Image

അമ്മയെ തലോടണ്ട, തല്ലരുതേ! (ജോര്‍ജ് തൂമ്പയില്‍)

ജോര്‍ജ് തു മ്പയില്‍ Published on 10 April, 2017
അമ്മയെ തലോടണ്ട, തല്ലരുതേ! (ജോര്‍ജ് തൂമ്പയില്‍)
അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്നാണ് ചൊല്ല്. എന്നാല്‍, കേരളത്തിലെ ഒരു അമ്മയെ തല്ലുന്നത് ടിവിയില്‍ കണ്ടപ്പോള്‍ തോന്നി, എന്തിന്റെ പേരിലായിരുന്നാലും അതു വേണ്ടിയിരുന്നില്ലെന്ന്. മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള മൂന്നു മാസം നീണ്ട പോരാട്ടത്തിന് അറുതി കാണാതെ വന്നപ്പോഴാണ് അവര്‍ തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് സമരത്തിനിറങ്ങിയത്. കേരളത്തിലെ പോലീസ് ഉത്തര്‍പ്രദേശില്‍ പോലും പോയി കള്ളനെ പിടിച്ച ചരിത്രമുണ്ട്. മന്ത്രിയുടെ അശ്ലീലവാക്കുകള്‍ പിടിച്ചെടുത്തു എന്ന ആരോപണത്തിന്മേല്‍ പത്രക്കാരായ പത്രക്കാരെ വിലങ്ങണിയിച്ചു കൊണ്ടു പോയതും ഈ പോലീസാണ്. അങ്ങനെയുള്ള ഈ പോലീസിന് ഒരു അമ്മ ഉയര്‍ത്തിയ നീതി തേടിയുള്ള കണ്ണീരിന് അറുതി കാണാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ അതു പൊതു സമൂഹം അംഗീകരിച്ചു കൊടുക്കില്ല.
 
എന്തിനാണ് ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത്. കട്ടത് കള്ളനാണെങ്കില്‍ കള്ളനെ പിടിച്ചു നിയമത്തിനു മുന്നില്‍ നിര്‍ത്തിയാല്‍ പോരെ? അല്ലാതെ കപ്പലില്‍ തന്നെയുള്ള കള്ളനെ പിടിക്കാന്‍ വെറുതെ കള്ളത്തരം കാണിക്കേണ്ട കാര്യമുണ്ടോ? ഇതൊക്കെയും ചോദിക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തപ്പോള്‍ എന്തുണ്ട് വിശേഷം എന്നു ചോദിച്ചാല്‍ കിട്ടുന്ന മറുപടികളുടെ തുടര്‍ച്ചയാണ്. 
വാസ്തവത്തില്‍ കേരളത്തില്‍ താമസിക്കുന്ന എന്റെ പ്രിയപ്പെട്ട ബന്ധുജനങ്ങളെയും  സുഹൃത്തുക്കളെയുമൊക്കെ സമ്മതിക്കണം. അവര്‍ നിരന്തരം ഇത്തരം വാര്‍ത്തകളോടു പ്രതികരിച്ചാണ് നിലനില്‍ക്കുന്നത്. അവയെ പ്രതിരോധിക്കുമ്പോള്‍ ഓരോരുത്തരം അറിയാതെ പൊട്ടിത്തെറിച്ചു പോകും. കാരണം, ഈ ദുഃഖങ്ങളൊക്കെയും മറ്റുള്ളവര്‍ക്കാണ് സംഭവിച്ചതെങ്കിലും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമൊക്കെ സ്വന്തം നിലയിലാണ്. 

വാസ്തവത്തില്‍ ഒരു അമ്മയ്ക്ക് ഒരു മകന്‍ നഷ്ടപ്പെട്ടു എന്നതു മാത്രമാണോ ഈ കേസിന്റെ പ്രസക്തി. എന്നു പറയാനാവില്ല. കാരണം, എത്രയോ അമ്മമാര്‍ക്ക് സ്വന്തം മക്കളെ നഷ്ടപ്പെടുന്നുണ്ട് കേരളത്തില്‍. അതില്‍ പലതും കേസുകളാവുന്നു, മറ്റു ചിലത് കേസുകള്‍ അല്ലാതാവുന്നു. ചിലര്‍ അറസ്റ്റിലാവുന്നു, മറ്റു ചിലര്‍ അറസ്റ്റിലാവാതെ തന്നെ രക്ഷപ്പെട്ട് കരയ്ക്ക് കയറി നിന്നു കൊഞ്ഞനം കുത്തുന്നു. എന്തായാലും ഒരു കാര്യം പറയാതെ വയ്യ- കേരളീയ സമൂഹത്തില്‍ മക്കളെ നഷ്ടപ്പെടുന്ന അച്ഛനമ്മമാരുടെ നീണ്ട നിര രൂപപ്പെടുകയാണ്. അപ്പോള്‍ അതിനു മേല്‍ രാഷ്ട്രീയത്തിന്റെ നിറം കോരിയൊഴിക്കേണ്ട കാര്യമുണ്ടോ.? 

അച്ഛനെയും അമ്മയെയും മക്കളെയും സംരക്ഷിക്കേണ്ട ബാധ്യത ഒരു ജനാധിപത്യ രാഷ്ട്രമാണെങ്കില്‍ കൂടി സ്റ്റേറ്റിനുണ്ട്. അത് ഉത്തരവാദിത്വമാണ്. അങ്ങനെ ഉത്തരവാദിത്വമില്ലാതെ ആരെങ്കിലും പെരുമാറുന്നുവെങ്കില്‍ അവരെ അധികാരിയെന്നോ, ഭരണാധികാരി ഓഫ് ദി സ്റ്റേറ്റ് എന്നോ  വിശേഷിപ്പിക്കാനാവില്ല. അവരൊക്കെയും അധികാരത്തിന്റെ ദുര്‍മേദസിനാല്‍ വട്ടം ചുറ്റപ്പെടുന്ന അല്‍പ്പപ്രാണികള്‍ മാത്രമാണെന്നേ പറയാനാവൂ... 

ഇവിടെ ജിഷ്ണു, മഹിജ എന്നീ വ്യക്തികള്‍ രാഷ്ട്രത്തോട് ആവശ്യപ്പെടുന്നതും അതു തന്നെയാണ്. ഓരോ പൗരനുമുള്ള, അല്ലെങ്കില്‍ പറയപ്പെടുന്ന ആ നീതി തങ്ങള്‍ക്കും വേണം. അത് അവകാശപ്പെട്ടതാണ്. ആരുടെയും ഔദാര്യമല്ല. ആരുടെയും മുന്നില്‍ കൈ നീട്ടി നിന്ന് ഓച്ഛാനിച്ചു ഇരന്നു വാങ്ങേണ്ടതല്ല. അതു ലഭിക്കാതെ വരുമ്പോള്‍ ചോദിച്ചു വാങ്ങേണ്ടി വരും. അതിനു വേണ്ടി, ഒരു ശ്രമം മാത്രമേ അവര്‍ നടത്തിയുള്ളു. നീതി കിട്ടാന്‍ നീതി നടപ്പാക്കുന്നവര്‍ക്ക് മുന്നില്‍ നിന്ന് അവര്‍ നിലവിളിച്ചു. നീതി നടത്തി തരേണ്ടവരെ ബോംബിട്ടു കൊല്ലാനും അതില്‍ അര്‍മാദിക്കാനുമല്ലല്ലോ അവര്‍ വന്നത്. എന്നിട്ടും, രാഷ്ട്രത്തിന്റെ അന്തസ്സിനും ആഭിജാതിത്യത്തിനും കളങ്കമേല്‍പ്പിക്കാന്‍ അതിര്‍ത്തി കടന്ന് എത്തുന്ന ശത്രുവിനെ എന്ന പോലെയാണ് അവരോടെ കാക്കിക്കുപ്പായക്കാര്‍ പെരുമാറിയത്. അവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല, അവര്‍ ആക്രമിക്കാന്‍ എത്തിയ സായുധരുമല്ലായിരുന്നു. അതൊന്നും കാണാനോ, തിരിച്ചറിയാനെ അധികാരത്തിന്റെ ഭ്രമത്തില്‍ തിമിരം ബാധിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. അവരെ, ആ സ്ത്രീയെ- അമ്മയെ, നിഷ്‌ക്കരുണം വലിച്ചിഴച്ചു. പണ്ട്, കൗരവസഭയില്‍ പാഞ്ചാലിയെ വലിച്ചിഴച്ചു എന്നു പറയുന്നതു പോലെ, നടുറോഡിലൂടെ വലിച്ചു കൊണ്ടു പോകുന്ന കാഴ്ച കാണുമ്പോള്‍ കേരളീയ സമൂഹത്തിലെ മാത്രമല്ല, ലോകമനഃസാക്ഷിയെ തന്നെ അതു ഞെട്ടിക്കുന്നതായിരുന്നു. അതു പറയാതെ വയ്യ, ആ കാഴ്ചയുടെ ഞടുക്കത്തില്‍ നിന്ന് ഇത്രയും എഴുതുമ്പോള്‍ അതു വൈകാരികമല്ല, മറിച്ച് യുക്തിഭദ്രമായ ആശയസംഘട്ടനത്തില്‍ നിന്നും ഉരുത്തിരിഞ്ഞ പക്വതയാര്‍ന്ന വാക്കുകള്‍ മാത്രമാണെന്നു തിരിച്ചറിയുക. ഭരണനൈപുണ്യരേ, ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത ! 
പിറന്ന നാടിനേക്കാളും, സ്വര്‍ഗ്ഗത്തേക്കാളും മഹത്തരമാണ് മാതാവ് എന്ന പാരമ്പര്യം അനുഷ്ഠിക്കുന്ന ഒരു നാട്ടില്‍ നിന്നും കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യമാണ് ഇപ്പോള്‍ പരസ്യമായി ഉണര്‍ന്നു കേള്‍ക്കുന്നത്. ഇത് തെറ്റ് തന്നെയാണ്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ്, മാപ്പ് അപേക്ഷിച്ച് മുന്നേറിയില്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല-ഭരണാധികാരികളെ. ഇത് സത്യത്തിന്റെയും നന്മയുടെയും വിശ്വാസത്തിന്റെയും പ്രശ്‌നമാണ്. ഈ പ്രശ്‌നത്തെ അതിജീവിച്ച് ഇവിടെ ജീവിക്കുക എന്നത് എത്രമാത്രം ദുഷ്‌ക്കരമാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. അമ്മയെ തല്ലിക്കൊണ്ട്, ഇവിടെ ആരുമൊന്നും നേടാന്‍ പോകുന്നില്ല, അതൊരു നേട്ടമാണെന്നും ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ നിങ്ങള്‍ പിശാചിനേക്കാളും ക്രൂരരാണെന്നു മാത്രം പറയേണ്ടി വരുന്നു.
 
നിങ്ങളോട് ഒന്നേ പറയാനുള്ള മാ നിഷാദ ! (അരുതേ, കാട്ടാള).


Join WhatsApp News
വിദ്യാധരൻ 2017-04-10 11:41:55

മാളിക മുകളേറുന്ന മന്നെൻറെ
തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ..... എന്ന രീതി

നല്ലവരായ പൊലീസിൻ കൂട്ടത്തെ
കള്ളന്മാരുക്കും നേതാക്കൾ ഉള്ളപ്പോൾ
സ്വന്തം അമ്മയല്ല അച്ഛനേം തല്ലിയാൽ
അന്തംവിട്ടിട്ടു കാര്യമില്ലായതിൽ
രാജനെന്നൊരു വിദ്യാർത്ഥിയെ പണ്ട്
വ്യാജകേസിൽ കുടുക്കി പോലീസുകാർ
ഇരുണ്ട മുറിക്കുള്ളിൽ അടച്ചിട്ട്
ഉരുട്ടി കൊന്നു കളഞ്ഞതും,
ചിത്തരോഗത്താൽ 'അമ്മ' മരിച്ചതും 
അത്തലാലച്ഛൻ ഈച്ചരവാര്യരും
നീതി കിട്ടാതെ നീറി മരിച്ചതും
ഖ്യാതമാണത് ചൊല്ലിടേണ്ടിങ്ങുഞാൻ
കൊള്ള കൂടാതെ കൊള്ളിവെപ്പു പിന്നെ
കൊല്ലുവാൻ മടി ഇല്ലാത്ത നേതാക്കൾ
ഉള്ളൊരു നാട്ടിൽ എങ്ങനെ നമ്മൾക്ക്
തള്ളയ്ക്കിട്ടടി കിട്ടാതെ സൂക്ഷിക്കാം.
കേരളമെന്ന പേരങ്ങു മാറ്റീട്ട്
ചോരന്മാരുടെ നാടാക്കിയാൽ നന്ന് 

Dr.Sasi 2017-04-10 17:09:50
തലശ്ശേരി ബ്രണ്ണൻ  കോളേജിൽ നിന്നും ഏറ്റവും കൂടുതൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു വിദ്യാർത്ഥിയായിരുന്നു ശ്രീ പിണറായി വിജയൻ എന്ന്  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ സ്റ്റാഫ് മുറിയിലിരുന്ന് ഇക്കണോമിക് പ്രൊഫസർ ശ്രീ പ്രേംനാഥ് സംസാരമദ്ധ്യേ ഒരിക്കൽ എന്നോട് പറയുകയുണ്ടായി .വിവിധ പ്രകാരത്തിലുള്ള വിദ്യാർത്ഥി വിധർമ്മവുമായി ബന്ധപ്പെട്ടായിരുന്നു എല്ലാ സസ്പെന്ഷനുകളും എന്നതും വളരെ ശ്രദ്ദേയമാണ്.വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ അങ്ങനെയുള്ള ആളുകൾ അധികാരത്തിന്റെ മയൂരസിംഹാസനങ്ങളിൽകയറിയിരുന്നു മയൂര നൃത്തമാടുമ്പോൾ   ഇവരെ ഇവരാക്കി വന്നവഴികൾ  സ്വയം മറക്കുന്നു.ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ശാപമാണ് ഒരു അമ്മയുടെ ശാപം .എല്ലാ ഗീത ഉപദേശങ്ങളും  നൽകി അർജുനനെ കൊണ്ട് തന്റെ മക്കളെ കൊല്ലിച്ച കൃഷ്ണനെ  കണ്ട ഗാന്ധാരി എണ്ണിയെണ്ണി ചോദിച്ച ഒറ്റ ചോദ്യത്തിനും  പൂർണമായും ഉത്തരം നല്കാൻ കഴിയാതെ വിഷമിച്ച നിന്ന കൃഷ്ണനെ  നീയും നിന്റെ കുലവും നശിച്ചു പോകുമെന്ന് ഗാന്ധാരി ശപിച്ചു.ആ  അമ്മയുടെ ശാപത്തിനു മുന്നിൽ ഭഗവാൻ നിസ്സംഗനായി . ശാപം ഫലിച്ചു .കൃഷ്‌ണന്റെ കുലം മുഴുവൻ നശിച്ചു.അധികാരം, സന്പത്തു ,പദവി  എന്നിവയിൽ  മതിച്ചു  അരുമയും ,എളിമയും എല്ലാം മറന്നു ഇളകി ആളുകൾ ആടി അഹങ്കരിക്കുന്നതു കാണുമ്പോൾ : നിങ്ങളോട് ഒന്നേ പറയാനുള്ള മാ നിഷാദ ! (അരുതേ, കാട്ടാള).
(Dr.Sasi)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക