Image

വ്യക്തമായ സാമൂഹിക നോട്ടങ്ങള്‍ (ഈ സ്വപ്‌നഭൂമിയില്‍-ആസ്വാദനം: വി.ജി. നകുല്‍)

Published on 15 February, 2017
വ്യക്തമായ സാമൂഹിക നോട്ടങ്ങള്‍ (ഈ സ്വപ്‌നഭൂമിയില്‍-ആസ്വാദനം: വി.ജി. നകുല്‍)
ഈ സ്വപ്‌നഭൂമിയില്‍
എബ്രഹാം തോമസ്, പ്രഭാത് ബുക് ഹൗസ്

ടെക്‌നാളജി, ദാമ്പത്യ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി ഒരു സമൂഹത്തെ ബാധിക്കുന്ന  എല്ലാക്കാര്യങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.

ലളിതമായ ഭാഷയിലെഴുതപ്പെട്ട ഗൗരവ സ്വഭാവമുള്ള മികച്ച ലേഖനങ്ങളുടെ സമാഹാരം എന്ന് എബ്രഹാം തോമസ് എഴുതിയ ഈ സ്വപ്‌ന ഭൂമിയില്‍ എന്ന പുസ്തകത്തെ വിശേഷിപ്പിക്കാം. സമകാലിക അമേരിക്കന്‍ സാമൂഹികാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഒരു മലയാളി പത്രപ്രവര്‍ത്തകന്റെ കാഴ്ചപ്പാടുകള്‍ എന്നതിലുപരി, സമകാലിക അമേരിക്കയെക്കുറിച്ച് ഒരു ബോധവല്‍ക്കരണപ്രക്രിയയായി ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളെ വിശേഷിപ്പിക്കാം. 

അമേരിക്കയില്‍ മാറി മാറി വരുന്ന നിയമങ്ങളും, സംവിധാനവും സാധാരണക്കാരന്റെ പ്രശ്‌നങ്ങളും അവന് ലഭ്യമാവുന്ന സഹായസഹകരണങ്ങളും എല്ലാം തന്നെ മലയാളിക്ക് അന്യമാണ്. തോറ്റ്, പരീക്ഷിച്ചറിഞ്ഞ് മനസ്സിലാക്കുക മാത്രമാണ് അവന്റെ വിധി. അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചും അവന്‍ പൊതുവേ അജ്ഞനാണ്. ഈയൊരു നിലപാടു തറയില്‍ നിന്ന് കാര്യങ്ങളെ നോക്കിക്കാണാനും, വിശകലനം ചെയ്യാനും ശ്രമിക്കുന്നു എബ്രഹാം തോമസ്. ചെറുതും വലുതുമായ 26 ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

അമേരിക്കന്‍ മലയാളിയുടെ ജീവിതം വിശകലനം ചെയ്യപ്പെടേണ്ടതാണ്. കേരളത്തിലും, ഇന്ത്യയിലും പലതരം ബിരുദങ്ങള്‍ നേടി, തൊഴില്‍ പരിചയവുമായെത്തുന്ന ഭൂരിഭാഗം പുരുഷന്‍മാര്‍ക്കും അമേരിക്കയില്‍ ലഭിക്കുന്നത് കുറഞ്ഞ കൂലി നല്‍കുന്ന കമ്പനിയിലെ ഓപ്പറേറ്റര്‍ ജോലിയാണ്. നല്ല ശതമാനം സ്ത്രീകള്‍ രജിസ്‌ട്രേഡ് നേഴ്‌സുമാരായി രാപകലില്ലാതെ ജോലി ചെയ്ത് ആറക്കസംഖ്യ വാര്‍ഷിക വരുമാനമുണ്ടാക്കുമ്പോള്‍ അവരുടെ ഭര്‍ത്താക്കന്‍മാരില്‍ പലര്‍ക്കും ഇതിന്റെ നാലിലൊന്നായിരിക്കും വരുമാനം. 

പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടി മദ്യപാനം, ചീട്ടുകളി, പരദൂഷണം, ദാമ്പത്യത്തകര്‍ച്ച, വിവാഹമോചനം, ആത്മഹത്യ മുതല്‍ വളരെ ചുരുക്കം കൊലപാതകത്തില്‍ വരെ ചെന്നെത്തിയിട്ടുണ്ട്. സംഘടനകളിലും, ആരാധനസ്ഥലങ്ങളിലും ഭാരവാഹികളായി തിളങ്ങാന്‍ തരംതാണ രാഷ്ട്രീയവും, പാരവയ്പ്പും സര്‍വ്വസാധാരണമായി മാറിയപ്പോള്‍ പുരുഷന്‍മാര്‍ക്ക് ഒഴിവു സമയം വിനിയോഗിക്കുവാന്‍ അവസരമായി. 

ഇപ്പോള്‍ സ്ത്രീകളും ഈ രംഗങ്ങളില്‍ സജീവ സാന്നിധ്യം വ്യക്തമാക്കുന്നു. എന്ന് അദ്ദേഹം പുസ്തകത്തില്‍ ആമുഖത്തില്‍ കുറിക്കുന്നു. അത് വെറുതേയല്ല എന്നതാണ് സത്യം. അത്രത്തോളം അമേരിക്കന്‍മലയാളി സമൂഹത്തെ പഠിച്ചതിന്റെ പ്രതിഫലമാണ് ഈ എഴുത്ത് എന്ന് ചുരുക്കം. പുസ്തകത്തിലെ ആദ്യ ലേഖനമായ വേതനം കുറയുന്നു ആരോഗ്യ സംരക്ഷണചെലവുകള്‍ വര്‍ദ്ധിക്കുന്നു സമകാലിക അമേരിക്കന്‍ സാമ്പത്തികാവസ്ഥയും, അത് സാധാരണക്കാരനെ ബാധിക്കുന്ന വിധവും, ആരോഗ്യമേഖലയിലെ ഭാരിച്ച ചെലവുകളെ വസ്തുതാപരമായി വ്യക്തമാക്കി പഠന വിധേയമാക്കിയിരിക്കുന്നു. നൂറുകണക്കിനും, ആയിരക്കണക്കിനും ഡോളറുകള്‍ വിലയുള്ള മരുന്നുകള്‍ക്ക് അമേരിക്ക പ്രസിദ്ധമാണ്. പ്രതിവര്‍ഷം ആരോഗ്യസംരക്ഷണത്തിന് 2.7 ട്രില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.

 എന്നാല്‍ ഇത് അസാധാരണമായ സേവനങ്ങളുടെ ചെലവല്ല. മറിച്ച് സാധാരണ സേവനങ്ങളുടെ അത്യപൂര്‍വ്വമായ ഉയര്‍ന്ന വിലയാണെന്നതാണ് വാസ്തവം. എന്ന് ലേഖനത്തില്‍ അദ്ദേഹം എഴുതുമ്പോഴാണ് എത്രയും ഭീകരമായ ഒരു കൊള്ള നടക്കുന്നുണ്ട് അമേരിക്കന്‍ ആരോഗ്യ രംഗത്ത് എന്ന് മനസ്സിലാകുന്നത്. ടെക്‌നോളജി, ദാമ്പത്യ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം  തുടങ്ങി ഒരു സമൂഹത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. സര്‍വ്വതലസ്പര്‍ശിയായ മനുഷ്യ ജീവിതം അതിന്റെ സാമൂഹിക ഇടം എന്നതെല്ലാം എബ്രഹാം തോമസിലെ നിരീക്ഷകന്‍ ശ്രദ്ധയോടെ വിലയിരുത്തുന്നു. 

അപ്പോഴും അവയൊക്കെയും എഴുതപ്പെട്ടിരിക്കുന്ന ഭാഷ ഏതൊരാള്‍ക്കും മനസ്സിലാകുന്നതുമാണ്. അനാവശ്യമായ അലങ്കാരങ്ങളും ഗിമ്മിക്കുകളും അദ്ദേഹം എഴുത്തില്‍ പ്രയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയം. ചുരുക്കത്തില്‍ കൂടുതല്‍ അറിവുകളിലേക്കും, ബോധ്യങ്ങളിലേക്കും വായനക്കാരെ കൊണ്ടുപോകുന്ന മികച്ച പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഈ സ്വപ്‌നഭൂമിയില്‍.

ഈ സ്വപ്‌നഭൂമിയില്‍
എബ്രഹാം തോമസ്, പ്രഭാത് ബുക് ഹൗസ്
വില-110

വ്യക്തമായ സാമൂഹിക നോട്ടങ്ങള്‍ (ഈ സ്വപ്‌നഭൂമിയില്‍-ആസ്വാദനം: വി.ജി. നകുല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക