Image

ഇന്ത്യന്‍ ബാഗേജ്‌ നിയമങ്ങള്‍ പരിഷ്‌കരിക്കണം

Published on 24 February, 2012
ഇന്ത്യന്‍ ബാഗേജ്‌ നിയമങ്ങള്‍ പരിഷ്‌കരിക്കണം
ഷിക്കാഗോ: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ചെന്നിറങ്ങുന്ന വിദേശ ഇന്ത്യക്കാര്‍ക്ക്‌ ബാധകമായ ബാഗേജ്‌ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന്‌ ഇല്ലിനോയി മലയാളി അസോസിയേഷന്‍ (ഐ.എം.എ) ആവശ്യപ്പെട്ടു.

സമീപകാലത്ത്‌ നാട്ടിലെത്തുന്ന യാത്രക്കാരെ കേന്ദ്ര ഗവണ്‍മെന്റിന്റെ അപരിഷ്‌കൃതമായ ബാഗേജ്‌ നിയമങ്ങളുടെ പേരുപറഞ്ഞ്‌ പീഡിപ്പിക്കുന്ന കസ്റ്റംസ്‌ അധികൃതരുടെ ക്രൂരതകള്‍ വിവിധയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ദിവസങ്ങള്‍ക്കു മുമ്പ്‌ ന്യൂജേഴ്‌സി സ്വദേശി എഡിസണ്‍ ഏബ്രഹാമിന്റെ കുടുംബം അവിടുത്തെ കസ്റ്റംസ്‌ ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവിച്ച പീഡനം ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. സമാനമായ സംഭവങ്ങള്‍ മറ്റ്‌ ചില യാത്രക്കാരും വെളിപ്പെടുത്തിയിരിക്കുന്നു.

ജന്മനാട്ടിലേക്ക്‌ തിരിക്കുന്ന പ്രവാസി ഭാരതീയര്‍ക്ക്‌ എയര്‍പോര്‍ട്ടുകളില്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും മറ്റ്‌ കേരള മന്ത്രിമാരും മുന്‍കൈ എടുത്ത്‌ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന്‌ ഷിക്കാഗോയില്‍ ചേര്‍ന്ന ഐ.എം.എയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.

ഭാരത സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സൈസ്‌ ആന്‍ഡ്‌ കസ്റ്റംസിന്റെ ബാഗേജ്‌ നിയമങ്ങള്‍ പരിശോധിച്ചാല്‍ ജനവിരുദ്ധവും കാലഹരണപ്പെട്ടതുമായ പല ചട്ടങ്ങളും അതില്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. ഉഹാഹരണമായി പ്രസ്‌തുത ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ (www.cbec.gov.in-Click on baggage rules-see Appendixes) പറയുന്നത്‌ പ്രകാരം പുരുഷ യാത്രക്കാര്‍ക്ക്‌ പതിനായിരവും, സ്‌ത്രീ യാത്രക്കാര്‍ക്ക്‌ ഇരുപതിനായിരം രൂപയ്‌ക്കുമുള്ള സ്വര്‍ണ്ണം മാത്രമേ ബാഗേജിനത്തില്‍ നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.

യാത്രയ്‌ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത്‌ ആഭരണങ്ങള്‍ ബാഗുകളില്‍ സൂക്ഷിക്കുന്നവരാണ്‌ മിക്ക യാത്രികരും. ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ വിലയനുസരിച്ച്‌ ഒരു പവന്‍ സ്വര്‍ണ്ണം പോലും സര്‍ക്കാരിന്റെ ഈ മാനദണ്‌ഡങ്ങള്‍ അനുസരിച്ച്‌ ബാഗേജില്‍ ഉണ്ടാകാന്‍ പാടില്ല. അപഹാസ്യമായ ഈ ചട്ടം ദുരുപയോഗം ചെയ്‌തുകൊണ്ടാണ്‌ കസ്റ്റംസ്‌ അധികാരികള്‍ സൗകര്യപൂര്‍വ്വം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്‌. കൈക്കൂലി വാങ്ങുവാനുള്ള മികച്ച സൗകര്യമായി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ബാഗേജ്‌ നിയമങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഉപകരിക്കപ്പെടുന്നു. എഡിസണ്‍ ഏബ്രഹാമിന്റെ കുടുംബത്തിന്റെ കൈവശം അമ്പത്‌ ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും അവ തിരിച്ചുകൊണ്ടുപോകുന്നവയാകയാല്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചിട്ടും സമ്മതിക്കാതെ 7187 രൂപ പിഴയടപ്പിച്ച്‌ മാത്രമാണ്‌ അവരെ വിട്ടയച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു.

ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ബാഗേജ്‌ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി യാഥാര്‍ത്ഥ്യബോധത്തോടെ കൈവശം കൊണ്ടുവരാവുന്ന ആഭരണങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തണമെന്ന്‌ ഐ.എം.എ ആവശ്യപ്പെട്ടു.

അമേരിക്കന്‍ മലയാളികളെ മാത്രമല്ല, മുഴുവന്‍ പ്രവാസി ബാരതീയരേയും ദോഷകരമായി ബാധിക്കുന്ന ഇന്ത്യന്‍ ബാഗേജ്‌ നിയമത്തില്‍ സമുചിതമായ മാറ്റം വരുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ എല്ലാ മലയാളി സംഘടനകളോടും ഇല്ലിനോയി മലയാളി അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യത്തില്‍ അമേരിക്കയിലെ ദേശീയ മലയാളി സംഘടനകളും പ്രാദേശിക സംഘടനകളും ഒറ്റയ്‌ക്കും കൂട്ടായും കേന്ദ്ര സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എംബസികളിലും നിവേദനം നല്‍കണമെന്ന്‌ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക