Image

ഉടയാത്ത കണ്ണാടിക്കു മുമ്പില്‍ ഓര്‍മകളുടെ തര്‍പ്പണം (എ.എസ് ശ്രീകുമാര്‍)

Published on 30 January, 2017
ഉടയാത്ത കണ്ണാടിക്കു മുമ്പില്‍ ഓര്‍മകളുടെ തര്‍പ്പണം (എ.എസ് ശ്രീകുമാര്‍)
മാധ്യമ രംഗത്തെ ആകാരവടിവിന്റെയും അക്ഷരവിന്യാസത്തിന്റെയും ജീവകാരുണ്യത്തിന്റെയും ആവേശ  കൊടിപറപ്പിച്ച ടി.എന്‍ ഗോപകുമാര്‍ ഭൗതികദേഹം വിട്ടൊഴിഞ്ഞുപോയിട്ട് ജനുവരി 30ന് ഒരാണ്ട് തികഞ്ഞിരിക്കുന്നു. ഒരുപാട് ഓര്‍മകള്‍, താക്കീതുകള്‍, നിര്‍ദേശങ്ങള്‍ എല്ലാം മതിയാവാതെ പറഞ്ഞ് പഠിപ്പിച്ചിട്ടാണ് ആ മാധ്യമ കുലപതി അകാലത്തില്‍ നമ്മോട് കൈവീശി പാറിപ്പറന്ന് മറ്റേതോ ലോകത്തേക്ക് പോയത്. മൃദുവായ സ്‌നേഹസമീപനം പുലര്‍ത്തുമ്പോഴും തീക്ഷണമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ അധ്യാപനം അദ്ദേഹം പകര്‍ന്ന് നല്‍കിയതിന്റെ മൗലിക ഉദാഹരണങ്ങളാണ് ഇന്നത്തെ ദൃശ്യമാധ്യമ സംസ്‌കാരത്തിന്റെ പകലിരവുകള്‍.  

ഏഷ്യാനെറ്റിലെ കണ്ണാടി എന്ന ചിരപരിചിതമായ പരിപാടിയെ ജീവകാരുണ്യത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ജീവസുറ്റ  എപ്പിസോഡുകളാക്കി മാറ്റുകയും അതോടൊപ്പം മാതൃകാപരമായ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കാരുണ്യനിലമാക്കുകയും ചെയ്തുകൊണ്ട് ടി.എന്‍ ഗോപകുമാര്‍ നടത്തിയ വിപ്ലവം കാലത്തിന്റെ സുന്ദരകാണ്ഡങ്ങളില്‍ തെളിമയോടെ എഴുതപ്പെട്ടിരിക്കും. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു...''ഒരുപാട് ആകൃഷ്ടതകള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ ആ ആകൃഷ്ടതകള്‍ ഒന്നും എന്നെ ആകര്‍ഷിച്ചില്ല...'' ടി.എന്‍.ജിയിലേക്ക് നമ്മെ അടുപ്പിക്കുന്ന അടയാളവാക്കുകളാണിത്. 

മലയാളിയുടെ ഡ്രോയിംഗ് റൂമില്‍ ഇരിക്കുന്ന ടെലിവിഷനെ സ്‌നേഹത്തിന്റെ കുടുക്കയാക്കി മാറ്റുവാന്‍ നടന്നേറെ പ്രയത്‌നിച്ച് വിജയിച്ച ടി.എന്‍ ഗോപകുമാര്‍ മലയാള മാധ്യമ രംഗത്തു മാത്രമല്ല, കേരളത്തിലും അഖിലേന്ത്യാ തലത്തിലും സംഭവ്യമാകുന്ന വിഷയങ്ങളെ ഉള്‍ക്കാഴ്ചയോടുകൂടി നോക്കി പറഞ്ഞു തന്ന മഹാമനീഷിയാണ്. അങ്ങയെപ്പോലുള്ള ഒരാളുടെ ഭൗതികമായ ദേഹനഷ്ടത്തിലൂടെ അരുതായ്കകള്‍ക്കെതിരെ പൊരുതുവാനുള്ള ഉറച്ച ധൈര്യം എല്ലാം ചോര്‍ന്നു പോയി എന്ന്  മാധ്യമപ്രവര്‍ത്തകര്‍ ഇന്നും വിചാരിക്കുന്നില്ല. വടിവൊത്ത വാക്കുകളില്‍ അങ്ങ് ചൊരിഞ്ഞു തന്ന പേടിയില്ലായ്മ, കൂസലിലാലായ്മ  എല്ലാം നേരിന്റെ തൂലികയിലേക്കും ചങ്കൂറ്റത്തിന്റെ നാവിലേക്കും ആവാഹിച്ചുകൊണ്ട് ആ കാലടിപ്പാടുകള്‍ കണ്ടെഴുതുക, അറിഞ്ഞ് പറയുക എന്നുള്ളതാണ് പിന്തുടര്‍ച്ചയായി കാണുന്നത്.  അമേരിക്കന്‍ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ടി.എന്‍ ഗോപകുമാര്‍ ഒരു സെലിബ്രിറ്റിക്കപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അംബാസിഡറായിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ രത്‌ന പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നമ്മുടെ കര്‍ണങ്ങളിലേക്ക് പകര്‍ന്നു തന്ന സമന്വയ നീതിശാസ്ത്രത്തിന്റെ ഉറച്ച ശബ്ദം ഇപ്പോഴും ഇടറാതെ മാറ്റൊലി കൊള്ളുന്നു. 

ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തില്‍ നടമാടുന്ന എല്ലാത്തരം അനീതികളോടും സന്ധി ചെയ്യാതെ സാഹോദര്യത്തിനു വേണ്ടി ശബ്ദിക്കുകയും നെറികേടുകള്‍ക്കെതിരെ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്ത ടി.എന്‍.ജിയുടെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍  ബാധ്യസ്ഥപ്പെട്ടവരാണ് എല്ലാ മാധ്യമ പ്രവര്‍ത്തകരും. നേരിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു ആ ജീവിതം. സാമൂഹ്യ വിഷയത്തില്‍ ചടുലമായി സമഗ്രതയോടെ പ്രതികരിക്കാന്‍ കഴിഞ്ഞിരുന്ന ഗോപകുമാറിന്റെ വിയോഗം എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ കണ്ണാടി എന്ന പരിപാടി അത്രമാത്രം ജനഹൃദയങ്ങളില്‍ പതിഞ്ഞതാണ്. 2016 ജനുവരി 30-ാം തീയതി പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 58 കാരനായിരുന്ന ടി. എന്‍.ജിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. രോഗത്തോട് പടവെട്ടി വീണ്ടും മാധ്യമരംഗത്ത് സജീവമാകുമ്പോഴാണ്  പെട്ടെന്ന് മരണമെത്തിയത്. 

മൂന്നര പതിറ്റാണ്ടോളം മാധ്യമരംഗത്തെ നിറസാന്നിദ്ധ്യമാസിരുന്ന ടി.എന്‍. ഗോപകുമാര്‍ 'കണ്ണാടി' എന്ന പ്രതിവാര പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധേയനും ജനകീയനുമായത്. അവഗണിക്കപ്പെട്ടവരുടെയും വാര്‍ത്തകള്‍ക്ക് വേണ്ടാത്തവരുടെയും  വേദന സമൂഹത്തിലെത്തിക്കാനും അതിലൂടെ നിരവധി പേര്‍ക്ക് സഹായമെത്തിക്കാനും ഇതിലൂടെ കഴിഞ്ഞു. രോഗാവസ്ഥയില്‍ നിന്ന് തിരിച്ചെത്തിയശേഷവും അദ്ദേഹം കണ്ണാടി അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തനരംഗത്തെത്തിയ ടി.എന്‍.ജി മാതൃഭൂമിയുടെ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലെ ലേഖകനായിരുന്നു.  ന്യൂസ് ടൈം, ദി ഇന്‍ഡിപെന്‍ഡന്‍സ്, ഇന്‍ഡ്യാ ടുഡേ, സ്‌റ്റേറ്റ്‌സ് മാന്‍, ബി. ബി.സി. എന്നിവയിലും അദ്ദേഹം പത്രപ്രവര്‍ത്തകനായിരുന്നു. 
 
ഹെദര്‍ ഗോപകുമാറാണ് ഭാര്യ. ഗായത്രി, കാവേരി എന്നിവര്‍ മക്കള്‍. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രം ക്ഷേത്രം സ്ഥാനികനായ വട്ടപ്പള്ളി മഠം പി. നീലകണ്ഠശര്‍മയുടെയും, എല്‍. തങ്കമ്മയുടെയും മകനായി 1957 ല്‍ ശുചീന്ദ്രത്താണ് ഗോപകുമാര്‍ ജനിച്ചത്. സാഹിത്യം, സിനിമ, സാംസ്‌കാരിക മേഖലകളിലെയും മികച്ച പ്രതിഭയായിരുന്നു അദ്ദേഹം.  ആത്മകഥാപരമായ ശുചീന്ദ്രം രേഖകള്‍, വോള്‍ഗാ തരംഗം  എന്നിവ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനത്തെ ആധാരമാക്കിയ 'ജീവന്‍ മശായ്' എന്ന ചലച്ചിത്രവും ദൂരദര്‍ശനു വേണ്ടി  മലയാറ്റൂരിന്റെ 'വേരുകള്‍' എന്ന നോവല്‍  സീരിയലാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ടി.എന്‍.ജിയുടെ കാലടിപ്പാടുകള്‍ക്കുമുമ്പില്‍ സ്മരണയുടെ തര്‍പ്പണം.

ഉടയാത്ത കണ്ണാടിക്കു മുമ്പില്‍ ഓര്‍മകളുടെ തര്‍പ്പണം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക