Image

പോയെസ് ഗാര്‍ഡനില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക്, കൂവത്തൂര്‍ ഉല്ലാസ കേന്ദ്രം വഴി (ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 20 February, 2017
പോയെസ് ഗാര്‍ഡനില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക്, കൂവത്തൂര്‍ ഉല്ലാസ കേന്ദ്രം വഴി (ദല്‍ഹി കത്ത് : പി.വി.തോമസ്)
തമിഴകത്തെ ആ അസംബന്ധ രാഷ്ട്രീയ നാടകം തുടരുകയാണ്. ഇക്കഴിഞ്ഞ രംഗത്തില്‍ മന്നാര്‍ ഗുഡി മാഫിയ തലൈവി ശശികല നടരാജന്‍ പോയെസ് ഗാര്‍ഡനില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക്(ബാംഗ്ലൂര്‍) കൂവത്തൂര്‍ ഉല്ലാസകേന്ദ്രം വഴി പോയി. വിശ്വാസ വോട്ടെടുപ്പില്‍ ശശികലയുടെ പകരക്കാരന്‍ എടപ്പാടി പഴനിസ്വാമി ഒഴിഞ്ഞുകിടക്കുന്ന പനീര്‍ശെല്‍വ- ഡി.എം.കെ.- കോണ്‍ഗ്രസ്-മുസ്ലീം ലീഗ് ബഞ്ചുകളെ സാക്ഷ്യം നിറുത്തി അക്രമാസക്തമായ ദൃശ്യങ്ങള്‍ക്ക് ശേഷം വിജയശ്രീ ലാളിതനായി. അതിന്റെ ഭരണഘടന- രാഷ്ട്രീയ ധര്‍മ്മ വശങ്ങള്‍ വിവാദമായി തുടരുന്നു. ചുരുക്കത്തില്‍ പനീര്‍ശെല്‍വ വിഭാഗവും(എ.ഡി.എം.കെ.) എം.കെ. സ്റ്റാലിനും(ഡി.എം.കെ.) വിശ്വാസ വോട്ട് നീട്ടി വയ്ക്കുവാനും അല്ലെങ്കില്‍ തദ്വാര രാഷ്ട്രപതി ഭരണത്തിനും തുടര്‍ന്ന് താമസിയാതെ ഇടക്കാല തെരഞ്ഞെടുപ്പിനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിയമസാമാജികരെ കൂവത്തൂര്‍ പഞ്ചനക്ഷത്ര വിനോദകേന്ദ്രത്തില്‍ തടവുകാരാക്കി ശശികല പാര്‍പ്പിച്ചതും അതിനുശേഷം അവരെ ജനവികാരം മനസിലാക്കുവാന്‍ നിയോജകമണ്ഡലങ്ങളിലേക്ക് അയക്കേണ്ടതിന്റെ ആവശ്യക്തയും വിശ്വാസ വോട്ടെടുപ്പിലെ രഹസ്യബാലറ്റിന്റെ പ്രസക്തിയും ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പരസ്യ വോട്ടെടുപ്പിന്റെ പാരമ്പര്യ വിരുദ്ധതയും ആയിരുന്നു ഡി.എം.കെ- പനീര്‍ ശെല്‍വം വിഭാഗത്തെ ചൊടിപ്പിച്ചത്. ചുരുക്കത്തില്‍ അതൊന്നും വിലപ്പോയില്ല. കാരണം ശശികല ഭക്തനായ സ്പീക്കര്‍ വോട്ടെടുപ്പിനും എടപ്പാടി ഭരണത്തിന്റെ ഭരണഘടന അംഗീകാരത്തിനും ദൃഢബദ്ധന്‍ ആയിരുന്നു.

പക്ഷേ, ഇവിടെ എന്റെ വിഷയം ഇതൊന്നും അല്ല. ശശികലയെന്ന അഴിമതി തടവുകാരിയും അവരുടെ തടവഴികള്‍ക്കുള്ളില്‍ നിന്നുള്ള മന്നാര്‍ ഗുഡി മാഫിയയുടെ ഭരണവും ആണ്. ശശികലയാണ് ഇപ്പോള്‍ തമിഴകത്തെ ഡിഫാക്ടോ മുഖ്യമന്ത്രി. ഇടപ്പാടി പഴനി സ്വാമി ഡിജൂറോ മുഖ്യമന്ത്രിയും. ജയിലില്‍ കിടന്നുകൊണ്ട് ശശികല നിയമിച്ച എ.ഡി.എം.കെ. ഉപജനറല്‍ സെക്രട്ടറി ദിനകരന്‍-ശശികലയുടെ മരുമകന്‍- മന്നാര്‍ഗുഡി മാഫിയക്കുവേണ്ടി ഗവണ്‍മെന്റിനെയും പാര്‍ട്ടിയെയും നിയന്ത്രിക്കും. ഇതാണ് ഇന്ന് തമിഴക ജനാധിപത്യത്തിന്റെ സങ്കടകരമായ ദുരവസ്ഥ! ശശികല തടവ് കാലമായ നാല് വര്‍ഷം കര്‍ണ്ണാടകത്തിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയണമെന്ന് നിര്‍ബ്ബന്ധം ഇല്ല. ചെന്നെയിലെ ഏതെങ്കിലും ജയിലിലേക്ക് ഭരണ സ്വാധീനം ഉപയോഗിച്ച് വന്നേക്കാം. അങ്ങനെ കുറെക്കൂടെ സുഗമമായി ഭരണത്തിന്റെ ചക്രങ്ങള്‍ തിരിക്കുവാന്‍ സാധിച്ചേക്കാം. പക്ഷേ, തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനോ വിജയിക്കുവാനോ പത്ത് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും(നാല് അധികം ആറ് വര്‍ഷം എന്ന അയോഗ്യത കാലാവധി). അപ്പോള്‍ വയസ് 70. അതായത്  ശശികലയുടെ രാഷ്ട്രീയം ഇവിടം കൊണ്ട് തീര്‍ന്നുവെന്ന്. പക്ഷേ, പകരക്കാരനെ വെച്ചു ഭരണം ആകാം. അത് എത്രകാലം തുടരാം എന്നതാണ് രാഷ്ട്രീയ ധാര്‍മ്മീകതയുടെ ചോദ്യം.
സുപ്രീം കോടതിയുടെ വിധിപ്രകാരം വിചാരണ കോടതി മുന്‍മുഖ്യമന്ത്രി ജയലളിതയിലും ശശികലയിലും ബന്ധിക്കളിലും ഏര്‍പ്പെടുത്തിയ നൂറുകോടിയുടെയും പത്ത് കോടിരൂപ വീതമുള്ള പിഴയും ഒടുക്കണം. ജയലളിത മരിച്ച് പോയതിനാല്‍ അവര്‍ തടവ് ശിക്ഷയില്‍ നിന്നും ഒഴിവായെങ്കിലും അവരുടെ 100 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടി ഇത് അടക്കണം. ഇതുപോര എന്നേ പറയുവാന്‍ ഉള്ളൂ.

ജയലളിതയുടെ മരണമോ അതിലെ ദുരൂഹതയോ അവര്‍ പോയെസ് ഗാര്‍ഡനില്‍ (വേദനിലയം) മന്നാര്‍ഗുഡി മാഫിയയില്‍ നിന്ന് ഏറെ പറയപ്പെടുന്ന മാനസീക-ശാരീരിക പീഡനമോ, മൂന്ന് പ്രാവശ്യം പകരക്കാരന്‍ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ട പനീര്‍ ശെല്‍വത്തിന്റെ കദനകഥയോ ശശികലയുടെ എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായുള്ള നിയമനമോ പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദമോ ഒടുവില്‍ അഴിമതികേസിലെ ശിക്ഷയും പഴനിസ്വാമിയുടെ ഡമ്മി മുഖ്യമന്ത്രി പദവിയോ ഒന്നും അല്ല ഇവിടെ എന്റെ പരാമര്‍ശനവിഷയം, ആദ്യമേ സൂചിപ്പിച്ചതുപോലെ. മറിച്ച് ജയലളിതയുടെയും തോഴി ശശികലയുടെയും അഴിമതികേസും അവരെ വിചാരണ കോടതി ശിക്ഷിച്ചതും അതിനെ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയതും അതിനെ തുടര്‍ന്ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്നതും പിന്നീട് ഇതാ ഒടുവില്‍ ജയലളിതയുടെ മരണാനന്തരം(ഡിസംബര്‍ 5) ശശികലയെയും മറ്റും സുപ്രീംകോടതി ശിക്ഷിക്കുന്നതും(ഫെബ്രുവരി 14) ആണ്. കാരണം ഈ അഴിമതികേസും വിചാരണകോടതിയുടെ ശിക്ഷാവിധിയും പിന്നീട് ഹൈക്കോടതിയുടെ കുറ്റവിമുക്തമാക്കലും അതെ തുടര്‍ന്ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്നതും അവസാനം ജയലളിതയുടെ മരണാനന്തരം സുപ്രീം കോടതി വിചാരണ കോടതിയുടെ വിധി ശരി വയ്ക്കുന്നതും ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെയും നീതിന്യായ വ്യവസ്ഥയിലെ നാഴികക്കല്ലുകള്‍ ആണ്.

ഇത് ഭീകരമായ ഒരു അഴിമതികേസ് ആണ്. അത് തന്നെയാണ് വിചാരണ കോടതി 2014 സെപ്റ്റംബറില്‍ കണ്ടെത്തിയത്. ജയലളിത മുഖ്യമന്ത്രിയെന്ന നിലയില്‍ കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചു. തോഴി ശശികലയും അവരുടെ മന്നാര്‍ഗുഡി ബന്ധിക്കളും ഈ ഗൂഢനീക്കങ്ങളുടെ ഭാഗം ആയിരുന്നു. എല്ലാവരെയും കോടതി ശിക്ഷിച്ചു. ജയലളിതക്ക് 4 വര്‍ഷം തടവും 100 കോടി രൂപ പിഴയും ആണ് ലഭിച്ചത്. ശശികലക്കും മറ്റുള്ളവര്‍ക്കും നാലു വര്‍ഷം പിഴയും 10 കോടി രൂപ വീതം പിഴയും. ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും നിയമപ്രകാരം നഷ്ടപ്പെട്ടു.

എന്നാല്‍ 2015 മെയ് മാസത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കി. ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം തിരികെ ലഭിച്ചു. ജഡ്ജ് സി.കെ. കുമാരസ്വാമിയുടെ ഈ വിധി ന്യായം വളരെ വിവാദപരം ആയിരുന്നു! അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രകാരം ജയലളിതയുടെ അനധികൃത സ്വത്ത് നിയമത്തില്‍ അനുവദനീയമായ 10 ശതമാനത്തില്‍ താഴെ ആയിരുന്നു. അതായത് വെറും 8.12 ശതമാനം മാത്രം. ഈ കണ്ടെത്തലിനെ അന്നുതന്നെ നിയമ വിദഗ്ദ്ധരും രാഷ്ട്രീയ നിരീക്ഷകരും ചോദ്യം ചെയ്തിരുന്നു. സംശയാസ്പദമായ പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
ഏതായാലും സുപ്രീംകോടതി ഹൈക്കോടതിയുടെ വിധി തള്ളി. ഹൈക്കോടതി ജഡ്ജിയുടെ കണക്ക് കൂട്ടല്‍ തെറ്റായിരുന്നുവെന്ന് വിധിച്ചു. മറ്റൊരു പരാമര്‍ശനവും നടത്തിയില്ല. പക്ഷേ, ഇവിടെ ഉയരുന്ന ചോദ്യം ഹൈക്കോടതി ജഡ്ജി തെറ്റ് ചെയ്യുകയും അതിന്റെ ഫലമായി ഒരു സംസ്ഥാനത്തിലെ ഭരണം മാറിമറിയുകയും ചെയ്‌തെങ്കില്‍ ആര് അതിന് ഉത്തരവാദിത്വം പറയും? പറയണം? സുപ്രീം കോടതിയുടെ രണ്ട് അംഗ ബഞ്ച് ഇതിനെ കുറിച്ച് വിധിന്യായത്തില്‍ ഒന്നും പരാമര്‍ശിച്ചില്ല. പക്ഷേ, ഇത്  അറിയുവാനുള്ള അവകാശം സാധരണ പൗരന് ഉണ്ട്. ഇത് കണക്കുകൂട്ടലില്‍ പറ്റിയ ഒരു പിഴ മാത്രം ആണോ? ഒരു മനുഷ്യ സഹജമായ പിഴവ്(ഹ്യൂമന്‍ ഇറര്‍). അതോ അത് മനപൂര്‍വ്വം ആയ ഒന്നായിരുന്നോ? എങ്കില്‍ അതിന്റെ പിറകിലുള്ള കാരണം എന്തായിരുന്നു? അറിയണം. കാരണം ഒട്ടേറെ വാര്‍ത്തകള്‍ ഇതെക്കുറിച്ച് പ്രചരിച്ചിരുന്നു. ജയലളിതയുടെ അഴിമതി അവസാനം തെളിഞ്ഞിരിക്കുന്നു. പക്ഷേ, അവര്‍ തടവറയില്‍ നിന്നു രക്ഷപ്പെട്ടു. മരണം അവരെ രക്ഷപ്പെടുത്തി. ഇന്‍ഡ്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതിക്കാരിയായ മുഖ്യമന്ത്രിയായിരുന്നു 'അമ്മ' എന്ന് വിളിക്കപ്പെടുന്ന ജയലളിത! നമ്മുടെ ജനാധിപത്യം ഇങ്ങനെയുള്ള അഴിമതിക്കാരായ ഭരണാധികാരികളെ കൊണ്ട് എങ്ങനെ നിലനില്‍ക്കും? പക്ഷേ, ജനത്തിന് ഇതൊന്നും പ്രശ്‌നം അല്ല. അവര്‍ക്ക് ആരാധിക്കുവാന്‍ വിഗ്രഹങ്ങള്‍ വേണം. അത്രമാത്രം. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട എത്രയോ ഭരണാധികാരികള്‍ ആണ് ഇന്‍ഡ്യക്ക് സ്വന്തമായിട്ടുള്ളത്? ജഗന്നാഥ് മിശ്ര, ലാലു പ്രസാദ് യാദവ്, ഷിബു സോരന്‍, സുഖ് റാം, അങ്ങനെ എത്രയോ പേര്‍.

ജയലളിതയെ പോലുള്ള അഴിമതിക്കാരായ ഭരണാധികാരികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അവരുടെ സര്‍വ്വസ്വത്തും കണ്ട് കെട്ടേണ്ടതാണ്. അങ്ങനെ അത് മറ്റുള്ളവര്‍ക്ക് ഒരു താക്കീത് ആകേണ്ടത് ആണ്. അവരുടെ ഭരണചരിത്രം കറുത്ത ലിപികളാല്‍ രേഖപ്പെടുത്തണം ജനാധിപത്യത്തിന്റെ താളുകളില്‍. ജനങ്ങള്‍ അത് വായിച്ച് ഇവരുടെ മഹത്വം മനസിലാക്കണം. ജയലളിതയും ശശികലയും മന്നാര്‍ഗുഡി മാഫിയയും എല്ലാം ഈ ചങ്ങലയിലെ അവസാനത്തെ കണ്ണികള്‍ ആണ്. ശശികലയെ പോലുള്ള ഒരു അഴിമതിക്കാരിയെ മാഫിയ തലൈവിയെ ഇരുമ്പഴികള്‍ക്കുള്ളിലിരുന്ന് ഭരിക്കുവാന്‍ അനുവദിക്കുന്നത് ഒരിക്കലും ജനാധിപത്യം അല്ല.

പോയെസ് ഗാര്‍ഡനില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക്, കൂവത്തൂര്‍ ഉല്ലാസ കേന്ദ്രം വഴി (ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക