Image

ഹൃദയമില്ലാത്ത പ്രണയം (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 13 February, 2017
ഹൃദയമില്ലാത്ത പ്രണയം (മീട്ടു റഹ്മത്ത് കലാം)
ആഘോഷങ്ങളുടേതായിരുന്ന കൗമാരപ്രണയങ്ങളില്‍ ഇന്ന് ഭയത്തിന്റെ നിഴല്‍ വീണിരിക്കുന്നു. 'ക്യാമ്പസ് ലവി'ന്റെ  പ്രതീകമായിരുന്ന പനിനീര്‍ പുഷ്പങ്ങളിലൂടെ ചോരത്തുള്ളികള്‍ ഇറ്റു വീഴുന്ന കാഴ്ച!

പ്രണയം നിരസിച്ചതിന് കയ്യില്‍ കരുതിയിരുന്ന റിവോള്‍വര്‍ എടുത്ത് യുവതിയെ വെടിവെച്ചു വീഴ്ത്തിയ വിദേശിയുടെ വാര്‍ത്തയെ 'പാശ്ചാത്യസംസ്‌ക്കാരം' എന്ന് വിലയിരുത്തുകയും ഇതേ കാരണത്താല്‍ വടക്കേ ഇന്ത്യയില്‍ ആസിഡ് ആക്രണം നടക്കുമ്പോള്‍ സാക്ഷരകേരളത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുകയും ചെയ്തവരാണ് നമ്മളില്‍ പലരും. 2017 തുടങ്ങി രണ്ട് മാസം പിന്നിടും മുന്‍പ് SME കോളജ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും പെരുമ്പാവൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയ്ക്കും ഉദയംപേരൂരിലെ ബിരുദ വിദ്യാര്‍ത്ഥിനിയ്ക്കും നേരേ ഉണ്ടായ വധശ്രമങ്ങളും വിരല്‍ചൂണ്ടുന്നത് യുവതലമുറയുടെ മാറുന്ന മാനസികതലത്തിലേയ്ക്കാണ്.

ക്യാമ്പസ് പ്രണയങ്ങളെ പൊതുവായി ദിവ്യം, ആത്മാര്‍ത്ഥം, കപടം, ടൈം പാസ് എന്നൊക്കെ തരംതിരിക്കാറുണ്ട്. വിവാഹം വരെ ചെന്നെത്തുന്ന ബന്ധങ്ങളും എന്നും സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്നവയുമൊക്കെ ക്യാമ്പസുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. ഹിപ്പി സംസ്‌കാരവും കഞ്ചാവും കവിതയുമൊക്കെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും ഉണ്ടായിരുന്ന കോളജ് കാലത്തും പെണ്‍കുട്ടികള്‍ സുരക്ഷിതരായിരുന്നു. 'ക്ലാസ്‌മേറ്റ്‌സിലെ' പയസിനെ(ഇന്ദ്രജിത്തിന്റെ കഥാപാത്രം) പോലെ പൂവാലന്‍ ഇമേജ് സ്വയം ഉണ്ടാക്കി വെറുതെ രസത്തിന് പെണ്ണുങ്ങളുടെ പിറകേ നടക്കുന്ന ഉപദ്രവമേതുമില്ലാത്ത ശല്യക്കാരും നമുക്ക് പരിചിതരാണ്. ഇഷ്ടം തുറന്നുപറയാന്‍ കഴിയാത്തവരുടെ ഹൃദയമിടിപ്പും പ്രണയം പൂത്തുലയുന്നതിന്റെ ആനന്ദവും കൊഴിഞ്ഞു വീഴുന്നതിന്റെ നോവും തൊട്ടറിഞ്ഞ ക്യാമ്പസ് മതിലുകളിലൂടെ നിസ്സഹായമായ നിലവിളികള്‍ ഉയര്‍ന്നപ്പോള്‍ ഞെട്ടലോടെയാണ് മലയാളികളത് ശ്രവിച്ചത്.

നിനക്കെന്നെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് 'ആണ്' അല്ലെങ്കില്‍ 'അല്ല' എന്നീ രണ്ട് ഉത്തരങ്ങളില്‍ ഏതെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനും അര്‍ഹിക്കുന്ന ഒന്നാണ്. പിടിച്ചുവാങ്ങാനോ, നേടിയെടുക്കാനോ കഴിയുന്നതല്ല പ്രണയം. പൂവിടര്‍ന്നുവരും പോലെ സ്വാഭാവികമായി സംഭവിക്കുമ്പോള്‍ മാത്രമേ അതിന് ഭംഗിയുള്ളൂ. ഒരാളെ സ്‌നേഹിക്കുമ്പോള്‍ അയാളുടെ നന്മയില്‍ സന്തോഷിക്കുകയും ദുഃഖങ്ങളില്‍ വേദനിക്കാനും കഴിയണം. എന്റെ കൂടെ ജീവിക്കാന്‍ തയ്യാറല്ലെങ്കില്‍ നീ ഇനി ജീവിക്കേണ്ട എന്ന തീരുമാനം എടുക്കുമ്പോള്‍ അത് പ്രണയമല്ല, ഭ്രമം മാത്രമാണ്. സ്‌നേഹത്തിന്റെ നിസ്വാര്‍ത്ഥ മുഖം വെടിഞ്ഞ്, തികഞ്ഞ സ്വാര്‍ത്ഥതയുടെ ജ്വലിക്കുന്ന മുഖം.

പ്രണയം ഊര്‍ജ്ജത്തിന്റെ കലവറയാണ്. അസാധ്യമായതിനൊക്കെ അവിടെ സാധ്യതകള്‍ തെളിയും. വാനോളം പറന്നുയര്‍ന്ന പട്ടം, നൂലുവിട്ടു താഴെ വീഴുന്നതുപോലെയാണ് പ്രണയം നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ. എത്ര ഉയരത്തില്‍ നിന്ന് വീഴുന്നോ, അത്ര ആഴത്തില്‍ മുറിവേല്‍ക്കും. അതു കൊണ്ടുതന്നെ, ദേശീയ ശരാശരിയില്‍ മാനസികനില തെറ്റിയ യുവാക്കളില്‍ 64 ശതമാനത്തിന്റെയും കാരണമായി കണ്ടെത്തിയത് പ്രണയനൈരാശ്യമാണ്. ജീവിതത്തില്‍ പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും മനസ്സിനെ തീവ്രമായി ഉലയ്ക്കുന്ന വികാരമായാണ് പ്രണയം കണക്കാക്കപ്പെടുന്നത്.

എല്ലാവരിലും ഓരോ തരത്തില്‍ ഭ്രാന്തിന്റെ അംശമുണ്ടെന്നാണ് മനഃശാസ്ത്രജ്ഞരുടെ പക്ഷം. വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും ഇതിന്റെ പ്രതിഫലനമാണ്. ചിന്തകളെയും പ്രവൃത്തികളെയും സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയുന്നിടത്താണ് മനുഷ്യന്‍ 'നോര്‍മല്‍' എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. അതിനെ മറികടക്കാനുള്ള പിന്തുണ സമൂഹത്തില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും കിട്ടാതെ വരുന്നതാണ് ദാരുണമായ സംഭവങ്ങളില്‍ കലാശിക്കുന്നത്.
മാതാപിതാക്കള്‍ കുട്ടികളുടെ ഓരോ ചലനങ്ങളും അറിഞ്ഞിരിക്കണം. അതുപക്ഷേ, ഒരിക്കലും അവരെ ചോദ്യം ചെയ്തും അവിശ്വാസത്തോടെ തുറിച്ചുനോക്കിയും പിന്‍തുടര്‍ന്നും ആകരുത്. ആശങ്കകള്‍ പങ്കുവയ്ക്കാനും ഏതവസ്ഥയിലും തണലാകുമെന്നുമുള്ള ഉറപ്പ് കുട്ടികള്‍ക്ക് അവരുടെ മേല്‍ ഉണ്ടാഇരിക്കണം. ഒരു നിമിഷത്തിന്റെ ആവേശം അണയ്ക്കുന്ന ജീവിതവും സ്വപ്‌നങ്ങളും കുടുംബത്തിന്റെ പ്രതീക്ഷയുമൊക്കെ പക്വതയോടെ ചിന്തിക്കാന്‍ യുവതലമുറ പ്രാപ്തരാകണം.
 കമിതാക്കള്‍ക്കുവേണ്ടി ഹൃദയരക്തം ചിന്തിയ സെയ്ന്റ് വാലന്റൈന്‍ വിഭാവനം ചെയ്ത നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ പൂക്കള്‍ എങ്ങും വിരിയട്ടെ.

ഹൃദയമില്ലാത്ത പ്രണയം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
PRG 2017-02-13 23:14:53
good. keep it up
Dr. Sasi 2017-02-14 13:41:35

അമ്മമാരെയാണ് ഇന്ന്  നമ്മുടെ സമൂഹത്തിൽ  കൂടുതലും കാണാൻ കഴിയൂന്നതു!! മാതാവിനെ കാണാൻ കഴിയുന്നില്ല !! അതാണ്  നമ്മുടെ സമൂഹത്തിന്റെ ദുരന്തം  മീടു!! മാതാവ് (മാതൃ)എന്ന ശബ്ദത്തിന്റെ അർഥം കൂട്ടികളുടെ മനസ്സ് അളക്കാൻ കഴിയുന്നവൾ എന്നാണ് ! 

പലപ്പോളും കുട്ടി  ഗർഭിണിയാകുബോളാണ് 'അമ്മ അറിയൂന്നതു!

അവരെ 'അമ്മ എന്നു വിളിക്കാം!!പക്ഷേ  മാതാവ് എന്നു വിളിക്കല്ലേ !!!!

(Dr.Sasi

MOHAN MAVUNKAL 2017-02-14 10:59:19
As usual, GREAT!!!!!!may  God bless you!!!!!!!
KRISHNA 2017-02-14 20:19:58
ചിന്തിപ്പിക്കുന്ന സുന്ദരലേഖനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക