Image

കൈയ്യൊപ്പ് ചാര്‍ത്തുന്ന കാളപ്പോരിന്റെ നാട് (വായനാസ്വാദനം: ജഗദീഷ് കരിമുളയ്ക്കല്‍)

Published on 17 February, 2017
കൈയ്യൊപ്പ് ചാര്‍ത്തുന്ന കാളപ്പോരിന്റെ നാട് (വായനാസ്വാദനം: ജഗദീഷ് കരിമുളയ്ക്കല്‍)
ഓരോ യാത്രാ വിവരണങ്ങളും കാലഘട്ടത്തിന്റെ നേര്‍കാഴ്ചകളാണ്. മലയാളത്തില്‍ കാണുന്ന ഒരു പ്രവണത ഒരാള്‍ക്ക് അവാര്‍ഡ് ലഭിച്ചാല്‍ മാധ്യമങ്ങള്‍, ചാനലുകള്‍ പഴകിദ്രവിച്ച ഒരു വാചകം എഴുതാറുണ്ട് പറയാറുണ്ട്. “മലയാളത്തെ ലോകമെമ്പാടുമുയര്‍ത്തിയ മഹാസാഹിത്യകാരന്‍’’. ഇത് കേട്ട് ആ അവാര്‍ഡ് ഒപ്പിച്ചെടുത്ത സാഹിത്യകാരനും ഒരു നിമിഷം കണ്ണുമിഴിച്ച് നോക്കിനില്ക്കും. സങ്കൂചിത മനോഭാവമുളളവര്‍ രാഷ്ട്രീയക്കാര്‍ സാംസ്ക്കാരിക രംഗത്തുളളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ മലയാളത്തെ കേരളത്തിലും വിദേശരാജ്യങ്ങളിലും പടുത്തുയര്‍ത്തുന്നത് ആരാണ്? മലയാളത്തിന്റെ അതിരുകള്‍ കടന്ന് വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചു അവിടെ ജീവിച്ചു ശ്രദ്ധേയങ്ങളായ യാത്രാവിവരണങ്ങളും ചരിത്രപുസ്തകങ്ങളും നല്കുന്നവരല്ലേ മഹാസാഹിത്യകാരന്മാര്‍. അങ്ങനെയെങ്കില്‍ അതിന് സര്‍വ്വതായോഗ്യന്‍ മഹാനായ എസ്.കെ.പൊറ്റക്കാടല്ലേ. അദ്ദേഹമല്ലേ ധാരാളം കഷ്ടങ്ങള്‍ സഹിച്ച് ത്യാഗങ്ങള്‍ സഹിച്ച് നീണ്ട മാസങ്ങള്‍ കപ്പല്‍ യാത്രചെയ്ത് യൂറോപ്പ്- ആഫ്രിക്കയിലെ യാത്രാവിവരണങ്ങള്‍ നമുക്ക് നല്കിയത്. അല്ലാതെ രാഷ്ട്രീയ-മാധ്യമ സ്വാധീനം ചെലുത്തി കേരളത്തിലിരുന്ന് അവാര്‍ഡുകള്‍ വാരികൂട്ടുന്നവരാണോ? വിദേശരാജ്യങ്ങളില്‍ പോയി ഹോട്ടലില്‍ ഉറങ്ങുന്നവര്‍ക്കും യാത്രാവിവരണത്തിന് അവാര്‍ഡുകള്‍ കൊടുത്തിട്ടുണ്ട്. നമ്മുടെ വിഷയം അവാര്‍ഡല്ല. വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ച് ആ രാജ്യങ്ങളുടെ ഹൃദയത്തുടിപ്പുകളും നിശ്വാസങ്ങളും ഒപ്പിയെടുത്ത് മലയാളഭാഷക്ക് എസ്.കെ.പൊറ്റക്കാട് കപ്പല്‍യാത്ര നടത്തി നല്കിയെങ്കില്‍ ഇന്ന് വിമാനയാത്രനടത്തി മുപ്പത്തിയഞ്ചു രാജ്യങ്ങളിലൂടെ സഞ്ചരിച്ച് നമുക്ക് സമ്മാനിക്കുന്നത് ആലപ്പുഴ ചാരുംമൂടുകാരനായ കാരൂര്‍ സോമനാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ “കാളപ്പോരിന്റെ നാട് ’ കറ്റാനം പോപ്പ്് പയസ് ഹൈസ്ക്കൂളില്‍ വെച്ച് നമ്മുടെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്യുമ്പോള്‍ കാരൂരും എസ്.കെ.യുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ യാത്രാവിവരണത്തെപ്പറ്റി ഒരാസ്വാദനകുറിപ്പ് എഴുതണമെന്ന് വായിച്ചപ്പോള്‍ എനിക്ക് തോന്നി. ഒരോ രാജ്യങ്ങളെപ്പറ്റി കാരൂരിന്റെ യാത്രാലേഖനങ്ങള്‍ ദീപിക, മാധ്യമം, കേരളകൗമുദി, മംഗളം വാരാന്ത്യപതിപ്പുകളില്‍ വായിച്ചിട്ടുണ്ട്. ആ തെളിവും മിഴിവും കാളപ്പോരിന്റെ നാട് എന്ന കൃതിയിലും കണ്ടു.

സ്‌പെയിന്‍ എന്ന രാജ്യത്ത് പോകാതെതന്നെ ആ രാജ്യത്തിന്റെ ഓരോ സ്പന്ദനങ്ങളും സവിശേഷതകളും ഞാന്‍ വായിച്ചു മനസ്സിലാക്കി. ആ രാജ്യത്തിന്റെ സൗന്ദര്യ-സാമൂഹ്യ-സാംസ്ക്കാരിക പാഠങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാനസിക ഭാവത്തോടെയാണ് വായിച്ചത്. പ്രതേ്യകിച്ചും അതിലെ ശൈലി എന്നെ ഏറെ സ്വാധീനിച്ചു. ഞാനൊരു നിരൂപകനല്ല എന്നാല്‍ ആസ്വാദകനാണ്. ആസ്വാദകന് വിമര്‍ശിക്കാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ. ഭാഷയും അതിന്റെ ശൈലിയും ഞാന്‍ കാണുന്നത് നാം ഒരു കാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പദപ്രയോഗമാണ്. ഭാഷകള്‍ പ്രധാനമായും നമ്മുക്ക് നല്കുന്നത് ശബ്ദങ്ങളാണ്. ആ ശബ്ദങ്ങളെ അക്ഷരങ്ങളിലൂടെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നവരാണല്ലോ സര്‍ഗ്ഗധനരായ സാഹിത്യകാരന്‍ന്മാര്‍. അക്ഷരമായി കഴിഞ്ഞാല്‍ പിന്നീട് കാണുന്നത് അര്‍ത്ഥബോധതലങ്ങളാണ്. അതിനെ നിരൂപകര്‍ സത്യസന്ധമായി മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ആ സൃഷ്ടിയിലുടെ സവിശേഷതകള്‍ മനസ്സിലാകും. ഒരു ശരീരം എങ്ങനെ ശസ്ത്രക്രിയക്ക് വിധേയമാകുന്നുവോ അതുതന്നെയാണ് നിരൂപകരും വിമര്‍ശകരും ചെയ്യുന്നത്. അത് പലപ്പോഴും ആ സൃഷ്ടിക്ക് കഠിനവേദന നല്കുന്നതായിരിക്കും. ഓരോ കര്‍മ്മത്തിനും അതിന്റേതായ ഫലങ്ങള്‍ ഉണ്ടല്ലോ. പോരാളികളായ എഴുത്തുകാര്‍ ഒരിക്കലും വിമര്‍ശനങ്ങളെ ഗൗരവമായി എടുക്കുന്നില്ല. കാളപ്പോരിന്റെ നാട്ടില്‍ ഞാന്‍ കണ്ട ഒരു പോരായ്മ സ്‌പെയിനിലെ ചിത്രങ്ങള്‍ എന്തിനാണ് അവസാന പേജുകളില്‍ കൊടുത്തത്? കവര്‍ പേജ് അതിമനോഹരമാണ്. അതിന് മാതൃഭൂമിയെ അഭിനന്ദിക്കുന്നു. കാരൂരിന്റെ പല യാത്രാവിവരണങ്ങളും ചരിത്ര പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പ്രസാദകരായ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പോലുള്ള പ്രസാദകരാണ് പലതും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അതില്‍ ആധികാരികമായി കണ്ടത് സ്‌പെയിന്‍, വിയന്ന (ഓസ്ട്രിയ) ഫ്രാന്‍സ്, ഇറ്റലി, ചൈന, ബ്രിട്ടന്‍, സൗദി അറേബ്യ, ഗള്‍ഫ് രാജ്യങ്ങള്‍, മെക്‌സിക്കോ തുടങ്ങിയ യാത്രാവിവരണങ്ങളും ചരിത്ര ഗ്രന്ഥങ്ങളുമാണ്. മാദ്ധ്യമങ്ങളില്‍ എഴുതുക മാത്രമല്ല മലയാള-ഇംഗ്ലീഷ് ഭാഷാ രംഗത്ത് മറ്റാരും കൈവെക്കാത്ത പല മേഖലകളിലും കാരൂരിന്റെ കൈയ്യൊപ്പുണ്ട്. കാളപ്പോരിന്റെ നാട് മലയാളഭാഷക്ക് ലഭിച്ച കാലത്തേ അടയാളപ്പെടുത്തുന്ന യാത്രാ വിവരണം തന്നെയാണ്. ഈ കൃതിയുടെ 163-ാം പേജില്‍ കൊടുത്തിരിക്കുന്നത് ഏതൊരു മലയാളിയും വായിക്കേണ്ടതാണ്. “മക്കളെ യൂറോപ്പില്‍ പഠിക്കാന്‍ വിട്ടത് ഒരപകടമായി മാതാപിതാക്കള്‍ കാണേണ്ടതില്ല. അവിടെ തുറന്നുകിടക്കുന്ന അപരിമേയമായ അവസരങ്ങളോട് മുഖം തിരിക്കേണ്ടതുമില്ല. വഴി തെറ്റിപ്പോകാനുള്ളവര്‍ എവിടെപ്പോയാലും വഴി തെറ്റും. അതിന് യൂറോപ്പിലോ അമേരിക്കയിലോ പോകണമെന്നില്ല. യൂറോപ്പിലെത്തുന്ന മലയാളികളില്‍ ബോയ്-ഫ്രണ്ട്-ഗേള്‍ഫ്രണ്ട്-സംസ്കാരവും ഫ്രീ സെക്‌സുമൊന്നും ഇനിയും വ്യാപകമായിട്ടില്ല. പത്തോ പതിനഞ്ചോ ശതമാനമാളുകള്‍ ആ വഴിക്ക് പോകുന്നുണ്ടാകാം. അത് ഈ രാജ്യങ്ങളുടെ കുഴപ്പമല്ല. സ്വന്തം സംസ്കാരം സ്വന്തം വീട്ടില്‍ ഉറച്ചുകിട്ടാത്തതിന്റെ കുഴപ്പമാണത്. ഒരു ഇന്‍ഡ്യക്കാരന്റെ മനസ്സില്‍ കുടികൊള്ളുന്നത് അച്ചടക്കവും അറിവും ഈശ്വരഭയവുമാണ്. ഇന്‍ഡ്യക്കാരന്റെ സംസ്കാരംപോലെതന്നെ അടിത്തറയുള്ള സംസ്കാരത്തില്‍ ജീവിക്കുന്നവരും പാശ്ചാത്യരാജ്യത്തുണ്ട്.”

njagadeesanpanicker@gmail.com
കൈയ്യൊപ്പ് ചാര്‍ത്തുന്ന കാളപ്പോരിന്റെ നാട് (വായനാസ്വാദനം: ജഗദീഷ് കരിമുളയ്ക്കല്‍)കൈയ്യൊപ്പ് ചാര്‍ത്തുന്ന കാളപ്പോരിന്റെ നാട് (വായനാസ്വാദനം: ജഗദീഷ് കരിമുളയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക