Image

ഫെഡറര്‍ x നഡാല്‍ പോരാട്ടം നമ്പര്‍ 35 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 28 January, 2017
ഫെഡറര്‍ x നഡാല്‍ പോരാട്ടം നമ്പര്‍ 35 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)
ഷട്ടില്‍ ബാഡ്മിന്റനും ടെന്നീസും തമ്മില്‍ പല സാമ്യങ്ങളുമുണ്ടെങ്കിലും, കൂടുതല്‍ വശ്യം ടെന്നീസാണ്. ഷട്ടില്‍ ടൂര്‍ണമെന്റിന് ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയം അനുപേക്ഷണീയമാണ് എന്നതാണ് അതിന്റെ വലിയൊരു ന്യൂനത. ഇതില്‍ നിന്നു വിഭിന്നമായി, തുറന്ന കോര്‍ട്ടുകളിലാണു ടെന്നീസ് മത്സരങ്ങളില്‍ കൂടുതലും നടക്കാറ്. ഷട്ടില്‍ കോര്‍ട്ടിനു നാല്പത്തിനാലടി നീളവും ഇരുപതടി വീതിയും മാത്രമേയുള്ളൂ. ടെന്നീസ് കോര്‍ട്ടിന് ഏകദേശം ഇരട്ടി നീളവും (78 അടി) വീതിയും (36 അടി) ഉണ്ട്. കോര്‍ട്ടിനു വലിപ്പം കൂടുമ്പോള്‍ കൂടുതല്‍ കാണികള്‍ക്കു കളി കൂടുതല്‍ വ്യക്തമായി കാണാനാകും. യൂ എസ് ഓപ്പന്‍ നടക്കുന്ന ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷ് ടെന്നീസ് സ്‌റ്റേഡിയത്തില്‍ ഇരുപത്തിമൂവായിരത്തിലേറെ കാണികള്‍ക്കു കളി കാണാനാകും. ഒരു നെറ്റിനിരുവശവും നിന്നുകൊണ്ട്, രണ്ടേരണ്ടു കളിക്കാര്‍ മാത്രമായി നേര്‍ക്കുനേര്‍ പോരാടുന്ന മറ്റൊരു കളിയും ഇത്രയും പേര്‍ക്ക് ഒരേ സമയം കാണാനാവില്ലെന്നതു ടെന്നീസിന്റെ മാത്രം പ്രത്യേകതയാണ്.

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ 68000 പേര്‍ക്ക് ഇരിക്കാനാകും; കൊല്‍ക്കത്തയിലെ തന്നെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 66000 പേര്‍ക്കും. നമ്മുടെ സ്വന്തം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍പ്പോലും 62000 പേര്‍ക്കിരിയ്ക്കാം. പക്ഷേ, ഇതെല്ലാം ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിവയ്ക്കുള്ള സ്‌റ്റേഡിയങ്ങളാണ്. ഓരോ ടീമിലും പതിനൊന്നുപേര്‍ വീതം. ഫുട്‌ബോളില്‍ ഒരേസമയം ഇരുപത്തിരണ്ടുപേര്‍ കളിക്കുന്നു. ക്രിക്കറ്റില്‍ പതിമ്മൂന്നു പേരും. എന്നാല്‍ ടെന്നീസില്‍ രണ്ടുപേരാണു കളിക്കുക; അങ്ങേയറ്റം നാലുപേര്‍.

കളി ഏതായാലും, അതു കണ്ടുകൊണ്ടിരിക്കുന്ന കാണികള്‍ മിക്കപ്പോഴും രണ്ടു പക്ഷങ്ങളായി തിരിയുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇന്ത്യയില്‍ വെച്ചു നടക്കുന്ന ക്രിക്കറ്റുകളിയാണെന്നു കരുതുക. നാം മുഴുവനും ഇന്ത്യയ്ക്കു വേണ്ടി ആരവമുയര്‍ത്തുമ്പോള്‍ ബ്രിട്ടീഷ് കാണികള്‍ അവര്‍ എണ്ണത്തില്‍ കുറവായിരിക്കും ഇംഗ്ലണ്ടിനെ പിന്താങ്ങും. കാണികള്‍ സ്വന്തം ടീമുകളെ പിന്താങ്ങുന്നതു സ്വാഭാവികം. എന്നാല്‍, ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള കളിയാണ് ഇന്ത്യയില്‍ വെച്ചു നടക്കുന്നതെങ്കില്‍ നാമേതു ടീമിനെയാണു പിന്താങ്ങുക?

നാളെ, ജനുവരി 29, ഞായറാഴ്ച, ആസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള റോഡ് ലേവര്‍ അറീനയില്‍ വച്ചു നടക്കാന്‍ പോകുന്ന ടെന്നീസ് ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായിരുന്ന റോജര്‍ ഫെഡററും റഫേല്‍ നഡാലും തമ്മില്‍ മുപ്പത്തഞ്ചാമതു തവണ ഏറ്റുമുട്ടുമ്പോള്‍, ആസ്‌ട്രേലിയന്‍ കാണികള്‍ അവരിലാരെയാണു പിന്തുണയ്ക്കുക?

ഫെഡററും നഡാലും ആസ്‌ട്രേലിയക്കാരല്ല. ഫെഡറര്‍ സ്വിറ്റ്‌സര്‍ലന്റുകാരനും, നഡാല്‍ സ്‌പെയിന്‍കാരനുമാണ്. ഇവരിരുവരും വിദേശികളായതുകൊണ്ട്, ഇവര്‍ തമ്മിലുള്ള കളി കാണാന്‍ ആസ്‌ട്രേലിയക്കാര്‍ക്കു വലുതായ ആകാംക്ഷയൊന്നുമുണ്ടാവില്ല എന്നാണു നാം കരുതിപ്പോകുക. പക്ഷേ, വിഭിന്നമാണു വസ്തുത: നാളെ, 15000 പേര്‍ക്കിരിക്കാവുന്ന റോഡ് ലേവര്‍ സ്‌റ്റേഡിയം സൂചികുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞിരിക്കും, യാതൊരു സംശയവും വേണ്ട. ലോകമെമ്പാടുമായി, ദശലക്ഷക്കണക്കിനു ടെന്നീസ് പ്രേമികള്‍ ടീവിയില്‍ കളിയുടെ തത്സമയപ്രക്ഷേപണം ആകാംക്ഷയോടെ കാണും.

ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്‌ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും. കൂടുതല്‍പ്പേര്‍ ഫെഡററെയാണു പിന്തുണയ്ക്കുകയെന്ന് എങ്ങനെ പറയാന്‍ പറ്റും? ചോദ്യമുയരാം.

ഫെഡററും നഡാലും ടെന്നീസ് തന്നെയാണു കളിക്കുന്നതെങ്കിലും, അവരുടെ രീതികള്‍ വിഭിന്നമാണ്. ഫെഡറര്‍ വലതുകരമുപയോഗിക്കുന്നു; നഡാല്‍ ഇടതുകരവും. ലോകത്തില്‍ ഇടതുകൈയ്യര്‍ കുറവാണ്: പത്തു ശതമാനം മാത്രം. തൊണ്ണൂറു ശതമാനവും വലതുകൈയ്യര്‍. ഇടതുകൈ ഉപയോഗിച്ചുകൊണ്ടുള്ള കളി ആസ്വദിക്കാന്‍ വലതുകൈയ്യര്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ട്. ലോകത്തില്‍ ഭൂരിപക്ഷവും വലതുകൈയ്യരായതിനാല്‍, വലതുകരമുപയോഗിച്ചു കളിക്കുന്ന ഫെഡററുടെ കളി ആസ്വദിക്കാന്‍ കൂടുതല്‍പ്പേരുണ്ടാകുന്നതു സ്വാഭാവികം മാത്രം.

പക്ഷേ, റോജര്‍ ഫെഡറര്‍ ഒരു അസാമാന്യപ്രതിഭ കൂടിയാണ്. അതിവിശിഷ്ടമായ കളി മിക്കപ്പോഴും പുറത്തെടുക്കുന്ന അപൂര്‍വപ്രാഭവാന്‍. കളിക്കളത്തില്‍ മാത്രമല്ല, അതിനു പുറത്തും ഫെഡറര്‍ ഒരു വിശിഷ്ടവ്യക്തിയാണ്. ഫെഡറര്‍ക്കു മാതൃഭാഷയ്ക്കു പുറമെ ആറ് ഇതരഭാഷകള്‍ കൂടിയറിയാം: ഫ്രെഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, സ്വീഡിഷ്, പിന്നെ അസ്സല്‍ ഇംഗ്ലീഷും. പറയുന്നതെപ്പോഴും ഫെഡറര്‍ നര്‍മ്മം കലര്‍ത്തിയാണു പറയുക. തികച്ചും പ്രസാദാത്മകവുമായിരിയ്ക്കും, ഫെഡററുടെ വാക്കുകള്‍. ചുരുക്കത്തില്‍, കളിയിലൂടെ മാത്രമല്ല, വാക്കിലൂടെയും ഫെഡറര്‍ കാണികളെ കൈയിലെടുക്കും.

ടെന്നീസിലെ നടപടിക്രമങ്ങള്‍ കൂടുതലും ഇംഗ്ലീഷിലാണ്. ഇംഗ്ലീഷ് മനസ്സിലാക്കുന്നയിടങ്ങളിലാണു ടെന്നീസ് ടൂര്‍ണമെന്റുകളില്‍ കൂടുതലും. ഉദാഹരണത്തിന്, ആകെയുള്ള നാലു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ മൂന്നും – ആസ്‌ട്രേല്യന്‍ ഓപ്പന്‍, വിംബിള്‍ഡന്‍, യു എസ് ഓപ്പന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലാണ്. പാരീസില്‍ നടക്കുന്ന ഫ്രെഞ്ച് ഓപ്പന്‍ മാത്രമാണ് ഒരിംഗ്ലീഷിതര ടൂര്‍ണമെന്റ്. നഡാലിന് ഇംഗ്ലീഷ് പരിജ്ഞാനം താരതമ്യേന കുറവാണ്. അതുകൊണ്ട് നഡാലിന് ഇംഗ്ലീഷ് സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കാണികളെ വാക്കുകളിലൂടെ ആകര്‍ഷിക്കാനുള്ള കഴിവ് ഫെഡറോളമില്ല. പക്ഷേ, വാക്കുകളിലുള്ള വൈദഗ്ദ്ധ്യക്കുറവ് കളിയിലൂടെ നഡാല്‍ പരിഹരിക്കുന്നു. നഡാലിനെപ്പോലെ ‘മരിച്ചു’ കളിക്കുന്നവര്‍ അന്താരാഷ്ട്ര ടെന്നീസില്‍ വേറെയില്ല. എതിരാളി അടിച്ചുവിടുന്ന പന്ത് എത്ര അസാദ്ധ്യമായിരുന്നാലും, നഡാല്‍ അതിന്റെ പിന്നാലെയോടുന്നു, ഏതു വിധേനയും അതിനെ അതേ നാണയത്തില്‍ത്തന്നെ തിരികെക്കൊടുക്കാന്‍ കഠിനശ്രമം നടത്തുന്നു. ടെന്നീസ് കോര്‍ട്ടില്‍ നഡാലിനോളം പോരാട്ടവീര്യം മറ്റൊരു കളിക്കാരനും പ്രദര്‍ശിപ്പിക്കാറില്ല. മറ്റെന്തുവേണം, കാണികള്‍ക്ക്!

സെര്‍വ് ആന്റ് വോളിയാണു ഫെഡററുടെ പതിവു രീതി. സെര്‍വു ചെയ്തയുടന്‍ ഓടിച്ചെന്നു നെറ്റിനടുത്തു നിലയുറപ്പിക്കുകയും, എതിരാളിയുടെ പന്തുകളെ നെറ്റിനടുത്തു നിന്നുകൊണ്ട് അനായാസം തടുത്തിടുകയുമാണ് ആ രീതി. നെറ്റിനടുത്തു നിന്നുകൊണ്ടു പന്തിനെ തടുത്തിടുന്നതിനു വോളി എന്നു പറയുന്നു. ഇത്തരത്തില്‍ മുന്നോട്ട് ഓടിച്ചെല്ലുന്ന പതിവു നഡാലിനു വിരളമാണ്. കോര്‍ട്ടിന്റെ പുറകറ്റത്തുള്ള, ബേസ്‌ലൈന്‍ എന്നറിയപ്പെടുന്ന ഭാഗത്തു നിന്നുകൊണ്ടാണു നഡാല്‍ കൂടുതല്‍ സമയവും കളിക്കാറ്. നഡാല്‍ ബേസ്‌ലൈന്‍ കളിക്കാരനും, ഫെഡറര്‍ സെര്‍വ് ആന്റ് വോളി കളിക്കാരനുമാണ്.

ടെന്നീസിലും ഷട്ടിലിലും സെര്‍വുകളുണ്ടെങ്കിലും, ടെന്നീസില്‍ ഒരു വ്യത്യാസമുണ്ട്: ഒരു സെര്‍വു പിഴച്ചുപോയാല്‍, വിഷമിക്കാനില്ല, അതു രണ്ടാമതും ചെയ്യാം. ഇങ്ങനെ, ടെന്നീസില്‍ ഒന്നാം സെര്‍വും രണ്ടാം സെര്‍വുമുണ്ട്. ഒന്നാം സെര്‍വു പിഴച്ചുപോയാല്‍ രണ്ടാമതും ചെയ്യാമല്ലോ എന്ന ധൈര്യത്തില്‍, മിക്ക കളിക്കാരും ഒന്നാം സെര്‍വുകള്‍ അതിശക്തമായാണു ചെയ്യുക. പലപ്പോഴും അവ പിഴച്ചുപോകും. ചിലപ്പോഴൊക്കെ, അവയ്ക്കു കണിശത ലഭിക്കുകയും ചെയ്യും. ശക്തിയും കണിശതയും ചേര്‍ന്നു വരുന്ന സെര്‍വുകളെ നേരിടാന്‍ എതിരാളികള്‍ക്കു ചിലപ്പോളാകാതെ വരും. ഇങ്ങനെ, എതിരാളിക്കു സ്പര്‍ശിക്കാന്‍ പോലുമാകാത്ത സെര്‍വുകള്‍ ഏയ്‌സുകള്‍ എന്നറിയപ്പെടുന്നു. ഏറ്റവുമധികം ഏയ്‌സുകളുതിര്‍ത്തിട്ടുള്ള മൂന്നാമത്തെ കളിക്കാരനാണു ഫെഡറര്‍: ആകെ 9734 ഏയ്‌സുകള്‍! നഡാലും ഏയ്‌സുകള്‍ സെര്‍വു ചെയ്യാറുണ്ട്; പക്ഷേ, കുറവാണ്: ആകെ 2777. ഫെഡററുടേതിന്റെ ഏകദേശം മൂന്നിലൊന്നു മാത്രം.

ഇവിടെ ഒരു ചോദ്യമുയരാം: ഫെഡററേക്കാള്‍ വളരെക്കുറവ് ഏയ്‌സുകള്‍ മാത്രം സെര്‍വു ചെയ്ത നഡാലിനു 141 ആഴ്ച ലോക ഒന്നാം നമ്പറായി വാഴാന്‍ എങ്ങനെ സാധിച്ചു?

എതിരാളിക്കു സ്പര്‍ശിക്കാനാകാത്ത സെര്‍വുകളാണ് ഏയ്‌സുകളെന്നു മുകളില്‍ സൂചിപ്പിച്ചു. ഏയ്‌സുകള്‍ സെര്‍വു ചെയ്യുന്നത് എളുപ്പമല്ല. എതിരാളിക്കു സ്പര്‍ശിക്കാനാകുന്ന സെര്‍വുകളാണു മിക്ക കളിക്കാരും കൂടുതലായി ചെയ്യുന്നത്. നഡാലുമതേ. നഡാലിന്റെ ഒന്നാം സെര്‍വുകള്‍ എതിരാളിക്കു സ്പര്‍ശിക്കാനും, മിക്കപ്പോഴും മടക്കിക്കൊടുക്കാനുമാകും. എങ്കിലും, നഡാലിന്റെ ഒന്നാം സെര്‍വുകള്‍ക്കു പൊതുവില്‍ കൂടുതല്‍ കണിശതയുണ്ട്. ഒന്നാം സെര്‍വുകളുടെ കണിശതയുടെ കാര്യത്തില്‍ നഡാല്‍ അഞ്ചാംസ്ഥാനത്താണുള്ളത്: കണിശത 69 ശതമാനം. ഇക്കാര്യത്തില്‍ ഫെഡറര്‍ വളരെ പുറകിലാണ്: കണിശത 62 ശതമാനം മാത്രം; സ്ഥാനം 55. ഫെഡററുടെ കൂടുതല്‍ സെര്‍വുകള്‍ പിഴച്ചുപോകുന്നു എന്നു സാരം. നഡാലിന്റെ 69ഉം ഫെഡററുടെ 62ഉം തമ്മിലുള്ള ഏഴുശതമാനത്തിന്റെ ഈ അന്തരം സാരമുള്ളതാണ്. കണിശതയുള്ള ഒന്നാം സെര്‍വുകള്‍ മടക്കിക്കൊടുക്കാന്‍ എതിരാളിക്കായാല്‍ത്തന്നെയും, ആ മടക്കലുകള്‍ പലപ്പോഴും ദുര്‍ബലമായിരിക്കും. ആ ദൗര്‍ബല്യം മുതലെടുത്ത്, പോയിന്റു നേടാന്‍ നഡാലിന് അസാമാന്യമായ കഴിവുണ്ട്.

സെര്‍വു ചെയ്ത് എതിരാളിയെ കുഴക്കുന്നതോടൊപ്പം, എതിരാളിയുടെ സെര്‍വു മടക്കിക്കൊടുക്കാനും ഒരു നല്ല കളിക്കാരനു സാധിക്കണം. എങ്കില്‍ മാത്രമേ, മുന്‍ നിരയിലെത്താനാകൂ. ഇവിടെയും നഡാല്‍ തന്നെ മുന്നില്‍: നേരിട്ട ഒന്നാം സെര്‍വുകളില്‍ 34 ശതമാനത്തെ അതിജീവിച്ചു നഡാല്‍ പോയിന്റു നേടി. ഇക്കാര്യത്തിലും ഫെഡറര്‍ പിന്നിലാണ്: 33 ശതമാനം മാത്രം. നഡാല്‍ മൂന്നാം സ്ഥാനത്ത്, ഫെഡറര്‍ പതിനൊന്നാമതും. ഫെഡറര്‍ നഡാലിന്റെ തൊട്ടു പിറകില്‍ത്തന്നെയുണ്ടെങ്കിലും, അവര്‍ തമ്മിലുള്ള ഒരു ശതമാനത്തിന്റെ വ്യത്യാസം അതിപ്രധാനമാണ്.

കണിശതയുള്ള സെര്‍വുകള്‍ ചെയ്യാനും, എതിരാളിയുടെ സെര്‍വുകള്‍ മടക്കിക്കൊടുക്കാനുമുള്ള കഴിവു നഡാലിനു ഫെഡററേക്കാള്‍ കൂടുതലുണ്ടെന്ന് ഇതില്‍ നിന്നെല്ലാം തെളിയുന്നു. വാസ്തവത്തില്‍ ഈ കഴിവാണു നഡാലിനു ഫെഡററുമായുള്ള ഏറ്റുമുട്ടലുകളില്‍ മേല്‍ക്കൈ നേടാന്‍ സഹായകമായിട്ടുള്ളത്. നഡാലും ഫെഡററും തമ്മില്‍ ആകെ 34 തവണ പോരാടിയിട്ടുണ്ട്. ഫെഡറര്‍ 11 തവണ മാത്രം ജയം നേടിയപ്പോള്‍ നഡാല്‍ 23 തവണ വിജയിച്ചു. ഫെഡറര്‍ ഏറ്റവുമധികം തവണ പരാജയത്തിന്റെ കയ്പു രുചിച്ചിരിക്കുന്നതു നഡാലിന്റെ കരം കൊണ്ടാണ്. നഡാലിനെ ഫെഡററുടെ ‘അന്തകന്‍’ ആയി പലരും വിശേഷിപ്പിക്കുന്നത് ഇക്കാരണത്താലാണ്.

ഇതൊക്കെ ശരിയാണെങ്കിലും, ഏറ്റവുമധികം ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നതു ഫെഡററാണ്: പലപ്പോഴായി ആകെ 302 ആഴ്ച. അവയില്‍ 237 ആഴ്ച തുടര്‍ച്ചയായുള്ളതായിരുന്നു. ഇവ രണ്ടും ലോകറെക്കോഡുകളാണ്: മറ്റൊരു കളിക്കാരനും ഇത്രയധികം ആഴ്ച തുടര്‍ച്ചയായോ അല്ലാതെയോ ഒന്നാം സ്ഥാനത്തു കഴിയാനായിട്ടില്ല. നഡാല്‍ പലപ്പോഴായി ആകെ 141 ആഴ്ച മാത്രം ഒന്നാം സ്ഥാനത്തായിരുന്നു; തുടര്‍ച്ചയായി 56 ആഴ്ച മാത്രവും.

ടെന്നീസില്‍ വിവിധ തരം പന്തടികള്‍ സ്‌ട്രോക്കുകള്‍ ഉണ്ട്. ഫോര്‍ഹാന്റ്, ബാക്ക്ഹാന്റ് എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനം. നാം വലതുകൈ കൂടുതലുപയോഗിക്കുന്നവരാണെന്നും, നാം വലതുകൈത്തലം കൊണ്ട് ഒരാളുടെ ഇടതുകരണത്ത് ഒന്നു ‘പൊട്ടിക്കുന്നു‘ എന്നും കരുതുക. ഫോര്‍ഹാന്റ് സ്‌ട്രോക്കിനുള്ള ഉദാഹരണമാണത്; അതു വളരെ ശക്തവുമായിരിക്കും. നാം വലതുകൈപ്പുറം കൊണ്ട് ഒരാളുടെ വലതുകരണത്ത് അടിക്കുന്നെന്നു കരുതുക. ഇതാണു ബാക്ക്ഹാന്റ് സ്‌ട്രോക്ക്. ഫോര്‍ഹാന്റ് സ്‌ട്രോക്കില്‍ കൈത്തലം മുന്നോട്ടു പോകുമ്പോള്‍, ബാക്ക്ഹാന്റില്‍ കൈപ്പുറമാണു മുന്നോട്ടു പോകുന്നത്. ബാക്ക്ഹാന്റ് സ്‌ട്രോക്കിനു ഫോര്‍ഹാന്റിനോളം ശക്തിയുണ്ടാവില്ല. പ്രധാനമായും ഇടതുകൈ ഉപയോഗിക്കുന്ന നഡാലിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം, ഇടതുകൈത്തലം മുന്നോട്ടു പോകുന്നവയായിരിക്കും, ഫോര്‍ഹാന്റ് സ്‌ട്രോക്കുകള്‍; ഇടതു കൈത്തലത്തിനു പകരം ഇടതുകൈപ്പുറം മുന്നോട്ടു പോകുമ്പോള്‍ അവരുടെ ബാക്ക്ഹാന്റ് സ്‌ട്രോക്കുണ്ടാകുന്നു.

ബാക്ക്ഹാന്റ് സ്‌ട്രോക്കിനു ഫോര്‍ഹാന്റ് സ്‌ട്രോക്കിനേക്കാള്‍ ശക്തി പൊതുവില്‍ കുറവായിരിക്കുമെന്നതിനാല്‍, കളിക്കാര്‍ എതിരാളിയെക്കൊണ്ടു ബാക്ക്ഹാന്റ് സ്‌ട്രോക്കു ചെയ്യിക്കാന്‍ നിര്‍ബദ്ധരാക്കി, ബാക്ക്ഹാന്റിന്റെ ശക്തിക്കുറവു മുതലെടുക്കാന്‍ ശ്രമിക്കാറുണ്ട്. ചില കളിക്കാര്‍ റാക്കറ്റ് ഇരുകൈകളും കൊണ്ടു മുറുകെപ്പിടിച്ചാണു ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ ചെയ്യാറ്. ഇതു ഡബിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് എന്നറിയപ്പെടുന്നു. ബാക്ക്ഹാന്റില്‍ പൊതുവിലുള്ള ശക്തിക്കുറവു പരിഹരിക്കാന്‍ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുള്ള ഈ പ്രയോഗം സഹായകമാകാറുണ്ട്. നഡാല്‍ ഡബിള്‍ഹാന്‍ഡഡ് ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ ചെയ്യുന്നൊരു കളിക്കാരനാണ്. ഇപ്പോഴത്തെ കളിക്കാരില്‍ ഭൂരിഭാഗം പേരും ഈ രീതി സ്വീകരിച്ചവരാണ്. എന്നാല്‍, ഫെഡറര്‍ ഒരു കൈ മാത്രമുപയോഗിച്ചു ബാക്ക്ഹാന്റ് സ്‌ട്രോക്കു ചെയ്യുന്നയാളാണ്. അതുകൊണ്ട്, നഡാലിന്റേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെഡററുടെ ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ പൊതുവില്‍ ശക്തി കുറഞ്ഞവയാണ്. ഫെഡററുടെ ബാക്ക്ഹാന്റ് സ്‌ട്രോക്കുകളുടെ ശക്തിക്കുറവ് നഡാല്‍ മുതലെടുക്കാറുണ്ട്. നഡാലിന്റേതു ഡബിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് ആയതുകൊണ്ട്, നഡാലിന്റെ ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ ഫോര്‍ഹാന്റ് സ്‌ട്രോക്കുകള്‍ പോലെ തന്നെ ശക്തമാണ്. നഡാലിനു ഫെഡററുടെ മേല്‍ മേല്‍ക്കൈ നേടാനായതിനുള്ള പല കാരണങ്ങളിലൊന്ന് ഇതു തന്നെ.

ഇവിടെയൊരു വൈരുദ്ധ്യമുണ്ട്. ഫെഡററുടെ സിംഗിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് സ്‌ട്രോക്കുകള്‍ നഡാലിന്റെ ഡബിള്‍ ഹാന്‍ഡഡ് ബാക്ക്ഹാന്റ് സ്‌ട്രോക്കുകളേക്കാള്‍ ആകര്‍ഷകമാണ്. ബാക്ക്ഹാന്റ് സ്‌ട്രോക്കുകളെന്നല്ല, ഫെഡററുടെ മിക്ക സ്‌ട്രോക്കുകളും മനോഹരമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്‌ട്രോക്കുകള്‍ ക്രിക്കറ്റിലെ ടെക്സ്റ്റ്ബുക്ക് സ്‌ട്രോക്കുകളെന്നു വര്‍ണിക്കപ്പെടാറുണ്ട്: മനോഹരം എന്നര്‍ത്ഥം. ഫെഡററുടെ സ്‌ട്രോക്കുകളും അത്തരത്തിലുള്ളവയാണ്: അവ ടെന്നീസിലെ ഏറ്റവും ആകര്‍ഷകമായവയാണ്. ഭൂരിപക്ഷം കാണികളും ഫെഡററുടെ വ്യത്യസ്ത സ്‌ട്രോക്കുകള്‍ ആസ്വദിക്കുന്നു. നഡാലുള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ക്കു പൊതുവില്‍ ദുഷ്കരമായ പല സ്‌ട്രോക്കുകളും ഫെഡറര്‍ അനായാസം ചെയ്യുന്നു.

ഒരു പോയിന്റു നേടിയാലുടന്‍ എതിരാളിയെ ഭീഷണമാം വിധം തുറിച്ചു നോക്കി മുഷ്ടി ചുരുട്ടുകയും അലറുകയും ചെയ്യുന്നതു വനിതകളുള്‍പ്പെടെയുള്ള പല ടെന്നീസ് കളിക്കാരുടേയും പതിവാണ്. ഫെഡറര്‍ക്കുമുണ്ട് ആ പതിവ്. എങ്കിലും, നഡാലിനാണതു കൂടുതല്‍. നഡാലിന്റെ ഇത്തരം പ്രകടനം പലപ്പോഴും അമിതവും അരോചകവുമായി ഈ ലേഖകനു തോന്നിയിട്ടുണ്ട്. കാണികളില്‍ കുറേപ്പേര്‍ അതാസ്വദിക്കുന്നു എന്നതാണു വാസ്തവം. ഇക്കാര്യത്തില്‍ ഭേദം ഫെഡറര്‍ തന്നെ. ഫെഡറര്‍ പൊതുവില്‍ അക്ഷോഭ്യനാണ്. ജയിക്കുകയാണെങ്കിലും തോല്‍ക്കുകയാണെങ്കിലും ഫെഡററുടെ മുഖത്തു വലുതായ ഭാവമാറ്റങ്ങളുണ്ടാകാറില്ല. ഈ കുലുക്കമില്ലായ്മ ഫെഡററുടെ വിജയങ്ങള്‍ക്കു നിദാനമാണ്, തോല്‍വിയുടെ വക്കില്‍ നിന്നു പോലും അതു ഫെഡററെ വിജയത്തിലേക്കു നയിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ചുരുക്കം ചിലപ്പോള്‍ ഇടഞ്ഞിട്ടുണ്ടെങ്കിലും, കളിക്കളത്തിലെ മാന്യനാണു ഫെഡറര്‍. കളി നടക്കുന്നത് ലോകത്തെവിടെയായിരുന്നാലും, ഫെഡറര്‍ക്കു ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് ഫെഡറര്‍ കളിക്കളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മാന്യതയാണെന്നതില്‍ സംശയമില്ല.

പ്രവചനങ്ങള്‍ തെറ്റാറുണ്ട്. നാളെ, ആസ്‌ട്രേല്യന്‍ ഓപ്പനിന്റെ കലാശക്കളിയില്‍ ആരാണു ജയിക്കാന്‍ പോകുന്നതെന്നു പ്രവചിക്കുക എളുപ്പമല്ല. നഡാലിനു ഫെഡററെ 23 തവണ തോല്പിക്കാനായിട്ടുണ്ട്. ഫെഡറര്‍ക്കു നഡാലിനെ 11 തവണ മാത്രമേ തോല്പിക്കാനായിട്ടുള്ളൂ. നഡാലിന് 68 ശതമാനം വിജയം; ഫെഡറര്‍ക്കു 32 ശതമാനം മാത്രവും. അവരുടെ അവസാനത്തെ ഏറ്റുമുട്ടല്‍ ഫെഡററുടെ വിജയത്തിലാണ് അവസാനിച്ചത്. 2015ലായിരുന്നു അത്; ഫെഡററുടെ നാടായ ബാസലില്‍ വെച്ച്. ഒന്നിനെതിരേ രണ്ടു സെറ്റിനു ഫെഡറര്‍ നഡാലിനെ തറപറ്റിച്ചെന്നു പറയുന്നതോടൊപ്പം തന്നെ, അതിനു മുമ്പു നടന്ന അഞ്ചു കളികളില്‍ തുടര്‍ച്ചയായി നഡാല്‍ വിജയം നേടിയിരുന്ന കാര്യവും പറഞ്ഞേ തീരൂ.

മുകളിലുദ്ധരിച്ച സ്ഥിതിവിവരക്കണക്കുകള്‍ നഡാലിന് അനുകൂലമാണ്. ഭൂതകാല ചരിത്രത്തിന് അനുസൃതമാകണമെന്നില്ല, ഭാവി. ചരിത്രം തിരുത്തപ്പെടാറുമുണ്ട്. പക്ഷേ, സ്ഥിതിവിവരക്കണക്കുകളെ ന്യായീകരിക്കത്തക്ക മികച്ച ഫോമിലാണു നഡാലിപ്പോള്‍. അതുകൊണ്ടു നഡാല്‍ നാളെ വിജയിച്ചാല്‍ തെല്ലും അതിശയിക്കാനില്ല.

ഫെഡറര്‍ നഡാലിനേക്കാളേറെ ഏയ്‌സുകള്‍ സെര്‍വു ചെയ്യാറുണ്ട്, പക്ഷേ, ഒന്നാം സെര്‍വുകളുടെ കണിശതയുടെ കാര്യത്തില്‍ നഡാല്‍ ഫെഡററേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നു മുകളില്‍ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. നഡാലുമായുള്ള മത്സരങ്ങളില്‍ പലപ്പോഴും ഫെഡററെ കൈവിട്ടുപോകാറുള്ളത് ഒന്നാം സെര്‍വുകളുടെ കണിശതയാണ്. ഫെഡററുടെ ഫോര്‍ഹാന്റ് സ്‌ട്രോക്കുകള്‍ പൊതുവില്‍ മാരകമാണെന്നാണു കണക്കാക്കപ്പെടുന്നത്. ഫോര്‍ഹാന്റ് സ്‌ട്രോക്കുകളില്‍ ഫെഡറര്‍ അധികം പിഴവുകള്‍ വരുത്താറില്ല. ഫെഡററുടെ ഫോര്‍ഹാന്റ് സ്‌ട്രോക്കുകളുടെ പതിവു നിലവാരം തുടരുകയും, ഫെഡററുടെ ഒന്നാം സെര്‍വുകള്‍ക്ക് എണ്‍പതു ശതമാനത്തില്‍ കുറയാത്ത കണിശത ലഭിക്കുകയും ചെയ്യുന്നെങ്കില്‍, എങ്കില്‍ മാത്രം, നാളെ മെല്‍ബണിലെ റോഡ് ലേവര്‍ അറീനയില്‍ നോര്‍മന്‍ ബ്രൂക്ക്‌സിന്റെ പേരെഴുതിയ ആസ്‌ട്രേല്യന്‍ ഓപ്പന്‍ കപ്പ് ഉയര്‍ത്തിപ്പിടിക്കുന്നതു ഫെഡററായിരിക്കും; ഫെഡററുടെ അഞ്ചാമത് ആസ്‌ട്രേല്യന്‍ കപ്പും പതിനെട്ടാമതു ഗ്രാന്റ് സ്ലാം കിരീടവുമായിരിക്കും അത്. സെര്‍വുകളും ഫോര്‍ഹാന്റ് സ്‌ട്രോക്കുകളും ഫെഡററെ കൈവിട്ടാല്‍, നഡാല്‍ കപ്പ് കൈക്കലാക്കും. നഡാലിന്റെ രണ്ടാമത്തെ ആസ്‌ട്രേല്യന്‍ ഓപ്പന്‍ കപ്പും പതിനഞ്ചാമതു ഗ്രാന്റ് സ്ലാമുമായിരിക്കും അത്.

അന്തിമപോരാട്ടം മെല്‍ബണില്‍ ആരംഭിക്കുന്നത്, ഞായറാഴ്ച, ഇന്ത്യന്‍ സമയം ഉച്ചയ്ക്കു രണ്ടു മണിയ്ക്ക്. സോണി സിക്‌സ് ചാനലില്‍. നമുക്കു കാത്തിരിക്കാം.

ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങള്‍ sunilmssunilms@rediffmail.com എന്ന ഈമെയില്‍ ഐഡിയിലേക്കയ്ക്കുക. പ്രതികരണങ്ങള്‍ക്കു സ്വാഗതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക