Image

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഉജ്ജ്വല വിജയം

ജോസഫ്‌ കുരിയപ്പുറം/മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 June, 2011
ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഉജ്ജ്വല വിജയം
ഹൂസ്റ്റണ്‍: 2012ല്‍ ഹൂസ്റ്റണില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷന്‍ കിക്കോഫ്‌ ഹൂസ്റ്റണ്‍ മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റിയെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അന്നേ ദിവസം ലഭിച്ച അത്ഭുതാവഹമായ രജിസ്‌ട്രേഷന്‍ പ്രവാഹം.

ജൂണ്‍ 18 ശനിയാഴ്‌ച വൈകീട്ട്‌ 6 മണിക്ക്‌ ഹൂസ്റ്റണിലെ ന്യൂഹോപ്പ്‌ ലൂഥറന്‍ ചര്‍ച്ച്‌ കമ്മ}ണിറ്റി സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നൂറുകണക്കിന്‌ ജനങ്ങള്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക്‌ സ്വീകരിച്ചാനയിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്‌ജീവ്‌ അറോറ, ഫൊക്കാന ദേശീയ ഭാരവാഹികള്‍, ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ഭരണാധികാരികള്‍, ആതിഥേയരായ ഹൂസ്റ്റണ്‍ മലയാളി അസോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയ പ്രമുഖ വ്യക്തികളെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

പ്രാര്‍ത്ഥനാഗാനാലാപത്തോടെ ആരംഭിച്ച ചടങ്ങുകള്‍ അനില്‍ കുമാര്‍?ആറന്മുളയും റജീന ജോസഫും എം.സി.മാരായി നിയന്ത്രിച്ചു. ഹൂസ്റ്റണ്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന, കരുത്തുറ്റ നേതാവും കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ ശ്രീ എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്‌തു. ചരിത്രത്തിലാദ്യമായി ഹൂസ്റ്റണിലേക്ക്‌ വരുന്ന ഫൊക്കാന കണ്‍വന്‍ഷനെ തങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നതായി ഫൊക്കാന പ്രസിഡന്റ്‌ ശ്രീ. ജി.കെ. പിള്ള തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ ശ്രീ. പോള്‍ കറുകപ്പിള്ളില്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, യുവജന പ്രതിനിധി മെല്‍വിന്‍ എബ്രഹാം, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബോബന്‍ കൊടുവത്ത്‌, നാഷണല്‍ ട്രഷറര്‍ ഷാജി ജോണ്‍, ഹൂസ്റ്റണ്‍ മലയാളി അസോസ്സിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. തോമസ്സ്‌ തയ്യില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

മുഖ്യാതിഥിയായിരുന്ന കോണ്‍സുല്‍ ജനറല്‍ ശ്രീ സഞ്‌ജയ്‌ അറോറ, പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ ശ്രീ. പോള്‍ കറുകപ്പിള്ളില്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്കു കൊളുത്തി പതിനഞ്ചാമത്‌ കണ്‍വന്‍ഷന്റെ ആദ്യത്തെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്‌തു. ആതുരശുശ്രൂഷാ രംഗങ്ങളിലും, വിദ്യാഭ്യാസ രംഗങ്ങളിലും മലയാളികള്‍ കരസ്ഥമാക്കിയിട്ടുള്ള നേട്ടങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന്‌ കോണ്‍സുല്‍ ജനറല്‍ തന്റെ ആശംസാപ്രസംഗത്തില്‍ പ്രസ്‌താവിച്ചു. ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‌ എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.

രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചാക്കോ തോമസ്സിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യദിന രജിസ്‌ട്രേഷന്‍ സമാഹരണത്തില്‍ നൂറിലധികം പേര്‍ ആയിരം ഡോളറിന്റെ `ഫാമിലി ബെനഫാക്ടേഴ്‌സ്‌' ആയും, മെഗാ സ്‌പോണ്‍സറായി കേരളത്തില്‍ നിന്നുള്ള `ഒലീവ്‌ ബില്‍ഡേഴ്‌സി'ന്റെ വൈസ്‌ പ്രസിഡന്റ്‌ ശ്രീ സണ്ണിയും രജിസ്‌ട്രേഷന്‍ കൈമാറി.

ഏകദേശം മൂവായിരത്തോളം പേരെ പ്രതീക്ഷിക്കുന്ന ഈ കണ്‍വന്‍ഷന്‍ വാന്‍ വിജയമാക്കിത്തീര്‍ക്കുവാനെന്നോണം ആവേശോജ്ജ്വലമായ പ്രതികരണമാണ്‌ ഹൂസ്റ്റണ്‍ മലയാളികളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മികച്ച സൗകര്യങ്ങളുള്ള ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച്‌ ജുണ്‍ 30, ജൂലൈ 1, 2 , 3 തിയ്യതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്‌ ലഞ്ചും ഡിന്നറുമടക്കം കേവലം ആയിരം ഡോളറാണ്‌ ചിലവു വരുന്നത്‌. മുന്‍കാല കണ്‍വന്‍ഷനേക്കാള്‍ പതിന്മടങ്ങ്‌ പതിന്മടങ്ങ്‌ സൗകര്യപ്രദവും ആനന്ദകരവുമായിരിക്കും ഈ കണ്‍വന്‍ഷന്‍ എന്ന്‌ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ അസുലഭ സന്ദര്‍ഭം ഏവരും ക്രിയാത്മകമായി വിനിയോഗിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

രജിസ്‌ട്രേഷന്‍ സമാഹരണത്തിനു ശേഷം വിവിധ കലാപരിപാടികളോടുകൂടി സമ്മേളനം പര്യവസാനിച്ചു.
ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഉജ്ജ്വല വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക