Image

ഒരാള്‍ക്ക് എങ്ങനെ മഹാനാവാം? (പകല്‍ക്കിനാവ്-37: ജോര്‍ജ് തുമ്പയില്‍)

Published on 06 February, 2017
ഒരാള്‍ക്ക് എങ്ങനെ മഹാനാവാം? (പകല്‍ക്കിനാവ്-37: ജോര്‍ജ് തുമ്പയില്‍)
നന്നായി ചിന്തിക്കുക, നല്ലത് ചിന്തിക്കുക എന്നതാണ് എപ്പോഴും മനുഷ്യനെ ഉന്നത നിലയിലെത്തിക്കുകയെന്ന് പലരും പറഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് അമേരിക്ക കണ്ട എക്കാലത്തെയും മികച്ച പ്രസിഡന്റ് എന്ന് അമേരിക്കക്കാര്‍ കരുതുന്ന ഏബ്രഹാം ലിങ്കണ്‍. അദ്ദേഹത്തിന്റെ ജീവിതം ഏതാണ്ട് ഇതിനു സമാനമായിരുന്നു. അടിമത്വം ഇല്ലാതാക്കി ലോകത്തെ വിസ്മയിപ്പിച്ച ലിങ്കന്റെ 208-ാം പിറന്നാളാണ് ഫെബ്രുവരി 12. ലിങ്കണ്‍ പറഞ്ഞ അതേ കാര്യം തന്നെ ഞാനുമേറ്റു പറയുന്നു, നല്ലതും ചീത്തയും തിരിച്ചറിഞ്ഞു കൊണ്ട്, നന്നായി ചിന്തിച്ചാല്‍ അതു നല്ലതായി തന്നെ ഭവിക്കും, അതു നന്മയിലേക്കുള്ള വഴിയായിരിക്കും. അത്തരം നന്മകള്‍ സ്വയം കണ്ടെത്തുകയും അതിന്റെ മാര്‍ഗ്ഗദീപമായി നിന്ന് മറ്റുള്ളവര്‍ക്ക് അതു കാണിച്ചു കൊടുക്കുകയും ചെയുമ്പോഴാണ് ഒരാള്‍ മഹാനാവുന്നത്. അതു കൊണ്ട് തന്നെ, മഹാനാവുക എന്നതിന്റെ ആദ്യപടി സ്വന്തം ജീവിതത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ലിങ്കന്റെ ജീവിതം ഇതിനു വലിയൊരു സാക്ഷ്യമാണ്. സ്വയം എന്നത്, ദൈവത്തിനെ കൂട്ടുപിടിച്ചുള്ള സ്വയം സമര്‍പ്പിത ജീവിതം കൂടിയാകുന്നുവെന്ന് അടിവരയിട്ടു പറയട്ടെ.

ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ പൂര്‍ത്തീകരിക്കുക എന്നത് വലിയ കാര്യമാണ്. അങ്ങനെ ജീവിക്കുന്നവരെ നമുക്കു ചുറ്റുപാടു നിന്നും കണ്ടെത്താനാവും. എപ്പോഴും പുഞ്ചിരിക്കുന്നവര്‍. എപ്പോഴും പോസിറ്റിവായി മാത്രം കാര്യങ്ങളെ കാണുന്നവര്‍, എപ്പോഴും മറ്റുള്ളവരെ ഉത്തേജിപ്പിക്കുന്നവര്‍. അവരിലേക്ക് ചേര്‍ന്നു നിന്നാല്‍ നമുക്കും ആ ഊര്‍ജ്ജം ശരീരത്തിലേക്കും മനസ്സിലേക്കും സന്നിവേശിപ്പിക്കാനാവും. അതിനു വേണ്ടി ജീവിതത്തില്‍ ചില നെഗറ്റീവ് എലമെന്റുകളെ നമുക്ക് ഉപേക്ഷിക്കേണ്ടതുണ്ട്. അത്തരത്തിലൊന്നാണ് വിദ്വേഷം. അന്യനോട് തോന്നുന്ന അസൂയ, അതില്‍ നിന്നുണ്ടാകുന്ന ഉള്‍വികാരമാണ് വിദ്വേഷത്തില്‍ കൊണ്ടു ചെന്നെത്തിക്കുന്നത്. വിദ്വേഷം എന്നത് ക്ഷണനേരം കൊണ്ടു ആള്‍ക്കാരുടെ മനസ്സില്‍ വളരുന്ന ഒരു മോശം സ്വഭാവമാണ്, ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ശുഭചിന്ത മാത്രമാണ് ഇതിനെ തടുത്തു നിര്‍ത്തുവാനുള്ള ഏക പോംവഴി.

ശുഭചിന്ത കൊണ്ട് ഉദ്ദേശിക്കുന്നത് നല്ലത് ചിന്തിക്കുക, നല്ല കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. അത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നന്മ മാത്രമേ വരുത്തുകയുള്ളൂ. അതിനു വേണ്ടിയെന്ത് ചെയ്യണം? ഇതു വായിക്കുന്ന ഏതൊരാളും പെട്ടെന്നു ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ്. എന്തു ചെയ്യണം, എങ്ങനെ ചെയ്യണം.? ഒറ്റകാര്യത്തില്‍ തീരുമാനമെടുക്കുക. നിങ്ങളുടെ മനോഭാവം നിയന്ത്രിക്കുക. ചില സമയങ്ങളില്‍ ഉണര്‍വുള്ള തീരുമാനം, നിങ്ങളെ, മോശമായി ചിന്തിപ്പിക്കാതിരിക്കാനും ചുറ്റുമുള്ള മോശം കാര്യങ്ങളെ മനസ്സിലാക്കാനും അതിനെ തോല്‍പ്പിച്ച് ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് രൂപപ്പെടുതിയെടുക്കുവാനും സഹായിക്കും.

ജനങ്ങള്‍ ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അവരുടെ ജീവിതത്തില്‍ ഇടപെടുന്നത് കാണാം. അത്തരത്തിലുള്ള ഇടപെടലുകള്‍ ഒഴിവാക്കുവാന്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കണം. അതിനു നിങ്ങളുടെ മനസ്സിനെ നിങ്ങള്‍ തന്നെ നിയന്ത്രിക്കുക, ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുവാനും ശ്രമിക്കുക. അതാണ് വിദ്വേഷത്തെ അകറ്റി നിര്‍ത്താനും പോസിറ്റീവ് ജീവിതം നയിക്കുന്നതിനുമുള്ള ആദ്യപടി. എന്നല്‍ ഇത് അത്ര എളുപ്പമാണോയെന്നും നാം ചിന്തിക്കേണ്ടതുണ്ട്. മനുഷ്യന്റെ മനസ്സ് എല്ലാകാലത്തുമെന്നതു പോലെ ഇന്നും കെട്ടഴിച്ചു വിട്ട കാളയെ പോലെയാണ്. ഒരിടത്തും ശാശ്വതമായി നില കൊള്ളണമെന്നില്ല. നൂറായിരം പ്രശ്‌നങ്ങള്‍ നമുക്കുള്ളപ്പോഴും നാം മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലേക്ക് അകാരണമായി ഇടപെടുന്നതു കാണാം. ഇത്തരത്തിലുള്ള ഒരാളുടെ പ്രവര്‍ത്തി അയാളുടെ ശുഭമായ ചിന്താഗതിയെ സാരമായി ബാധിക്കും. അതിന് അറുതി വരുത്തുകയെന്നതാണ് നന്മയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യ പടിയെന്നു കരുതണം. പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായി ഇല്ല. എന്നാല്‍, പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി കാണാതെ ജീവിതത്തിന്റെ ഭാഗമാണതെന്നും അതു മറികടക്കാന്‍ പ്രത്യേകിച്ച് ഒരു മരുന്നിന്റെയോ, മറ്റ് താങ്ങുകളുടെയോ ആവശ്യമില്ലെന്നു കണ്ടാല്‍ നിങ്ങള്‍ രണ്ടാമതായി വിജയിക്കുകയാണ്. ലോകത്തുള്ള എല്ലാ ജനങ്ങള്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും ഓരോ ചിന്തഗതിയുണ്ട്. മഹത്തായ പല വിജയങ്ങള്‍ക്ക് പിന്നിലും നല്ല ചിന്തകള്‍ ഒരു കാരണമാണ്. ശുഭ ചിന്താഗതിക്കാരുമായുള്ള ഇടപെടല്‍ നിങ്ങളെ ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനും അതുവഴി നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും നിങ്ങളെ വളരെയധികം സഹായിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള ശുഭ ചിന്താഗതിക്കാരുമായി കൂട്ടുകൂടുവാന്‍ വേണ്ടി നിങ്ങള്‍ ശ്രമിക്കുക. തീര്‍ച്ചയായും നിങ്ങളിലുണ്ടാകുന്ന മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും. അതു മനസ്സിലാക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ ഒരു പേപ്പറില്‍ അതൊക്കെയും എഴുതി വയ്ക്കുക. നിങ്ങളുടെ ജീവിതത്തില്‍ പടി പടിയായി സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുക.

മഹാന്മാരായവരെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം പൊതുവായി കാണാം. അവര്‍ക്കെല്ലാം വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്വയം ആലോചിക്കുക. എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം. അതിനു വേണ്ടി എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നത്? ഇത്തരമൊരു ചോദ്യം സ്വയം ചോദിക്കുകയും അതു പേപ്പറില്‍ എഴുതി നോക്കുകയും ചെയ്യുക. പലര്‍ക്കും അത്തരം ലക്ഷ്യങ്ങളൊന്നുമുണ്ടാകില്ല. അവര്‍ക്ക് പണം സമ്പാദിക്കണം, സുഖമായി ജീവിക്കണം. അത്തരക്കാര്‍ എന്നും പ്രശ്‌നങ്ങളുടെ നടുവിലാണെന്നു മനസ്സിലാക്കണം. ആ ആഗ്രഹം ക്ഷണികമാണ്. അതിനപ്പുറത്തുള്ള വന്‍ ലക്ഷ്യങ്ങളാണ് ജീവിതത്തില്‍ ഉണ്ടാകേണ്ടത്. അതു പൂര്‍ത്തീകരിക്കാന്‍ വേണ്ടി പ്രകൃതി പോലും നമ്മുടെ കൂടെ നില്‍ക്കുമെന്നു വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ പറഞ്ഞത് ഓര്‍ക്കുക. അപ്പോള്‍ ആവശ്യം, ലക്ഷ്യങ്ങളില്‍ ഉറച്ച് നില്‍ക്കുക എന്നതാണ്. നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ലക്ഷ്യങ്ങളെ ക്രോഡീകരിക്കുക. എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് സാധ്യമാക്കുന്നതിന് വേണ്ടി ഉറച്ചു നില്‍ക്കുക. ഈ ലോകത്തില്‍ ഒരുപാട് നല്ല കാഴ്ചപ്പാടുകള്‍ ഉണ്ട്, ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുനതിനുള്ള വളരെയധികം വീക്ഷണങ്ങളുണ്ട്, നിങ്ങള്‍ അത്തരം നല്ല കാര്യങ്ങളെ മനസ്സിലാക്കുക അതില്‍ ചിലതെങ്കിലും ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുന്നതിനു വേണ്ടി ശ്രമിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുക. ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം സാധിച്ചാല്‍ അത് സാഹസികമായ പല പുതിയ കാര്യങ്ങള്‍ ചെയ്യുവാനും നിങ്ങളെ പ്രേരിപ്പിക്കും. അങ്ങനെ ഓരോ ലക്ഷ്യങ്ങള്‍ യാഥാര്‍ത്യമാക്കുമ്പോഴും നിങ്ങള്‍ക്ക്, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായി കാണാം.

അതിനു വേണ്ടിയെന്ത് ചെയ്യും? എവിടെ നിന്നും തുടങ്ങണം? ഒരു കാര്യം അറിയുക, ഇതൊക്കെയും അപ്രാപ്യമായ കാര്യങ്ങളല്ല, എല്ലാവര്‍ക്കും സാധിക്കുന്നതാണ്. അതിനു വേണ്ടി തയ്യാറാകണമെനനു മാത്രം. നിങ്ങള്‍ നിങ്ങളുടെ മാനസിക ഘടന മാറ്റിയെടുക്കുക. ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണു പ്രതികരിക്കുന്നത് എന്നതിനനുസരിച്ച് നിങ്ങളുടെ ചിന്തിക്കാനുള്ള കഴിവ് വ്യത്യാസപ്പെടും. ഏതു തീരുമാനമായാലും, അത് നടപ്പിലാക്കുന്നതിനു മുന്‍പ് പല വട്ടം ചിന്തിക്കുക. എത്ര കഠിനമായ സാഹചര്യങ്ങളിലും ശുഭചിന്ത നിങ്ങളെ വളരെ എളുപ്പം മുന്നോട്ട് കൊണ്ടുപോകും. എത്ര വലിയ പ്രശ്‌നമാണെങ്കിലും അത് പരിഹരിക്കാന്‍ നിങ്ങളുടെ ശുഭചിന്ത നിങ്ങളെ സഹായിക്കും. അപ്പോള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യവും ലോകവീക്ഷണത്തിലുണ്ടാകുന്ന മാറ്റവും നിങ്ങള്‍ക്ക് കാണാന്‍ കഴിയും മുമ്പോരിക്കലും സംഭവിച്ചിട്ടില്ലാത്തത്‌പോലെ. എന്നാല്‍ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പില്‍ പലരും പാതിവഴിയില്‍ വഴിതെറ്റി പോകുന്നതു കാണാം. മനുഷ്യരില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം സ്വഭാവമാണ് ഏതു മാറ്റത്തെയും പ്രതിരോധിക്കുക എന്നുള്ളത്. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. എപ്പോഴെങ്കിലും നിങ്ങള്‍ ആ പ്രതിരോധത്തെ മനസ്സിലാക്കാനും അതിനെതിരെ പ്രവര്‍ത്തിക്കാനും, ആ പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്താല്‍ നിങ്ങള്‍ നിങ്ങളുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് തുടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കുക. അത്തരത്തില്‍ നിങ്ങളുടെ പ്രതിരോധ സ്വഭാവത്തെ നിങ്ങള്‍ ഇല്ലാതാക്കിയാല്‍ ജീവിതത്തില്‍ കുറെയേറെ നന്മകള്‍ കൈവരുന്നതായി കാണാം. ആ നന്മയിലേക്കുള്ള യാത്രയിലാണ് നിങ്ങളെന്നും ഇതു വായിച്ചു കഴിയുമ്പോഴേയ്ക്കും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക. എല്ലാവരെയും പോലെയല്ല നിങ്ങളെന്നും, നിങ്ങള്‍ക്ക് ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും അതിനു വേണ്ടി തയ്യാറെടുത്തു പ്രവര്‍ത്തിക്കുകയാണെന്നും സ്വയം ബോധ്യപ്പെട്ട് ജീവിച്ചു തുടങ്ങുമ്പോള്‍ സന്തോഷം, സമാധാനം എന്നിവയൊക്കെ ജീവതത്തിലേക്കെത്തി നോക്കി നോക്കുന്നത് നിങ്ങള്‍ക്ക് കാണാനാവും. അതിന് ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. എബ്രഹാം ലിങ്കന്റെ ജന്മദിനാഘോഷ വേളയില്‍ ഈ മഹനീയ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാകട്ടെ, മഹനീയമാകട്ടെ..
ഒരാള്‍ക്ക് എങ്ങനെ മഹാനാവാം? (പകല്‍ക്കിനാവ്-37: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
നാരദന്‍ 2017-02-11 12:59:26
നിങ്ങള്‍ ആദ്യം  മഹാന്‍ ആകു  പിന്നെ ആട്ടു മറ്റുള്ളവരേ  മഹാന്‍ ആക്കുന്നത് 

മഹാന്‍ 2017-02-11 13:02:34
5 പെറ്റ പെണ്ണ് വയറ്റാട്ടി 
വരട്ടു ചൊറി മൂത്തവന്‍ കണിയാന്‍ 
ആകുലൻ 2017-02-10 04:50:54
വെറുതെ സൂത്രങ്ങൾ പറഞ്ഞു കൊടുക്കാതെ തുമ്പയിലെ .  ഇനി മലയാളികൾ എങ്ങനെ മഹാനാകാൻപറ്റും എന്നുള്ള ശ്രമം തുടങ്ങും. ഇതേറെനാളും സാഹിത്യകാരനാകാൻ എങ്ങെനെ കഴിയും എന്നായിരുന്നു നോട്ടം , ഓരോ കുഴപ്പങ്ങൾ ഉണ്ടാക്കി വയ്‌ക്കുന്നതെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക