Image

ട്രംപിന്റെ ചെലവും എയര്‍ഫോഴ്‌സ് വണ്ണും (പകല്‍ക്കിനാവ്-40- ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 05 March, 2017
ട്രംപിന്റെ ചെലവും എയര്‍ഫോഴ്‌സ് വണ്ണും (പകല്‍ക്കിനാവ്-40- ജോര്‍ജ് തുമ്പയില്‍)
അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ ഡോണള്‍ഡ് ട്രംപ് പറഞ്ഞു, താന്‍ കാരണം എയര്‍ഫോഴ്‌സ് വണ്‍ ചെലവ് ഗണ്യമായി കുറയും. ഓര്‍ക്കുക, മണിക്കൂറില്‍ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. അത്രമാത്രം ചെലവ് വരാന്‍ ഇതിനു മാത്രം എന്താണ് ഇതിനുള്ളിലുള്ളത്. അത് എയര്‍ ഫോഴ്‌സ് വണ്ണിനെക്കുറിച്ച് അറിയാത്തതു കൊണ്ടാണ്. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയര്‍ ഫോഴ്‌സ് വണ്‍. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളില്‍ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 25 കോടി ഡോളര്‍ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങള്‍ അമേരിക്കന്‍ പട്ടാളത്തിന്റെ പക്കലുണ്ട്. മണിക്കൂറില്‍ 1014 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇവയ്ക്ക് 12550 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ് എയര്‍ഫോഴ്‌സ് വണ്‍. ഇതാണ് എയര്‍ ഫോഴ്‌സ് വണ്ണിന്റെ പ്രത്യേകത. അങ്ങനെയുള്ള വിമാനം ട്രംപ് പോകുന്നിടത്തൊക്കെ പോകാന്‍ ആവശ്യമില്ലെന്നും തനിക്ക് സ്വന്തമായി ആഡംബര വിമാനമുള്ളതിനാല്‍ എയര്‍ ഫോഴ്‌സ് വണ്ണിന്റെ ചെലവ് ലാഭിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷേ. എന്നാല്‍, ആദ്യ തവണത്തെ എയര്‍ഫോഴ്‌സ് വണ്‍ യാത്ര കഴിഞ്ഞതോടെ, സംഗതി മാറി. ഇപ്പോള്‍ എന്തിനുമേതിനും എയര്‍ഫോഴ്‌സ് വണ്‍ മതി. ഇതിന്റെ പരിപാലന-സംരക്ഷണ ചെലവ് താന്‍ സന്ദര്‍ശിക്കുന്ന സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന പ്രത്യേകമായ ഉത്തരവും മിസ്റ്റര്‍ പ്രസിഡന്റ് ഇറക്കിയിട്ടുണ്ട്. ഇതു മാത്രമല്ല, പ്രസിഡന്റിന്റെ വിമാനം വന്നിറങ്ങുന്നതു മുതല്‍ അദ്ദേഹം തിരികെ പോകുന്നതു വരെയുള്ള ചെലവ് റോക്കറ്റ് പോലെ കുതിച്ചുയരുന്നുവെന്നാണ് സംസ്ഥാനങ്ങളുടെ പരാതി.

ഫ്‌ളോറിഡയിലെ മാര്‍ ലാഗോ ആഡംബര റിസോര്‍ട്ടിലേക്ക് ഇതുവരെ ന്യൂയോര്‍ക്കില്‍ നിന്നും മിസ്റ്റര്‍ പ്രസിഡന്റ് പറന്നത് തുടര്‍ച്ചയായ നാലു തവണ. ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (ജിഎഒ)യുടെ 2016-ലെ എസ്റ്റിമേറ്റ് പ്രകാരം പാം ബീച്ചിലേക്കുള്ള ഓരോ സന്ദര്‍ശനത്തിനും പ്രതിദിനം ഇപ്പോള്‍ അധികമായി വേണ്ടി വരുന്ന തുക ഏകദേശം മൂന്നു മില്യണ്‍ ഡോളറാണ്. 

വൈറ്റ് ഹൗസിനു പുറത്ത് വീക്കെന്‍ഡ് ആഘോഷിക്കാന്‍ വാഷിങ്ടണ്‍ ഡി.സിക്കു സമീപമുള്ള ട്രംപിന്റെ തന്നെ ക്യാംപ് ഡേവിഡ് പോലെയുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്നും ആഡംബരം കുറയ്ക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇതു മാത്രമല്ല അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള പ്രസിഡന്റിന്റെ വസതിയ്ക്ക് സുരക്ഷ ഇനത്തില്‍ തന്നെ പ്രതിദിനം അമേരിക്കന്‍ പോലീസ് ചെലവഴിക്കുന്നത് വന്‍ തുകയാണ്. ട്രംപ് ടവര്‍ സംരക്ഷിക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിദിനം 5 മില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. പുറമേ, ട്രംപിന്റെ നാലു മക്കളുടെ തിരക്കാര്‍ന്ന ബിസിനസ്സ് യാത്രകള്‍ക്കു വേണ്ടി രാജ്യത്തിനുള്ളിലും രാജ്യാന്തര യാത്രകള്‍ക്ക് വേണ്ടിയും ചെലവഴിക്കുന്ന തുക ഇതിന്റെ നാലിരട്ടി വരും. ഇതിന്റെയെല്ലാം ചുമതല അമേരിക്കന്‍ സീക്രട്ട് സര്‍വീസിനാണ്. അതു കൊണ്ട് തന്നെ ഇവയുടെ കൃത്യമായ കണക്ക് പുറത്തറിയാറില്ല. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക്, ചിക്കാഗോ, ടെക്‌സസ്, ഫ്‌ളോറിഡ എന്നിവിടങ്ങളിലെ ആഡംബര റിസോര്‍ട്ടുകള്‍ക്കും മറ്റു താമസ സൗകര്യങ്ങളിലും സീക്രട്ട് സര്‍വീസ് കൃത്യമാര്‍ന്ന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

അമേരിക്കന്‍ പ്രസിഡന്റിന്റെ അടിക്കടിയുള്ള എയര്‍ഫോഴ്‌സ് വണ്‍ പറക്കലിനു വേണ്ടി വരുന്ന ചെലവിന്റെ കാര്യത്തില്‍ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചു കഴിഞ്ഞു. ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റ് ആയിരുന്ന എട്ടു വര്‍ഷത്തിനിടയ്ക്ക് 77 തവണ ടെക്‌സസിലെ ക്രോഫോര്‍ഡിലേക്ക് എയര്‍ഫോഴ്‌സ് വണ്‍ യാത്ര നടത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ്. എന്നാല്‍, അതൊക്കെയും വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ തന്നെ ട്രംപ് തകര്‍ക്കാന്‍ സാധ്യതയുണ്ട്. മുന്‍ പ്രസിഡന്റുമാരായിരുന്ന മാര്‍ക്ക് നോളര്‍, റിച്ചാര്‍ഡ് നിക്‌സണ്‍ എന്നിവര്‍ ഫ്‌ളോറിഡയിലെ വിന്റര്‍ വൈറ്റ് ഹൗസിലേക്ക് അടിക്കടി യാത്ര നടത്തിയവരായിരുന്നുവെന്ന ന്യായീകരണമാണ് ഇക്കാര്യത്തില്‍ ട്രംപിനുള്ളത്. വെസ്റ്റ് കോസ്റ്റിലേക്ക് ആഴ്ചാവസാനം യാത്ര നടത്തി റോണള്‍ഡ് റീഗനും ഇക്കാര്യത്തില്‍ മുന്‍ നിരയില്‍ തന്നെയായിരുന്നുവെന്നു കണക്കുകളും സൂചിപ്പിക്കുന്നു.
ഇലക്ഷന്‍ പ്രചരണ കാലത്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീമന്‍ ചെലവുകളെക്കുറിച്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ആളാണ് ട്രംപ്. അവിശ്വസനീയമായ യാത്രച്ചെലവുകളെക്കുറിച്ചായിരുന്നു അന്ന് ഏറെയും വികാരാധീനനായി പ്രസിഡന്റ് പ്രസംഗിച്ചത്. അമേരിക്കന്‍ ജനത നല്‍കുന്ന നികുതി പണം മുഴുവനായി തന്നെ ഒമാബ ഗോള്‍ഫ് കളിക്കാനും നാടു ചുറ്റിയടിക്കാനും വേണ്ടി മുടിപ്പിച്ചുവെന്നു പല തവണ ട്വീറ്റ് ചെയ്ത ട്രംപ് ഇപ്പോള്‍ മിസ്റ്റര്‍ പ്രസിഡന്റ് ആയതോടെ ഒക്കെയും വിഴുങ്ങിയിരിക്കുന്നുവെന്ന ആരോപണം ശക്തമാണ്.

ഫ്‌ളോറിഡയിലേക്കുള്ള ട്രംപിന്റെ വരവില്‍ പ്രാദേശികമായ എതിര്‍പ്പ് രൂക്ഷമാണെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാര്‍ ലാഗോയിലേക്കുള്ള വരവിനു വേണ്ടി പ്രാദേശികമായ എയര്‍പോര്‍ട്ട്, ലത്വാന വിമാനത്താവളം പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുന്നത് വന്‍ വരുമാനനഷ്ടവും ഒപ്പം സ്വദേശികളുടെ യാത്രാബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതും വിമര്‍ശനമുണ്ടാക്കുന്നുണ്ടത്രേ. അതിനു പുറമേ, എയര്‍ഫോഴ്‌സ് വണ്‍ കാണാനും അതിനടുത്തു നിന്നു സെല്‍ഫി എടുക്കാനും സന്ദര്‍ശകര്‍ നടത്തുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെടുന്നുവത്രേ. നാലായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 70.4 മീറ്റര്‍ നീളവും 59.6 മീറ്റര്‍ വീതിയുമുള്ള എയര്‍ഫോഴ്‌സ് വണ്‍ ഒരു അത്ഭുതം തന്നെയാണ്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഇതിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയവിനിമയശൃംഖലക്കു പുറമെ 85 ടെലിഫോണ്‍, 19 എല്‍.സി.ഡി സ്‌ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍(ലിമോസിന്‍), ആംബുലന്‍സ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ഈ വിമാനത്തില്‍ 102 പേര്‍ക്ക് ഇരിക്കാനാകും. വൈദ്യചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കല്‍ സ്യൂട്ട്, പ്രസിഡന്റിന്റെ സഹായികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കാബിനുകള്‍, സമ്മേളനഹാള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള താമസസൗകര്യം, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, ജീവനക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍. വിമാനത്തിലെ ഭക്ഷണശാലയില്‍ ഒരേ സമയം നൂറു പേര്‍ക്ക് ഭക്ഷണം വിളമ്പാനാകും. സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയില്‍ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാവുമായും ആശയ വിനിമയം നടത്താനാവും. യാത്രക്കിടയില്‍ അക്രമണം നടന്നാല്‍, മെഡിക്കല്‍ സൗകര്യവും രക്തബാങ്കും ഒരുക്കിയിട്ടുണ്ട്. യാത്രക്കിടയില്‍ തന്നെ ആവശ്യമെങ്കില്‍ ഇന്ധനം നിറയ്ക്കുകയുമാവാം.

ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെപ്പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിര്‍മ്മിതി. ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും കഴിയും. വിമാനത്തിലെ മിറര്‍ ബാള്‍ ഡിഫന്‍സിലൂടെ ഇന്‍ഫ്രാ റെഡ് മിസൈല്‍ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാന്‍ സാധിക്കും. ആണവായുധം കൊണ്ടുള്ള അക്രമണം ചെറുക്കാനും അമേരിക്കന്‍ പ്രസിഡന്റിന് ആവശ്യമെങ്കില്‍ വിമാനത്തില്‍ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യമുണ്ട്. ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ് വിമാനത്തിലുണ്ട്. ഇങ്ങനെയുള്ള വിമാനത്തിന്റെ പരിപാലനചെലവ് താന്‍ യാത്ര ചെയ്യാന്‍ തയ്യാറാകാതിരിക്കുന്നതോടെ കുറയുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അതൊക്കെയും വെള്ളത്തില്‍ വരച്ച വര പോലെയായി. ട്രംപിന്റെ യാത്രാച്ചെലവ് മാത്രം അവിശ്വസനീമായ വിധത്തില്‍ കുതിച്ചുയരുന്നു, അതൊക്കെയും നികുതി രൂപത്തില്‍ തിരിച്ചടയ്ക്കാന്‍ അമേരിക്കന്‍ ജനത വിധിക്കപ്പെടുന്നു- എന്തൊരു വിരോധാഭാസം!

Join WhatsApp News
ഡൊണാൾഡ് തമ്പുരാൻ 2017-03-06 07:52:47

എയർഫോഴ്‌സ്‌ വൺ ഒരു ഫൺണാണ് 'തുമ്പേ'
ഒന്ന് പറന്നാൽ പിന്നെ പറക്കും
വൈറ്റ് ഹൗസിൽ എനിക്കൊരു സ്വാസ്ഥതയില്ല
പത്രക്കാർ എപ്പഴും ചുറ്റിലുമുണ്ട്
അവരുടെ ചോദ്യങ്ങൾ കേട്ടു മടുത്തു ഞാൻ
പൂട്ടിനും ഞാനുമായുള്ള ബന്ധം അറിയണം
ടാക്സ് റിട്ടേർണിന്റെ കാര്യം അറിയണം
പന്ത്രണ്ടു സ്ത്രീകളുമായുള്ള ബന്ധം അറിയണം
പഠിച്ചപ്പണി ഞാൻ  പന്ത്രണ്ടു നോക്കീട്ടും
ജനശ്രദ്ധ തിരിക്കാൻ ഞാൻ പല വേല നോക്കീട്ടും
മെക്സിക്കൻ ബോഡറിൽ വൻമതിൽ  കെട്ടുന്ന കാര്യം പറഞ്ഞിട്ടും
ഡീറഗുലേഷന്റെ കാര്യം പറഞ്ഞിട്ടും
ട്രാവൽബാനിന്റെ എഗ്‌സ്ക്കുട്ടീവ് ഓർഡർ ഇറക്കീട്ടും
മൂന്നരമില്ലിയൻ കള്ളവോട്ടിന്റെ കാര്യം പറഞ്ഞിട്ടും
ഒബാമ വയർട്ടാപ്പ് ചെയ്യത കാര്യം പറഞ്ഞിട്ടും
പോകുന്നു കയ്യവിട്ടു  കാര്യങ്ങൾ ഒക്കെയും
ഫിളിന്റിനെ  പൊക്കിയും സെഷെനെ പൊക്കിയും
ചികയുകന്നവർ പൂട്ടിനും ഞാനുമായുള്ള കണക്ഷൻ
പോക്കാണെന്റ കാര്യം ഇന്നല്ലേ തീർച്ചയാ
ഞാൻ പറഞ്ഞൊരാ കള്ളങ്ങൾ ഒക്കെയും
വേട്ടയാടുന്നു രക്ഷയില്ലിനി
കള്ളം പറഞ്ഞെന്റെ നാവു കുഴഞ്ഞഹോ 
എയർഫോഴ്സ് വണ്ണിൽ ഇരിക്കട്ടെ ഞാനിനി
താഴെ വരുന്ന പ്രശ്നം ഇല്ലിനി
'തുമ്പേ'ന്നു റോക്കറ്റു വിടല്ലേ കുട്ടാ നീ
അന്തപ്പൻ അന്ദ്രൂസ് ഒക്കെ ഇളകും
മക്കപ്പുഴ ടോം കൂവള്ളൂർ കുര്യൻ
ഇവരൊക്കെ മുങ്ങിയ മട്ടാണ് കാണുന്നെ
എന്റെ കാര്യം അയ്യോ! കട്ടപ്പുക കഷ്ടം


Justice 2017-03-06 10:49:37
ഇനിയും പൊക്കാനുണ്ട് തമ്പുരാനെ
തമ്പുരാന്റെ മരുമകൻ
സെക്രട്ടറി ഓഫ് സ്റ്റേറ്റ്
പണ്ടത്തെ കാമ്പ്യയൻ മാനേജർ
ഇവരൊക്കെ കൂട്ടുകുറ്റക്കാരല്ലേ
ഇവരൊക്കെ പൊങ്ങുമ്പോൾ
എയർഫോഴ്സ് വൺ താഴെ ഇറക്കണം
ഭൂമിയിൽ ഇറങ്ങാതെ തരമില്ല കേട്ടോ
അല്ലെങ്കിൽ തുമ്പേന്നു റോക്കറ്റു വിട്ടിടും

Francis E Thadathil 2017-03-08 17:05:51
നല്ല ലേഖനം! നല്ല വായന സുഖം. പറഞ്ഞതെല്ലാം സത്യം. ആഡംബരം ഇല്ല പോലും. പൊതുമുതൽ നശിപ്പിക്കില്ല പോലും, ഇവ രണ്ടുമേ ഉള്ളു . എന്നിട്ടു പറയുകയാ ചെലവുകൾ സംസ്ഥാനങ്ങളോട് വഹിച്ചുകൊള്ളാൻ, , സ്വന്തം ആര്ഭാടങ്ങൾക്ക് ജനങ്ങളുടെ നികുതി പണം പുട്ടടിക്കാൻ ? ഇതിലും ഭേദം ഇയാൾക്ക് ശമ്പളവും ചെലവും nikuthiനൽകുന്നതാണ്. ഇല്ല സംസ്ഥാനങ്ങളിലും ഉള്ള വീടുകൾക്ക് സുരക്ഷാ നൽകണമെന്ന് പറഞ്ഞാൽ കഷ്ടമാണ് മുതലാളി, സ്ഥിരമായി പോകാറുള്ള വീടുകൾക്ക് മാത്രം സുരക്ഷാ കൊടുത്താൽ പോരെ? പിന്നെ റിസോർട്ടികൾക്കും മറ്റും സുരക്ഷ കൊടുക്കണമെന്ന് വച്ചാൽ കഴറ്റം തന്നെ. ഇങ്ങനെയുള്ള  മുതലമാരെയെല്ലാം സംരക്ഷിക്കാൻ നികുതിപ്പണം തന്നെ വേണോ? മുതലായയാണെങ്കിൽ നികുതി അടക്കാറില്ല, എന്നാൽ ആ പണം ഉപയോഗിച്ചെങ്കിലും താങ്കൾക്ക് സുരക്ഷ സ്വയം ഒരുക്കികൂടെ മിസ്റ്റർ പ്രസിഡന്റ്? 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക