Image

‘യോഹന്നാന്‍ ചെറിയവനോ?’ അഡ്വ. പി പി ജോണ്‍ (ഡി ബാബുപോള്‍)

Published on 17 February, 2017
‘യോഹന്നാന്‍ ചെറിയവനോ?’ അഡ്വ. പി പി ജോണ്‍ (ഡി ബാബുപോള്‍)
അഡ്വ. പി പി ജോണ്‍ അവര്‍കളുടെ ലഘുകൃതി ‘യോഹന്നാന്‍ ചെറിയവനോ?’ താല്പര്യത്തോടെയാണു ഞാന്‍ വായിച്ചത്. സ്‌നാപകനെക്കുറിച്ചുള്ള ഏതു പഠനവും സ്വാഗതാര്‍ഹമാണ്. മാനുഷികരീതിയില്‍ പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ സമകാലീനന്‍ ആയതുകൊണ്ട് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ ആളാണല്ലോ അദ്ദേഹം. അന്ത്യോഖ്യന്‍ പാരമ്പര്യത്തിലെ ഒരു കീര്‍ത്തനത്തില്‍ മദ്ധ്യാഹ്നസൂര്യന്റെ സമീപത്തു നില്‍ക്കുന്ന ഉജ്ജ്വലനക്ഷത്രമായി സ്‌നാപകനെ വിവരിക്കുന്നുണ്ട്. എത്ര ഉജ്ജ്വലമായാലും നക്ഷത്രത്തിനു സൂര്യപ്രകാശത്തില്‍ പ്രാധാന്യവും ശ്രദ്ധയും കിട്ടുകയില്ലല്ലോ.

ദീര്‍ഘകാലം ഊഷരമായിരുന്നൊരു ദാമ്പത്യം സര്‍വശക്തന്റെ സവിശേഷകടാക്ഷത്താല്‍ ഫലപൂര്‍ണമായി. സെഖര്യാവിന്റെ ദര്‍ശനവും കന്യകാമറിയത്തിന്റെ സന്ദര്‍ശനവും സ്‌നാപകന്റെ ജനനവും ധ്യാനത്തിന്റെ ശൈലിയില്‍ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നതു സാധാരണക്കാരായ വിശ്വാസികള്‍ക്കും തുടക്കക്കാരായ ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്കും അത്യന്തം പ്രയോജനകരമായി അനുഭവപ്പെടും.

യോര്‍ദ്ദാന്‍ തീരത്തു പ്രത്യക്ഷപ്പെടുന്നതു വരെ സ്‌നാപകന്‍ എവിടെയായിരുന്നു? കുമ്രാന്‍ സമൂഹത്തിലോ എസീന്യവിഭാഗത്തിലോ ആയിരുന്നിരിക്കാം. പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല ഇക്കാര്യത്തില്‍. കുമ്രാന്‍സമൂഹത്തേയും എസീന്യരേയും കുറിച്ച് ‘വേദശബ്ദരത്‌നാകരം’ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 1997, നാലാം പതിപ്പ് 2016) പ്രതിപാദിക്കുന്നത് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

യോഹന്നാന്‍ സ്‌നാപകനാണ് ഇന്നു വേദശാസ്ത്രജ്ഞര്‍ അത്മായപ്രേഷിതത്വം എന്നു വിവരിക്കുന്നതു കൃത്യമായി നിര്‍വചിക്കുന്നത്. അത്മായപ്രേഷിതത്വം ലേ അപ്പൊസ്‌തൊലെറ്റ് – ആത്മശുദ്ധീകരണത്തിന്റേയും, ഈശ്വരോന്മുഖമായ ജീവിതത്തിന്റേയും, സ്വജീവിതത്തെ സ്വസന്ദേശത്തിന്റെ വ്യാഖ്യാനമായി ആഖ്യാനം ചെയ്യുന്നതിന്റേയും ഫലമാണ്. അതു മറ്റൊരാളെ സ്വമതത്തിലേയ്ക്കു ക്ഷണിക്കുന്നതല്ല. സ്വന്തം വിശ്വാസപ്രമാണങ്ങളെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ്. ലൂക്കോസിന്റെ സുവിശേഷത്തില്‍ ചുങ്കക്കാര്‍ക്കും പട്ടാളക്കാര്‍ക്കും ഇന്നത്തെ മട്ടില്‍ പറഞ്ഞാല്‍ ഐ ഏ എസ് കാര്‍ക്കും ഐ പി എസ് കാര്‍ക്കും കൊടുക്കുന്ന ഉപദേശങ്ങള്‍ ഇന്നും പ്രസക്തമാണ്. മൂന്നാം അദ്ധ്യായത്തിലെ 12, 13, 14 വാക്യങ്ങള്‍ ഓര്‍മ്മിക്കുക.

സാധാരണക്കാരനായ ഈശ്വരവിശ്വാസി എന്താണു ചെയ്യേണ്ടതെന്നും മതബഹുലസമൂഹത്തില്‍ സ്വന്തം മതത്തെക്കുറിച്ചുള്ള ബഹുമാനം അതിരു വിടരുത് എന്നും അപരന്റെ ആവശ്യങ്ങളില്‍ അലിവോടെ പ്രതികരിക്കുന്നതാണു വിശ്വാസത്തിന്റെ പ്രതിഫലനമെന്നും സ്‌നാപകന്‍ പഠിപ്പിച്ചു. നേരത്തേ പറഞ്ഞ അതേ അദ്ധ്യായത്തിലുണ്ട് ഇതൊക്കെ.

ഇസ്രയേല്‍ജനത തങ്ങള്‍ ദൈവജനമാണെന്നും തങ്ങള്‍ മാത്രമാണു ദൈവജനമെന്നും ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍ ഇസ്രയേലില്‍ ഒതുങ്ങുന്നതല്ല സര്‍വശക്തന്റെ ദൃഷ്ടി എന്നതിനു യോനയുടെ പുസ്തകം പഠിപ്പിക്കുന്നുണ്ട്. നിനവെയിലെ അനുതാപമാണു മൂന്നു നോമ്പില്‍ െ്രെകസ്തവരുടെ സ്ഥിരം ധ്യാനവിഷയം. എന്നാല്‍ ആ അനുതാപത്തിലേയ്ക്കു നയിച്ചതു ദൈവം ഇസ്രയേലിന്റെ പ്രവാചകനെ അങ്ങോട്ട് അയച്ചതാണ്. പുറജാതിക്കാരായ ജനത്തെ രക്ഷിക്കുകയെന്നതു ദൈവത്തിന്റെ ലക്ഷ്യമാണ് എന്നതു യോനയ്ക്കു ഭോഷ്ക്കായിത്തോന്നി. ദൈവം വീണ്ടും ഇടപെട്ടില്ലായിരുന്നെങ്കില്‍ യോനാ നിനവേയില്‍ പ്രസംഗിക്കുമായിരുന്നില്ല. എന്നിട്ടും ഇസ്രയേലിന് അഹന്ത കുറഞ്ഞില്ല. തന്റെ മുന്നറിയിപ്പു കേട്ടു ജനം സ്വജീവിതത്തിലെ തെറ്റുകള്‍ തിരിച്ചറിഞ്ഞതു യോനയെ സന്തോഷിപ്പിക്കയല്ലല്ലോ ചെയ്തത്. അവിടേയും ദൈവം ഇടപെടേണ്ടി വന്നു. ആദ്യം തിമിംഗലം ആയിരുന്നെങ്കില്‍ ഇവിടെ ആവണക്ക് എന്നു മാത്രം. അതിലുമുണ്ടൊരു മഹാപാഠം. പ്രകൃതിയിലെ സസ്യങ്ങളും ജീവജാലങ്ങളും ഈശ്വരന്റെ ആയുധങ്ങളാണ്, മനുഷ്യനെപ്പോലെ തന്നെ. യോനയും തിമിംഗലവും ആവണക്കും ഒരുപോലെ ഈ സുവിശേഷീകരണപ്രക്രിയയുടെ കഥയില്‍ ഭാഗഭാക്കുകളാണ്. കഥാന്ത്യത്തിലാണ് ഈശ്വരവചസ്സു വ്യക്തമാകുന്നത്: “എന്നാല്‍ വലംകൈയ്യും ഇടംകൈയ്യും തമ്മില്‍ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തില്‍ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനവെ”യില്‍ ഒരൊറ്റ യഹൂദന്‍ പോലുമുണ്ടായിരുന്നില്ല.

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തങ്ങള്‍ അബ്രഹാമിന്റെ സന്തതികളാണെന്ന് ഇസ്രയേല്‍ അഹങ്കരിച്ചിരുന്നു. ഇവിടെയാണു സ്‌നാപകന്‍ പറയുന്നത് അബ്രഹാമിന്റെ സന്തതിയെ കല്ലില്‍ നിന്നു ജനിപ്പിക്കാന്‍ പോന്നവനാണ് ഈശ്വരന്‍ എന്ന്. ഒരു മതബഹുലസമൂഹത്തിലെ െ്രെകസ്തവദൗത്യത്തെക്കുറിച്ച് സ്‌നാപകന്‍ നല്‍കുന്നതിനേക്കാള്‍ ശക്തമായ സൂചന കാണാന്‍ പ്രയാസമാണ്.

അത്മായപ്രേഷിതത്വം, വിമോചനദൈവശാസ്ത്രം, സന്മാര്‍ഗ്ഗപ്രഘോഷണം എന്നൊരു ആശയത്രയമാണു സ്‌നാപകന്റെ ദൗത്യം നിര്‍വചിക്കുന്നത്.

യോഹന്നാനെക്കുറിച്ച് യഹൂദചരിത്രകാരനായ ജോസഫസും എഴുതിയിട്ടുണ്ട്. ജോസഫസിന്റെ സൂചന സ്‌നാപകനെ കുമ്രാന്‍സമൂഹത്തിലാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ പുതിയ നിയമത്തിലെ പ്രഭാഷണങ്ങള്‍ കുമ്രാനിലെ ഒളിച്ചോട്ടത്തേക്കാള്‍ ഈശ്വരോന്മുഖമായ കര്‍മ്മത്തേയും ജീവിതത്തേയും കാണിച്ചുതരുന്ന വഴിവിളക്കുകളായാണ് അനുഭവപ്പെടുക. രണ്ടായാലും വളരെ ശ്രദ്ധേയമായിരുന്നു സ്‌നാപകയോഹന്നാന്റെ വ്യക്തിത്വം എന്നതില്‍ സംശയമില്ല. ആ മഹാപ്രതിഭാസത്തെ സ്ഥൂലമായി അവലോകനം ചെയ്യുന്ന കൃതിയാണ് “യോഹന്നാന്‍ ചെറിയവനോ?”

അഭിഭാഷകന്റെ കൃത്യാന്തരബഹുലതകള്‍ക്കിടയില്‍ വേദപഠനത്തിനും വേദശാസ്ത്രവിചിന്തനത്തിനും സമയം കാണുന്ന ജോണ്‍ വക്കീലിനെ അഭിനന്ദിച്ചുകൊണ്ട് ഈ ലഘുകൃതി സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
Join WhatsApp News
Tom Abraham 2017-02-18 18:46:49
It is my impression, and theologically defended herewith, that John the Baptist had huge followers, a message but NOT great because he had no deeds with words, except Adult Baptism. Jesus stands high above him with poetic excellence as well as miracles, deeds and resurrection that keeps the followers in millions through centuries. John s role was limited to clearing the path. Orthodox Christians including Babu Paul, me and most of the readers practice child baptism contrary to John s. Whatever, Jesus wholistically fulfilled. Dr. Paul could have provided a more educational assessment of the attorney s logical conclusions. Will the book be available on the web ?
Rev.George 2017-02-19 15:12:27
The article of Dr.Babu Paul about the book of Adv.John is good so I like to encourage those who like  to study the Bible as it is without misinterpretation for that I like to give you 10 questions from the Bible if you give correct answers for that you will get a gift so if you are interested please contact me.my e-mail georgebbcf@yahoo.com.The original bible is in Hebrew and Greek so if you know greek and Hebrew it is good than Malayalam and English.
Rev. Dr. Abraham 2017-02-20 05:59:41

Dr Babu Paul Retired IAS should write about Gundaraj in Kerala, what Emergency can be declared against the Brutes, Jail with  No Bail.  No driver s license for probationaries, all offenders be on public web pages as it is in the US. Monitoring devices on their legs, for ever.


Johny 2017-02-20 07:59:28
Rev. Dr Abraham നിങ്ങൾ പുരോഹിതർക്കും ചില ഉത്തരവാദിത്വങ്ങൾ ഇല്ലേ? കൊടും   ക്രിമിനലുകളായ ഗുണ്ടകളെ വളർത്തി കൊണ്ടുനടക്കുന്ന ഒരു വിഭാഗം മലയാള സിനിമ കാർ ഉണ്ട് . അങ്ങനെയുള്ളവരെ എല്ലാ വർഷവും അമേരിക്കയിൽ കൊണ്ടുവരാനും അവർക്കു വേണ്ടി വിശ്വാസികളെ പിഴിയാനും അതിന്റെ പങ്കു പറ്റി പള്ളികൾക്കു ധനം സമ്പാദനം നടത്താനും വൈദികരും മെത്രാൻമാരും മത്സരിക്കുന്നത് ആദ്യം ഒഴിവാക്കു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക