Image

പരിഹസിക്കുന്നവരേക്കാള്‍ നല്ലവരായേക്കാം പരിഹസിക്കപ്പെടുന്നവര്‍ (ജോയ് ഇട്ടന്‍)

Published on 14 February, 2017
പരിഹസിക്കുന്നവരേക്കാള്‍ നല്ലവരായേക്കാം പരിഹസിക്കപ്പെടുന്നവര്‍ (ജോയ് ഇട്ടന്‍)
ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിമാരുടെ ലിസ്‌റ്റെടുത്തല്‍ അതില്‍ മുന്തിയ സ്ഥാനം തന്നെ ആണ് അടല്‍ബിഹാരി വാജ്‌പേയിക്ക് ലഭിക്കുക .കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം .അത് അദ്ദേഹത്തിന് ലഭിച്ചത് അദ്ദേഹം ഒരു ആര്‍ എസ് എസ്സുകാരനായതുകൊണ്ടല്ല .മറിച്ചു അദ്ദേഹം നേടിയ വായനയിലൂടെ ആണന്നു ഞാന്‍ വിശ്വസിക്കുന്നു .അതുകൊണ്ടു അദ്ദേഹം നമുക്ക് പ്രിയപപെട്ടയാള്‍ തന്നെ .പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്തു തന്നെ കാണാന്‍ ചെന്ന പത്രപ്രവര്ത്തകന് ചായ ഇട്ടു നല്‍കുന്ന ഒരു ചിത്രം നമ്മുടെ മനസിലുണ്ട് .

അടല്‍ ബിഹാരി വാജ്‌പേയിയെപോലും നാണിപ്പിക്കുന്ന തരത്തില്‍ നമ്മുടെ പ്രിയങ്കരനായ മോഡി ഈയിടെ ഒരു പ്രസ്!താവന നടത്തി .മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വ്യക്തി വൈശിഷ്ട്യത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഒരു പ്രസ്!താവന അദ്ദേഹം നടത്തിയത് നമ്മുടെ സംസ്കാരത്തിന് തന്നെ കളങ്കം ആയിപ്പോയി.അദ്ദേഹത്തെ ചെറുതാക്കിക്കാണിക്കുവാനും നോട്ടുമരവിപ്പിക്കലിനെതിരേ മന്‍മോഹന്‍സിങ് സഭയില്‍ നടത്തിയ അതിനിശിതമായ വിമര്‍ശനത്തിനുള്ള വിരോധം തീര്‍ക്കലുമായിരുന്നു നരേന്ദ്രമോദിയില്‍ നിന്നുണ്ടായതു എന്ന് അനുമാനിക്കണം. നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് പ്രധാനമന്ത്രി ഇത്തരമൊരു പദപ്രയോഗം നടത്തിയത്.

എപ്പോഴും പ്രധാനമന്ത്രിസ്ഥാനത്തിന് ചേരാത്ത വാക്കുകളാണ് നരേന്ദ്രമോദിയില്‍നിന്നു വരുന്നത്. മഹത്തായ ഒരു പാരമ്പര്യവും മൂല്യങ്ങളുടെ ശേഷിപ്പുകളും അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍നിന്നു ജനം പ്രതീക്ഷിക്കുന്നത് പക്വതയാര്‍ന്ന പെരുമാറ്റവും വാക്കുകളുമാണ്. മറ്റുള്ളവരെ പരിഹസിച്ച് മുറിവേല്‍പ്പിക്കുന്നത് പ്രധാനമന്ത്രിക്ക് ചേരുന്നതല്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറിച്ച് കഴിഞ്ഞദിവസം അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ മഴക്കോട്ടു പരാമര്‍ശം തീര്‍ത്തും അനുചിതമായിപ്പോയി. ഈ പദപ്രയോഗം ഇതിനകം തന്നെ ഒട്ടേറെ വിവാദങ്ങള്‍ക്കിടവരുത്തുകയും ചെയ്തു. മഴക്കോട്ടു ധരിച്ച് കുളിമുറിയില്‍ കുളിക്കുന്നയാള്‍ എന്ന് മന്‍മോഹന്‍സിങിനെ വിശേഷിപ്പിച്ചതിലൂടെ തന്റെ ചുറ്റിനുമുള്ളവര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ താന്‍ മഴക്കോട്ടു പ്രതിരോധം തീര്‍ത്ത് അനങ്ങാതിരിക്കുകയായിരുന്നുവെന്ന പരോക്ഷപരിഹാസമാണതില്‍ അടങ്ങിയിരിക്കുന്നത്.

നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം തന്നെയായിരുന്നു എ.ബി വാജ്‌പേയിയും പ്രതിനിധീകരിച്ചിരുന്നത്. പക്ഷേ, പൊതുസമൂഹത്തെയും പാര്‍ലമെന്റിനെയും അദ്ദേഹം അഭിമുഖീകരിച്ചിരുന്നത് കുലീനമായിട്ടായിരുന്നു. ബി.ജെ.പിയുടെ മുഖംമൂടിയാണ് എ.ബി വാജ്‌പേയിയെന്ന് ആര്‍.എസ്.എസ് ദാര്‍ശനികനായിരുന്ന ഗോവിന്ദാചാര്യ എ.ബി വാജ്‌പേയിയെ വിമര്‍ശിച്ചതിന് ശേഷം ഏറെനാള്‍ അദ്ദേഹം ബി.ജെ.പിയില്‍ തുടര്‍ന്നില്ല. തന്റെ പ്രസ്ഥാനം എന്തായാലും രാജ്യത്തിന്റെ മര്‍മപ്രധാനമായ സ്ഥാനത്തു വരുമ്പോള്‍ പാലിക്കേണ്ട വാക്കുകളും ചിട്ടകളും ഉണ്ട്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിനന്ദനം പോലും ഏറ്റുവാങ്ങിയ വാജ്‌പേയി അത് നേടിയെടുത്തത് പത്രമാധ്യമങ്ങളെ വിലക്കെടുത്തിട്ടോ വിദേശത്തുനിന്നുള്ള പബ്ലിക് റിലേഷന്‍ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തിയോ ആയിരുന്നില്ല.

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കുള്ള ദൂരം ദിവസംകഴിയുംതോറും കൂടിവരികയാണ്. രണ്ടുപേരും ഒരേ പ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നിട്ടുപോലും അവര്‍ തമ്മിലുള്ള അന്തരം വാക്കുകള്‍ കൊണ്ടും ശരീരഭാഷകള്‍ കൊണ്ടും ഏറെ പ്രകടമായിക്കൊണ്ടിരിക്കുന്നു. പ്രതിയോഗികള്‍ ആവേശത്തോടെ കേട്ടതായിരുന്നു വാജ്‌പേയുടെ വാക്കുകളെങ്കില്‍ അനുയായികളെപ്പോലും അകറ്റിക്കൊണ്ടിരിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും ശരീരഭാഷയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക