Image

ബി പ്രൗഡ് ഓഫ് ആന്‍ ഇന്ത്യന്‍ ? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 06 April, 2017
ബി പ്രൗഡ് ഓഫ് ആന്‍ ഇന്ത്യന്‍ ? (ലേഖനം: ജയന്‍ വര്‍ഗീസ്)
വേദേതിഹാസങ്ങളുടെയും, ഉപനിഷദ് സൂക്തങ്ങളുടെയും കുളിര്‍ തെന്നല്‍ വീശി നിന്ന ഇന്ത്യ! ആത്മീയതയുടെ ഗിരി ശൃംഗങ്ങളില്‍ സദാചാരത്തിന്റെ സരോവരങ്ങള്‍ പേറി നിന്ന ഇന്ത്യ! മണ്ണില്‍ പൊന്നും, മനസ്സില്‍ കനവും വിളഞ്ഞു നിന്ന ഇന്ത്യ! ആധുനിക പടിഞ്ഞാറന്‍ സംസ്കാരങ്ങള്‍ പല്ലും, നഖവും ഉപയോഗിച്ച് കാട്ടില്‍ ഇര തേടി അലയുമ്പോള്‍, അജന്തായിലെയും, എല്ലോറയിലെയും പാറയുടെ പ്രതലങ്ങളില്‍ മാനവ സംസ്കൃതിയുടെ മായക്കാഴ്ചകള്‍ കോറിയിട്ട ഇന്ത്യ!

ലോകത്താകമാനമുള്ള മനുഷ്യ മനസാക്ഷിയെ ഞെട്ടി വിറപ്പിച്ചു കൊണ്ട്, ലോകാ സമസ്തായും, സുഖിനോ ഭവന്തൂവും കാറ്റില്‍പ്പറത്തിക്കൊണ്ട് , ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്ന കപട സദാചാരത്തിന്റെ മുഖംമൂടി വലിച്ചു കീറിക്കൊണ്ട്, 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി 'എന്ന മനുദര്‍ശനത്തിന്റെ ഇരുണ്ട ഗുഹകളില്‍ ഇരകളെ കടിച്ചു കീറുന്ന മൃഗമാനസറുടെ ഒരു വലിയ കൂട്ടം മാത്രമാണ് ഇന്ത്യ എന്ന് ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ലജ്ജാകരമായി നാം തെളിയിച്ചിരിക്കുന്നു!

താന്‍ വാരിച്ചുറ്റിയ ഇല്ലാത്ത സദാചാര വസ്ത്രത്തിന്റെ താടിയില്‍ ഞെളിഞ്ഞു കൊണ്ട്, തെരുവിലിറങ്ങി ഘോഷയാത്ര നടത്തുന്ന വിഡ്ഢിയായ രാജാവിനെപ്പോലെ , ഏതെങ്കിലും ഒരു കുട്ടി 'രാജാവ് നഗ്‌നനാണെന്ന്'. വിളിച്ചു പറയുന്നത് വരെ, ഈ ഘോഷയാത്ര നമ്മള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എന്തായിരുന്നു ഇന്ത്യയുടെ ഗര്‍വ്? പൊഖ്‌റാനില്‍ പൊട്ടിത്തെറിച്ച ന്യൂക്ലിയര്‍ ബോംബിന്റെ പേരില്‍, ഐ ടി പ്രൊഫഷണലുകള്‍ കൈപ്പറ്റിയ വന്പിച്ച പ്രതിഫലത്തിന്റെ പേരില്‍, മുഖ്യമന്ത്രി മുതല്‍ മുങ്ങാം കുഴിയിലെ മുത്തശ്ശി വരെ സല്ലപിക്കുന്ന സെല്‍ഫോണുകളുടെ പേരില്‍, അമേരിക്കയെയും, ചൈനയെയും ഇപ്പോള്‍ കടത്തി വെട്ടും, ഇതാ വെട്ടിക്കഴിഞ്ഞു എന്ന വീര വാദങ്ങളുടെ പേരില്‍?

അറ്റ് ലാന്റിക്കില്‍ കൂപ്പു കുത്തിയ ടൈറ്റാനിക് യാനപാത്രം പോലെ ഒരൊറ്റ രാത്രി കൊണ്ട് എല്ലാ ഇന്ത്യന്‍ ഗര്‍വും തറയോളം താഴ്ന്നുപോയ തറപ്പരിപാടി ആദ്യം അരങ്ങേറിയത് ഡല്‍ഹിയിലാണ്. ലോക മഹാനഗരങ്ങളില്‍ ഒന്നായ ന്യൂഡല്‍ഹിയില്‍ , ലോകത്തിലെ ഏറ്റവും വലുതെന്നു പറഞ്ഞു നടക്കുന്ന ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനത്ത് , രാത്രി പതിനൊന്നു മണിക്ക് ഒരു സ്വന്തക്കാരനോടൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്ന സോഷ്യല്‍ സര്‍വീസിനായി കാക്കിയണിഞ്ഞ ഒരുപറ്റം കാപാലികരാല്‍ പീഡിപ്പിക്കപ്പെടുകയും, വയറ്റില്‍ കമ്പിപ്പാര കുത്തയിറക്കി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തോടെ ഇടിഞ്ഞു വീണത്, വേദകാലം മുതല്‍ നില നിന്നിരുന്നുവെന്ന് പറയപ്പെടുന്ന ഇന്ത്യന്‍ ധാര്‍മ്മികതയുടെ ഉത്തുംഗ ഗോപുരങ്ങളായിരുന്നു!?

അവിടുന്നിങ്ങോട്ട് സ്ത്രീ പീഡനങ്ങളുടെ ഒരു പെരുമഴക്കാലം! കേരളത്തിലാണെങ്കില്‍ സ്ത്രീ പീഡനക്കാരും, തെരുവ് പട്ടികളും മത്സരിച്ചാണ് മനുഷ്യനെ കടിച്ചു കീറുന്നത്. പാല്‍മണം മാറാത്ത പിഞ്ചു കുട്ടികള്‍ മുതല്‍, തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മമാര്‍ വരെ കശ് മലന്‍മാരുടെ കൈകളില്‍ അകപ്പെടുന്നു. ചാനലുകാര്‍ക്ക് ആഘോഷിക്കാന്‍ കിട്ടുന്നത് കുറച്ചു വാര്‍ത്തകള്‍ മാത്രം. സ്വന്തം ദുരന്തങ്ങള്‍ ഉള്ളിലൊതുക്കി ആരോടും പറയാതെ നരക യാതന അനുഭവിക്കുന്ന പതിനായിരങ്ങളുടെ വേദന അവരുടെ ശവക്കുഴികളില്‍ ദൈന്യമായി അവസാനിക്കുന്നു?

ലോകത്തിന്റെ ധാര്‍മ്മിക തലസ്ഥാനമായിരുന്നു ഒരിക്കല്‍ ഇന്ത്യ. അഭയാര്‍ത്ഥിയായി പറന്നെത്തിയ അരിപ്രാവിനെ രക്ഷിക്കാനായി അതിന്റെ തൂക്കത്തിനൊത്ത മാംസം സ്വന്തം തുടയില്‍ നിന്ന് മുറിച്ചു നല്‍കുകയും, അതും പോരാഞ്ഞു തന്നെത്തന്നെ പകരം വച്ച ശിബി ചക്രവര്‍ത്തിയുടെ നാട്! യുദ്ധത്തില്‍ ആയുധം നഷ്ട്ടപ്പെട്ടവനെ ആക്രമിക്കാതെ, അവന് ആയുധം ലഭിക്കുന്നത് വരെ കാത്തുനിന്ന് യുദ്ധം തുടരുന്ന ധര്‍മ്മയുദ്ധവ്യവസ്ഥ നില നിന്നിരുന്ന നാട്!

ആ ഇന്ത്യയാണ്, ഇന്ന് സ്ത്രീ പീഡന വീരന്മാരുടെയും, രാഷ്ട്രീയ കാപ്പിരികളുടെയും, കോര്‍പറേറ്റ് ചൂഷകന്മ്മാരുടെയും താവളമായി മാറിക്കഴിഞ്ഞിരിക്കുന്നത്.

ഈ നാണം കേട്ട ദുരവസ്ഥ ഇന്ത്യക്ക് സമ്മാനിച്ച ഘടകങ്ങള്‍ ഏതൊക്കെയാണെന്നുള്ള അന്വേഷണത്തില്‍ ചില ഇരുണ്ട ഗുഹാന്തരങ്ങളില്‍ എത്തിച്ചേരും. ഇവിടെ കണ്ടെത്തുന്ന ആദ്യ പ്രതികള്‍ സിനിമയും, ടെലിവിഷനുമാണെന്ന് ഞെട്ടലോടെ നാം തിരിച്ചറിയുക തന്നെ ചെയ്യും. ഇവര്‍ക്ക് പിന്നിലായി മതവും, രാഷ്ട്രീയവും, കലയും, സാഹിത്യവും, സ്വര്‍ണ്ണവും, മദ്യവും എല്ലാം നിലയുറപ്പിച്ചിട്ടുള്ളതായി നമുക്ക് കാണാം. പരസ്പരം സഹകരിച്ചും, കെട്ടുപിണഞ്ഞും രമിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ക്ക് പിറന്നു വീണ അവിഹിത സന്തതിയായിരുന്നു, 'അടിപൊളി '. എന്ന് നാം പേരിട്ടു വിളിക്കുന്ന മന്ദബുദ്ധിയായ രാക്ഷസകുട്ടി.?

ശാസ്ത്ര സാഹിത്യ പരിഷത്തിനെപ്പോലുള്ള സന്മ്മാര്‍ഗ്ഗ സംഘടനകള്‍ അറുപതുകളിലും, എഴുപതുകളിലുമൊക്കെ ഈ രാക്ഷസപ്പിറവിയെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, മതവും, രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടന്ന വലതുപക്ഷ പ്രസ്ഥാനങ്ങളും, അവരോടൊട്ടിനിന്ന മഹാഭൂരിപക്ഷവും ഈ മുന്നറിയിപ്പുകളെ അവജ്ഞയോടെ പുശ്ചിച്ചു തള്ളുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചിന്താധാരകള്‍ ഊര്‍ജ്ജം സ്വീകരിച്ചിരുന്നത് ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നായിരുന്നു എന്നതാണ് അതിനു അവര്‍ കണ്ടെത്തിയ ന്യായീകരണം.

ഏറ്റവും വലിയ ബഹുജന പ്രസ്ഥാനങ്ങളായിരുന്ന ബിഗ്‌സ്ക്രീനും, മിനിസ്ക്രീനും ഈ രാക്ഷസനെ നെഞ്ചിലേറ്റി താലോലിക്കാന്‍ തുടങ്ങിയതോടെ ആര്‍ക്കും കീഴടക്കാവാത്ത വിധം അവന്‍ വളര്‍ന്നു വലുതാവുകയായിരുന്നു.

സെക്‌സും വയലന്‍സുമാണ് ഇവരുടെ പ്രധാന വില്പനച്ചരക്കുകള്‍.ഈ ക്രയ വിക്രയത്തിനിടയില്‍ കൊടും ക്രൂരന്‍മ്മാരായ കുറ്റവാളികള്‍ പോലും വീരനായകന്മാരുട പരിവേഷമണിയിക്കപ്പെടുകയാണെന്ന് ഇവര്‍ അറിയുന്നില്ല. ആഴ്ചകളോളം ഡല്‍ഹിയിലെ ആ സാധു പെണ്‍കുട്ടിയുടെ ദുരന്തം ആഘോഷിക്കുകയായിരുന്നു ചാനലുകള്‍. തങ്ങള്‍ വലിയ സദാചാര സംരക്ഷകരും, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ആണെന്നുള്ള ഭാവത്തോടെയായിരുന്നു ആ ആഘോഷങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ മൂലം ആ പെണ്‍കുട്ടിയുടെ മൃതശരീരം നഗ്‌നമായി കാണിക്കുന്നതിനുള്ള ചാനലുകാരുടെ അവസരം പൊളിഞ്ഞു. അല്ലായിരുന്നെങ്കില്‍ അതും കൂടി കാണിച്ചു കാശുണ്ടാക്കുകയും, തങ്ങളുടെ സദാചാര സംരക്ഷണത്തിന്റെ പൊങ്ങച്ചത്തോപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി ഞെളിയുകയും ചെയ്യുമായിരുന്നു. ഇവര്‍.

ഇക്കൂട്ടരുടെ കള്ള സദാചാരം വെളിവാക്കുവാന്‍, ഇന്ത്യയിലും, വിദേശത്തുമായി ഇവര്‍ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോകളെ ശ്രദ്ധിച്ചാല്‍ മതിയാകുന്നതാണ്.സിനിമയും, ടെലിവിഷനുമായി ബന്ധപ്പെട്ട എല്ലാ ലൊട്ടുലൊടുക്കുകളെയും ഇവര്‍ വേദിയിലെത്തിച്ചിരിക്കും. എന്നിട്ട് അവാര്‍ഡ് വിതരണമാണ്. പ്രധാന നടന് ചാനലുടമയുടെ വഹ ഒരവാര്‍ഡ്. ചാനലുടമക്ക് പ്രധാന നടിയുടെ വഹ ഒരവാര്‍ഡ്. പിന്നെ തോന്നുന്നവനെയെല്ലാം വാരിപ്പുതപ്പിക്കാന്‍ കുറെ കച്ചകള്‍. പൊന്നാടയെന്നാണ് ഓമനപ്പേര്?


ഇതിനിടയില്‍ എലികളുടെ മണം പിടിച്ച പൂച്ചകളെപ്പോലെ ക്യാമറാക്കുട്ടന്മാര്‍ പതുങ്ങി നടപ്പാണ്. ഒരു സൂഷ്മ ഭാവത്തില്‍, അവയവത്തില്‍, മുഴുപ്പില്‍, തുടുപ്പില്‍ എല്ലാം അവര്‍ പരത്തുകയാണ്, കരളുകയാണ്.ബീവറേജ് ഔട് ലറ്റുകളില്‍ നിന്ന് പെട്രോളടിച്ച വണ്ടികള്‍ തിങ്ങി ഞെരുങ്ങി കാത്തിരിപ്പാണ് ഈ ക്‌ളോസപ്പുകളെ സംവേദിച്ചാസ്വദിക്കുവാന്‍!

അവര്‍ക്കൊന്ന് കണ്ടാല്‍ മതി. ഒന്ന് കേട്ടാല്‍ മതി. അല്പവസ്ത്ര ധാരികളായി വേദികളില്‍ കുലുക്കിയാടുന്ന ഇവരുടെ ആ 'സ്ഥാന '. നൃത്തം ഒന്നാസ്വദിച്ചാല്‍ മതി. അതിനൊപ്പം ആവേശം കൊണ്ട് ഒന്നാട്ടിയാല്‍ മതി. തൃപ്തിയായി! അതിനായി എത്ര ദൂരെയും പോകും. എത്ര പണവും വലിച്ചെറിയും. ഏതോ ടെക്സ്റ്റയില്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് നടിയെക്കാണാന്‍ എത്തിച്ചേര്‍ന്ന ജനക്കൂട്ടം ഒരു പ്രദേശത്താകെ ട്രാഫിക് ജാം സൃഷ്ട്ടിച്ചത് വലിയ വാര്‍ത്തയായിരുന്നല്ലോ? ഈ ആ 'സ്ഥാന' നൃത്താസ്വാദകരെ നിയന്ത്രിക്കാന്‍ പൊലീസിന് പെടാപ്പാട് പെടേണ്ടി വന്നത് ചാനലുകള്‍ക്ക് ചൂടന്‍ വാര്‍ത്ത! ( സ്ഥാനം എന്നാല്‍ അറിയാമല്ലോ? ഈ സ്ഥാനം വല്ലാണ്ട് അങ്ങാട്ടുന്നതാണല്ലോ പുത്തന്‍ നൃത്തരീതി? ).

ഈ ആട്ടുകാരെ പൊക്കിക്കൊണ്ട് നടക്കാന്‍ അമേരിക്കന്‍ മലയാളികളാണ് മുന്നില്‍. പണ്ടൊക്കെ സാദാ അച്ചായന്മാര്‍ നിര്‍വഹിച്ചിരുന്ന ഈ പുണ്യകര്‍മ്മം ഇപ്പോള്‍ നിര്‍വഹിക്കുന്നത് ചില വി. ഐ . പി . മാരാണ് എന്ന് മാത്രം!?

ഈ ആസ്ഥാന നൃത്താസ്വാദനക്കാര്‍ സ്വന്തം മുറ്റത്ത് ഒരു മുളക് ചെടി നട്ടുപിടിപ്പിക്കില്ലാ; തങ്കവിരലുകളില്‍ മണ്ണ് പറ്റും ! തെങ്ങിന്‍ ചുവട്ടില്‍ നിന്ന് ഒരു പുല്ല് പറിക്കില്ല; വെയില് കൊണ്ടാല്‍ കറുത്ത് പോകും! പച്ചക്കറി തമിഴ് ലോറികളില്‍ വരുന്നുണ്ടല്ലോ? മണ്ണില്‍ പണിയാന്‍ അന്യസംസ്ഥാന തൊഴിലാളികളുണ്ടല്ലോ ? പിന്നെന്തിനാ എന്നാണ് ചോദ്യം!

സ്‌റ്റേജില്‍ നിന്നാവേശം ഉള്‍ക്കൊള്ളുന്ന ഈ ടീനേജ് തൈക്കിളവന്മാര്‍ ഒറ്റക്കായാല്‍ പ്രശ്‌നമായി. ബിവറേജില്‍ കയറി ഒന്നുകൂടി പെട്രോളടിച്ചാല്‍ പറയുകയും വേണ്ട. പിന്നെ ഒന്നേയുള്ളു വഴി. ' അക്കരയക്കരെ '. എന്ന സിനിമയില്‍ ദാസനും, വിജയനും പറയുന്ന ആ അടയാള വാക്യം സ്വയമങ്ങു പറഞ്ഞു നടക്കുക: സാധനം കൈയിലുണ്ട്. സാധനം കൈയിലുണ്ട്.

സര്‍ക്കാര്‍ വീര്യവും, ചാനല്‍ വീര്യവും കൂടികുഴഞ്ഞൊരു പരുവമാകുന്നു. പിന്നൊന്നും ഒരു പ്രശ്‌നമല്ല. മുന്‍പിന്‍ നോക്കാതെ ആരുടെ മേലും സാധനം പ്രയോഗിക്കുന്നു. സാധനം കൈലുണ്ടല്ലോ? ഇന്ത്യയിലാകമാനവും, പ്രത്യേകിച്ച് കേരളത്തിലും നടക്കുന്ന സ്ത്രീ പീഠനങ്ങളുടെ പിന്നരങ്ങിലെ പ്രധാന പ്രചോദന കേന്ദ്രം ഇത് തന്നെയാകുന്നു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

രണ്ടാമത്തെ വില്ലന്‍ സിമിമായാണ്. പടച്ചു വിടുന്ന സിനിമകളില്‍ അഞ്ച് ശതമാനം പോലും മുടക്കു മുതല്‍ തിരിച്ചു പിടിക്കുന്നില്ല. എന്നിട്ടും ഓരോ വര്‍ഷവും നൂറു കണക്കിനാണ് സിനിമകള്‍ പിറന്നു വീഴുന്നത്. കോടാനുകോടികളുടെ ധനനഷ്ടം ഓരോ വര്‍ഷവും ഏറ്റുവാങ്ങുന്ന ഈ സിനിമാ ഉല്‍പ്പാദകര്‍ നിഷ്ക്കാമമായിട്ടാണ് ഇത് ചെയ്യുന്നത് എന്ന് തോന്നുന്നുണ്ടോ?

തീരെ സാദ്ധ്യതയില്ല. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ഒരു മദന മഹോത്സവമായിരിക്കണം, സിനിമാ നിര്‍മ്മാണം. ഇതിനുള്ള തെളിവുകള്‍ സിനിമാ രംഗത്തുള്ളവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും പുറത്തേക്ക് വിടുന്നുണ്ട്. വിരലിലെണ്ണാവുന്ന കുറെ ഒന്നാം കിടക്കാര്‍ ഈ ട്രാപ്പില്‍ നിന്ന് രക്ഷപ്പെടുന്നുണ്ടാവാം. രണ്ടാം കിടക്കാരും, മൂന്നാം കിടക്കാരും ആയിട്ടുള്ള, അധികം അറിയപ്പെടാത്ത ഒരു വലിയ കൂട്ടം തങ്ങളുടെ 'ഖല ' പരസ്പരം വച്ച് മാറുകയാണ്. അതാണ് അവരുടെ റവന്യൂ. നിര്‍മ്മാതാവിന്റെ പൂത്ത പണത്തിന്റെ തണലില്‍ ഒരു പരസ്പര സഹായ സഹകരണ സംഘം. അത്രേയുള്ളു സിനിമയും, അനുജത്തിയായ സീരിയലും?

ഇരുനൂറിലധികം സിനിമകള്‍ വര്‍ഷം തോറും പടച്ചിറക്കിയിട്ടും, ഒരു സിനിമയെങ്കിലും ഒരു ഐഡിന്റിറ്റി ഉണ്ടാക്കുന്നുണ്ടോ? ആഗോള സഹൃദയന്റെ മുന്നില്‍ വെളിച്ചമായി ജ്വലിച്ചു നില്‍ക്കുന്ന ഒരു സൈദ്ധാന്തിക വിസ് ഫോടനം സംഭവിക്കുന്നുണ്ടോ?

ഇല്ലാ എന്നാണുത്തരമെങ്കില്‍ എന്തിനീ ചാപിള്ളകള്‍? എല്ലാ ധനവും, എല്ലാ ഊര്‍ജ്ജവും സംഭരിച്ച് ഒരു സിനിമ നിര്‍മ്മിക്കൂ.എന്നിട്ടതിനെ മാനവധര്‍മ്മം വിളംബരം ചെയ്യുന്ന മഹത്തായ കലാസൃഷ്ടിയാക്കൂ. മനുഷ്യവര്‍ഗ്ഗത്തിന്റെ മഹത്തായ മാറ്റത്തിന് പ്രേരകമാവുന്ന സൈദ്ധാന്തിക വിസ്‌പോടനമാക്കൂ!

ഒന്നും നടക്കില്ല. എല്ലാ കൊടുക്കല്‍ വാങ്ങലുകളും നിന്ന് പോകും. സാധന വീരന്മാരെ പ്രചോദിപ്പിക്കാന്‍ വേണ്ടതെല്ലാം ഒരുക്കി സുകര പ്രസവം പോലെ ഈ വ്യവസായം ഇങ്ങനെ നടന്നു കൊണ്ടേയിരിക്കും. ഒരു സംവിധായക വീരന്‍ നടിയുടെ കാലുകള്‍ക്കിടയില്‍ ക്യാമറ വച്ച്, അവളുടെ പ്രസവം പിടിച്ചെടുത്ത് മാര്‍ക്കറ്റ് ചെയ്തു പോല്‍. ആസ്ഥാന ആട്ടാസ്വാദകര്‍ അതും കണ്ടു ഭേഷ് അടിച്ചു കാണും?

എന്നിട്ടും പ്രധാന പീഡനക്കഥകള്‍ പുറത്തു വരുന്‌പോള്‍ സിനിമാക്കാരുടെ വഹ ഒരു സങ്കട യോഗം പതിവാണ്. കുറെ താടിജീവികള്‍ കൂടിയിരുന്നു പാടുന്നത് കാണാം, ' രഘുപതി രാഘവ രാജാറാം, പതിത പാവന സീതാറാം ' ഇത്യാദി. കുറുക്കന്‍ കോഴിയെ പാട്ടുപാടി ഉറക്കും പോലെ ഒരു ഖലാ പരിപാടി.

ഇരുട്ടില്‍ ഒരു തിരിവെട്ടം കാണുന്നുണ്ട്. ജനതയിലെ മഹാഭൂരിപക്ഷവും ഈ അക്രമങ്ങള്‍ക്കും, അധികാര രാഷ്ട്രീയത്തിനും എതിരെ പ്രതികരിക്കുന്നുണ്ട്. പക്ഷെ, അവര്‍ക്കു ശബ്ദമില്ല. അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ അവരുടെ ശബ്ദം തിരിച്ചറിയപ്പെടുന്നതേയില്ല. എങ്കിലും, ആ നെടുവീര്‍പ്പുകളുടെ നനുത്ത വീചികള്‍ പുറത്തേക്ക് തെറിക്കുന്നുണ്ട്.

കോടാനുകോടികളുടെ ഈ നെടുവീര്‍പ്പുകള്‍ ഒന്നുചേരുന്‌പോള്‍ അതൊരു കൊടുങ്കാറ്റായി വളര്‍ന്ന് , ഒരശനിപാതത്തിന്റെ തീവ്രതയോടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചെങ്കോട്ടകള്‍ നാളെ തകര്‍ത്ത് തരിപ്പണമാക്കാതിരുന്നങ്കില്‍ എന്നാശിക്കുന്നു.

ബി പ്രൗഡ് ഓഫ് ആന്‍ ഇന്ത്യന്‍ എന്ന സര്‍ക്കാര്‍ പരസ്യം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നിലും ഒരു പ്രൗഡും അവകാശപ്പെടാനില്ലാത്ത വെറും ഒരിന്ത്യനായി, ധര്‍മ്മിക, സാമൂഹ്യ ദാരിദ്ര്യ രേഖകളുടെ തലവരക്കടിയില്‍, പാന്പാട്ടികളുടെയും, ചെവിതോണ്ടികളുടെയും, തെരുവ് ഹിജഡകളുടെയും ഒപ്പം കൂടിനിന്ന് നമുക്കും ആവര്‍ത്തിക്കാം : ബി പ്രൗഡ് ഓഫ് ആന്‍ ഇന്ത്യന്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക