Image

ഈശാവാസ്യമിദം സര്‍വം (കവിത: ജയന്‍ വര്‍ഗീസ്)

Published on 01 February, 2017
ഈശാവാസ്യമിദം സര്‍വം (കവിത: ജയന്‍ വര്‍ഗീസ്)
പൊട്ടിവിടരും പ്രകാശമേ എന്നിലെ
നിദ്രയാം കാമിനീയാലിംഗനത്തിലെ
കട്ടുറുമ്പേങ്കിലും നീളുമീജീവിത
സുപ്രഭാതങ്ങളേ സ്വാഗതം,സ്വാഗതം

ഞെട്ടറ്റുവീഴുവാനല്ല വാസന്തര്‍ത്തു
മൊത്തിച്ചൊവപ്പിച്ച പാതയോരങ്ങളില്‍
പിന്നെയും,പിന്നേയും നീളുമീജീവിതം
ധന്യമോ വേദാന്ത കാലത്രയങ്ങളില്‍ ?

സ്ഥൂലപ്രപഞ്ച മഹാസമുദ്രങ്ങളില്‍
സൂഷ്മമാം ചൈതന്യ ജ്യോതിസ്സായിന്നലെ
ഭൂമിതന്‍ ഭ്രൂണനികുഞ്ജങ്ങളില്‍ വീണ
കാലമാം ജീവല്‍ത്തുടിപ്പു ഞാനാകവേ ,

ഏതോനിയാമക സ്രോതസ്സായെന്നിലെ
ജീവിതതാളം രചിച്ചപ്രസാദമേ ,
ഊരുകയാണീയുറ യെന്നിലൂറുന്ന
നീയായ നീയെന്നെ മാറോടു ചേര്‍ക്കുമോ.
Join WhatsApp News
വിദ്യാധരൻ 2017-02-02 07:28:19

ഈശാവാസ്യമിദം സർവ്വം
യത് കിഞ്ച ജഗത്യാം ജഗത്.
തേന ത്യക്തേന ഭുഞ്ജീഥാ:
മാ ഗൃധ: കസ്യസ്വിദ്ധനം (ഈശോപനിഷത്ത്.)

"ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത്"

കവിയുടെ പ്രാർത്ഥന കൊള്ളാം. പക്ഷെ അലസത വിട്ടുമാറാതെ പ്രകൃതിയാകുന്ന ഈശ്വരനു ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. പൊട്ടി വിടരുന്ന പ്രകാശത്തിനു നിദ്രയിൽ നിന്ന് ഉണർത്താൻ കഴിയും പക്ഷെ ഉണർന്നു കഴിഞ്ഞു വീണ്ടും കട്ടിലിൽ കുറേക്കൂടി കിടന്നാൽ ചലനാത്മകമവാൻ സാധിക്കുകയില്ല. ചലനാത്മകത പ്രകൃതിയുടെ അടിസ്ഥാന സ്വഭാവമാണ്.
 
ചലനം ചലനം ചലനം
മാനവ ജീവിത പരിണാമത്തിന്‍
മയൂരസന്ദേശം
ചലനം ചലനം ചലനം....   എന്ന വയലാറിന്റെ കവിത ഓർക്കുന്നില്ലേ? അതുകൊണ്ടു അലസത വിട്ട് ഏവരും ത്യാഗം ചെയ്യുക (ചലിക്കാതെ ത്യാഗം ചെയ്യാനാവില്ലല്ലോ?) അപ്പോൾ ഈശ്വരൻ നമ്മെ മാറോട് അണയ്ക്കാനായി കാത്തിരിക്കേണ്ട. മാറിലേക്ക് തളർന്നു വീഴാൻ സാധിക്കും.  വിസ്മരിക്കപ്പെട്ടു കിടക്കുന്ന ആർഷഭാരത ചിന്തകളെ കവി കുഴിച്ചെടുത്തു കൊണ്ടുവന്ന് തേച്ചുമിനുക്കി വായനക്കാർക്കായി അവതരിപ്പിക്കുന്നത് തികച്ചും അഭിനന്ദാനാര്ഹമാണ്.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക