Image

ജനാധിപത്യം നേരിടുന്ന ഭീഷണിക്കെതിരെ വാക്കുകളെ ആയുധമാക്കണം: പിണറായി വിജയന്‍

Published on 24 February, 2017
ജനാധിപത്യം നേരിടുന്ന ഭീഷണിക്കെതിരെ വാക്കുകളെ ആയുധമാക്കണം: പിണറായി വിജയന്‍
ദേശാഭിമാനിയുടെ പ്രഥമ പുരസ്കാരം മഹാനായ എം.ടിക്കു നല്‍കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടും ഉചിതമായി. പ്രകടമായി രാഷ്ട്രീയം പറയുകയോ ഏതെങ്കിലുമൊരു പാര്‍ടിയോട് ചേര്‍ന്നുനില്‍ക്കുകയോ ചെയ്ത ആളല്ല എം.ടി. മനുഷ്യസ്‌നേഹികളായ എല്ലാ എഴുത്തുകാരും ഒരര്‍ത്ഥത്തില്‍ ഇടതുപക്ഷക്കാര്‍ തന്നെയാണ്. അധികാരികളെ സ്തുതിക്കുകയല്ല, അതിനു കീഴില്‍ ഞെരിഞ്ഞമരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടലാണ് നല്ല എഴുത്തുകാര്‍ ചെയ്യുന്നത്. മലയാളി കടന്നുവന്ന നാളുകളുടെ യഥാര്‍ത്ഥ ചിത്രം എം.ടിയുടെ കൃതികളിലൂടെ നമുക്ക് ലഭിക്കുന്നു. പഴയ നാലുകെട്ടുകളുടെ അകത്ത് വീര്‍പ്പുമുട്ടിക്കഴിഞ്ഞ മനുഷ്യരുടെ സങ്കടങ്ങള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ നാം അറിഞ്ഞു.

നാടുവാഴിത്തവ്യവസ്ഥ അവസാനിപ്പിച്ച് ആധുനിക ജനാധിപത്യസമ്പ്രദായം കൊണ്ടുവരാനാണ് ഒരുകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനവും ദേശാഭിമാനിയും പോരാടിയത്. ഇതേ കാര്യം തന്നെയാണ് സൗന്ദര്യാത്മകമായി തന്റെ രചനകളിലൂടെ എം.ടിയും ആവിഷ്കരിച്ചത്. ഈ നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കയറുന്ന ഒരു ചെറിയ വീട് പണിയണം എന്ന് നാലുകെട്ടിലെ അപ്പുണ്ണി പറയുന്നതിനര്‍ത്ഥം നാടുവാഴിത്തവും അതിന്റെ കുടുംബഘടനയായ മരുമക്കത്തായവും
മാറണം എന്നു തന്നെയാണ്. ഇങ്ങനെയൊരു ചിന്ത എം.ടിയെ പോലുള്ളവരുടെ മനസ്സില്‍ നാമ്പെടുത്തതിനു പിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനമുണ്ടെന്നത് വ്യക്തമാണ്.

കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് വര്‍ഗീയവാദികളും ഫാസിസ്റ്റുകളും നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന കാലമാണിത്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ പണ്ടുമുതലേ ശത്രുതയിലായിരുന്നുവെന്നും ഇനിയും അങ്ങനെ തുടരണമെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അന്യമതക്കാരും ജാതിക്കാരുമൊക്കെ ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്‌തോ നാടുകടത്തിയോ ഒരു സ്വര്‍ഗം പണിയാമെന്നും അവര്‍ സ്വപ്നം കാണുന്നു. സത്യത്തില്‍ ഇതല്ല കേരളത്തിന്റെ യഥാര്‍ത്ഥ്യമെന്നതിന്റെ മികച്ച തെളിവാണ് എം.ടി. സൃഷ്ടിച്ച കഥാപാത്രങ്ങള്‍. മറ്റു മതക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതിയിരുന്നവരാണ് മലയാളികള്‍. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചുമാണ് അവര്‍ ജീവിച്ചിരുന്നത്.

എം.ടി. ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ആശയങ്ങള്‍ക്കുനേരെ കടുത്ത വെല്ലുവിളികള്‍ ഉയരുന്ന കാലമാണിത്. എഴുത്തുകാര്‍ക്ക് നിര്‍ഭയം തങ്ങളുടെ ചിന്തകള്‍ ആവിഷ്കരിക്കാന്‍ കഴിയാത്ത സാഹചര്യം. സമൂഹത്തിലെ ഒരു ജീര്‍ണതയെയും തുറന്നുകാട്ടാനോ വിമര്‍ശിക്കാനോ പറ്റാത്തവിധം ചിലര്‍ നമ്മുടെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നു. നിര്‍മാല്യത്തില്‍ സവിശേഷമായ രീതിയില്‍ വെളിച്ചപ്പാടിനെ എം.ടി. ചിത്രീകരിച്ചപ്പോള്‍ അന്നത്തെ സമൂഹം സഹിഷ്ണുതയോടെ അത് ആസ്വദിച്ചു. അതിലൂടെ ഉദ്ദേശിക്കുന്നതെന്തെന്ന് തിരിച്ചറിഞ്ഞു. ഇന്നാണ് അങ്ങനെയൊന്ന് ചിത്രീകരിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

കറന്‍സി നിരോധിച്ചതിന്റെ പേരില്‍ കോടിക്കണക്കിന് ജനങ്ങള്‍ കഷ്ടപ്പെടുകയും ചിലര്‍ ക്യൂവില്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്യുന്നത് കണ്ടിട്ടാണ് എം.ടി. പ്രതികരിച്ചത്. അപ്പോഴേക്കും എന്തെല്ലാം തരം ആക്രമണങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ വന്നതെന്ന് നോക്കൂ. നാലുകെട്ടുകാരന് പാകിസ്ഥാനിലേക്കു പോകാം എന്നുപോലും പറയാന്‍ സംഘപരിവാറുകാര്‍ മടിച്ചില്ല. സംവിധായകന്‍ കമലിനോടും പാകിസ്ഥാനിലേക്കു പോകാന്‍ പറഞ്ഞു. താന്‍ പഠിച്ച കാര്യം സത്യസന്ധമായി എഴുതുകയും പറയുകയും ചെയ്തതിന് എം.എം. കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നു. ശിവജി മുസ്ലിംങ്ങളെ കൊന്നൊടുക്കാന്‍ ജനിച്ചയാളാണെന്ന കള്ളം പൊളിച്ചുകൊടുത്തതിന് ഗോവിന്ദ പന്‍സാരയെയും അന്ധവിശ്വാസങ്ങളെ എതിര്‍ത്തതിന് നരേന്ദ്ര ധാബോല്‍ക്കറെയും വെടിവെച്ചു കൊന്നു. യു.ആര്‍. അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റ് അയച്ചുകൊടുത്തു.
ഇതാണോ ഇന്ത്യയുടെ പാരമ്പര്യം? ഇങ്ങനെ ഷാരൂഖ് ഖാനും അമീര്‍ഖാനും എം.ടിയും കമലും നന്ദിതാദാസുമൊക്കെ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കില്‍ സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ പാകിസ്ഥാന്‍ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറുമല്ലോ.

എം.ടിയെപ്പോലുള്ള ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ ജേതാവായ മഹാപ്രതിഭയ്ക്കുപോലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റാത്ത നാട്ടില്‍ എന്തു ജനാധിപത്യമാണുണ്ടാവുക. ഇനിയുള്ള കാലത്ത് എഴുതാനും പാടാനും പറയാനുമൊക്കെ വര്‍ഗീയവാദികളുടെയും ഫാസിസ്റ്റുകളുടെയും സമ്മതപത്രം വേണമെന്നു വന്നാല്‍ എത്ര നിര്‍ഭാഗ്യകരമായിരിക്കും ആ അവസ്ഥ.

അതുകൊണ്ട് മുഴുവന്‍ എഴുത്തുകാരും ഇക്കാര്യം തിരിച്ചറിയണം. ജനാധിപത്യം നേരിടുന്ന ഈ ഭീഷണിക്കെതിരെ വാക്കുകളെ ആയുധമാക്കണം. വാക്കുകളെയാണ് അവര്‍ക്ക് ഏറ്റവുമധികം ഭയം. വാക്കുകളിലൂടെ അവരെ നിരന്തരം തുറന്നുകാട്ടണം. നിങ്ങളെ സ്‌നേഹിക്കുന്ന കോടിക്കണക്കായ സാധാരണക്കാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ ഒക്കെ നിങ്ങളെ പിന്തുണക്കാനുണ്ടാകും. ജനാധിപത്യവിരുദ്ധതയ്ക്കും വര്‍ഗീയതയ്‌ക്കെതിരെയുമുള്ള പോരാട്ടത്തിന് എന്നും നേതൃത്വം കൊടുത്തിട്ടുള്ള ദേശാഭിമാനി എം.ടിക്ക് ഈ പുരസ്കാരം നല്‍കുമ്പോള്‍ ഒരു വലിയ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റമായി അത് മാറുകയാണ്. എം.ടിക്ക് ഇനിയുമേറെക്കാലം സാഹിത്യസേവനം നടത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ജനാധിപത്യം നേരിടുന്ന ഭീഷണിക്കെതിരെ വാക്കുകളെ ആയുധമാക്കണം: പിണറായി വിജയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക