Image

അരിയും തിന്ന് , ആരേം കടിച്ച് ....(നര്‍മ്മ കഥ: ജയന്‍ വര്‍ഗീസ്)

Published on 12 March, 2017
അരിയും തിന്ന് , ആരേം കടിച്ച് ....(നര്‍മ്മ കഥ: ജയന്‍ വര്‍ഗീസ്)
നമ്മുടെ പഞ്ച പാണ്ഡവന്‍ മാരുടെ കാലം. അസ്ത്ര വിദ്യയുടെ അത്യഭ്യാസത്തിലൂടെ പാഞ്ചാല രാജപുത്രി പാഞ്ചാലിയെ സ്വന്തമാക്കി പങ്കുവച്ചനുഭവിച്ചു കൊണ്ടിരിക്കുകയാണ് പാര്‍ട്ടി. പരിമിതികളുടെ കൊടും കാട്ടില്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍, പരസ്പരം കൂട്ടി മുട്ടാതെ കാര്യങ്ങള്‍ നടത്തിയെടുക്കുന്നതിനുള്ള പാട് അതനുഭവിച്ചവര്‍ക്കേ അറിയൂ.

അങ്ങിനെയാണ്, ഒരു ടൈംടേബിളും, പഞ്ചിങ് സമ്പ്രദായവും നിലവില്‍ വരുന്നത്.ആര് അകത്തുണ്ടോ, അയാളുടെ ചെരുപ്പ് പുറത്ത്. ചെരുപ്പ് കണ്ടാല്‍ അടുത്തയാള്‍ വിട്ടു പൊയ്‌ക്കൊള്ളണം. അകത്തുള്ളയാള്‍ പുറത്തു വന്ന് ചെരിപ്പുമായി വിട്ടുപോയാല്‍, പുറത്തുള്ളയാള്‍ക്ക് ചെരുപ്പ് പുറത്തിട്ട് അകത്തു കയറാം. ഇങ്ങിനെ വരുന്‌പോള്‍ , മാറ്റ് പലതിനെയും പോലെ പഞ്ചിങ് സമ്പ്രദായവും ആദ്യം നടപ്പിലായത് ഇന്ത്യയിലാണെന്ന് നിസ്സംശയം പറയാവുന്നതാണ്.

പക്ഷെ, എവിടെയുമുണ്ടല്ലോ കുലദ്രോഹികള്‍? നമ്മുടെ യുധിഷ്ഠിരന്‍ അകത്ത് അഭ്യാസത്തിലിരിക്കുന്‌പോള്‍ ഒരു ശുനകന്‍ വന്ന് അയാളുടെ തുകല്‍ചെരുപ്പ് കടിച്ചെടുത്തു കൊണ്ട് പോയി.

രണ്ടാമൂഴക്കാരന്‍ വരുന്നു.വാതില്‍ക്കല്‍ ചെരുപ്പ് കാണാത്ത സന്ദോഷത്തില്‍, ' മമ്മൂട്ടിക്കാ ക്കിഷ്ട്ടപെട്ട കുമ്മട്ടിക്കാ ജൂസ് ' എന്ന പാട്ടും പാടി അകത്തേക്ക് ചെല്ലുന്‌പോള്‍ കാണുന്ന കാഴ്ച!? അകത്തുള്ളയാള്‍ക്കു ദേഷ്യം വരാതിരിക്കുമോ? ശപിച്ചേനെ! പക്ഷെ, അപ്പോളാണറിയുന്നത്, പട്ടിയാണ് പണി പറ്റിച്ചതെന്ന്. ദേഷ്യം പട്ടിയോടായി.കൊടുത്തൂ ഒരു ശാപം: "എന്റെ സെക്‌സിങ് സീന്‍ പരസ്യമാക്കുന്നതിന് ഇടയാക്കിയ നിന്റെ സെക്‌സിങ് സീനും പരസ്യമായിപ്പോകട്ടെ " എന്നായിരുന്നു ശാപം.

അന്ന് മുതല്‍ക്കാണ്, പട്ടികളുടെ സെക്‌സിങ് സീനുകളില്‍ ലോക്ക് വീഴുന്നതും,ഏവരുടെയും മുന്നില്‍ അവഹേളനാ പാത്രമായി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നതും.

നാണം കൊണ്ട് പട്ടികള്‍ വീര്‍പ്പു മുട്ടി.എല്ലാ പട്ടികളും ഒത്തു കൂടി ആലോചിച്ചു: ഇനിയെന്താ വഴി? ഒന്നേയുള്ളു വഴി. യുധിഷ്ഠരന്റെ കാല് നക്കി മാപ്പു ചോദിക്കുക.

ഇന്ന് അമേരിക്കയിലുള്ള ഒരു പ്രമുഖ ശ്വാനനായിരുന്നു അന്ന് നേതാവ്.മാപ്പപേക്ഷിക്കുന്നതിനുള്ള പ്രതിനിധിയായി അയാളാണ് അയക്കപ്പെട്ടത് . കിതച്ചും, കുരച്ചും ശ്വാനന്‍ യുധിഷ്ഠര സന്നിധാനത്തിലെത്തി. താണുവണങ്ങി സാന്നിധ്യം അറിയിച്ചു.

"ഉം. എന്താ? ". യുധിഷ്ഠരന്‍.
""അടിയനൊരു സങ്കടം ബോധിപ്പിക്കാനുണ്ടേ "
"സങ്കടമോ? എന്താ സങ്കടം? ആരാ താന്‍?"
"അടിയന്‍ ,..അടിയന്‍ ...ബൗ..ബൗ..."
"തനിക്കു പേരില്ലേ ? അത് പറ"
" അടിയന്‍ ലംബോദരന്‍ ."
" എന്ത് ധരനായാലും വേണ്ടില്ല,..കാര്യം പറയ് ."
"അടിയങ്ങള്‍ നാണം കേട്ട്. പണ്ടത്തെ ആ ശാപം ഒന്ന് മാറ്റിത്തരണം."

"ഓ ..പണ്ടത്തെ ശാപം. അത് മാറ്റാന്‍ താന്‍ മാത്രം വന്നു പറഞ്ഞാല്‍ പോരാ. നിങ്ങളുടെ അപ്പപ്പൂപ്പന്‍ ചെയ്ത കുറ്റം.വര്‍ഗത്തിന് മുഴുവന്‍ ശാപം. ശാപം മാറ്റാം മുഴുവന്‍ കൂട്ടരും കൂടി വന്നു പറയണം."

"അത് നടക്കില്ല തമ്പ്‌രാന്‍ . പലരും പല വഴിക്കായിപ്പോയി. പല നാടുകളില്‍...പല കൂടുകളില്‍. പാവം ആ മനേകാ മാഡത്തിന്റെ കരുണ കൊണ്ടാണ് ഞങ്ങളൊക്കെ ഇപ്പോഴും കാറ്റ് കൊണ്ട് നടക്കുന്നത്."

"ഓ...അത് ശരി.എങ്കിലൊരു കാര്യം ചെയ്യ് . ഒരു മാപ്പപേക്ഷ എഴുതി എല്ലാവരെക്കൊണ്ടും അതിലൊപ്പിടുവിക്ക് .വരാന്‍ പറ്റുന്ന എല്ലാവരെയും കൂട്ടി ആ എഴുത്തുമായി വാ.ശാപം മാറ്റിത്തരാം."

പട്ടികള്‍ക്ക് വലിയ സന്തോഷമായിപ്പോയി. പലരും ഓലിയിട്ടു നൃത്തം ചെയ്‌യുകയും , തമാശക്ക് പലരെയും കടിക്കുകയും ചെയ്തു.

സമയ ബന്ധിതമായിത്തന്നെ ഒപ്പു ശേഖരണം പൂര്‍ത്തിയായി. ശ്വാനപ്പട ഒത്തുകൂടി യാത്രയാരംഭിച്ചു. മാപ്പപേക്ഷ ഒരു എഴുത്ത് പോലെയാക്കി ലംബോദരന്‍ തന്നെ സൂക്ഷിച്ചു.

യാത്രക്കിടയില്‍ പെട്ടന്നാണ് കക്ഷിക്ക് മൂത്ര ശങ്ക വരുന്നത്. അടുത്തു കണ്ട മരച്ചുവട്ടില്‍ കാലുപൊക്കി കാര്യം സാധിക്കുന്നതിനിടയില്‍ അല്പം സ്‌പ്രേ എഴുത്തിലും വീണു. എഴുത്തിനേറ്റ നനവ് മാറ്റാന്‍ വഴി തേടുന്‌പോളാണ് , തൊട്ടുരുമ്മി നടക്കുന്ന സുന്ദരിപ്പട്ടിയുടെ വാനിറ്റി കാണുന്നതും,അവള്‍ പോലുമറിയാതെ എഴുത്ത് അതിലേക്ക് വയ്ക്കുന്നതും .

നടന്നു, നടന്ന് ശ്വാനപ്പട യുധിഷ്ഠിര സവിധത്തിലെത്തി.

"സാധനം കൈയിലുണ്ടോ ? " യുധിഷ്ഠിരന്റെ ചോദ്യം .

" ഒണ്ടേ . ലംബോധരാ, കൊടുക്കളിയാ എഴുത്ത് " മറ്റുള്ളവര്‍ ആവേശത്തിലാണ്.

സത്യത്തില്‍ അപ്പോളാണ് എഴുത്തിനെപ്പറ്റി ഓര്‍മ്മ വരുന്നത്.അടുത്തു നിന്ന സുന്ദരിയെ പരതി . അവളെവിടെ? കാണാനില്ല .

അളിയാ എഴുത്തെവിടെ?

" എഴുത്തു കാണാനില്ല "

"ചതിച്ചോ"

"ഞാനതവളുടെ വാനിറ്റിയില്‍ വച്ചതാ. അവളീ കൂട്ടത്തിലുണ്ട് . കണ്ടു പിടിച്ചാല്‍ മതി."

" ഇനി എന്ത് ചെയ്യും?" പലരും കരഞ്ഞു പോയി."

"എഴുത്തേല്‍ എന്റെ സ്‌പ്രേയുണ്ട്. എല്ലാ വാനിറ്റിയിലും മണപ്പിക്കുക. ഇനി അതേയുള്ളു വഴി.

അങ്ങിനെയാണ്, എല്ലാ ആണ്‍പട്ടികളും, പെണ്‍പട്ടികളുടെ വാനിറ്റി മണപ്പിച്ചു തുടങ്ങിയതും,ഇന്നും അത് തുടരുന്നതും.ലംബോദരനെ അവര്‍ ഓടിച്ചിട്ട് കടിച്ചു.അര്‍ദ്ധ പ്രാണനായിട്ടാണ്, അയാള്‍ വീട്ടില്‍ ചെന്ന് കയറിയത്.

"വേണ്ട,വേണ്ട, ഇങ്ങോട്ടു കയറേണ്ട.എന്റെ ആങ്ങളമാര് കണ്ടാല്‍ തട്ടിക്കളയും."

"നീ എന്നെ മനസ്സിലാക്കണം "

" മനസ്സിലായെടോ. ഏതോ ഒരുത്തിയുടെ വാനിറ്റി കണ്ടപ്പോള്‍ നിങ്ങളെന്നെ മറന്നു. എന്റെ പിള്ളാരെ മറന്നു.എന്റെ പിള്ളാര്‍ക്ക് ഇനി ഇങ്ങനൊരു
അച്ഛനെ വേണ്ടടോ. കടന്നോളണം പടിക്കു പുറത്ത് . നായ വര്‍ഗ്ഗത്തിന് മാനം മര്യാദയായി ജീവിക്കാനുള്ള കനകാവസരമാ താന്‍ കളഞ്ഞു കുളിച്ചത്.ആ തിരുമോന്ത എനിക്ക് കാണണ്ട.വിട്ടോ വണ്ടി വിട്ടോ."

ആടിയാടി അവിടെ നിന്നിറങ്ങി.സന്പൂര്‍ണ്ണ സാക്ഷരക്കാര്‍ വഴിയില്‍ വലിച്ചെറിഞ്ഞ വേസ്റ്റുകള്‍ തപ്പുന്നതിനിടയില്‍ സര്‍ക്കാരിന്റെ പട്ടി പിടുത്തക്കാരുടെ കൈയില്‍പ്പെട്ടു.വന്ധീകരണം നടത്തി അവര്‍ വലിച്ചെറിഞ്ഞതേ ജീവിതം പട്ടി നക്കി.

വഴിയില്‍ കണ്ട ഒരു വലിയ പെട്ടിയില്‍ കയറിക്കിടന്നത് ഓര്‍മ്മയുണ്ട്.അതൊരു കണ്ടൈനര്‍ ആയിരുന്നുവന്നും, അമേരിക്കയിലേക്കുള്ള ചരക്കുകള്‍ ആയിരുന്നു അതില്‍ എന്നും ഒക്കെ പിന്നീടാണറിഞ്ഞത്.

പുതിയ മണ്ണിലേക്ക് കാല് വച്ചിറങ്ങി. വഴിയില്‍ കണ്ടു മുട്ടിയ ഒരു സഹജീവിയില്‍ നിന്നാണ് കൂടുതല്‍ പഠിച്ചത് കള്ളപ്പേരില്‍ ഒളിച്ചു വേണം കഴിയാന്‍ എന്നയാള്‍ പറഞ്ഞു.ഡീപ്പോര്‍ട് ഭയന്ന് അതും ചെയ്തു.

എങ്കിലും ആ എഴുത്തെവിടെ പോയി എന്ന ചിന്ത വിട്ടു മാറുന്നില്ല.വഴിയില്‍ കണ്ട കടലാസുകളില്‍ മണപ്പിച്ചു,മണപ്പിച്ചു നടന്നു.കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ?

" എന്താ മണപ്പിക്കുന്നത് ?" ഒരു മലയാളി.
" എന്റെ ഒരെഴുത്ത് കാണാതെ പോയി."
" അതിനിവിടെ മണപ്പിച്ചിട്ടെന്തു കാര്യം?"
" അത് കിട്ടിയാലേ എനിക്ക് ജീവിതമുള്ളു "
"എങ്കില്‍ എല്ലാ എഴുത്തും വരുന്ന സ്ഥലമുണ്ടല്ലോ ? അവിടെ പോയി തപ്പ് ."
"അതെവിടെയാ ആ സ്ഥലം.?"
"അറിയില്ലേ? നമ്മുടെ ഇ മലയാളി."

അങ്ങിനെയാണ് ലംബോദരന്‍ കള്ളപ്പേരില്‍ ഇ മലയാളിയിലെ എഴുത്തുകള്‍ മണപ്പിക്കാന്‍ തുടങ്ങിയത്.തന്റെ സ്‌പ്രേ മണക്കാത്ത എഴുത്തുകള്‍ കണ്ടാല്‍ മുറുമുറുക്കും, കുരക്കും , ചിലപ്പോള്‍ കടിച്ചു കീറും. സാരമില്ല, പാവം ലംബോദരന്‍ !
Join WhatsApp News
സംശയം 2017-03-13 08:18:52
മാപ്പപേക്ഷ സംസ്കൃതത്തിലെഴുതിയതുകൊണ്ടാണൊ ഒരു സംസ്കൃത ചുവ?
വിദ്യാധരൻ 2017-03-13 20:39:03
ശ്രീകൃഷ്‌ണനും പണ്ടിതുപോലെ സത്യഭാമയുടെ മുറിയിൽ കടന്നു കൂടാൻ ശ്രമിച്ചു. പക്ഷെ സത്യഭാമ പല ചോദ്യങ്ങളിൽ കൂടി ശ്രീകൃഷ്ണനെ വാതിക്കൽ നിറുത്തി. പാഞ്ചാലിക്ക് സത്യഭാമയുടെ ബുദ്ധി വൈഭവം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു കുഴപ്പത്തിൽ അകപ്പെടുകയില്ലായിരുന്നു. പട്ടി ചെരിപ്പടിച്ചു കൊണ്ടുപോകുന്നത് ഒന്നും ഇനിയുള്ള കാലത്ത് ശരിയാകുമെന്ന് തോന്നുന്നില്ല. 

സത്യാഭാമയുടെ അന്തപുര കവാടത്തിൽ ശ്രീകൃഷ്ണൻ മുട്ടി വിളിക്കുന്നതാണ് രംഗം. സാത്യഭാമ ആരെന്നു ചോദിക്കുന്നു. കൃഷ്ണൻ പേര് പറയുന്നു. പക്ഷെ കൃഷ്ണനെ കറക്കുന്ന ചോദ്യവുമായി സത്യഭാമ വീണ്ടും തിളങ്ങുന്നു. പതിനാറായിരത്തി എട്ടു ഭാര്യമാർണ്ടായിരുന്നിട്ടും ശ്രീ കൃഷ്ണന് സത്യഭാമ എന്ന സ്ത്രീയുടെ മനശാസ്ത്രം പിടി കിട്ടാതെ പോയി .

അംഗുല്യാ കഃ കവാടെ പ്രഹരതി കുടിലോ ?
                    മാധവഃ കിം വസന്തോ ?
നോ ചക്രീ; കിം കുലാലോ? നഹി ധരണിധര 
                    കിം ദ്വിജിഹ്വ ഫണീന്ദ്ര ?
നാഹം, ഘോരഹിമർദ്ദി കിമസി ഖഗപതി?
                     ന്നോഹരിഃ കിം കപീന്ദ്ര?
ശ്രുതൈവ വം സത്യഭാമ പ്രതിവചന ജള 
                      പാതു വശ്ചകൃപാണി 

ഏതു തെമ്മാടിയാണ് വിരൽ കൊണ്ട് വാതിലിൽ മുട്ടുന്നത്? 
കൃഷ്ണൻ : മാധവനാണ് 
സത്യഭാമ :  വസന്തമോ ? (മാധവ ശബ്‍ദത്തിന് വസന്തം എന്നും വിഷ്ണു എന്നും അർഥം )
കൃഷ്ണൻ : അല്ല ഞാൻ ചക്രപാനിയാണ് 
സത്യഭാമ :  കുശവനാണ് അല്ലെ ? (കുശവനും ചക്രമുണ്ടല്ലോ)
കൃഷ്ണൻ : അല്ല ഞാൻ ധരണീധരനാണ് 
സത്യഭാമ : ഇരട്ട നാവുള്ള സർപ്പേന്ദ്രനോ  ? (അനന്തനോ )
കൃഷ്ണൻ : അല്ല ഞാൻ ഘോരനായ സർപ്പത്തെ മർദ്ദിച്ചവനാണ് (കാളിയൻ )
സത്യഭാമ:  ഗരുഡനാണ് അല്ലെ ? 

ഇങ്ങനെ ഏതു അടയാളം കൊടുത്താലും വേറൊരു വിധത്തിൽ പറയുന്ന സത്യഭാമ അന്തപ്പുരത്തിൽ ആരായിരുന്നാലും രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കി കൊടുത്ത് എന്ന് എന്റെ ഭാഷ്യം .
അതുകൊണ്ട് പട്ടി കടിച്ചുകൊണ്ടുപോകുന്ന അടയാളങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . 
  
സംശയോധരൻ 2017-03-13 18:36:40
സംശയം വേണ്ട. മാപ്പപേക്ഷയിലെ പൊട്ട സംസ്കൃതം കണ്ട യുധിഷ്ഠിരന്റെ ശാപമായിരുന്നു ഈ-മലയാളിയിലെ പോസ്റ്റുകൾക്കെതിരെ കുരക്കുമ്പൊഴും കാലുപൊക്കുമ്പൊഴും സംസ്കൃത മണമുണ്ടായിരിക്കട്ടെ എന്ന്.
Jaysree Nair 2017-03-14 04:36:04
Narmam mattulla mathangaleyum aaradhana purushanmareyum avahelikunna tharathil aakarauthu. Thankalku thankalude mathathile yeshu christhu neyo mariyatheyo thudangiya perukal upayogikamayirunnu thankalku matha grandhangal thanne venam ingane oru article ezhuthanayi. Pinne samskrithathinte menmayum lokam muzhuvan aaradhikunna language aanu!
കീലേരി ഗോപാലന്‍ 2017-03-14 06:17:16
ജയശ്രീ നായര്‍,
നര്‍മ്മലേഖനത്തില്‍ എന്തെങ്കിലും രസിക്കാനുള്ളത് ഉണ്ടെങ്കില്‍ അത്  ആസ്വദിക്കുക. കാണുന്നതിലെല്ലാം ജാതി-മതവും കാണുന്നത് മാനസ്സിക അരാജകത്വമാണ്‌.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക