Image

ചാക്കോയുടെ സുവിശേഷം (ഡി ബാബുപോള്‍)

Published on 20 February, 2017
ചാക്കോയുടെ സുവിശേഷം (ഡി ബാബുപോള്‍)
നൂറ്റാണ്ടുകളുടെ ഇടവേളയില്‍ വിരചിതമായ കൃതികളുടെ സമാഹാരമാണ് ‘എബ്രായ വേദപുസ്തകം’ എന്ന് ആധുനികലോകം വിളിക്കുന്ന ക്രിസ്ത്യന്‍ പഴയനിയമമെങ്കില്‍ ഏതാണ്ട് അര നൂറ്റാണ്ടിനിടെ എഴുതപ്പെട്ട രേഖകള്‍ തുടര്‍ന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലൂടെ ഇന്നത്തെ രീതിയില്‍ ചിട്ടപ്പെടുത്തി നിര്‍മ്മിച്ചതാണു പുതിയ നിയമം. എബ്രായവേദപുസ്തകം ഏറിയും (പൗലോസ്) കുറഞ്ഞും (ലൂക്കോസ്) പരിചയം ഉള്ളവരാണു പുതിയ നിയമത്തിലെ കൃതികള്‍ രചിച്ചത്. എന്നാല്‍ ഈ രചയിതാക്കളാരും തങ്ങള്‍ക്കു പരിചയമുള്ള, ദൈവനിവേശിതമായി അടയാളപ്പെടുത്തപ്പെട്ട, പഴയ നിയമത്തിനു തുല്യമായൊരു കൃതി ചമയ്ക്കുകയാണെന്നു വിദൂരമായിപ്പോലും ചിന്തിച്ചില്ല. ഇവ ബൈബിളിന്റെ ഭാഗമാണ്, ബൈബിള്‍ തന്നെയാണ് എന്നു പറഞ്ഞതു സഭയാണ്. താന്‍ പറയുന്നതിനു വിരുദ്ധമായി ഏതു ദേവേന്ദ്രന്‍ വന്നു പറഞ്ഞാലും അതു കാര്യമാക്കരുതെന്നു പൗലോസ് പറഞ്ഞത് ആ ലേഖനത്തിന്റെ സ്വീകര്‍ത്താക്കളോടാണ്; ആ രചനയുടെ സവിശേഷസാഹചര്യത്തിലുമാണ്. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ പൗലോസിന്റെ ഏതു ലേഖനവും “പൗലോസ് ശ്ലീഹാധന്യന്‍ തന്‍ ചൊല്‍കേട്ടേനിതേവം” എന്ന ഭീഷണിസമാനമായ ഗീതം ആമുഖമായി ആവര്‍ത്തിച്ചതിനു ശേഷമാണു വായിക്കപ്പെടുന്നത്. പൗലോസിനെപ്പോലെ ഒരു മഹാപണ്ഡിതന്‍ ഇന്ന് അതു കേട്ടാല്‍ ചിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. പൗലോസിന്റെ വേദശാസ്ത്രപരിപ്രേക്ഷ്യങ്ങളോടും കുരിശുമരണത്തിന്റെ വിശദീകരണങ്ങളോടും പൂര്‍ണമായി യോജിക്കാതെ തന്നെ ക്രിസ്തുശിഷ്യനായി കഴിയാനാകുമെന്നതിനു തെളിവ് പത്രോസും യാക്കോബും മറ്റും തന്നെയാണ്. എന്നാല്‍ അതിനു ക്രിസ്തു എന്തു പറഞ്ഞു, എന്തു ചെയ്തു എന്നൊക്കെ അറിയണം. സുവിശേഷങ്ങളുടെ സവിശേഷപ്രസക്തി അവിടെയാണു കാണേണ്ടത്.

വേദവിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നൊരു പദമാണല്ലോ, കാനോന്‍. കാനന്‍. Canon. ഗ്രീക്കുനിഷ്പത്തിയനുസരിച്ച് “അളവുകോല്‍”, “മാനകം”, “നിയാമകം” measuring rod, norm, standard എന്നൊക്കെ സായിപ്പിന്റെ ഭാഷയിലാകാം അര്‍ത്ഥകല്പനയെങ്കിലും, പട്ടിക, കാറ്റലോഗ് എന്നിങ്ങനെയാണു പൊതുവെ കാനന്‍ എന്ന ശബ്ദം മനസ്സിലാക്കപ്പെടുന്നത്. സഭ ആദ്യകാലത്തു കൃത്യമായൊരു പട്ടിക അംഗീകരിച്ചു വിളംബരപ്പെടുത്തിയെന്നു തോന്നുന്നില്ല. യവുസേബിയസ് അടക്കമുള്ള പൂര്‍വികരുടെ കുറിമാനങ്ങളില്‍ നിന്നു പൊരുള്‍ തിരിച്ച് എടുക്കുക എന്നതാണു പണ്ഡിതര്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ചുകാണുന്ന സമ്പ്രദായം. ഐറേനിയോസും തെര്‍ത്തുല്യനും പാഷണ്ഡവാദികള്‍ക്കെതിരെ എഴുതിയ പ്രബന്ധങ്ങളും അത്താനാസിയോസിന്റെ ‘ഈസ്റ്റര്‍ ലെറ്റര്‍’ എന്ന രേഖയും ഇക്കോനിയത്തിലെ ആംഫിലോക്കിയൂസിന്റെ ഒരു സ്വകാര്യക്കത്തുമൊക്കെ ഈ പ്രകൃതത്തില്‍ ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെന്നു ലുവെയ്‌നിലെ ജോസഫ് വെര്‍ഹെയ്ഡന്‍ എഴുതിയിട്ടുണ്ട്.

ഒന്നു വ്യക്തമാണ്. രണ്ടാമത്തേയും മൂന്നാമത്തേയും തലമുറയിലെ വിശ്വാസികളായ ഗ്രന്ഥകര്‍ത്താക്കള്‍ ഉദ്ധരിച്ചു എന്നതാണ് ആദ്യതലമുറയുടെ രചനകള്‍ക്ക് ആധികാരികത നല്‍കുന്നത്. രണ്ടാം നൂറ്റാണ്ടിന്റെ പാതിയോടെ അപ്പൊസ്‌തോലന്മാരുടെ സ്മരണകള്‍ എന്നു സുവിശേഷങ്ങളെക്കുറിച്ചു പറയുന്നതായി ജസ്റ്റിന്‍ മാര്‍ട്ടിയര്‍ തെളിയിക്കുന്നുണ്ട്.

അവിടേയും ഒരു പ്രശ്‌നം ബാക്കിയായി. സുവിശേഷങ്ങള്‍ ഏവ? മാര്‍സിയോണ്‍ ലൂക്കോസ് മാത്രമെന്നും ജ്ഞാനവാദികള്‍ ചിലര്‍ ഹെറാക്‌ളിയോണിലെ ടോളെമാവൂസ് ഉദാഹരണം യോഹന്നാന്‍ മാത്രമെന്നും ടാഷിയന്‍ നാലു സുവിശേഷങ്ങളും നാലും കൂടിയ ഒന്നും ഡയാടെസറോണ്‍, “നാലില്‍ നിന്ന് ഉള്ളത്” എന്നാണു ടാഷിയന്‍ അതിനു പേരിട്ടത് എന്നും: ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ പെരുകി. ഐറേനി “നാല്, നാല് മാത്രം” എന്നു കട്ടായമായി പറഞ്ഞിടത്താണ് അഭിപ്രായസമന്വയത്തിന്റെ അടിത്തറ എന്നു തോന്നുന്നു. ഏതായാലും നാലു സുവിശേഷങ്ങള്‍ എന്നത് ഇന്ന് ഉറച്ച സംഗതിയാണ്.

ഇതിനോടു ബന്ധപ്പെട്ട് വേറെ രണ്ടു സംഗതികള്‍ കൂടി ബൗദ്ധികതലത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. ഒന്ന് സമാനസുവിശേഷങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. “വേദശബ്ദരത്‌നാകരം” (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 1997; നാലാം പതിപ്പ് 2016) ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുള്ളത് താല്പര്യം തോന്നുന്നവര്‍ക്കു വായിക്കാം. രണ്ടാമത്തേത്, ക്രിസ്തു പറഞ്ഞതേത്, എഴുതിയവര്‍ ചേര്‍ത്തതേത് എന്ന സംഗതി.

ക്രിസ്തു സംസാരിച്ചത് അരമായ / സുറിയാനി. സുവിശേഷങ്ങളൊക്കെ ഗ്രീക്കിലും. അതിന്റെ കാരണം യഹൂദെ്രെകസ്തവര്‍ സഭയില്‍ ന്യൂനപക്ഷമായതോടെ ഗ്രീക്കിലല്ലാതെ സംഭാംഗങ്ങള്‍ക്കു ഗ്രഹിക്കാനാകുമായിരുന്നില്ല എന്നതാവണം. അബ്ബാ, തലീഥ, കൂമി എന്നൊക്കെയുള്ള ശബ്ദങ്ങള്‍ മാത്രമാണല്ലോ അരമായ. അതായത് അരമായ മൂലം വല്ലതുമുണ്ടായിരുന്നെങ്കില്‍ത്തന്നെ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അതൊക്കെ കൃച്ഛ്‌റാ ലഭ്യമായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സുവിശേഷങ്ങളെ ക്രിസ്തുവുമായി നേരിട്ടു ബന്ധിപ്പിക്കുന്നതു നമ്മുടെ വിശ്വാസവും സഭയുടെ പ്രബോധനവും മാത്രമാണ്.

ഇതോടൊപ്പം ശ്രദ്ധിക്കേണ്ട വേറെ ചിലതു കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ഒന്ന് അഗ്രാഫ. അഴൃമുവമ. ക്രിസ്തു പറഞ്ഞതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്താത്തതും പിതാക്കന്മാരുടെ രചനകളില്‍ (ptaristic) ഉദ്ധരിക്കപ്പെടുന്നതുമായ ആശയങ്ങളോ വാക്കുകളോ ആണ് അഗ്രാഫ. വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ലാഭം എന്നു കര്‍ത്താവു പറഞ്ഞതായി പൗലോസ് പറയുന്നത് ഓര്‍ക്കുക. നഗ്ഹമ്മാദിരേഖകളും തോമായുടെ സുവിശേഷം പോലെയുള്ള രേഖകളും വേറേ.

ഇതുവരെ പറഞ്ഞതൊക്കെ സാധാരണക്കാരെ അലോസരപ്പെടുത്തുന്ന സംഗതികളാണ്. ഒന്നോര്‍ത്താല്‍ ഇതൊന്നും കൂലംകഷമായി പരിശോധിക്കാതെ, പൗലോസിന് ഇംഗ്ലീഷ് മതിയായിരുന്നു എഴുതാനെങ്കില്‍ ആഫ്രിക്കക്കാര്‍ക്കു വായിക്കാനും അതു മതി എന്ന വിവരക്കേടു പറഞ്ഞ് ബൈബിള്‍വിവര്‍ത്തനം നിരുത്സാഹപ്പെടുത്തിയ പ്രശസ്ത മദാമ്മയെപ്പോലെ ആകാതെ സൂക്ഷിക്കുക മാത്രം ചെയ്ത്, ലഭ്യമായതു ലഭ്യമായ രീതിയില്‍ വായിച്ചു ഗ്രഹിക്കുകയാണു മനഃസുഖത്തിനു നല്ലത്. ക്രിസ്മസ് ഡിസംബറിലാണെന്നും മഹാബലി കേരളം വാണിരുന്നെന്നും വിശ്വസിക്കുന്ന ശിശുക്കളാണല്ലോ സംശയിക്കുന്ന തോമ്മമാരേക്കാള്‍ ആനന്ദമനുഭവിക്കുന്നവര്‍!

ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ശ്രീ പി വി ചാക്കോ ഈ കൃതി നിര്‍മ്മിച്ചിട്ടുള്ളതു െ്രെകസ്തവരും അെ്രെകസ്തവരുമായ സാധാരണക്കാര്‍ക്കു വേണ്ടിയാണ്. സുവിശേഷങ്ങളില്‍ ക്രിസ്തുവചസ്സുകളും ക്രിസ്തുസംഭവങ്ങളുമുണ്ട്. ഗിരിപ്രഭാഷണം പോലെ പലപ്പോഴായി പറഞ്ഞത് ഏകത്ര സംഗ്രഹിച്ചിരിക്കുന്നതും സ്വര്‍ഗരാജ്യത്തെക്കുറിച്ചും ദൈവത്തിന്റെ പിതൃഭാവത്തെക്കുറിച്ചും പറഞ്ഞ പല ഉപമകള്‍ ചേര്‍ത്തു വായിക്കാവുന്ന മട്ടില്‍ ഒപ്പം ചേര്‍ത്തു കുറിച്ചിട്ടുള്ളതുമൊക്കെ ആദ്യവായനയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പോന്നതാണ്. ഇവിടെ അവയൊക്കെ വെവ്വേറെ കണ്ടെത്തി ഒരു അക്കൗണ്ടന്റിന്റെ സൂക്ഷ്മതയോടെയും ഒരു ഓഡിറ്ററുടെ ത്യാജ്യഗ്രാഹ്യവിവേചനത്തോടെയും ശ്രീ ചാക്കോ അവതരിപ്പിച്ചിരിക്കുന്നതു ബൈബിളിലൂടെയും ക്രിസ്തുവിലൂടെയും അറിവിന്റെ പദയാത്ര തുടങ്ങുന്നവര്‍ക്കു പ്രയോജനകരമായ വിധത്തിലാണ്. അവര്‍ക്കു മാത്രമല്ല താനും. കഴിഞ്ഞ 42 സംവത്സരങ്ങളായി ബൈബിള്‍ പഠിക്കാന്‍ ശ്രമിച്ച് എങ്ങുമെങ്ങും എത്തിയെന്ന് ഉറപ്പിക്കാനാവാതെ ഉഴലുന്ന അസ്മാദൃശന്മാര്‍ക്കും ഇതൊരു കൈപ്പുസ്തകത്തിന്റെ പ്രചോദനം ചെയ്യും.

സംഭാവനകളുടെ കാലനിര്‍ണയം കൃത്യമായി നടത്തി മുന്‍ഗണനാക്രമം നിശ്ചയിച്ച് അച്ചടിക്കുക അസാദ്ധ്യമാണെങ്കിലും “ആദ്യത്തെ അടയാളം” എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നത് ആദ്യം തന്നെ കൊടുക്കുകയും നാലു സുവിശേഷങ്ങളിലും പറഞ്ഞിരിക്കുന്ന അത്ഭുതം അതിനു പിന്നാലെ കൊടുക്കുകയും ചെയ്യുന്നതു കൊള്ളാം.

ഒരു റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന ഈ കൃതി പല ഭാഷകളില്‍ ഒന്നിച്ചച്ചടിക്കേണ്ടതില്ല. അതു സ്ഥൂലതയും വിലയും വര്‍ദ്ധിപ്പിക്കയേയുള്ളൂ. മലയാളവും ഇംഗ്‌ളീഷും ആവാം. എന്നല്ല, വേണം. നമ്മള്‍ പി ഓ സി ഭാഷാന്തരം വന്നതോടെ നൂറ്റാണ്ടിലേറെ ശീലിച്ച വാക്കുകള്‍ രണ്ടു തരത്തില്‍ പരീശന്‍, ഫരിസേയന്‍ പറയാന്‍ തുടങ്ങിയ സ്ഥിതിക്കു വിശേഷിച്ചും.

പൊതുവെ സ്വീകാര്യവും അത്യന്തം ഉപയോഗപ്രദവുമാണു ശ്രീമാന്‍ പി വി ചാക്കോ രൂപപ്പെടുത്തിയ “യേശുവിന്റെ സുവിശേഷം” എന്നു സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക