Image

കലയുടെയും സംസ്‌ക്കാരത്തിന്റെയും കുത്തകാവകാശികള്‍, കച്ചവടക്കാര്‍, ഗുണ്ടകള്‍ (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 06 February, 2017
 കലയുടെയും സംസ്‌ക്കാരത്തിന്റെയും കുത്തകാവകാശികള്‍, കച്ചവടക്കാര്‍, ഗുണ്ടകള്‍ (ദല്‍ഹികത്ത് : പി.വി.തോമസ്)
കലാ-സാംസ്‌കാരിക കാപാലികന്മാരുടെ ഉപദ്രവം ഏറിവരുകയാണ് കുറെകാലമായി. ഈ കുത്തക വ്യാപാരികള്‍ ചരിത്രത്തെയും കലയെയും സംസ്‌കാരത്തെയും പൈതൃകത്തെയും ഏറ്റെടുത്തിരിക്കുകയാണ് അവറ്റയുടെ തറവാട്ടു സ്വത്തായി. ഇവയെ കുത്തകാവകാശമായി അനുഭവിക്കുവാനും സംരക്ഷിക്കുവാനും പിന്നെ മൊത്തമായും ചില്ലറയായും വില്ക്കുവാനും ഉള്ള അവകാശം ഇവര്‍ക്ക് ഉണ്ടത്രെ! സാംസ്‌കാരിക ശുംഭന്മാര്‍ എന്നല്ലാതെ എന്താണ് ഈ സംസ്‌ക്കാര ശൂന്യരെ വിളിക്കുക! ഈ സംസ്‌ക്കാര ശൂന്യരും അക്ഷരം വായിക്കാത്തവരും ആണ് കലയെയും സംസ്‌കാരത്തെയും പൈതൃകത്തെയും നിര്‍വചിക്കുന്നതും സംരക്ഷിക്കുന്നതും!

ഇത് എഴുതുമ്പോള്‍ ഒട്ടേറെ സംഭവങ്ങള്‍ മനസില്‍ വരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ സംഭവം സജ്ഞയ് ലീലാ ബന്‍സാലി എന്ന ഹിന്ദി സിനിമ സംവിധായനെയും പത്മാവതി എന്ന സിനിമയെയും സംബന്ധിച്ചുള്ളതാണ്. ഇതിന്റെ ചിത്രീകരണം ജയ്പൂരിനടുത്തുള്ള(രാജസ്ഥാന്‍) ജയ്ഗഢില്‍ പുരോഗമിക്കവെ രജപുട്ട് കാര്‍ണി സേന എന്ന ഒരു സംഘടന ബന്‍സാലിയെ കൈയ്യേറ്റം ചെയ്തു. സെറ്റ് തകര്‍ത്തു. ഷൂട്ടിംങ്ങ് തടസ്സപ്പെടുത്തി. ബന്‍സാലിയും സംഘവും ജീവനും കൊണ്ട് രക്ഷപ്പെട്ടു. സംസ്ഥാന ഗവണ്‍മെന്റും പോലീസും നിശബ്ദരായി, നിഷ്‌ക്രിയരായി എല്ലാം നോക്കി കണ്ടു നിന്നു. അല്ലെങ്കില്‍ ഇവര്‍ രാജസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് പുറംലോകം സംശയിക്കുന്ന വിധം നിര്‍ജ്ജീവമായി. രക്ഷപ്പെട്ടവരില്‍ ദീപിക പഡുക്കോണും(പത്മാവതി എന്ന റാണി പത്മിനി) രണ്‍വീര്‍സിംങ്ങും (അലാവുദ്ദീന്‍ കില്‍ജി) ഉള്‍പ്പെടുന്നു.

എന്താണ് ബന്‍സാലിയും സംഘവും ചെയ്ത തെറ്റ്?
രജപുട്ട് കാര്‍ണി സേനയുടെ ആരോപണപ്രകാരം ബന്‍സാലിയുടെ പത്മാവതി ഹിന്ദുവികാരങ്ങള്‍ക്കെതിരാണ്. ഈ സിനിമയില്‍ പത്മാവതി അലാവുദ്ദിന്‍ കില്‍ജിയുമായി പ്രേമത്തിലാണ്. അത് സാ്ദ്ധ്യം അല്ല. അത് ഹിന്ദുക്കളെ അപമാനിക്കുവാനുള്ള കരുതിക്കൂട്ടിയുള്ള പുറപ്പാട് ആണ്. ഈ സിനിമയില്‍ പത്മാവതി- കില്‍ജിമാരുടെ പ്രേമസല്ലാപം കാണിക്കുന്ന ഒരു സീനും ഉണ്ടത്രെ! അത് ഒരു കാരണവശാലും അംഗീകരിക്കുവാന്‍ പാടില്ല! ഒരു രജപുട്ട് റാണിക്ക് ഒരു മുസ്ലീം കയ്യേറ്റക്കാരനെ പ്രേമിക്കുവാന്‍ സാധിക്കുകയില്ല എന്നാണ് ഇവര്‍ വാദിക്കുന്നത്. ഇത് രജപുട്ട് അഭിമാനത്തിന് ഹാനികരം ആണ്.

നമ്മള്‍ ഏത് ഇന്‍ഡ്യയില്‍ ആണ് ജീവിക്കുന്നതെന്ന് ചോദിക്കുവാന്‍ തോന്നിപ്പോകും ഈ വക സാംസ്‌ക്കാരിക കോമാളികളുടെ കാട്ടായങ്ങള്‍ കാണുമ്പോള്‍. പത്മാവതി എന്നത് മാലിക്ക് മുഹമ്മദ് ജയാസി എന്ന ഒരു സുഫി കവിയുടെ ഒരു ഭാവനാസൃഷ്ടി മാത്രം ആണ്. പക്ഷേ, ഇത് വിശ്വസിക്കുവാനോ അംഗീകരിക്കുവാനോ രജപുട്ട് കാര്‍ണിസേനയും അതിന്റെ നേതാക്കളും തയ്യാറല്ല. അവര്‍ പറയുന്നത് അത് ചരിത്രം ആണെന്നാണ്. അതിന്റെ നേതാവ് നരയണ്‍സിംങ്ങ് ദിയോരല തുറന്ന് സമ്മതിക്കുന്നു അദ്ദേഹം പന്ത്രണ്ടാം ക്ലാസ് വരെ മാത്രമെ പഠിച്ചിട്ടുള്ളൂ. ചരിത്രം വായിച്ചിട്ടില്ല. പക്ഷേ, ബന്‍സാലിയുടെ പത്മാവതി രജപുട്ട് അഭിമാനത്തെ വൃണപ്പെടുത്തുന്നത് ആണ്. ചിത്രവും ഇതുവരെ ഷൂട്ടിംങ്ങ് കഴിഞ്ഞിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ മുമ്പാകെ പോലും എത്തിയിട്ടില്ല. പക്ഷേ, അത് രജപുട്ട് അഭിമാനത്തെ ഹനിക്കുന്നതാണ്. പത്മാവതി- കില്‍ജി പ്രണയരംഗം ഉള്‍ക്കൊള്ളുന്ന ഒരു സീനേ ചിത്രത്തില്‍ ഇല്ലെന്ന് ബന്‍സാലിയും മറ്റും ആവര്‍ത്തിച്ച് പറയുന്നു. പക്ഷേ കാര്‍ണി സേനക്ക് ചിത്രം തടയണം. ബന്‍സാലിയെ മര്‍ദ്ദിക്കണം. അവര്‍ ചെയ്തു അത്. സംസ്ഥാന മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ(ബി.ജെ.പി.) ഒരക്ഷരം ഇതിനെതിരെ ഉരിയാടിയില്ല! എവിടെ അഭിപ്രായ സ്വാതന്ത്ര്യം? എവിടെ ഇന്‍ഡ്യന്‍ ഭരണഘടനയും ജനാധിപത്യവും? ലജ്ജിച്ച് തല താഴ്ത്തണം.

ഇവിടം കൊണ്ടും തീരുന്നില്ല കാര്‍ണിസേനയുടെ അജ്ഞതയുടെ താണ്ഡവം. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാതെ പ്ത്മാവതിയുടെ റിലീസിന് അനുമതി നല്‍കുകയില്ലെന്നാണ് അവരുടെ നിലപാട്. പത്മാവതിയും കില്‍ജിയും തമ്മില്‍ ഒരു പ്രേമബന്ധം ഉണ്ടായിരുന്നുവെന്ന് ചിത്രത്തില്‍ വരുവാനേ പാടില്ല. അതുമാത്രം അല്ല ചിത്രത്തിന്റെ പേരും(പത്മാവതി) മാറ്റണം.

ഇത് ആരുടെ ഇന്‍ഡ്യ ആണ്? എന്താണ് ഈ വക സാംസ്‌ക്കാരിക ഫാസിസത്തിന്റെ അര്‍ത്ഥം? എന്താണ് ഈ വക ഉപദേശീയത? എന്താണ് ഈ വക സമാന്തര നീതിന്യായ വ്യവസ്ഥ? എന്താണ് ദേശീയ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ റോള്‍? ഒരു സംഘം തെരുവ് ഗുണ്ടകള്‍ക്ക് ചരിത്ര-സാംസ്‌ക്കാരിക സംരക്ഷണത്തിന്റെ പേരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുവാന്‍, ഇല്ലാതാക്കുവാന്‍ സാധിക്കുമോ? സാധിക്കരുത്.
ബി.ജെ.പി.യും മോഡിയും വസുന്ധര രാജെ സിന്ധ്യയും ഇതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. എന്തേ?
വിശ്വഹിന്ദുപരിക്ഷത്ത് ബന്‍സാലിയെ വെല്ലുവിളിച്ചു ഈ ചിത്രം ഇന്‍ഡ്യയുടെ വേറേത് ഭാഗത്തെങ്കിലും ഷൂട്ട് ചെയ്ത് റിലീസ് ചെയ്യുവാന്‍ ധൈര്യം ഉണ്ടെങ്കില്‍ ചെയ്യുവാന്‍. മദ്ധ്യപ്രദേശിലെ ഒരു ബി.ജെ.പി. നേതാവ്, അഖിലേഷ് കണ്ടേല്‍വാള്‍, ബന്‍സാലിയുടെ ദേഹത്ത് ചെരിപ്പ് എറിയുന്ന ആര്‍ക്കും പതിനായിരം രൂപയാണ് പാരിതോഷികം ആയി പ്രഖ്യാപിച്ചത്.

വിവാദപ്രസ്താവനകളുടെ വെറുപ്പ് പ്രത്യശാസ്ത്രത്തിന്റെ പ്രചാരകനുമായ കേന്ദ്രമന്ത്രി ഗിരിരാജ് സിംങ്ങ് ഉടന്‍ തന്നെ ഇതിന് വര്‍ഗ്ഗീയ നിറം നല്‍കി. പത്മാവതി ഒരു ഹിന്ദു സ്ത്രീ ആയതുകൊണ്ടാണ് ബന്‍സാലി ഇതുപോലൊരും സാഹസത്തിന് മുതിര്‍ന്നതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍! ആരെങ്കിലും പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് ഇങ്ങനെ ഒരു ചിത്രം എടുക്കുമായിരുന്നോ എന്നും അദ്ദേഹം ആരായുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഇതുപോലുള്ള വിഡ്ഢിത്തരങ്ങള്‍ പുലമ്പുന്നതെന്ന് ഓര്‍മ്മിക്കണം. ഇതുപോലുള്ള അബന്ധങ്ങള്‍ വിളിച്ച് പറയുന്നതില്‍ അദ്ദേഹം പ്രസിദ്ധനാണ്. ഒരിക്കല്‍ അദ്ദേഹം ചോദിക്കുകയുണ്ടായി രാജീവ് ഗാന്ധി ഒരു നൈജീരിയന്‍ സ്ത്രീയെ വിവാഹം കഴിച്ചായിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ വെള്ളക്കാരിയായ സോണിയയെ സ്വീകരിച്ച് അംഗീകരിച്ചതു പോലെ ചെയ്യുമായിരുന്നോ എന്ന്. ഈ വംശഅവഹേളനത്തെ നൈജീരിയന്‍ ഗവണ്‍മെന്റ് അവഹേളിച്ചതാണ്. എന്തുകൊണ്ട് ഗിരിരാജ് സിങ്ങുമാരും യോഗി ആദിത്യനാഥുമാരും സാക്ഷിമഹാരാജ്മാരും ശിക്ഷിക്കപ്പെടാതെ പോകുന്നു? അതാണ് ഈ ഭരണത്തിന്റെ അന്തസത്തയിലേക്കും ആത്മാംശത്തിലേക്കും വിരല്‍ ചൂണ്ടുന്ന യാഥാര്‍ത്ഥ്യം.

രാജീവ് ഗാന്ധിയുടെ ഗവണ്‍മെന്റ് ആണ്, സല്‍മന്‍ റഷ്ദിയുടെ സാത്താനിക്ക് വേഴ്‌സസ് നിരോധിച്ചത്. എന്തിന് വേണ്ടി ആയിരുന്നു അത്? എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ് അത്. തീര്‍ച്ചയായിട്ടും ആ നിരോധനം സര്‍ഗ്ഗാത്മക പ്രക്രിയക്ക് നേരെയുള്ള ഒരു കടന്നാക്രമണം ആയിരുന്നു. അശുതോഷ് ഗൗരിക്കറുടെ ജോദാ അക്ബറും(2008) ഇതേ രജപുട്ട് കാര്‍ണി സേനയുടെ ആക്രമണത്തിന് വിധേയം ആയിട്ടുണ്ട്. കരണ്‍ജോഹറുടെ 'എ ദില്‍ ഹെ മുശ്ക്കില്‍' മഹാരാഷ്ട്ര നവനിര്‍മ്മാണസേനയുടെ ആക്രണത്തിനാണ് വിധേയം ആയത്. ഒരു പാക്കിസ്ഥാനി നടിയെ വച്ച് പടം നിര്‍മ്മിച്ചതിന് ഷാറൂഖ്ഖാനും ആക്രമണ വിധേയനായി. പ്രകാശ്ഝായുടെ 'ആരക്ഷണ്‍'(സംവരണം) വിലക്കുകള്‍ക്ക് വിധേയം ആയതാണ്.

എന്തായിരുന്നിരിക്കാം എം.ടി. വാസുദേവന്‍ നായരുടെ 'നിര്‍മ്മാല്യ'ത്തിന്റെ ഗതി അത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ 'പള്ളി വാളും കാല്‍ചിലങ്കയും' എന്ന എം.ടിയുടെ ആ കഥ സിനിമയായപ്പോള്‍ അവസാനഭാഗത്ത് എല്ലാം നഷ്ടപ്പെട്ട പട്ടിണിക്കാരനായ വെളിച്ചപ്പാട്(പി.ജെ.ആന്റണി) ഭഗവതിയുടെ വിഗ്രഹത്തില്‍ ചോരയും വിയര്‍പ്പും ഭസ്മവും കലര്‍ന്ന ദ്രാവകം തുപ്പുന്ന ഒരു സീല്‍ ഉണ്ട്. അന്ന് അത് ഒരു കാഥികന്റെ സര്‍ഗ്ഗഭാവനയുടെ അവകാശമായേ കാണികള്‍ കണ്ടുള്ളൂ. ഇന്ന് അതിനെ എങ്ങനെ കാണുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ട് കമല്‍ എന്ന കമലുദ്ദീന്റെ 'ആമീ' എന്ന ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ വിട്ടു നിന്നു? കാരണം പെട്ടെന്ന് കമല്‍ ദേശദ്രോഹിയായി. മാധവിക്കുട്ടി എന്ന കമലാദാസിനെകുറിച്ചുള്ള 'ആമീ' എന്ന ആത്മകഥാപരമായ സിനിമ അങ്ങനെ വഴിമുട്ടിനില്‍ക്കുന്നു. ആ ഗതി 'ദേവദാസ്', 'ബ്ലാക്ക്' എന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ച പ്രതിഭാധനനായ ചിത്രസംവിധായകനായ ബന്‍സാലിയുടെ 'പത്മാവതിക്ക്' ഉണ്ടാകരുത്.

കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ തെരുവ് ഗുണ്ടകള്‍ കലാ-സാംസ്‌കാരിക-ചരിത്ര സംരക്ഷത്തിന്റെ പേരില്‍ കയ്യിടരുത്. അതിന് ഗവണ്‍മെന്റും നിയമവ്യവസ്ഥിതിയും അനുവദിക്കരുത്.

 കലയുടെയും സംസ്‌ക്കാരത്തിന്റെയും കുത്തകാവകാശികള്‍, കച്ചവടക്കാര്‍, ഗുണ്ടകള്‍ (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക