Image

സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 20 February, 2017
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സുഗന്ധറാണിയായ ഏലത്തിന് പ്രിയമേറി. അറബികള്‍ക്ക് ചായയിലും യൂറോപ്യന്മാര്‍ക്ക് കേക്കിലും മരുന്നിലുമൊക്കെ ചേര്‍ക്കാന്‍ അവശ്യം വേണ്ട ഏലത്തിന് ഫെബ്രുവരിയില്‍ കിലോയ്ക്ക് 1500 രൂപ വരെ വില ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം നേരേ പകുതിയേ (800) വിലയുണ്ടായിരുന്നുള്ളൂ. ആറു വര്‍ഷം മുമ്പ് 1800 എന്ന റിക്കാര്‍ഡ് വിലയില്‍ എത്തിയെന്നത് മറ്റൊരു കഥ. ഹൈറേഞ്ചിലെ ചോലമരങ്ങള്‍ക്കിടയിലൂടെ വരുന്നത് ചൂടുകാറ്റ്. മഴയുമില്ല. തന്മൂലം വിളവു കുറഞ്ഞു. 2016ല്‍ ദിനംപ്രതി 200 ടണ്‍ വില്പനയ്‌ക്കെത്തിയിരുന്ന സ്ഥാനത്ത് ഇന്ന് ശരാശരി 60 ടണ്ണേ എത്തുന്നുള്ളൂ. എങ്കിലും...

""ഏലം ഒരിക്കലും ചതിക്കില്ല'' -ഏലത്തിന്റെ സാമ്രാജ്യമായ ഹൈറേഞ്ചിലെ കുമളിക്കടുത്ത് ചേറ്റുകുഴിയിലെ കര്‍ഷകന്‍ ജയിംസ് കുര്യാക്കോസ് പറയുന്നു. ചില കാലങ്ങളില്‍ ഏലം തറപറ്റും. ചിലപ്പോള്‍ വാനോളം ഉയരും. ""കഴിഞ്ഞ വര്‍ഷം ചെലവുകാശ് മാത്രം, മൂന്നര ലക്ഷം രൂപ, വരുമാനമുണ്ടായിരുന്ന എന്റെ ഒരയല്‍ക്കാരന് ഇത്തവണ കിട്ടുന്നത് 52 ലക്ഷം രൂപ.'' ലോകത്തില്‍ ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന തെക്കേ അമേരിക്കയിലെ ഗ്വോട്ടിമാലയില്‍ ഭൂകമ്പം വന്നാല്‍ ഇന്ത്യരക്ഷപ്പെടും. ഏലം ഉത്പാദനത്തില്‍ രണ്ടാമതാണ് ഇന്ത്യ.

ഇന്ത്യയില്‍ ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്നതു കേരളത്തില്‍. ഒന്നാമതു നില്‍ക്കുന്നത് ഇടുക്കി ജില്ല. ജില്ലയില്‍ ഏറ്റവുമധികം കൃഷിയുള്ളത് ഉടുമ്പന്‍ചോല താലൂക്കില്‍. ചുരുക്കിപ്പറഞ്ഞാല്‍, തമിഴ്‌നാടിനോടു ചേര്‍ന്നുള്ള കുമളി-മൂന്നാര്‍ ഹൈവേയില്‍ കുമളി മുതല്‍ പൂപ്പാറ വരെയുള്ള 75 കിലോമീറ്ററില്‍ റോഡിനിരുവശത്തുമായി കിടക്കുന്നു ഏലക്കാടുകള്‍. അവിടെ 36,500 ഹെക്ടറില്‍ കൃഷിചെയ്യുന്ന ഒന്നര ലക്ഷത്തോളം കര്‍ഷകരും അവരെ സഹായിക്കുന്ന 50,000 തൊഴിലാളികളുമുണ്ട്. കുമളി, ആനവിലാസം, വണ്ടന്‍മേട്, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, പൂപ്പാറ എന്നീ പ്രദേശങ്ങള്‍. ഇവയില്‍ വണ്ടന്‍മേടിനു തൊട്ടുരുമ്മി മെയിന്‍ റോഡില്‍ ആമയാറും അവിടെനിന്ന് കമ്പംമേട്ടിനുള്ള ഇന്റര്‍‌സ്റ്റേറ്റ് ഹൈവേയില്‍ ചേറ്റുകുഴിയും കിടക്കുന്നു.

ഹൈറേഞ്ചിലെ ഏലം കര്‍ഷകരത്രയും താഴ്‌വാരങ്ങളില്‍നിന്നു കുടിയേറിയവരാണ്. അന്‍പതും അറുപതും വര്‍ഷം മുമ്പ്. ആറു മാസം പ്രായമുള്ളപ്പോള്‍ പിതാവിനോടൊപ്പം കോട്ടയത്തിനടുത്ത് പുതുപ്പള്ളിയില്‍നിന്നു നെടുങ്കണ്ടത്തിനടു ത്തു ചേമ്പളത്തേക്കു കുടിയേറിയതാണു ജെയിംസ്. ഏലവും കാപ്പിയും കൊടിയും ഭാര്യ ജെസിയുടെയും പെണ്‍മക്കളായ സിനിയുടെയും ചിപ്പിയുടെയും ഭാഗധേയങ്ങളെ എങ്ങനെ എടുത്തു പന്താടിയെന്ന് ജെയിംസ് വിവരിച്ചു.

സ്വന്തമായുള്ള രണ്ടര ഏക്കറില്‍ 700 ചുവട് ഏലവും 300 ചുവട് കാപ്പിയും 400 ചുവട് കൊടിയുമുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊന്നുകൊണ്ട് പിഴച്ചുപോകാം. ഇതിനു പുറമേ ചേമ്പളത്തിനു 18 കിലോമീറ്റര്‍ അകലെ ചേറ്റുകുഴിയില്‍ അടുത്ത ബന്ധു തോമസ് ചാക്കോ എന്ന അജു പാട്ടത്തിനെടുത്ത ഏലത്തോട്ടവും നോക്കിനടത്തുന്നു. ഇടയ്ക്കിടെ ചേമ്പളത്തെ വീട്ടിലേക്ക് മാരുതി ഓമ്‌നിയിലോ ഹീറോ ഹോണ്ടയിലോ പോയിവരും.

സ്ഥിരമായി താമസിക്കുന്ന പാമ്പാടിയിലും പതിവായി വന്നുപോകുന്ന ചേറ്റുകുഴിയിലും അജുവിന് വെളിച്ചെണ്ണക്കടകളുണ്ട്. സ്വന്തം ലോറിയില്‍ കണ്ണൂരിലെ കട്ടിപ്പാറയില്‍ പോയി കൊണ്ടുവരുന്നതാണ് നാളികേരവും ശുദ്ധമായ വെളിച്ചെണ്ണയും. രണ്ടിനും രണ്ടിടത്തും നല്ല ചെലവ്. പാമ്പാടിയിലെ കടയുടെ ചുമതലമാനന്തവാടിക്കാരിയായ ഭാര്യ പ്രിന്‍സിക്കാണ്. കാറോടിച്ചു പോയി വരും.

അജുവിനു തോട്ടം മേഖലയുമായി അഭേദ്യബന്ധമാണുള്ളത്. ഏലപ്പാറയ്ക്കടുത്ത് മ്ലാമലയില്‍ ജനിച്ചു. തോട്ടത്തിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലം. കരിങ്കല്ല് വരെ ചുമന്നിട്ടുണ്ട്. മേസ്തിരിയായി, കോണ്‍ട്രാക്ടറുടെ സഹായിയായി, കോണ്‍ട്രാക്ടറായി. പലയിടത്തും വീടുകള്‍ പണിതു. അതിലൊന്ന് വെളിച്ചിയാനിയില്‍ സ്വിസ് ദമ്പതികള്‍ക്കായി പണിത ഒരു കോടിയുടെ വീടായിരുന്നു. അതിനു ശേഷമാണ് പത്തു വര്‍ഷം മുമ്പ് തോട്ടം മേഖലയിലേക്കും വെളിച്ചെണ്ണ വ്യാപാരത്തിലേക്കും തിരിഞ്ഞത്. ചേറ്റുകുഴിയിലെ കടയിലേക്ക് എല്ലാ ആഴ്ചയും 125 കിലോമീറ്റര്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഓടിച്ച് എത്തിച്ചേരും.

വൈകുന്നേരമാകുമ്പോള്‍ കടയില്‍ നല്ല തിരക്കാണ്. തൊട്ടെതിര്‍വശത്തെ അമ്മിണിയമ്മയുടെ കടയില്‍നിന്ന് ചൂടുചായയും പഴംപൊരിയും ആസ്വദിക്കുന്നതിനിടയില്‍ കടയില്‍ തുരുതുരായെത്തുന്നവരെ സമര്‍ഥമായി കൈകാര്യം ചെയ്യും. ഗള്‍ഫില്‍നിന്ന് എട്ടേക്കര്‍ ഏലത്തോട്ടം േനാക്കാങ്ങാനെത്തിയ റോയിയായിരുന്നു ഒരാള്‍. കാഞ്ഞിരപ്പള്ളിയില്‍നിന്നു കുടിയേറിയ കല്ലറയ്ക്കല്‍ കറിയാച്ചന്‍ മറ്റൊരാള്‍. തൊട്ടടുത്ത ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. കുര്യന്‍ ഇനിയുമൊരാള്‍.

ചേറ്റുകുഴി ജംഗ്ഷനില്‍ ഹോര്‍ട്ടി റിസര്‍ച്ച് സെന്റര്‍ എന്ന ജൈവ കീടനാശിനി ഷോപ്പിന്റെ ഉടമ ബേബിച്ചന്‍ എന്ന ലൂക്കാ തോമസ് മറ്റൊരു സുഹൃത്താണ്. അവിടെയും നല്ല തിരക്ക്. "തട്ട' യ്ക്കു പിടിപെട്ട രോഗത്തിനു മരുന്നു തേടി ഒരാളെത്തിയിരിക്കുന്നു. മുളപ്പിച്ചെടുക്കുന്ന തൈക്കു പകരം നടുന്ന തണ്ടിനാണു തട്ട എന്നു പേര്. ചിമ്പ് എന്നും സക്കര്‍ എന്നും പറയും. മരുന്നു വിധിച്ചു, വില്പനയും നടത്തി. ഇടയ്ക്കിടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്താനും ബേബിച്ചന്‍ പോകാറുണ്ട്.

ചേറ്റുകുഴി എന്ന സ്ഥലപ്പേരിനു കാരണക്കാരന്‍ ഔസേപ്പച്ചന്‍ എന്ന ചേറ്റുകുഴി ജോസഫ് മാത്യുവിനെയും കണ്ടു. 66 വര്‍ഷം മുമ്പ് കുടിയേറിയതാണ്. മുപ്പതേക്കര്‍ സ്ഥലം. പത്തു വര്‍ഷമായി വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ പ്രസിഡന്റാണ്. കോട്ടയത്താണു താമസമെങ്കിലും ഇടയ്ക്കിടെ ആമയാറില്‍ വന്നുപോകുന്ന സിനിമാ സംവിധായകന്‍ ജോഷി മാത്യുവിന്റെ തോട്ടം തോട്ടടുത്താണ്. ജോഷിയുടെ ഫാം ഹൗസില്‍ എട്ടുപത്തു പേര്‍ക്കു താമസിക്കാം. കഥയോ തിരക്കഥയോ എഴുതുന്നവര്‍ക്ക് വന്നു താമസിക്കാനുള്ള ഒരു സ്റ്റുഡിയോ ഹൗസ് ആണതെന്ന് ജോഷി പറയുന്നു. ഏലം വ്യവസായത്തില്‍ അദ്ദേഹത്തിനൊരു കൂട്ടുണ്ട് - വൃന്ദാവന്‍ ജോണി.

പശ്ചിമഘട്ടത്തില്‍ പതിമൂന്ന് ഇനം ഏലം കൃഷിചെയ്യുന്നതായി പാമ്പാടുംപാറയിലെ കാര്‍ഡമം റിസര്‍ച്ച് സ്റ്റേഷനും (കേരള കാര്‍ഷിക സര്‍വകലാശാല വക) മൈലാടുംപാറയിലെ സ്‌പൈസസ് ബോര്‍ഡ് വക ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും വ്യക്തമാക്കുന്നു. ഹൈറേഞ്ചില്‍ തിരുതാളി, പാലമാട്ടി, വെള്ളപ്പൂവാല്‍... ഏറ്റം ഒടുവില്‍ ഞള്ളാനി എന്നീ ഇനങ്ങളാണു കൃഷി. 45 ഏക്കര്‍ തോട്ടമുള്ള പാമ്പാടുംപാറ സ്റ്റേഷന്റെ ഡയറക്ടര്‍ ഡോ. കെ. മുരുകന് ഞള്ളാനി ചെടിയെപ്പറ്റി നല്ല അഭിപ്രായമാണ്. ഹൈറേഞ്ചില്‍ കൃഷിക്കാര്‍ക്കിടയില്‍ ഏറ്റം ജനപ്രീതിയുള്ള ഇനം. സ്റ്റേഷന്‍ വികസിപ്പിച്ചെടുത്ത നാലിനം ഇനങ്ങളില്‍ പി.വി-2 എന്നത് ഞള്ളാനിച്ചെടിയുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു. 1977ല്‍ നിലവില്‍ വന്ന സ്റ്റേഷന്‍ പുതിയ മൂന്നിനങ്ങള്‍കൂടി ഉടനിറക്കും.

കുടിയേറ്റ കര്‍ഷകന്‍ (പാലായിലെ തോടനാല്‍നിന്ന് എത്തി) കട്ടപ്പന പാറത്തോട് ഞാവള്ളില്‍ സെബാസ്റ്റ്യന്‍ ജോസഫാണ് 1987ല്‍ തേനീച്ചയുടെ ക്രോസ് പരാഗണം മൂലം മെച്ചപ്പെട്ട ഏലച്ചെടി കണ്ടെത്തിയത്. അതിന് പ്രചുരപ്രചാരം സിദ്ധിച്ചു. മൂടാകെ പറിച്ചുനടുന്നതിനു പകരം ഒരൊറ്റ തട്ട നട്ടാല്‍ മതിയാവും. വിളവ് രണ്ടിരട്ടി. പഴയതുപോലെ തണല്‍ വേണ്ടതാനും. ഇതിന്റെ പേരില്‍ 1994ല്‍ സെബാസ്റ്റ്യനും ഭാര്യ ബ്രിജീത്താമ്മയ്ക്കും കൂടി സ്‌പൈസസ് ബോര്‍ഡിന്റെ എട്ടു ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചു.

മുഴുവന്‍സമയ കൃഷിക്കുവേണ്ടി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചയാളാണ് സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ റെജി. അദ്ദേഹത്തിന്റെ ശ്രമഫലമായി ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് എന്ന പേരിലുള്ള പുതിയ ഇനത്തിന് രാജ്യമൊട്ടാകെ അംഗീകാരം ലഭിച്ചു. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെയും നാഷണല്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെയും പുരസ്കാരങ്ങള്‍ പിന്നാലെയെത്തി. കൃഷിക്കാരുടെ ഇടയില്‍നിന്ന് ശാസ്ത്രജ്ഞനായി വളര്‍ന്ന റെജി ഏലം മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നൂതനമായ ചില മാര്‍ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ""മുപ്പത്തഞ്ചു വര്‍ഷമായി ഏലം വില ശരാശരി ഒരുപോലെ നില്‍ക്കുന്നു. അതേസമയം കൃഷിച്ചെലവും ജീവിതച്ചെലവും പത്തിരട്ടിയായി. ഇതാണ് ഏലം കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളി'' -റെജി ചൂണ്ടിക്കാട്ടുന്നു. രാമക്കല്‍മേട് എസ.്്എച്ച്. പ്രഥമാദ്ധ്യാപിക റോസമ്മ ജോസഫാണു ഭാര്യ, അരോമ, അതുല്യ മക്കള്‍.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഏലം എന്ന ഗ്രീന്‍ ഗോള്‍ഡ്.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഏലം വിളവെടുപ്പ്.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
പാമ്പാടുംപാറ ഗവേഷണകേന്ദ്രം: റെജി ഞള്ളാനി, ഡോ. കെ. മുരുകന്‍, ഡോ. കെ.വി. ധന്യ.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഏലത്തിന്റെ പുതിയ ശരം പരിശോധിക്കുന്ന ജെയിംസ്.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
റെജിയും ഭാര്യ റോസമ്മയും നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ പുരസ്കാരത്തോടൊപ്പം.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഒരു നാടിന് ശാശ്വത നാമം നല്‍കിയ ജോസഫ് മാത്യു ചേറ്റുകുഴി.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അജു ചേറ്റുകുഴിയിലെ സ്മാര്‍ട്ട് വെളിച്ചെണ്ണക്കടയില്‍.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
തമിഴ്‌നാട്ടില്‍നിന്ന് തൊഴിലാളികളെത്തുന്നു.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ജൈവ കീടനാശിനി വില്‍ക്കുന്ന ചേറ്റുകുഴിയിലെ ബേബിച്ചന്‍.
സുഗന്ധറാണിക്ക് പ്രിയമേറി, മഴ ചതിച്ചിട്ടും ഏലം കര്‍ഷകരും തൊഴിലാളികളും ഹാപ്പി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
പുറ്റടി സ്‌പൈസസ് പാര്‍ക്കിലെ ഏലം ലേലം.
Join WhatsApp News
ജോണി 2017-02-20 13:48:32
ഏലം എന്ന നമ്മുടെ ഉത്പന്നത്തെ കുറിച്ച് ശ്രീ കുരിയൻ എഴുതിയ ലേഖനം കൊള്ളാം. പക്ഷെ അതിലെ ഒരു വാചകം വേദനിപ്പിച്ചു.  "ഗ്വാട്ടിമാലയിൽ ഭൂകമ്പം വന്നാൽ ഇന്ത്യ രക്ഷപെട്ടു"  മനഃപൂർവം അല്ലായിരിക്കാം അങ്ങിനെ എഴുതിയത്എന്നാലും സഹ ജീവികളോട് അല്പം കരുണ ഒക്കെ ആവാം. അല്ലാതെ തന്നെ പ്രകൃതി ദുരന്തവും മയക്കുമരുന്ന് മാഫിയയും ക്രിമിനൽസും കൊണ്ട് ജീവിതം വഴി മുട്ടി നിൽക്കുന്ന ഒരു രാജ്യം. അവിടെ ഒരു ദുരന്തമുണ്ടായിട്ടു വേണോ നമുക്ക് രക്ഷപെടാൻ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക