്മാര്‍ കോളേജില്‍ കേറി നിരങ്ങണ്ട...'' എന്ന് ലക്ഷ്മി നായര്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോളജിലെ എല്ലാ കുട്ടികളോടും ലക്ഷ്മി നായര്‍ ജാതി ചോദിക്കുമായിരുന്നത്രെ. നായര്‍ ജാതിയില്‍ അല്ലാത്ത കുട്ടികളോട് ഇവര്‍ക്ക് പുച്ഛമാണെന്നും പറയപ്പെടുന്നു. ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥികളോട്, അവരുടെ ഭാവി തുലച്ചുകളയുമെന്നും വിവാദ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറയുന്നു. ഇത്തരത്തിലുള്ള പരാതികളുടെ പട്ടിക നീളുന്നു. 

ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനുമുണ്ട്. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും സമരപ്പന്തലിലെത്തിയ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമി അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോ അക്കാദമിക്കെതിരെ വിജിലന്‍സിലും പരാതിയെത്തി. തിരുവന്തപുരം തുറവക്കല്‍ സ്വദേശി ഷാജഹാനാണ് പരാതി നല്‍കിയത്. 1973ല്‍ ലോ അക്കാദമിക്ക് വേണ്ടി സൊസൈറ്റി സെക്രട്ടിയായ നാരയണന്‍ നായര്‍ വാങ്ങിയ ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഈ വിഷയത്തില്‍ സര്‍ക്കാറിന് മുമ്പ് പരാതി നല്‍കിയിരുന്നതാണെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന മറുപടിയാണ് ജില്ല രജിസ്ട്രാറില്‍ നിന്ന് ലഭിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ല രജിസ്ട്രാറും ലോ അക്കാദമിയും റിയല്‍ എസ്‌റ്റേറ്റ് ഉടമകളും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നും പിന്മാറണമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി എസ്.എഫ്.ഐയോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇന്നലെ പരന്നിരുന്നു. എന്നാല്‍ സമരത്തിന്റെ ഈ ഘട്ടത്തില്‍ രാജി ആവശ്യത്തില്‍ നിന്നും പിന്മാറാനാകില്ലെന്ന് എസ്.എഫ്. ഐ ലോ അക്കാദമി യൂണിറ്റ് സി.പി.എം നേതൃത്വത്തെ അറിയിച്ചത്രേ. ഏതായാലും ഇന്ന് (ജനുവരി 25) വൈകുന്നേരം വിദ്യാഭ്യാസ മന്ത്രിയും സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രിന്‍സിപ്പലിനെ പെട്ടെന്ന് മാറ്റാനാവില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഈ തീരുമാനവും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും തമ്മില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്.  എസ്.എഫ്.ഐയുടെ കുട്ടികള്‍ എത്രനാള്‍ നിരാഹാരം കിടന്നാലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലക്ഷ്മി നായര്‍ക്കെതിരെ യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടാവില്ലെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. സി.പി.എം നേതാക്കളെല്ലാം ലക്ഷ്മി നായര്‍ക്കൊപ്പമാണ്. നവലിബറല്‍ മാര്‍ക്സിസ്റ്റ് മഹിളാ മാതൃകയാണ് ലക്ഷ്മി നായരെന്ന് സുരേന്ദ്രന്‍ പരിഹസിക്കുന്നു. കൈരളി ടി.വി എം.ഡി കൂടിയായ ജോണ്‍ ബ്രിട്ടാസ് ഒപ്പമുള്ളത് കൊണ്ട് ഇത്തരം കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മിണ്ടാനാകില്ല. അഴിമതിയും സര്‍ക്കാര്‍ ഭുമി കയ്യേറ്റവും വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ ഉള്ള കേസുകള്‍ ലക്ഷ്മിനായര്‍ക്കെതിരെ വേറെയുമുണ്ടെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ചോദ്യം...ഉത്തരം...

ചോദ്യം: ''ലോ അക്കാദമി വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസ് എവിടെ നിന്നു വന്നു...'' 
ഉത്തരം: ''ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായിരിക്കുന്ന കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയാണ് അദ്യേം...''
ചോദ്യം: ''ബ്രിട്ടാസും ഇടത് സര്‍ക്കാരും തമ്മില്‍ എന്താണ് ബന്ധം...'' 
ഉത്തരം: ''മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്...'' 
***
വിദ്യാര്‍ത്ഥികള്‍: ''ഇനി ഞങ്ങളെ തൂക്കിക്കൊന്നോ...പ്രിന്‍സിപ്പലമ്മേ...''

ലോ അക്കാദമി സമരം തുടരും: പ്രതിഛായ കുരുക്കില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍
Join WhatsApp News
Dr.Sasi 2017-01-25 09:28:10
ബ്രിട്ടാസിനു ഒന്നും ചെയ്യാനില്ല ! ഈ സ്ത്രീ രാജി വെച്ചെ പറ്റൂ ! അധികാരവും സമ്പത്തും സ്വാധീനവും ഒന്നിച്ചു ലഭിച്ചപ്പോൾ പന്ത്രണ്ട് അടി ഉയരമുള്ള ഒരു സ്ത്രീയെ പോലെ ഇവർ പെരുമാറാൻ തുടങ്ങി !! നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് കുട്ടികൾ ചെയ്യുന്നത്! ബ്രിട്ടാസ് ആ സ്ത്രീയെ പിന്താങ്ങിയാൽ അതോടെ ബ്രിട്ടാസിൽ ഉള്ള പത്ര പ്രവർത്തകൻ മരിച്ചിരിക്കുന്നു !! പാർട്ടി പ്രവർത്തകൻഉണർന്നിരിക്കുന്നു !! ഇന്ത്യയിൽ ഇന്ന് മാധ്യ്മ പ്രവത്തകർ എവിടെ ? ഒന്നുകിൽ ഒരു പാർട്ടിയുടെ വക്താവ് ! അല്ലെങ്കിൽ ഒരു മതത്തിന്റെ വക്താവ് ,ഒന്നുമല്ലങ്കിൽ ഏതെങ്കിലും ഒരു സംഘടനയുടെവക്താവ്, കോർപറേഷന്റെ വക്താവ് ! കുട്ടികൾക്ക് വേണ്ടി കേസ് ഫയൽ ചെയ്യാൻ ഒരു വക്കില് പോലും തയ്യാറായില്ല !! ഇവരാണ് നമ്മുടെ നീതിയുടെ കസ്റ്റോഡിയൻസ്!!ഇങ്ങനെ അനൈക്യത്തിന്റെ , ഇങ്ങനെ അനീതിയുടെ , ഇങ്ങനെ നിഷ് ക്രിയതയുടെ ,ഇങ്ങനെ ആലസ്യത്തിന്റെ പാതയാണ് നാം അവലംബിക്കുന്നതെങ്കിൽ ഒരിക്കലും നാം മഹത്ത്തിലേക്കു ഉയരില്ല !
Observer 2017-01-25 23:56:09
I was in Trivandrum recently as an independent/non partisan man I can say that Laksmi Nair should resign and she should be investigated and punished. She is not qualified for the post. The LDF should not support her. Jon brittas please stay away from this issue. V.S. Achuthananthan and the students and the SFI people are right here. Laksmi Nair should resign..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക