Image

വിലക്കിന്റെ വക്കില്‍ ലാപ്‌ടോപ്പ്! (പകല്‍ക്കിനാവ്-45- ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 26 March, 2017
വിലക്കിന്റെ വക്കില്‍ ലാപ്‌ടോപ്പ്! (പകല്‍ക്കിനാവ്-45- ജോര്‍ജ് തുമ്പയില്‍)
അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നിങ്ങനെ വിലക്കുകളോടു വിലക്കാണ് ഇപ്പോള്‍. അമേരിക്കയിലെ വിലക്കുകള്‍ കാരണം, പുതിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇന്ന് എന്താണ് വിലക്കിയിരിക്കുന്നതെന്ന് അറിയാനാണ് വാര്‍ത്തകളിലേക്ക് കണ്ണോടിക്കുന്നത്. യാത്രാ വിലക്ക് ഒരു വശത്ത്, അതിനിടയിലാണ് ഇപ്പോള്‍ ലാപ്‌ടോപ്പ് വിലക്ക്. അമേരിക്ക ഇപ്പോള്‍ എല്ലാത്തിനും വിലക്ക് കൊണ്ടുവരുന്ന നടപടി കാണുമ്പോള്‍ ഈ നാടിനെ നാട്ടുകാര്‍ ഇനി എന്തു പേരിട്ടു വിളിക്കുമെന്നു തന്നെ കണ്ടറിയണം.

ഇപ്പോള്‍ പുതിയതായി കേള്‍ക്കുന്നു, വിമാനങ്ങല്‍ യാത്രക്കാര്‍ ഹാന്‍ഡ് ബാഗുകളില്‍ ലാപ്‌ടോപ്പ് കൊണ്ടുവരുന്നത് വിലക്കിയിരിക്കുന്നുവെന്ന്. ലാപ്‌ടോപ്പ് ഹാന്‍ഡ് ബാഗില്‍ കൊണ്ടുവരുന്നത് തന്നെ സേഫ് അല്ല, അത് ലഗ്ഗേജാക്കി കൊണ്ടു വരുന്ന കാര്യം ഓര്‍ത്തു നോക്കു. നല്ലൊരു ലാപ്‌ടോപ്പിന് ഇപ്പോള്‍ ഏകദേശം ആയിരം ഡോളറിനു മുകളിലാണ് വില. ഇങ്ങനെയുള്ള ലാപ്പ്‌ടോപ്പാണ് ഇനി മുതല്‍ നേരെ ഹാന്‍ഡ് ബാഗില്‍ നിന്ന് ഒഴിവാക്കിക്കോണം എന്നു വിലക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ വിലക്ക് എന്നു പറയുന്നു. എട്ടു മുസ്ലിം രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള വിമാന യാത്രികര്‍ ഐപാഡ്, ലാപ്‌ടോപ്, കിന്‍ഡില്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്റെ കാബിനുള്ളില്‍ കൊണ്ടുവരുന്നതിന് ട്രംപ് ഭരണകൂടം അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരഗ്രൂപ്പുകള്‍ വിമാനസര്‍വീസുകളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നു കേള്‍ക്കുന്നു. പക്ഷേ ലഗേജായി ഇവ കൊണ്ടുവരുന്നതിനു തടസമില്ലത്രേ. ജോര്‍ദാന്‍, ഈജിപ്ത്, ടര്‍ക്കി, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, മൊറോക്കോ എന്നീ എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളില്‍നിന്ന് യുഎസ് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഒമ്പത് എയര്‍ലൈന്‍സുകള്‍ക്കാണു വിലക്ക് ബാധമാക്കിയിരിക്കുന്നത്. നിര്‍ദിഷ്ട വിമാനത്താവളങ്ങളില്‍നിന്നു യുഎസിലേക്കു നേരിട്ടുള്ള ഫ്‌ളൈറ്റുകളിലെ യാത്രികര്‍ക്കു മാത്രമേ വിലക്കു ബാധകമാവൂ. ഈ വിമാനത്താവളങ്ങളില്‍നിന്നു യുഎസ് വിമാനക്കമ്പനികള്‍ ഒന്നും നേരിട്ട് അമേരിക്കയിലേക്കു സര്‍വീസ് നടത്തുന്നില്ല.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വണ്‍ സ്‌റ്റോപ്പായി പരിഗണിക്കുന്ന വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്നുള്ളതാണ്. ഈ നിലയ്ക്ക് ഈ വിലക്ക് വാസ്തവത്തില്‍ ഇന്ത്യക്കാരെ വെള്ളം കുടിപ്പിക്കുമെന്നു തന്നെ കരുതാം. യാത്രകളില്‍ ലാപ്പ്‌ടോപ്പ് ഉപേക്ഷിക്കുന്നതാണ് ഉത്തമമെന്നു സാരം. അമേരിക്കന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് ഐടി രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഊണിലും ഉറക്കത്തിലും ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ ലാപ്‌ടോപ്പ് ഉറപ്പായും വേണം. അതില്ലാതെ അവരെ കണി കാണാനാവില്ല. അങ്ങനെയുള്ളവര്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു, നിങ്ങളുടെ ലാപ്‌ടോപ്പ് പരിക്കേല്‍ക്കാതെ തിരികെ കിട്ടാന്‍ എവിടെയെങ്കിലും നേര്‍ച്ച നേരുക തന്നെ വേണം. കാരണം, വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട്ഹാന്‍ഡ്‌ലിങ്ങ് സ്റ്റാഫുകള്‍ വിമാനത്തിന്റെ കാര്‍ഗോ സ്‌പേസിലേക്ക് ബാഗേജുകള്‍ വലിച്ചു കയറ്റുന്നത് കണ്ടാല്‍ സഹിക്കുകയില്ല. തിരികെ അവര്‍ ലഗേജ് ബെല്‍റ്റിലേക്ക് ഓരോ ഭാണ്ഡക്കെട്ടും വലിച്ചെറിയുന്നത് കാണുമ്പോള്‍ ലോകത്തോടുള്ള അമര്‍ഷം മുഴുവന്‍ അതില്‍ പ്രതിഫലിക്കും. അതിനുള്ളില്‍ പൊട്ടുന്നതോ, വില കൂടിയ സാധനങ്ങളോ ഉണ്ടെന്ന പരിഗണന പോലും അവര്‍ നല്‍കാറില്ല. അപ്പോള്‍ പിന്നെ ഈ ലഗേജിനുള്ളില്‍ എങ്ങനെ തൗസന്‍ഡ് ഡോളര്‍ ലാപ്‌ടോപ്പ് സൂക്ഷിക്കാനാവും. പെട്ടു പോയതു തന്നെ. അപ്പോള്‍ സുരക്ഷിതമായ യാത്രയ്ക്ക് ഇത്തരം സൗകര്യങ്ങളെ കൂടെ കൂട്ടാതെ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമം.
 
ദുബായ്, കുവൈറ്റ്, അബുദാബി, ദോഹ എന്നിങ്ങനെയുള്ള പത്തോളം എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഇപ്പോള്‍ ലാപ്‌ടോപ്പിന് ക്യാബിനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു കേള്‍ക്കുന്നു. ഇവിടെ നിന്നുള്ള ഫ്‌ളൈറ്റുകളില്‍ ലാപ്‌ടോപ്പ് അബദ്ധത്തിലെങ്ങാനും ബാഗേജായി കടന്നു കൂടിയാല്‍ പെട്ടതു തന്നെ. അതു കൊണ്ട് യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് എത്തിഹാദ് എയര്‍വേസും, എമിറേറ്റ്‌സും ഒക്കെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നു. ലാപ്‌ടോപ്പില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത പരിഗണിച്ചാണ്രേത വിലക്ക്. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഇക്കാര്യത്തില്‍ മുന്നിലേക്ക് തന്നെയാണത്രേ. ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഈസി ജെറ്റ്, തോമസ് കുക്ക് അടക്കമുള്ള വന്‍കിട വിമാന കമ്പനികള്‍ക്കു വിലക്കു ബാധകമാണ്.  എന്തായാലും, വിലക്കോടു വിലക്ക്, സര്‍വ്വത്ര വിലക്ക് എന്ന നിലയില്‍ എന്തിന് എപ്പോള്‍ എങ്ങനെ വിലക്ക് ഉണ്ടാവുമെന്ന കാര്യത്തില്‍ ഇപ്പോള്‍ യാതൊരു ഉറപ്പുമില്ലെന്നു വേണം പറയാന്‍.

തീവ്രവാദ ഭീഷണി നേരിടുന്ന പശ്ചിമേഷന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കരുതുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഇലക്‌ട്രോണിക്ക് ഗാഡ്ജറ്റുകളെയാണ് ഭരണകൂടം ലക്ഷ്യമിടുന്നതെങ്കിലും പിന്നീട് ഇത് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും വിലക്കുകളിലേക്കും മാറിയേക്കാമെന്നും കേള്‍ക്കുന്നു. കൈയില്‍ കരുതുന്ന വസ്തുക്കളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് വിമാനം തകര്‍ക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടിയെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇനി ലാപ്‌ടോപ്പ് വിലക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തത്ക്കാലം അമേരിക്കന്‍ മലയാളികള്‍ ഇത്തരം ഗാഡ്ജറ്റുകളുമായി നാട്ടിലേക്കു തിരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനമെടുക്കുന്നതു തന്നെയാണ് ബുദ്ധി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക