Image

അടുപ്പുകല്ലുകള്‍ക്കിടയില്‍ എരിയുന്ന കനലായ് മലയാളി (ജയശങ്കര്‍ പിള്ള )

Published on 07 February, 2017
അടുപ്പുകല്ലുകള്‍ക്കിടയില്‍ എരിയുന്ന കനലായ് മലയാളി (ജയശങ്കര്‍ പിള്ള )
അമേരിക്ക, കാനഡ ,ഗള്‍ഫ് മേഖലകളില്‍ ഉടലെടുത്ത പുതിയ നയങ്ങള്‍ പ്രവാസ, കുടിയേറ്റ മലയാളികളെ സാമ്പത്തീക ഭദ്രതയില്ലായ്മയിലേക്ക് നയിക്കുന്നു.
ആഗോളവല്‍ക്കരണ കാലത്തു ലോകം ഉറ്റു നോക്കുന്ന പ്രധാന ചില സംഭവങ്ങള്‍ ആണ് ട്രംപ് അമേരിക്കയില്‍ അധികാരമേറ്റതും, കാനഡയുടെ അഭയാര്ഥികളോടുള്ള സ്വാഗത നയവും, അറബ്, ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങളും. തൊഴില്‍മേഖല, സാങ്കേതിക മേഖല, സാമ്പത്തിക മേഖല ഈ മൂന്നു സംവിധാനങ്ങളും തകര്‍ച്ചയിലേക്കും  ഉയര്‍ച്ചയിലേക്കും നയിക്കപ്പെടുന്നതു അമേരിക്ക, യൂറോപ്പ് , ഗള്‍ഫ് മേഖലകളിലെ ദൈനം ദിന മാറ്റങ്ങളില്‍ ആസ്പദമാക്കി ആണ്.

ലോകത്തില്‍ ഏതു രാജ്യം ആയാലും അതിന്റെ ഭരണാധികാരി എപ്പോഴും സ്വന്തം രാജ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തീക ഭദ്രത, വികസനം എന്നിവയില്‍ നിലയുറപ്പിക്കുമ്പോള്‍ മാത്രമേ രാജ്യം പുരോഗതിയിലേക്കു മുന്നേറുകയുള്ളൂ.
അത് അമേരിക്ക ആയാലും, റഷ്യ ആയാലും ഇന്ത്യ ആയാലും. ചില കടുത്ത നടപടികളും, പ്രസ്താവനകളും നടത്തേണ്ടുന്ന ഒരു രാജ്യത്തെ നയിക്കുന്ന ആള്‍ എന്ന നിലയില്‍ ഭരണാധികാരിയുടെ കടമയും ആണ്.
പുതിയ പുതിയ വ്യവസായ വാണിജ്യ, തൊഴില്‍ അവസരങ്ങള്‍ തേടി പോകുക എന്നത് സാധാരണ മനുഷ്യന്റെ, പൗരന്റെ ജന്മ വാസനയും ആണ്. ഈ വസ്തുതകളില്‍ ഉറച്ചു നിന്ന് കൊണ്ട് പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍ ട്രംപും, ട്രൂഡോയും, അറബ് ഭരണാധിപന്മാരും, നരേന്ദ്ര മോദിയും ശരികള്‍ മാത്രം ആണ്.

ഇന്ത്യരാജ്യം എന്നതില്‍ നിന്ന് മലയാളികളും അവരുടെ പ്രശ്‌നങ്ങളിലേക്കും മാത്രം ഒതുങ്ങി നമുക്ക് ചിന്തക്കാം. 1970 വിദേശ വാസികള്‍ ആയ മലയാളികളുടെ പട്ടികയുടെ തുടക്കം എന്ന് വേണമെങ്കില്‍ പറയാം.മലയാളികള്‍ അതിനു മുന്‍പും പ്രവാസികള്‍ ആയിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തെക്കേ ഇന്ത്യയിലെ തമിഴ്, കര്‍ണ്ണാടക, ആന്ധ്ര, കേരളം എന്നിവിടങ്ങളിലെ ജനങ്ങള്‍ ഇന്ത്യയുടെ വടക്കന്‍ , മധ്യ സംസ്ഥാനങ്ങളിലെ പ്രവാസികള്‍ ആയിരുന്നു. സ്വാതന്ത്ര ലബ്ദിക്ക് മുന്‍പും പിന്‍പും സ്ഥിതിഗതികള്‍ ഒരു പോലെ ആയിരുന്നു.

പ്രവാസ സംസ്‌കാരത്തിനു മലയാളിയെ പാകപ്പെടുത്തിയത്, അവന്റെ/ അവളുടെ സഹന ശക്തി, മറു ഭാഷകള്‍ക്കു വഴങ്ങുന്ന മനസ്സ്, മിഷനറികള്‍ നേടി തന്ന ഇന്ഗ്ലീഷ് വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, കണക്ക്, ഷോര്‍ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പിങ് വിദ്യകളില്‍ ഉള്ള അഭിരുചി, കൂടാതെ സ്വന്തം മലയാളത്തോട് കാണാത്ത രീതിയില്‍ മറ്റു ഭാഷക്കാരോടും, തലവന്‍മാരോടും ഉള്ള അമിത ഭവ്യതയും, ബഹുമാനവും, ജോലിയില്‍ ഉള്ള ആത്മാര്‍ഥതയും ഒക്കെ തന്നെ ആണ്. ഇന്ന് നമ്മുടെ കൊച്ചു കേരള0 ഒരു പ്രവാസ കുടിയേറ്റ സംസ്‌കാരത്തിന്റെ അതിഥിയും, ആതിഥേയനും ആണ്. 90 കളുടെ പകുതിയോടെ തമിഴ് മക്കള്‍ കേരളം എന്ന പ്രവാസ ഭൂമിയില്‍ നിന്നും ഒഴിഞ്ഞു തുടങ്ങി എന്ന് കണക്കുകള്‍ പറയുമ്പോള്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്. ഒഴിഞ്ഞു പോയ തമിഴ് മക്കള്‍ വളരെ കുറവാണ്.

അവര്‍ മലയാളികളെ പോലെ വീട് വക്കുവാനും, കച്ചവട സ്ഥാപനങ്ങള്‍ നടത്തുവാനും, മക്കളെ മലയാള, ഇംഗ്‌ളീഷ് സ്‌കൂളുകളില്‍ പഠിപ്പിക്കുവാനും ശീലിച്ചു മലയാളത്തിന്റെ കുടിയേറ്റക്കാര്‍ ആയി, കുറച്ചു പേര് മലയാളത്തിന്റെ മണ്ണില്‍ പണി എടുത്തു സ്വന്തം ജന്മ ദേശത്തു കൃഷിയും കച്ചവടവും, തുടണ്ടി സാമ്പത്തീക ഭദ്രത നേടി തിരിച്ചു പോയി. വീണ്ടും മലയാളികള്‍ ബംഗാളികള്‍ക്കു പ്രവാസവും,കുടിയേറ്റവും നല്‍കി ആതിഥേയര്‍ ആയി. 1940 കളില്‍ കൊച്ചി സിക്ക്, ഗുജറാത്തി, പാഴ്‌സികള്‍, ഇറാനികള്‍ എന്നിവര്‍ക്കായി പ്രവാസ ജീവിതവും, കച്ചവട സംരംഭങ്ങളും തുറന്നു നല്‍കി. പോര്‍ച്ചുഗീസും, ബ്രിടീഷുകാരും ഒക്കെ വിദേശ കുടിയേറ്റക്കാരും പ്രവാസികളും ആയിരുന്നു എങ്കില്‍ ഇവര്‍ ദേശത്തിനകത്തു ദേശാന്തരം നടത്തിയവര്‍ ആയിരുന്നു. ഈ കാലയളവുകളില്‍ എല്ലാം മലയാളികള്‍ ഇന്ത്യകത്തും, വിദേശത്തും,(മലയ,സിങ്കപ്പൂര്‍, ദ്വീപ് സമൂഹങ്ങള്‍, ബര്‍മ്മ, നേപ്പാള്‍,...) ഒക്കെ പോയി ജീവിത ലക്ഷ്യങ്ങള്‍ ഉറപ്പിക്കുകയും,വിജയം വരിക്കുകയും ചെയ്തിരുന്നു.5 പതിറ്റാണ്ടുകളോളം നീളുന്ന പ്രവാസ കുടിയേറ്റ ബന്ധം ആണ് മലയാളിക്ക് അമേരിക്ക, കാനഡ, യൂറോപ്പ്, ഗള്‍ഫ് മേഘലകളോടുള്ളത്. 1980 മുതല്‍ വന്‍ തോതില്‍ മലയാളികള്‍ വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ ആയി പാലായനം ചെയ്തു. നിര്‍മ്മാണം , എഞ്ചിനീറിങ്, ആതുര സേവനo, അക്കൗണ്ടിങ് മേഖലകളില്‍ പ്രവാസം ആരംഭിച്ച മലയാളികള്‍ പ്രമുഖ വ്യവസായികളും, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചു.
കേരളത്തിലെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ കരസ്ഥമാക്കിയ നല്ലൊരു ശതമാനം അമേരിക്കയില്‍ ജോലി ചെയ്യുന്നു.

ട്രംപും ട്രംപിസവും 

അമേരിക്കയുടെ ഭരണ മാറ്റം ലോകത്തെ പിടിച്ചു ഉലച്ചിരിക്കുക ആണ്.തൊഴില്‍ അന്യോഷകര്‍ക്കും, താത്കാലില പ്രവാസികള്‍ക്കും ഭീഷണി ആവുന്ന രീതിയില്‍ ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ ഭാവിയില്‍ എന്താകും എന്ന് വ്യക്തമല്ലാത്ത രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു.7 രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രഷന്‍ നിറുത്തി വച്ചിരിക്കുന്നു. വിസയില്‍ ജോലി ചെയ്യുന്നവര്‍ യാത്ര മദ്ധ്യേ വിസാ നിഷേധത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങുന്നു. മെക്‌സിക്കോക്ക് മേല്‍ അമിത നികുതി ഏര്‍പ്പെടുത്തുന്നു. പല വ്യവസായങ്ങളും അമേരിക്ക നേരിട്ട് നടത്തുവാന്‍ പോകുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവ അമിതമായി വര്‍ധിപ്പിക്കുന്നു. രാജ്യാതിര്‍ത്തിയില്‍ മതിലുകള്‍ പണിയുന്നു. ഇങ്ങനെ നീളുന്ന അസ്വസ്ഥത നിറഞ്ഞ പ്രസ്താവനകള്‍. ഒരു വിദേശ തൊഴിലാളി, സംരംഭകന്‍, പ്രവാസി, കുടിയേറ്റക്കാരന്‍ എന്നീ നിലകളില്‍ ചിന്തിക്കുമ്പോള്‍ തീര്‍ത്തും തെറ്റായ നടപടി ക്രമങ്ങളും, പ്രസ്താവനകളും ആണിതെല്ലാം, പക്ഷെ രാജ്യത്തിലെ ഭരണാധികാരിയുടെ ശരികളും. 

ട്രംപ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കണ്‍സര്‍വേറ്റീവ്  ആശയങ്ങള്‍, കൊളോണലിയനിസം എത്രത്തോളം പ്രാവര്‍ത്തികമാകും? രാജ്യ സുരക്ഷ യുടെ പേരില്‍ വരുത്തിയ താത്കാലിക ഇമ്മിഗ്രെഷന്‍ നിയമങ്ങള്‍ കാതലുള്ളതാണ് എന്ന് നാം മനസ്സിലാക്കണം.ഒരു പ്രത്യേക മത വിഭാഗത്തെ മാറ്റി നിറ്റ്ത്തുവാന്‍ കാരണം ആയതും രാജ്യ സുരക്ഷയെ അടിസ്ഥാനമാക്കി മാത്രം ആണ്.മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ മതില്‍ തീര്‍ക്കുന്നത് മയക്കു മരുന്ന്,ആയുധ കടത്തു എന്നിവ തടയാന്‍ വേണ്ടി മാത്രം ആണ്.ഇത് പ്രായോഗികം അല്ല എങ്കിലും,നിയന്ത്രണ വിധേയം ആക്കുന്നതിനു മുഘ്യ പങ്കു വഹിക്കും.നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ടണലുകള്‍ വഴി നിരന്തരമായി മയക്കുമരുന്ന്,ആയുധം,വ്യാജ കറന്‍സി എന്നിവ അതിര്‍ത്തി കടന്നു അമേരിക്കയിലേക്ക് ഒഴുകുന്നു.ഇത് തടയുവാന്‍ ഇത് വരെയും മറ്റു അമേരിക്കന്‍ സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്? 

അറബ് രാജ്യങ്ങള്‍ പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാജ ഡിഗ്രി കരസ്ഥമാക്കി പല രീതിയില്‍ ഉള്ള കച്ചവടങ്ങള്‍ നടത്തി തലമുറയെ നശിപ്പിക്കുന്ന പതിനായിരങ്ങള്‍ ആണ് ഇന്ന് യു എസി ല്‍ ഉള്ളത്.അമിത പലിശ ഹറാം എന്ന് പറയുന്ന ഇസ്‌ലാം മതത്തില്‍ പെട്ടവര്‍ തന്നെ ആണ് ഇന്ന് അമേരിക്കയിലും,കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ബാങ്കിതര ഇടപാടുകള്‍ നടത്തുന്നത് എന്നത് പകല്‍ പോലെ വ്യക്തവും ആണ്.

പുതിയ ട്രംപ് നടപടികള്‍ തല നോക്കി ചുണ്ണാമ്പ് തൊട്ടു നടപ്പിലാക്കാന്‍ പറ്റുന്നതാണോ? അത് കൊണ്ടാണ് താത്കാലിക മായ നിയന്ത്രണങ്ങള്‍ ഉടനടി നടപ്പിലാക്കുന്നത്.അമേരിക്ക കാനഡ ഉള്‍പ്പടെ ഉള്ള രാജ്യങ്ങളിലെ,ആട്ടോ,മെഡിക്കല്‍ ഉത്പന്നങ്ങള്‍ക്ക് അമിത നികുതി ഏര്‍പ്പെടുത്തും എന്ന് പറയുമ്പോള്‍ ഈ രാജങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില കൂടുകയും കച്ചവടം ഇല്ലാതാകുകയും ചെയ്യും.ഇത് മറ്റു രാജ്യങ്ങളിലെ വ്യവസായങ്ങളെ കൂപ്പു കുതിക്കും.ഇതാണ് ശരി എങ്കില്‍ അതിന്റെ മറുപുറം ഇതാണ്. കാനഡ, മെക്‌സിക്കോ, ജര്‍മ്മനി ഇവിടെ നിര്‍മ്മിക്കുന്ന ആട്ടോ പാട്ടുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ ഇപ്പോള്‍ വില്‍ക്കുന്നത് അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ്. 

അവര്‍ അത് പല പ്രൊഡക്ടുകള്‍ ആയി ലോകത്തിന്റെ പലഭാഗത്തും,വിറ്റഴിക്കുന്നു.ഫോര്‍ഡ് കാര്‍ തന്നെ എടുക്കാം.കാനഡയിലെ വലുതും ചെറുതും ആയ കമ്പനികളില്‍ നിര്‍മ്മിക്കുന്ന പാര്‍ട്ടുകള്‍ ,കമ്പോണന്റുകള്‍ അമേരിക്കയില്‍ അസ്സംബ്ലിള്‍ ചെയ്തു കാര്‍ ആയി തിരികെ കാനഡയില്‍ വില്‍ക്കുന്നു,കാനഡയില്‍ കാറ് നിര്‍മ്മിക്കുന്നു എങ്കിലും അത് മതിയാവാതെ വരുന്നു.

ഇത് പോലെ ആണ് ഒട്ടു മിക്ക എല്ലാ വ്യവസായങ്ങളും.അമേരിക്ക മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു അമിത തീരുവ ഈടാക്കും എന്ന് പറയുമ്പോള്‍ ഓരോ രാജ്യത്തിനും അവരുടെ പോളിസികള്‍ വ്യക്തം ആക്കാന്‍ അധികാരവും അവകാശവും ഉണ്ട്.അമേരിക്കന്‍ പ്രൊഡക്ടുകള്‍,വിദേശ രാജ്യങ്ങള്‍ വാങ്ങണം എങ്കില്‍ അമേരിക്കയുടെ മേലും അമിത തീരുവകള്‍ നടപ്പിലാക്കാവിന്നതേ ഉള്ളൂ.അത് അംഗീകരിക്കാന്‍ ട്രംപിന് സാധിച്ചില്ല എങ്കില്‍ കെട്ടികിടക്കുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ മാത്രം ആയിരിക്കും ഭാവിയില്‍ നമുക്ക് കാണുവാന്‍ കഴിയുക.ഏഷ്യന്‍ രാജ്യങ്ങള്‍ മാന്‍ പവര്‍ നല്‍കിയില്ല എങ്കില്‍ തകരുന്ന സാമ്പത്തീക ഭദ്രത മാത്രമേ ലോക നേതാവ് അമേരിക്കയ്ക്ക് ഉള്ളൂ.

രാജ്യ പുരോഗതിക്കും,സുരക്ഷക്കും വേണ്ടി ട്രംപ് നടത്തുന്ന ഭരണ മാറ്റങ്ങള്‍ അമേരിക്കകാരന് അനുകൂലം ആയാലും,ദൂര വ്യാപകമായി അത് തിരിച്ചടി ആയിരിക്കും എന്ന് നമുക്ക് ഉറപ്പിക്കാം.

കുടിയേറ്റ പ്രീണന നയവുമായി ട്രൂഡോ 

കാനഡ സ്വതന്ത്രവും സുന്ദരവും ആയ രാജ്യം.ജാതി മത വര്‍ഗ്ഗ നിറ വ്യത്യാസമില്ലാത്ത സുന്ദരവും നിയമ പരിരക്ഷയും ലഭിക്കുന്ന രാജ്യം എന്നാണ് വിശേഷണം എങ്കിലും സ്ഥിതിഗതികള്‍ തികച്ചും വിപരീതം ആണ്.പുതിയ ലിബറല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ക്കു കടിഞ്ഞാണ്‍ പൊട്ടിയത് പോലെ ആയി എന്ന് വേണം പറയാന്‍.കഴിഞ്ഞ രണ്ടു ഗഡു കാനഡ കണ്‍സര്‍വേറ്റീവ് ഭര്‍ക്കുകയും,തൊഴില്‍,വികസനം,ഇമ്മിഗ്രേഷന്‍,വ്യവസായ വാണിജ്യ മേഖലകള്‍ വിദ്യാഭ്യാസം എന്നിവയില്‍ അതിനു മുന്‍പ് ഉണ്ടായിരുന്ന സര്‍ക്കാര്‍ വരുത്തി വച്ച പാകപ്പിഴകള്‍ ഉള്‍പ്പെടെ പലതും പാരികരിക്കപ്പെടുക ഉണ്ടായി.

എന്നാല്‍ സ്ഥിതി വിശേഷം വീണ്ടും കുഴഞ്ഞു മറിഞ്ഞിരിക്കുന്നു.എല്ലാം സുതാര്യ വല്‍ക്കരിച്ചു രാജ്യത്തിന്റെ സുരക്ഷാ തന്നെ താറുമാറായി കൊണ്ടിരിക്കുന്നു.ഇപ്പോള്‍ പ്രധാന മന്ത്രി നടത്തിയ പ്രസ്താവന തിളച്ചും സുരക്ഷിത മല്ലാത്തതാണ് എന്ന് ക്യുബക്ക് സംഭവം വെളിവാക്കുന്നു.ലിബറല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു മാസങ്ങള്‍ക്കകം 40000 നടുത്തു സിറിയന്‍ അഭയാര്‍ഥികളുടെ പ്രവാഹം ആണ് കാനഡയിലേക്ക് ഉണ്ടായത്.വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് സെകുരിറ്റി ചെക്കുകള്‍ പൂര്‍ത്തി ആക്കി ഇത്രയും അഭയാര്‍ത്ഥികള്‍ കാനഡയില്‍ പ്രവേശിച്ചപ്പോള്‍ അതിനു എത്രത്തോളം സുതാര്യത ഉണ്ട് എന്ന് വിശദമായി അന്യോഷിക്കേണ്ടിയിരിക്കുന്നു.
സ്ഥിര താനസക്കാരും,കനേഡിയന്‍ പൗരന്‍ മാരും തൊഴില്‍ ഇല്ലായ്മയും, കട ബാധ്യതയിലും, വിലകയറ്റത്തിലും നട്ടം തിരിയുമ്പോള്‍,വിദ്ധ്യാഭ്യാസ വിസ കച്ചവടം,അഭയാര്‍ത്ഥി കച്ചവടം വഴിയും പാര്‍ട്ടി ഫണ്ട് പിരിക്കുന്ന ഒരു പാര്‍ട്ടി ആയി ലിബറല്‍ മാറിയോ? 

 സ്വാന്തമായി വീടോ, ജനന സര്‍ട്ടിഫിക്കറ്റു അടക്കം ഉള്ള രേഖകളോ, കൂടപ്പിറപ്പുകളോ ഒന്നും ഇല്ലാത്തതോ, തിരിച്ചറിയപ്പെടുകയോ ചെയ്യാത്ത സിറിയന്‍ അഭയാര്‍ഥികളുടെ വരവോടു കൂടി എത്ര ഐ എസ തീവ്രവാദികള്‍ കാനഡയില്‍ കുടിയേറി എന്നതിന് വല്ല തെളിവുകളും ഉണ്ടോ? ഒരു കുടുംബത്തില്‍ കൊച്ചു കുട്ടികള്‍ അടക്കം 5 നും 10 നും ഇടക്കാണ് സിറിയയില്‍ ഉള്ളത്. അതില്‍ പലരും ലഹളയില്‍ മരണപ്പെട്ടു പോയതിനു രേഖകള്‍ പോലും ബാക്കിയില്ല. സര്‍ക്കാര്‍ ആഫീസുകളില്‍ ചാരവും, മണ്‍കൂനകളും മാത്രമല്ലാതെ ഒന്നും അവശേഷിക്കാത്ത സിറിയയില്‍ എങ്ങിനെ സുരക്ഷാ പരിശോധനകള്‍ നടത്തി എന്നാണു കനേഡിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എല്ലാം നഷ്ടപ്പെട്ടു ഒരു തുള്ളി വെള്ളത്തിന് കേഴുന്ന സിറിയന്‍ വംശജന് കൈ നിറയെ പണം നല്‍കാം എന്ന് പറഞ്ഞാല്‍ ഏതു തീവ്രവാദി ബന്ധം ഉള്ളവനെയും സ്വന്തം മകനോ, ഭര്‍ത്താവോ, ഭാര്യയോ, ഒക്കെ ആയി ചമച്ചു അഭയാര്‍ത്ഥി ആയി കൊണ്ട് വരുവാന്‍ എന്താണ് പ്രയാസം. 

ഇതൊന്നും മുഖവിലയ്ക്ക് പോലും എടുക്കാതെ നടത്തിയ ലിബറല്‍ സര്‍ക്കാര്‍ വീണ്ടും ട്രമ്പിനു എതിരെ മറു പ്രസ്താവന ഇറക്കിയിരുന്നു. അപ്രായോഗികവും,അപക്വതാ പരവുമായ പ്രസ്താവന.രാജ്യത്തു തൊഴില്‍ ഇല്ലായ്മ പെരുകുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പുതിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റസ് നെ കൊണ്ട് വരുന്നു.4 ഡോളര്‍ മുതല്‍ ജോലി ചെയ്യുന്ന കുട്ടികള്‍ പലരും വഴി പിഴച്ച രീതിയില്‍ പണ സമ്പാദനത്തിനു പോകുന്നത് നിത്യ കാഴ്ചയാകുന്നു.നമുക്ക് മനസ്സിലാക്കേണ്ടുന്ന മറ്റൊരു കാര്യം 'made in Canada 'എന്ന് പറഞ്ഞു ആഗോള നിലവാരത്തില്‍ എത്ര പ്രോഡക്റ്റുകള്‍ ഇന്ന് നിലവില്‍ ഉണ്ട്?സ്വതന്ത്രമായ രാജ്യം,സുന്ദരമായ രാജ്യം ഇതൊഴിച്ചാല്‍ തൊഴില്‍ സുരക്ഷാ ഇല്ലാത്ത,ആഗോള തലത്തിലെ സാമ്പത്തീക വീഴ്ചകള്‍ ആദ്യം പ്രഹരം ഏല്പിക്കുന്ന രാജ്യം കാനഡ ആണെന്നതിനു സംശയം ഇല്ല.ട്രൂഡോ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്ന സാമ്പത്തീക നയങ്ങളും ,അഭയാര്‍ത്ഥി അനുനയവും,ഇമ്മിഗ്രേഷന്‍ നിയമത്തിലെ സുതാര്യതയും,അതി വിദൂര മല്ലാത്ത, പട്ടിണി, തൊഴിലില്ലായ്മ, രാജ്യ സുരക്ഷാ വീഴ്ച എന്നിവയുടെ ചവിട്ടു പടികള്‍ മാത്രമാണ് എന്ന് ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രവാസമെന്ന മരുഭൂമി 

ഇതുവരെ  നാം  പറഞ്ഞത് കുടിയേറ്റ മേഖലയിലെ കുലംകുത്തികളെ പറ്റി ആയിരുന്നു വെങ്കില്‍,
ഇനി കേരളത്തിന്റെ ഭാവി നിര്‍ണ്ണയിച്ച ഗള്‍ഫ് എന്ന പറുദീസയെ പാട്ടി ആണ്.മലയാളി പ്രവാസി ആകുന്നതു ഗള്‍ഫില്‍ മാത്രം ആണ്.ഒരു തിരിച്ചു പോക്ക് എന്നും മനസ്സില്‍ ഗൃഹാതുരത്വത്തോടെ സൂക്ഷിക്കുന്ന മലയാളി.കുടുംബത്തിന് വേണ്ടി കഷ്ട്ടപ്പെടുന്നവന്‍.സത്യത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്കും അവിടത്തെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാവിയെയും ആണ്. വിസ പുതുക്കുന്നതിന് ഉള്ള പ്രായ പരിധിയും,സ്വദേശി വല്‍ക്കരണവും,അമിത വിലക്കയറ്റവും,തൊഴില്‍ നഷ്ടവും എല്ലാം ഗള്‍ഫ് മലയാളികളെ കുഴപ്പിച്ചിരിക്കുന്നു.

നാട്ടില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന മക്കള്‍,വീടുകള്‍ പണിതു കടം വാങ്ങി അത് തിരിച്ചടക്കാന്‍ ബുദ്ധി മുട്ടുന്നവര്‍,ആധുനികതയുടെ കാലത്തു പൊന്നും പണ്ടവും,കാറും വീടും സ്ത്രീ ധനം നല്‍കാന്‍ പാട് പെടുന്നവര്‍.അങ്ങിനെ ചുട്ടു പൊള്ളുന്ന മണലില്‍ സമ്പന്നതയുടെ നാട്ടില്‍ പച്ച നെല്ല് ചട്ടിയില്‍ വറുത്തു മലര്‍ പൊട്ടുന്നത് പോലെ യുള്ള ജീവിതങ്ങള്‍ ആണ് 80 ശതമാനം പ്രവാസികളും എന്ന് നാം അറിയേണ്ടിയിരിക്കുന്നു .ട്രംപ് നടത്തിയ വിസാ വിലക്കുകള്‍ അറബ് രാജ്യത്തെ അമേരിക്കയില്‍ മുതല്‍ മുടക്കുള്ള വ്യവസായികള്‍ക്കും,അവരുടെ മക്കളുടെ പഠനവും എല്ലാം താറുമാറാക്കും,ഇത് പരോക്ഷമായി ബാധിക്കുക പ്രവാസികളെ ആയിരിക്കും,കൂടാതെ പാകിസ്ഥാന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,ഇറാന്‍,യമന്‍,ഇവിടെ ഉള്ളവര്‍ അമേരിക്ക വിട്ടു ഇനി തൊഴിലിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്യും,മതപരവും,ഭാഷാപരവും ആയ വേര്‍തിരിവുകള്‍ ലോകത്തു വ്യാപിച്ചിരിക്കുന്ന ആധുനികതയില്‍ ഇത് മലയാളി സമൂഹത്തിനു തിരിച്ചടി ആകും എന്നത് തീര്‍ച്ച തന്നെ.

ഇനിയുള്ള നാളുകള്‍ തിരിച്ചറിവിന്റെ നാളുകള്‍ ആണ്.ലോകം ടെക്‌നോളജിയുടെ വിരല്‍ത്തുമ്പിലേക്കു ചുരുങ്ങിയപ്പോള്‍,മനുഷ്യ മനസ്സുകളും ചുരുങ്ങിയിരിക്കുന്നു.വിശാല മായ ലോകത്തു ഇര തേടി പരന്ന പ്രവാസ കുടിയേറ്റ മലയാളികള്‍ക്ക് ഇനി തെറ്റാലുകളെ ഭയക്കേണ്ടിയിരിക്കുന്നു.നമുക്ക് നമ്മുടെ രാജ്യത്തിന്റെ സമ്പത്തും ശക്തിയും അവസരങ്ങളും തിരിച്ചറിയുവാനും,ഉപയുക്തമാക്കുവാനും സമയമായിരിക്കുന്നു.നാട്ടിലേക്ക് ഉള്ള മടക്കുയാത്രപോലെ തന്നെ സഹോദര്യത്തിലേക്കുള്ള തിരിച്ചു പോക്കും നമുക്ക് സ്വായത്വമാക്കേണ്ടിയിരിക്കുന്നു

എന്നാല്‍ തൂപ്പുകാരന്‍ മുതല്‍ ബഹിരാകാശം വരെ യുള്ള തൊഴില്‍ മേഖലയില്‍. ഇന്ത്യക്കു ഇന്നുള്ളതും,ജനം മനസ്സിലാക്കാത്തതും ആയ ശക്തി 'സ്വയം പര്യാപ്തത' എന്ന പദത്തിന്റെ അര്‍ത്ഥം മാത്രം ആണ്.എല്ലാം ഉണ്ട് പക്ഷെ അത് തിരിച്ചറിയാനും സ്വന്തം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും ഉപയോഗിക്കാനും ഉള്ള കഴിവ് എനിക്കും നിങ്ങള്‍ക്കും ഇല്ലാതായിരിക്കുന്നു , പ്രവാസിയും,കുടിയേറ്റവും ഒക്കെ ആയി മറ്റു രാജ്യങ്ങളുടെ വ്യവസായ,ഭരണ,വാണിജ്യ നയങ്ങളെ ചോദ്യം ചെയ്തും,കുറ്റം പറഞ്ഞും,മാറ്റം ആവശ്യപ്പെട്ടും സമയം കഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് നമ്മള്‍.ഇത്രയേറെ വിദേശനാണ്യം സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുക്കുന്ന പ്രവാസികള്‍ക്കും ,കുടിയേറ്റക്കാര്‍ക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ പരിഗണനയും ലഭിക്കുന്നില്ല എന്ന് മാത്രം ആല്ല,അവരുടെ പ്രശ്‌നങ്ങളെ മറ്റു രാജ്യ തലവന്മാരുടെ ശ്രെദ്ധയില്‍ പ്പെടുത്തി ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സന്നദ്ധമാകുന്നുമില്ല.അടുപ്പുകല്ലുകള്‍ക്കിടയില്‍ (വടക്കേ അമേരിക്ക,യൂറോപ്പ്,ഗള്‍ഫ്) എരിയുന്ന കനലുകള്‍ ആയി മലയാളി നിരന്തരം മരിച്ചു കൊണ്ടിരിക്കുന്നു.

തയ്യാറാക്കിയത്:ജയശങ്കര്‍ പിള്ള 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക