Image

നെയ്യാര്‍ ഡാമില്‍ വീണ പാവം കൃഷ്ണമ്മയുടെ കണ്ണീര്‍ (എ.എസ് ശ്രീകുമാര്‍)

Published on 21 March, 2017
നെയ്യാര്‍ ഡാമില്‍ വീണ പാവം കൃഷ്ണമ്മയുടെ കണ്ണീര്‍ (എ.എസ് ശ്രീകുമാര്‍)
മികച്ച ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെയ്യാറില്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ്. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര താലുക്കിലും തമിഴ്‌നാട്ടിലെ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വിലുമായാണ് നെയ്യാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 128 ചതുര്‍ശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ സ്ഥലം 1958ല്‍ ആണ് ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. സഞ്ചാരികള്‍ തിരയുന്നത് നെയ്യാറിനെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്, 

മരങ്ങള്‍ നിറഞ്ഞ മലനിരകളും, മുതലവളര്‍ത്തുകേന്ദ്രവും, ലയണ്‍ സഫാരി പാര്‍ക്കും, മാന്‍ പാര്‍ക്കും മുതല്‍ സമുദ്ര നിരപ്പില്‍ നിന്ന് 1,890 മീറ്റര്‍ ഉയര്‍ന്ന് നില്‍ക്കുന്ന അഗസ്ത്യകൂടം വരെ നെയ്യാറിനെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി മാറ്റുന്നു. കാണി എന്ന ആദിവാസി വിഭാഗങ്ങളുടെ ആവാസഭൂമിയായ നെയ്യാര്‍ സംസ്ഥാനത്തെ പ്രമുഖമായ ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഇക്കോ ടൂറിസം വകുപ്പിന്റെ കീഴില്‍ നിരബധി ടൂറിസ്റ്റ് ആക്റ്റിവിറ്റികള്‍ ഇവിടെ നടക്കുന്നുണ്ട്. ട്രെക്കിംഗ്, ബോട്ടിംഗ്, ക്യാമ്പിംഗ്, എലിഫന്റ് സഫാരി എന്നിവ ഇതില്‍പ്പെടുന്നവയാണ്. നെയ്യാര്‍ നദിയില്‍ മുല്ലയാര്‍, കല്ലാര്‍ എന്നീ ചെറു നദികള്‍ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. നെയ്യാറില്‍ നിന്ന് മീന്‍മുട്ടി വരെ ഏകദിന ട്രെക്കിംഗ് ഉണ്ട്. നെയ്യാറില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള കൊമ്പായിലേക്കാണ് ആദ്യ യാത്ര. ബോട്ട് സവാരിയാണ് ഇത്. അതിന് ശേഷം കൊമ്പായില്‍ നിന്ന് മീന്‍മുട്ടിവരെ 12 കിലോറ്റര്‍ ട്രെക്കിംഗ് ആണ്. രാവിലെ എട്ടുമണിക്കാണ് നെയ്യാര്‍ ഡാമിന്റെ പരിസരത്ത് നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നത് വൈകുന്നേരം 5.30 ഓടെ ട്രെക്കിംഗ് അവസാനിക്കും. ഒരാള്‍ക്ക് 400 രൂപയാണ് ഗൈഡുമാരുടെ സേവനവും ബോട്ട് സവാരിയും ഉള്‍പ്പെടെയുള്ള ട്രെക്കിംഗ് ഫീസ്. പരമാവധി 10 പേര്‍ക്ക് ഒരു ടീമില്‍ ട്രെക്കിംഗ് നടത്താം. രണ്ട് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിംഗും ഇവിടെ നടത്തപ്പെടുന്നുണ്ട്. രാത്രിയില്‍ മീന്‍മുട്ടിയില്‍ ക്യാമ്പ് ചെയ്തതിന് ശേഷമാണ് രണ്ടാമത്തെ ദിവസത്തെ ട്രെക്കിംഗ്. തുഴഞ്ഞ് പോകാവുന്ന ബോട്ടില്‍ യാത്ര ചെയ്ത് ഇവിടുത്തെ മാന്‍ പാര്‍ക്ക് സന്ദര്‍ശിച്ചതിന് ശേഷം നിബിഡ വനത്തിലൂടെയാണ് ട്രെക്കിംഗ്.

നെയ്യാര്‍ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാര്‍ അണക്കെട്ട്. 1958 ല്‍ നിര്‍മ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ഉല്ലാസ കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകള്‍ നെയ്യാര്‍ ഡാമിന് അതിര്‍ത്തി തീര്‍ക്കുന്നു. സുന്ദരമായ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളില്‍ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂര്‍, കാട്ടാന, സാമ്പാര്‍ മാന്‍ എന്നിവ ഉള്‍പ്പെടുന്നു. സിംഹ സഫാരി ഉദ്യാനം, ബോട്ട് യാത്ര, മാന്‍ ഉദ്യാനം, സ്റ്റീവ് ഇര്‍വിന്‍ സ്മാരക മുതല വളര്‍ത്തല്‍ കേന്ദ്രം.(മുതലകളെ കൂട്ടില്‍ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം, തടാക ഉദ്യാനം, നീന്തല്‍ക്കുളം, കാഴ്ചമാടം, ശുദ്ധജല അക്വാറിയം (ഏഷ്യയിലെ ഏറ്റവും വലുത്), കുട്ടികളുടെ ഉദ്യാനം, കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയില്‍ (തടവറയില്ലത്ത ജയില്‍), കാളിപാറ ക്ഷേത്രം, ഉദ്യാനവും പ്രതിമകളും, ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം) പ്രധാന ആകര്‍ഷണങ്ങള്‍

നെയ്യാറിന്റെ സുഖ സൗന്ദര്യം നുകരുന്ന വ്യക്തികള്‍ക്ക് ഓര്‍മിക്കാന്‍ ഒരു കദന കഥയുണ്ട്. അത് കൃഷ്ണമ്മ എന്ന പാവപ്പെട്ട ഏകാന്തപഥികയുടെ കണ്ണീരാണ്. നെയ്യാറിനു സമീപം മാരക്കുന്നം സ്വദേശിനിയാണ് കൃഷ്ണമ്മ. കയറിക്കിടക്കാന്‍ ഒരു കൂരയോ ഒരു തുണ്ടു ഭൂമിയോ ഇല്ല. ഭര്‍ത്താവ് മരിച്ചിട്ട് 16 വര്‍ഷമായി. ജീവിതത്തില്‍ രണ്ടു തവണ മുതലയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. എങ്കിലും ആയുസ്സ് നീട്ടിക്കിട്ടി. ജീവിതഭാരവുമായി മുന്നോട്ട് സഞ്ചരിക്കുന്ന കൃഷ്ണമ്മയുടെ ദുരനന്ത അനുഭവങ്ങള്‍ അറിഞ്ഞുകൊണ്ടു വേണം നമ്മള്‍ നെയ്യാറിലെ പ്രകൃതിസൗന്ദര്യം അനുഭവിച്ചറിയുവാന്‍.

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും അനുഗ്രഹീതമായ ഭൂമിയാണ് പശ്ചിമഘട്ടത്തിന്റെ താഴ് വരയില്‍ ഹരിതഭംഗിയോടെ പ്രകാശിക്കുന്ന ഇടമാണ് നെയ്യാറും അതിന്റെ വിലോഭനീയവുമായ താഴ്‌വരയും. ഇവിടുത്തെ ചീങ്കണ്ണി പാര്‍ക്കിനു പിന്നില്‍ ഒരു കഥയുണ്ട്. ഡാമിന്റെ നിര്‍മാണഘട്ടങ്ങള്‍ പൂര്‍ത്തിയായ അവസരത്തില്‍ കുറേയേറെ ചീങ്കണ്ണികളെ പരിസരത്ത് കാണുവാന്‍ ഇടയായി. ഇണപിരിയാത്ത ചീങ്കണ്ണികളുടെ മുട്ടകള്‍ അവിടെ സംഭരിക്കപ്പെട്ടു. ഇവറ്റകളെ എങ്ങനെ വളര്‍ത്താം എന്ന ആശങ്കയില്‍ എല്ലാറ്റിനെയും ഒരു വട്ടിയിലാക്കി ഡാമിലേക്ക് തള്ളുകയായിരുന്നു. അങ്ങനെ അവ അവിടെ പെറ്റു പെരുകി. സമീപവാസികള്‍ക്ക് ഭീഷണിയായി സന്താനോല്പാദനം നടത്തി. ആ പ്രക്രിയയുടെ ഫലമായാണ് കൃഷ്ണമ്മയുടെ വലതു കൈ അറ്റു പോയത്. 

നിരാലംബയായ കൃഷ്ണമ്മ ചീങ്കണ്ണിപ്പാര്‍ക്കിലെ തൂപ്പുജോലിയുമായി ജീവിതം മുന്നോട്ട് നീക്കി. 1987 മാര്‍ച്ച് ഒന്നാം തീയതിയാണ് കൃഷ്ണമ്മയുടെ ജീവിതം മാറ്റിമറിച്ച ദാരുണ സംഭവം ഉണ്ടായത്. പാവപ്പെട്ട നിരാലംബയായ ഒരു സ്ത്രീയുടെ ജീവിതത്തിലേക്ക് വായ് പിളര്‍ന്നു കൊണ്ട് ഒരു മുതല സംഹാരതാണ്ഡവം ആടിയ അഭിശപ്ത നിമിഷം. ഡാമിന്റെ പരിസരത്ത് താമസിക്കുന്ന കൃഷ്ണമ്മ വെള്ളം എടുക്കുവാന്‍ വേണ്ടി പോവുകയായിരുന്നു. ഒരു പാത്രം വെള്ളം ശേഖരിച്ചു. ഇതിനിടെ പല്ലു തേക്കുവാന്‍ ആയി തടാകക്കരയിലേക്ക് ഇറങ്ങുമ്പോള്‍ മുതലയുടെ ആക്രമണം പെട്ടെന്നായിരുന്നു. കൃഷ്ണമ്മയെ വാലു കൊണ്ട് അടിച്ച് വെള്ളത്തിലേക്ക് മറിച്ചിട്ട ഭീമാകാരനായ മുതല അവരെയും കൊണ്ട് നീന്തി പോയി. കൃഷ്ണമ്മയുടെ വാക്കുകള്‍ പ്രകാരം കുസൃതിപ്പിള്ളേര്‍ തൊട്ടടുത്ത മരത്തിന്റെ ചില്ലയില്‍ ഇരുന്ന് കല്ലു കൊണ്ട് എറിയുന്നതായി തോന്നി. 

മുതലയുടെ പിടുത്തത്തില്‍ നിന്ന് ഒരിറ്റു നേരം കണ്‍ വഴുതി നോക്കിയപ്പോള്‍ പിള്ളേര്‍ കുറ്റക്കാരല്ല എന്നു തോന്നി. അങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്ന് ഒരു കരച്ചിലിന്റെ ശബ്ദം കേട്ട കുട്ടികള്‍ ഡാമിലേക്കിറങ്ങി കൃഷ്ണ്ണമ്മയെ രക്ഷിക്കുകയായിരുന്നു. വലതു കൈയില്‍ പിടിച്ചപ്പോള്‍ കൃഷ്ണമ്മ പറഞ്ഞു വലതു കൈ മുതല കടിച്ചു കൊണ്ടു പോയി. അപ്പോള്‍ രക്ഷാകര ദൗത്യം ഏറ്റെടുത്ത കുട്ടികള്‍ കൃഷ്ണമ്മയെ താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പറഞ്ഞു. എന്റെ പിറകുവശത്തെ ഭാഗങ്ങളില്‍ മുതലയുടെ വാലിന്റെ അടിയേറ്റിട്ടുണ്ട്. അവിടെയും നിങ്ങള്‍ പിടിക്കാതിരിക്കുക. വേദനയുടെ ശബ്ദം കുറേയൊക്കെ ഡാം വെള്ളത്തില്‍ രക്തം ഒലിപ്പിച്ച് കിടന്ന നിമിഷങ്ങളില്‍ കുസൃതിപ്പിള്ളേര്‍ കൃഷ്ണമ്മയുടെ മുടിയില്‍ പിടിച്ച് അവരെ കരയ്‌ക്കെത്തിച്ചു.  വലതു കൈ ചീങ്കണ്ണി കൊണ്ടു പോയി. 59 തുന്നിക്കെട്ടുകള്‍ ഉണ്ടായിരുന്നു അവിടെ. പിറകുവശത്തെ ഇടുപ്പിന്റെ ഭാഗത്ത് 28 വീതം സ്റ്റിച്ചുകള്‍. 

തന്റെ ജീവിതത്തില്‍ കിട്ടിയ ഈ മുറിവുകളേക്കാള്‍ ആഴ്ന്നിറങ്ങിയതാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയുടെ ചോരച്ചാലുകള്‍. കൃഷ്ണമ്മയെ തൂപ്പുകാരിയായി അവിടെ നിയമിച്ചു. മാസശമ്പളം 250 രൂപ. തന്റെ ജീവിതം മാറ്റി മറിച്ച, വേദനിപ്പിച്ച മുതലകളെ സംരക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ട ഒരു പാവം വൃദ്ധയുടെ കണ്ണീര്‍ പിന്നെയാണ് നമ്മള്‍ കാണുന്നത്.. മാസ ശമ്പളം 353 രൂപയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ കൃഷ്ണമ്മ അല്പം സന്തോഷിച്ചു. ആ സന്തോഷം നിലയ്ക്കാന്‍ ഏതാനും നാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ക്ക് കൃത്യമായ ശമ്പളം ലഭിക്കാതെയായി. നിയമനം ശരിയായ രീതിയില്‍ ആയിരുന്നു എന്ന് കുറിക്കപ്പെട്ടു. നിരാലംബയായ കൃഷ്ണമ്മ ഈ വാറോലി അംഗീകരിച്ചു കൊണ്ട് പ്രതിമാസം 50 രൂപ ശമ്പളത്തില്‍ 5 1/2 വര്‍ഷം ജോലി ചെയ്തു. ഈ കാലഘട്ടത്തിനിടയില്‍ വീണ്ടും മുതലയുടെ രണ്ടാം അറ്റാക്കിന് ഹതഭാഗ്യയായ കൃഷ്ണമ്മ ഇരയായി. വലതു കൈ നഷ്ടപ്പെട്ട കൃഷ്ണമ്മയ്ക്ക് നടക്കാന്‍ കെല്പു നല്‍കിയിരുന്ന ഇടതു കാലിന്റെ പേശികള്‍ മുതല കടിച്ചു കൊണ്ടു പോയി. ഇങ്ങനെ ജീവിതത്തില്‍ നിന്ന് പച്ചമാംസം കടിച്ച് കൊണ്ടു പോയ മുതലയുടെ ആക്രമണം ഭീഷണിയുടെ നിഴലില്‍ തൂത്തുവാരി നില്‍ക്കുകയാണ് കൃഷ്ണമ്മ. 

നെയ്യാര്‍ ഡാം നമ്മുടെ ഒരു അവധിക്കാല വിനോദയാത്രയുടെ സുഖം നുകരുമ്പോള്‍ കൃഷ്ണമ്മയെന്ന നമ്മുടെ അമ്മേ എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നുമില്ലാത്ത ഈ കണ്ണീരിന്റെ വില കൊടുത്തേക്കണം. നമ്മോട് പറയുകയാണ് കൃഷ്ണമ്മ ''എനിക്കൊന്നും വേണ്ട, കിടന്നുറങ്ങാന്‍ ഒരു സെന്റു ഭൂമിയില്‍ ഒരു കൂര മാത്രം. അവിടെ തെളിച്ചു വയ്ക്കുന്ന എന്റെ വിളക്കും എന്റെ സ്വപ്നങ്ങളും എരിഞ്ഞടങ്ങട്ടെ. കാലാകാലങ്ങളില്‍ അധികാരം ഏല്ക്കുന്ന സര്‍ക്കാരുകള്‍ എന്നെ പോലുള്ളവരെ അവഗണിക്കുന്നതു കാണുമ്പോള്‍ എനിക്കു ചുരത്താന്‍ കണ്ണുകളുള്ള എനിക്ക് കണ്ണീരു മാത്രം.'' കൃഷ്ണമ്മയ്ക്ക് ഇന്നും  സര്‍ക്കാരിന്റെ പെന്‍ഷന്‍ കിട്ടിയിട്ടില്ല. മരിക്കും വരെ കയറിക്കിടക്കാന്‍ ഒരു കൂര എന്ന സ്വപ്നം ബാക്കിയാക്കി തന്റെ കൈയും കാലും കവര്‍ന്നെടുത്ത മുതലയ്ക്ക് വച്ചുവിളമ്പികൊടുക്കുന്ന കൃഷ്ണമ്മയെ കാണാന്‍ സഞ്ചാരികള്‍ എത്തുക. ഇവിടെ സ്‌നേഹത്തിന്റെ സ്വാഗതചിരിയുമായി കൃഷ്ണമ്മയുണ്ട്. അവരെ നമ്മള്‍ മാനിക്കേണ്ടതുണ്ട്. 

നെയ്യാര്‍ ഡാമില്‍ വീണ പാവം കൃഷ്ണമ്മയുടെ കണ്ണീര്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
vayanakaaran 2017-03-21 14:32:00
ഫൊക്കാനയുടെ സാധു ജനങ്ങൾക്ക് വീട് എന്ന പദ്ധതിയുടെ
ആദ്യത്തെ നറുക്ക് കൃഷ്ണമ്മക്ക് വീഴുമെന്നു പ്രതീക്ഷിക്കാം.വികലാംഗയും പ്രായമുള്ള സ്ത്രീയുമാണവർ.  ആന പാപ്പാന്മാർ കരുണ കാണിക്കാതിരിക്കില്ല അല്ലെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക