Image

ട്രക്കപകടം: മരണത്തിന്റെ മഹാവ്യസനത്തിനു പിന്നാലെ അനിശ്ചിതത്വത്തിന്റെ തീരാദുഖം

അനില്‍ ആറന്മുള Published on 08 April, 2017
ട്രക്കപകടം: മരണത്തിന്റെ മഹാവ്യസനത്തിനു പിന്നാലെ അനിശ്ചിതത്വത്തിന്റെ തീരാദുഖം
ഹൂസ്റ്റണ്‍: ടെക്‌സസ്സിലെ ഷാംറോക്കില്‍ ട്രക്കപകടത്തില്‍ മരിച്ച ആറന്മുള സ്വദേശി ശ്രീജു നായരുടേയും (35) എറണാകുളംസ്വദേശി തോമസ് ഏലിയാസിന്റെയും (45) തിരിച്ചറിയല്‍ അനിശ്ചതതമായി തുടരുന്നു.

യുവത്വത്തില്‍ കടന്നു പോയ രണ്ടു പേരുടെ അഭാവം മഹാ വ്യസനമായി നില്‍ക്കെയാണു കൂടുതല്‍ ദുഖമായി അന്ത്യയാത്ര പറയുന്നതു പോലും അനിശ്ചിതത്വത്തിലായത്. തളര്‍ന്നു നില്‍ക്കുന്ന മാതാപിതാക്കളും ഭാര്യയും ബന്ധുമിത്രാദികളും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. മരണത്തേക്കാള്‍ വേദനയായി ഈ അനിശ്ചിതത്വം

അപകടത്തെ തുടര്‍ന്ന് അഗ്നിക്കിരയായ ട്രക്കില്‍ രണ്ട് പേരുടെയും ശരീരങ്ങള്‍ കത്തികരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കാനഡായിലെ ഒന്റാറിയോയില്‍ ലണ്ടനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവര്‍ കാനഡായില്‍ നിന്നും ട്രക്കുമായി കാലിഫോര്‍ണിയയിലെത്തി അവിടെ നിന്നും ചരക്കുമായി അറ്റ്‌ലാന്റായിലെക്ക് പോകും വഴിയാണു അപകടം.രാത്രി 11.30 ന് ശേഷംഐ-40 ഹൈവേയില്‍ ട്രാഫിക് താരതമ്യേന കുറവുള്ള സമയമായത് കാരണം വലിയ ദുരന്തം ഒഴിവായി.
ഹൂസ്റ്റണില്‍ നിന്നു 720-ഉം ഡാലസില്‍ നിന്നു 520 മെയില്‍ അകലെയാണു ഷം റോക്ക്.

കത്തിയമര്‍ന്ന ശരീരാവശിഷ്ടങ്ങള്‍ തിരച്ചറിയുക എന്നതാണു പ്രശ്‌നമായത്.മരിച്ചത് ആരെന്നു ഉറപ്പു വരുത്താതെ പോലീസിനു മ്രുതദേഹങ്ങള്‍ വിട്ടു ല്‍കൊടുക്കാനാവില്ല. അതിനുള്ളതെളിവുകളാണു അവര്‍ തേടുന്നത്.
ഈ സാഹചര്യത്തില്‍ ശ്രീജു നായരുടെ പിതൃസഹോദരനും ഡാളസ്സില്‍ കഴിഞ്ഞ 35 വര്‍ഷമായി താമസക്കാരനുമായ ശ്രീ സോമന്‍ നായരുടെ രക്ത സാമ്പിളുകള്‍ഡി.എന്‍.എ. മാച്ച് ചെയ്യുമോ എന്ന് പരിശോധിക്കാന്‍ വേണ്ടി ശേഖരിച്ചു

ഏപ്രില്‍ 7ാം തീയ്യതി (ഇന്നലെ) വെള്ളിയാഴ്ച ശേഖരിച്ച രക്ത സാമ്പിളുകളുടെ പരിശോധനാഫലം അറിയാന്‍ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ടി വരും. പരിശോധന വിജയിച്ചാല്‍ ശ്രീജുവിന്റെ ഭൗതികാവശിഷ്ടം വിട്ടുകൊടുക്കാന്‍കഴിയുമെന്ന് അധികൃതര്‍ കരുതുന്നു.

ടെക്‌സസ്സിലെ ലബക്കിലുള്ള ഒരു ഫ്യൂണറല്‍ ഹോമിലാണ് ഇപ്പോള്‍ ശരീരാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ലബക്കിലെ കൗണ്ടി ജഡ്ജിയുടെ മേല്‍ നോട്ടത്തിലാണ് തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുന്നത്.

ടൊറന്റോ ന്യൂമാര്‍ക്കറ്റില്‍ താമസിക്കുന്ന തോമസ് ഏലിയാസ് നാലു വര്‍ഷമായി ട്രക്ക് ഡ്രൈവറായിരുന്നു. എറണാകുളം തിരുവാണിയൂര്‍ പറമ്പത്ത് കുടുംബാംഗമാണ്. മിസിസാഗ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ഭാര്യ സിജി. മക്കള്‍: ഐറീന്‍, ഡെറീന്‍.

ആറന്മുള ശ്രീവിഹാറില്‍ വിമുക്ത ഭടന്‍ രാജപ്പന്‍ പിള്ളയുടെയും റിട്ട. ടീച്ചര്‍ കമലയുടേയും മകനാണ് ശ്രീജു നായര്‍. 5 വര്‍ഷം മസ്‌ക്കറ്റില്‍ ജോലി നോക്കിയിരുന്ന ശ്രീജു കാനഡായില്‍ എത്തിയത് 3 വര്‍ഷം മുമ്പാണ്. ഐ ടി വിദഗ്ദനായ ശ്രീജു അടുത്ത കാലത്താണ് അമേരിക്കന്‍ സിസ്റ്റംസ് എന്ന ട്രക്കിംഗ് കമ്പനിയില്‍ ഡ്രൈവറായി ചേര്‍ന്നത്. ആറന്മുള മല്ലപ്പുഴശ്ശേരിയിലാണ് ഭാര്യ രേണുവിന്റെ കുടുംബം. ഒരു മകനുണ്ട്.

സിക്കുകാരുടെ ഉടമസ്ഥതയിലുള്ളതാണു ട്രക്ക് കമ്പനി.

ശ്രീജുവിന്റെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാനായി ഡാളസ്സിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ സോമന്‍ നായര്‍ക്കുവേണ്ട എല്ലാ സഹായങ്ങും നല്‍കുന്നുണ്ട്. നാട്ടിലുള്ളവരും അതിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. മ്രുതദേഹമെങ്കിലും കാണാനാകുമെന്നപ്രതീക്ഷയിലാണു നാട്ടിലുള്ള മാതാപിതാക്കള്‍. എന്നാല്‍ അഗ്നിക്കിരയായ മ്രുതദേഹം കൊണ്ടു പോകാന്‍ കഴിയുമോ എന്നും സംശയമുണ്ട്.

രണ്ടു പേരുടെയും കുടുംബത്തെ സഹായിക്കാന്‍ സഹായ നിധി രൂപീകരിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ വരെ തോമസിന്റെ കുടുംബത്തിനായി 24,300 ഡോളറും ശ്രീജുവിന്റെ കുടുംബത്തിനായി 36,340 ഡോളറും സമാഹരിച്ചു
തുക നല്‍കാന്‍ താഴെപ്പറയുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

Sreeju

Thomas Elias
ട്രക്കപകടം: മരണത്തിന്റെ മഹാവ്യസനത്തിനു പിന്നാലെ അനിശ്ചിതത്വത്തിന്റെ തീരാദുഖംട്രക്കപകടം: മരണത്തിന്റെ മഹാവ്യസനത്തിനു പിന്നാലെ അനിശ്ചിതത്വത്തിന്റെ തീരാദുഖം
Join WhatsApp News
Johnson 2017-04-12 06:28:37
Really sad! Hope the required evidence is available soon to identify them to do their last rights. Heartfelt condolences again!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക