Image

ഹൃദ്രോഗത്തിന്‌ പ്രായം ഘടകമല്ലെന്ന്‌

Published on 21 February, 2012
ഹൃദ്രോഗത്തിന്‌ പ്രായം ഘടകമല്ലെന്ന്‌
ഹൃദ്രോഗത്തിന്‌ പ്രായം ഇന്ന്‌ ഒരു പ്രധാന ഘടകമല്ലാതായിരിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക്‌ ചികില്‍സ തേടിയെത്തുന്നവരില്‍ നല്ലൊരു ഭാഗം വിദേശ മലയാളികളാണെന്ന്‌ പ്രശസ്‌ത ഹൃദ്രോഗവിദഗ്‌ധനും എറണാകുളം ലിസി ആശുപത്രിയിലെ ചീഫ്‌ കാര്‍ഡിയാക്‌ സര്‍ജനുമായ പത്മശ്രീ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം അഭിപ്രായപ്പെട്ടു. പ്രവാസികളെ രോഗത്തിലേക്ക്‌ നയിക്കുന്നത്‌ പലതരം ഘടകങ്ങളാണ്‌. കുടുംബം വിട്ടുപോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദവുമായി കഴിയുന്നവരാണ്‌ പ്രവാസികള്‍. ജോലിയുടെ അസ്ഥിരതയെക്കുറിച്ചുള്ള ഉത്‌കണ്‌ഠകളുമായാണ്‌ ഇവര്‍ ജീവിതം തള്ളിനീക്കുന്നത്‌. കൂടുതല്‍ സമയം ജോലി ചയ്യേണ്ടിവരുന്നതുമൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ വേറെ. സമയത്തിന്‌ ഭക്ഷണമോ വ്യായാമം ചെയ്യുന്നതിനുള്ള സാഹചര്യങ്ങളോ ഇല്ല. സമ്മര്‍ദ്ദങ്ങളും ആകുലതകളും ദുത്തഖങ്ങളും മനസ്സില്‍ തന്നെ ഒതുക്കിവെക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ പ്രവാസികള്‍. നാട്ടില്‍ ജോലിയില്‍ എത്ര സമ്മര്‍ദ്ദമുണ്ടെങ്കിലും വൈകിട്ട്‌ അതിന്റെ ഭാരം ഇറക്കിവെക്കാന്‍ കുടുംബത്തിന്റെ അത്താണിയും അന്തിയുറങ്ങാന്‍ സ്വന്തം വീടിന്റെ സുരക്ഷിതത്വവുമുണ്ട്‌. ദുത്തഖങ്ങള്‍ പങ്കിടാന്‍ നല്ല സുഹൃത്തുക്കളും ആശ്വാസവാക്കുകള്‍ പകരാന്‍ കുടുംബാംഗങ്ങളുമുണ്ട്‌. എന്നാള്‍, ഗള്‍ഫിലെ സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. അതിനാല്‍, എപ്പോഴും മനസ്സിനെ ശാന്തമാക്കിവെക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം.

സമ്മര്‍ദ്ദങ്ങള്‍ കൊണ്ട്‌ തകരുന്ന മനസ്സിന്റെ വാതിലിലൂടെയാണ്‌ പല രോഗങ്ങളും കടന്നുവരിക. അമിതമായ ഉത്‌കണ്‌ഠയും ആകാംക്ഷകളും ഒഴിവാക്കണം. പരിമിതമായ സൗകര്യങ്ങളിലും എല്ലാ ദിവസവും അല്‍പ സമയം വ്യായാമത്തിനായി കണ്ടെത്തണം. ഭക്ഷണം സമീകൃതമാക്കണം. മനസ്സിന്‌ സന്തോഷം പകരാന്‍ പ്രവാസി കൂട്ടായ്‌മകളില്‍ പങ്കാളികളാകാനും നല്ല സുഹൃത്തുക്കളെയും ജോലിയില്‍ സന്തോഷവും കണ്ടെത്താനും ശ്രമിക്കുക. കുടുംബവുമായി ബന്ധം നിലനിര്‍ത്തുകയും സന്തോഷവും ദുത്തഖവും അവരുമായി പങ്കിടുകയും ചെയ്യുക...ഇക്കാര്യങ്ങള്‍ക്കെല്ലാം പ്രവാസികള്‍ മുന്തിയ പരിഗണന നല്‍കണമെന്ന്‌ ഡോ. ജോസ്‌ ചാക്കോ പറയുന്നു.

കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍ 45 ശതമാനവും ഗ്രാമപ്രദേശങ്ങളിലുള്ളവരില്‍ നാല്‌ ശതമാനവും ഹൃദയത്തിന്‌ എന്തെങ്കിലും രോഗമുള്ളവരാണ്‌. ജനസംഖ്യ കൂടുന്നതിനാനുപാതികമായി ഹൃദ്രോഗികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്‌. 45 വയസ്സ്‌ കഴിഞ്ഞ 60 ശതമാനം പേര്‍ക്കും പ്രമേഹമുണ്ട്‌. തെറ്റായ ഭക്ഷണരീതിയും വ്യായാമമില്ലായ്‌മയും കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണവുമാണ്‌ ഹൃദ്രോഗമുണ്ടാക്കുന്ന മുഖ്യ ഘടകങ്ങള്‍. പാശ്ചാതര്യരാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച്‌ ഇന്ത്യയിലുള്ളവര്‍ക്ക്‌ പത്ത്‌ വര്‍ഷം മുമ്പേ ഹൃദ്രോഗം പിടിപെടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. മാംസാഹാരം മാത്രമാണ്‌ കൊഴുപ്പും അതുവഴി ഹൃദ്രോഗവും വരുത്തുന്നതെന്ന്‌ പറയാനാവില്ല. ഏത്‌ ആഹാരം കഴിച്ചാലും അധികമുള്ള കൊഴുപ്പ്‌ ശരീരത്തില്‍ ശേഖരിക്കപ്പെടും. ഒരു ദിവസം 2500 കലോറി വേണ്ടിടത്ത്‌ 3000 കലോറിയുടെ ഭക്ഷണം കഴിച്ചാല്‍ 500 കലോറി കൊഴുപ്പായി ശേഖരിക്കപ്പെടുകയാണ്‌. പത്ത്‌ ശതമാനം കൊഴുപ്പ്‌ മാത്രമേ ഒരു ദിവസം ആവശ്യമുള്ളൂ. ഇത്‌ ഏത്‌ ഭക്ഷണം വഴിയും നേടാം. അത്‌ മാംസമെന്നോ പച്ചക്കറിയെന്നോ എണ്ണയെന്നോ വ്യത്യാസമില്ല. അളവ്‌ അതില്‍ കൂടുമ്പോള്‍ ഏത്‌ ഭക്ഷണവും പ്രശ്‌നമാണ്‌. ജീവിതരീതിയിലെയും ഭക്ഷണശൈലിയിലെയും മാറ്റങ്ങളിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും ഡോ. ജോസ്‌ ചാക്കോ പറഞ്ഞു.
ഹൃദ്രോഗത്തിന്‌ പ്രായം ഘടകമല്ലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക