Image

മലയാളിയുടെ അഭിമാനമുയര്‍ത്താന്‍ ജടായു എര്‍ത്ത് സെന്റര്‍ ഒരുങ്ങുന്നു... (ജയമോഹന്‍ എം)

Published on 29 January, 2017
മലയാളിയുടെ അഭിമാനമുയര്‍ത്താന്‍ ജടായു എര്‍ത്ത് സെന്റര്‍ ഒരുങ്ങുന്നു... (ജയമോഹന്‍ എം)
ജടായു എര്‍ത്ത് സെന്റര്‍ എന്ന പേര് അമേരിക്കന്‍ മലയാളികള്‍ അധികമായി കേട്ടിട്ടുണ്ടാവില്ല. പക്ഷെ കൊല്ലം ചടയമംഗലത്ത് പണിതുയരുന്ന കൂറ്റന്‍ ജടായു ശില്പത്തെക്കുറിച്ച് തീര്‍ച്ചയായും കേട്ടിരിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ പണിതുയര്‍ത്തിയ ജടായു ശില്പത്തെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ടൂറിസം പ്രോജക്ടാണ് ജടായു എര്‍ത്ത് സെന്റര്‍. കേരളാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യത്തെ മേജര്‍ ബി.ഒ.ടി ടൂറിസം പ്രോജക്ട് കൂടിയാണ് ജടായു എര്‍ത്ത് സെന്റര്‍. 

കൊല്ലം ചടയമംഗലത്ത് അറുപത്തിയഞ്ച് ഏക്കര്‍ വരുന്ന കൂറ്റന്‍ പാറക്കെട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമെന്ന ഖ്യാതിയോടെ ജടായു ശില്പം ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ ശില്പി കൂടിയായ ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചലിന്റെ പത്ത് വര്‍ഷത്തെ അധ്വാനത്തിന്റെ കാഴ്ചയാണ് 250 അടിനീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള കൂറ്റന്‍ ജടായു ശില്പം. 

ചടയമംഗലത്ത് സമുദ്രനിരപ്പില്‍ 750 അടി ഉയരമുള്ള പാറക്കെട്ടില്‍ ജടായുവിന്റെ ശില്പം തീര്‍ക്കുക എന്നതായിരുന്നു രാജീവ് അഞ്ചല്‍ ഏറ്റെടുത്ത ആദ്യ നിയോഗം. എന്നാല്‍ ഏറെ പ്രത്യേകതകളും ആകര്‍ഷണഭംഗിയുമുള്ള ഒരു ശില്പത്തിന്റെ നിര്‍മ്മാണ ജോലി പുരോഗമിച്ചതോടെ ഇവിടെയൊരു ടൂറിസത്തിനുള്ള സാധ്യത കേരളാ സര്‍ക്കാര്‍ തിരിച്ചറിയുകയായിരുന്നു. അതോടെ ബി.ഒ.ടി വ്യവസ്ഥിതിയിലുള്ള ഒരു ടൂറിസം പ്രോജക്ട് എന്ന ധാരണയിലേക്ക് ടൂറിസം വകുപ്പ് എത്തി. അത്തരമൊരു പ്രോജ്ക്ട് വിഭാവനം ചെയ്യാനായി രാജീവ് അഞ്ചല്‍ നിയോഗിക്കപ്പെട്ടു. അതോടെ ഇന്ത്യന്‍ ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ അഭിമാനമാകാന്‍ പോകുന്ന കാഴ്ചയുടെ ലോകത്തിന് തുടക്കമായി.

സസ്റ്റെയിനബിള്‍ ടൂറിസം മോഡല്‍

ഒരേ സമയം നിരവധി പേര്‍ക്ക് പ്രവേശിക്കാവുന്ന ജടായു ശില്പത്തിനുള്ളില്‍ മനോഹരമായ വിര്‍ച്വല്‍ റിയാലിറ്റി മ്യൂസിയം, ശില്പത്തിന്റെ ഒരു ചിറകിനുള്ളില്‍ സിക്‌സ് ഡി തിയറ്റര്‍. ശില്പത്തിനടുത്തേക്ക് എത്താന്‍ പാറക്കെട്ടുകള്‍ക്ക് മീതേ ആകാശ സഞ്ചാരം ഒരുക്കുന്ന കേബിള്‍ കാര്‍, 65 ഏക്കര്‍ വരുന്ന പാറക്കെട്ടില്‍ ട്രെക്കിംഗ്, ഫുഡ് കോര്‍ട്ട് തുടങ്ങി കോര്‍പ്പറേറ്റ് ട്രെയിനിംഗിനും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യ അഡ്വഞ്ചര്‍ പാര്‍ക്ക്, ഹെലിപ്‌കോപ്ടര്‍ റൈഡ് എന്നിങ്ങനെ ഒരു വിശാലമായ വിനോദ സഞ്ചാര പദ്ധതിയെ തന്നെ രാജീവ് അഞ്ചല്‍ വിഭാവനം ചെയ്‌തെടുത്തു. 

എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി പാറക്കെട്ടുകളും താഴ്‌വരകളും നിറഞ്ഞ പ്രദേശത്തെ ജലദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കും എന്നതായിരുന്നു. അതിനും രാജീവ് അഞ്ചല്‍ പോംവഴി കണ്ടെത്തി. രണ്ട് കൂറ്റന്‍ പാറക്കെട്ടുകളെ കൂട്ടിക്കെട്ടി ഒരു ചെക് ഡാം തന്നെ നിര്‍മ്മിച്ചു. മഴക്കാലത്ത് ഈ ഡാമില്‍ വെള്ളം സംരംഭിക്കുന്നു. വര്‍ഷം മുഴുവനും പ്രോജക്ടിന് വേണ്ട ജലം ഇവിട സുലഭം. അതോടെ പാറക്കെട്ടിലെ താഴ്‌വരകളില്‍ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും വളര്‍ന്നു. ഒരു ഇല പോലും നശിപ്പിക്കപ്പെടാതെ സസ്റ്റെയിനബിള്‍ ടൂറിസത്തിന്റെ ഉദാത്തമായ ഒരു മാതൃക ഇവിടെ രൂപം കൊണ്ടു.

നിക്ഷേപത്തിന്റെ അനന്തസാധ്യതകള്‍

കോടികള്‍ വേണ്ടി വരുന്ന പ്രോജക്ടിന് എങ്ങനെ നിക്ഷേപം കണ്ടെത്തും. അതിനും രാജീവ് അഞ്ചല്‍ പരിഹാരം കണ്ടെത്തി. ചെറുതും വലുതുമായ നൂറോളം നിക്ഷേപകരെ പ്രോജക്ടിലേക്ക് എത്തിച്ചു. കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാകാന്‍ പോകുന്ന, തെക്കന്‍ കേരളത്തിന്റെ മുഖമുദ്രയാകാന്‍ പോകുന്ന, ഒരു ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ മനസിലായതോടെ ജടായു ടൂറിസം പ്രോജക്ട് മികച്ച നിക്ഷേപത്തിന്റെ വേദിയായി. ഇതോടെ ജടായു ഉയരങ്ങളിലേക്ക് പറക്കാന്‍ തുടങ്ങി. ഇന്ന് ജടായു മോഡല്‍ നിക്ഷേപം കേരളം അഭിമാനത്തോടെ കാണുന്ന ഒന്നാണ്. ജടായു മോഡല്‍ നിക്ഷേപം പുതിയ സംരംഭങ്ങള്‍ ഊര്‍ജ്ജം പകരുന്നു. പ്രോജക്ടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുമ്പോള്‍ കൂടുതല്‍ നിക്ഷേപകര്‍ ജടായുവിലേക്ക് എത്തുന്നു. പ്രോജക്ടിന്റെ വളര്‍ച്ചയെയാണ് ഇത് കാണിക്കുന്നത്.

പറന്നുയരാന്‍ ജടായു

2017 ജടായു ടൂറിസം പ്രോജക്ടിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ്. രാജീവ് അഞ്ചല്‍ എന്ന ചലച്ചിത്രകാരന്റെ ശില്പിയുടെ സംഘാടകന്റെ കരിയറിലെയും ഏറ്റവും പ്രധാനപ്പെട്ട വര്‍ഷം. ജടായു ഇനി ലോക സഞ്ചാരികള്‍ക്ക് സമര്‍പ്പിക്കപ്പെടാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി. ജടായുവിന്റെ നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഒരു ദിവസം 5,000-ല്‍ അധികം സഞ്ചാരികളെ ജടായു ടൂറിസം പ്രോജക്ട് സ്വീകരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് അനുയോജ്യമാകും വിധമാണ് ടൂറിസം പ്രോജക്ട് രൂപകല്പന ചെയ്തിരിക്കുന്നതും. ചടയമംഗലത്ത് നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ ജടായു ടൂറിസം പ്രോജക്ടിന് സമീപമെത്തും. ഇവിടെ നിന്നും 500 മീറ്റര്‍ ദൂരത്തിലാണ് ടൂറിസം പ്രോജക്ടിന്റെ പ്രവേശന കവാടം. 

അഞ്ച് ഏക്കറിലാണ് ടൂറിസം പ്രോജക്ടിന് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. സുശക്തമായ സെക്യൂരിറ്റിയാണ് ടൂറിസം പ്രോജ്കടിനുള്ളില്‍. സി.സി ടിവി ക്യാമറകളും, മാനുവല്‍ സെക്യൂരിറ്റിയും, ഡോഗ്‌സ്‌ക്വാഡും സജ്ജമാണ്. 

അഞ്ചൂറോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള റെസ്റ്റോറന്റ് പ്രോജക്ടിനുള്ളില്‍ വിഭാവനം ചെയ്തിരിക്കുന്നു. ഇതുകൂടാതെ നാല്പതോളം രൂചികള്‍ വിളമ്പുന്ന ട്രൈബല്‍ ഫുഡ് കോര്‍ട്ടും ഇവിടെയുണ്ടാവും. കേബിള്‍ കാറിലൂടെ മണിക്കൂറില്‍ 500 പേര്‍ക്ക് ജടായു ശില്പത്തിന് അടുത്തെത്താം. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനീക റോപ്‌വേയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ അത്യാധുനീകമായ കേബിള്‍കാര്‍ സംവിധാനമാണിത്. 

സിദ്ധ കേവ് റിസോര്‍ട്ട് ജടായു എര്‍ത്ത് സെന്ററിന്റെ മറ്റൊരു ആകര്‍ഷണമാണ്. സ്വാഭാവികമായ ഗുഹകളില്‍ ഒരുക്കിയെടുത്തിട്ടുള്ള റിസോര്‍ട്ട് ഒരേ സമയം 14 പേര്‍ക്ക് സജ്ജമായിരിക്കും. പാരമ്പര്യ സിദ്ധ വൈദ്യത്തിലൂടെയുള്ള ചികല്‍സാ രീതികള്‍ ഇവിടെ ലഭ്യമാണ്. 

ടൂറിസം പ്രോജക്ടിന്റെ രണ്ടാംഘട്ടത്തില്‍ പുതിയ സംരംഭങ്ങള്‍ ജടായു എര്‍ത്ത് സെന്ററില്‍ വിഭാവനം ചെയ്യപ്പെടുന്നുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ ഇതിനായി ടൂറിസം പ്രോജക്ടിലേക്ക് എത്തുന്നുണ്ട്. ഇന്ത്യന്‍ ടൂറിസം രംഗത്ത് പുതിയ അധ്യായം തന്നെയായിരിക്കും ഇതോടെ ജടായു എര്‍ത്ത് സെന്റര്‍ എഴുതിചേര്‍ക്കുക.
ജടായു എര്‍ത്ത് സെന്ററിന്റെ വെബ് സൈറ്റ് അഡ്രസ് - 
www.jatayuearthcenter.com 
മലയാളിയുടെ അഭിമാനമുയര്‍ത്താന്‍ ജടായു എര്‍ത്ത് സെന്റര്‍ ഒരുങ്ങുന്നു... (ജയമോഹന്‍ എം)മലയാളിയുടെ അഭിമാനമുയര്‍ത്താന്‍ ജടായു എര്‍ത്ത് സെന്റര്‍ ഒരുങ്ങുന്നു... (ജയമോഹന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക