Image

പ്രൊഫ:എം കെ സാനുമാസ്റ്റര്‍ക്ക് നവതി പ്രണാമവുമായി ഫൊക്കാന (അനില്‍ പെണ്ണുക്കര)

Published on 11 April, 2017
പ്രൊഫ:എം കെ സാനുമാസ്റ്റര്‍ക്ക് നവതി പ്രണാമവുമായി ഫൊക്കാന (അനില്‍ പെണ്ണുക്കര)
മലയാള നിരൂപണ സാഹിത്യ രംഗത്തും,അധ്യാപന രംഗത്തും പകരക്കാരനില്ലാത്ത മഹാവ്യക്തിത്വമായ പ്രൊഫ.എം.കെ സാനുമാഷിന്റെ നവതി ആഘോഷ വേളയില്‍ ആദരവുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന .ഫൊക്കാനാ മെയ് മാസം 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന കേരളാ കണ്‍ വന്‍ഷനില്‍ ആണ് പ്രൊഫ:എം കെ സാനുമാസ്റ്ററെ ആദരിക്കുന്നത് .

സാഹിത്യ ,സാംസ്കാരിക രംഗത്തും ,അധ്യാപന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാംസ്കാരിക നായകനാണ് പ്രൊഫ.എം.കെ സാനു.എക്കാലവും സമൂഹവുമായി ഗാഢമായ ബന്ധം പുലര്‍ത്തിയ മനുഷ്യസ്‌നേഹി. ലോകമെമ്ബാടും പ്രസരിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചം വായനയിലൂടെയും പഠനത്തിലൂടെയും സ്വന്തം മനസ്സിലേക്ക് അദ്ദേഹം ആവാഹിക്കുകയും അത് സമൂഹത്തിനാകെ പകര്‍ന്നു നല്കുകയും ചെയ്തു. പുതുതലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. പ്രൊഫ.എം.കെ സാനുവിനെപ്പോലുള്ളവരില്ലായിരുന്നെങ്കില്‍ നമ്മുടെ അറിവിന്റെ ലോകം ഇത്രത്തോളം വെളിച്ചമുള്ളതാവില്ലായിരുന്നു. ജീവിച്ച വര്‍ഷങ്ങള്‍ വളരെ അര്‍ത്ഥപൂര്‍ണമായി ചെലവഴിച്ച മഹാവ്യക്തിത്വമാണ് പ്രൊഫ. എം.കെ സാനുവിന്റേത്. എന്നും മാനവികതയോടൊപ്പം നിലകൊണ്ട അദ്ദേഹം ഉത്പതിഷ്ണുത്വമുള്ള മനസ്സ് എക്കാലവും സൂക്ഷിച്ചു.സാഹിത്യനിരൂപകനെന്ന നിലയില്‍ സാമൂഹ്യവും സൗന്ദര്യാത്മകവുമായ ഘടകങ്ങള്‍ ഒരുപോലെ കണക്കിലെടുത്തിരുന്നു .

ജീവചരിത്രകാരന്‍ എന്ന നിലയിലും പ്രൊഫ. എം.കെ.സാനു വ്യത്യസ്തനാണ്. ജീവചരിത്രകൃതികളിലൂടെ അദ്ദേഹം പകര്‍ന്നുതന്ന ദാര്‍ശനികഉള്‍ക്കാഴ്ചയും സമഗ്രതയും എടുത്തു പറയത്തക്കതാണ്. അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളും ശ്രദ്ധേയമാണ് . ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളോടും പുരോഗമന ഇടതുപക്ഷ നിലപാടുകളോടും ചേര്‍ന്നുനിന്നുള്ള മനസ്സാണ് അദ്ദേഹത്തെ കേരളത്തിന്റെ സാമൂഹ്യപുരോഗതിക്കു മുമ്പേ നടന്ന വ്യക്തിത്വമാക്കി മാറ്റിയത്. ആധുനിക കേരള ചരിത്രവുമായി ഇഴകലര്‍ന്ന ജീവിതമാണത്. സാഹിത്യദര്‍ശനത്തിന്റെ പുതിയ തലങ്ങള്‍ അദ്ദേഹം സമൂഹത്തിന് പകര്‍ന്നു. എഴുത്തുകാരന്റെ സ്വതന്ത്രവ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിച്ചുതന്നെ അദ്ദേഹം അവന്റെ സാമൂഹ്യബന്ധത്തിന് ഊന്നല്‍നല്‍കുകയും മാനവികമൂല്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. മലയാള ജീവചരിത്ര ശാഖയെ ഇത്രത്തോളം സമ്പന്നമാക്കിയ മറ്റൊരാളില്ല

1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. നാലു വര്‍ഷത്തോളം സ്കൂളദ്ധ്യാപകന്‍. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു.സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടര്‍ന്ന് 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.പ്രഭാതദര്‍ശനം സഹൊദരന്‍ കെ അയ്യപ്പന്‍ മലയാള സാഹിത്യ നായകന്മാര്‍ കുമാരനാശാന്‍
ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍ എം. ഗോവിന്ദന്‍ അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് ആശാന്‍ പഠനത്തിന് ഒരു മുഖവുര മൃത്യുഞ്ജയം കാവ്യജീവിതം ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (ജീവചരിത്രം) യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം)
അസ്തമിക്കാത്ത വെളിച്ചം (ആല്‍ബര്‍ട്ട് ഷ്വൈറ്റ്‌സറുടെ ജീവചരിത്രം)
ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)
എന്നിവയാണ് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ .
കേരള സാഹിത്യ അക്കാദമി പുരസ്കാരം(1985) അവധാരണം
വയലാര്‍ അവാര്‍ഡ്(1992) ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം,കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002) പത്മപ്രഭാ പുരസ്കാരം(2011)എന്‍.കെ. ശേഖര്‍ പുരസ്കാരം(2011)കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2011) ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍,കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്കാരം 2010 ,എഴുത്തച്ഛന്‍ പുരസ്കാരം (2013)ഇപ്പോള്‍ ഫൊക്കാനാ നല്‍കുന്ന ആദരവും.

ഹിന്ദുവര്‍ഗീയതയെ താലോലിക്കുന്നതാണ് എം.കെ സാനുവിനെ പോലുള്ളവരുടെ നിലപാടുകള്‍ എന്ന വിമര്‍ശനം സാഹിത്യകാരനായ സക്കറിയ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയിട്ടുണ്ട്. എത്രയോ കാലമായി ഹിന്ദുവര്‍ഗീയതാവേദികളിലെ സ്ഥിരം അതിഥിയായ എം.കെ സാനു ഇപ്പോഴും ഇടതുപക്ഷക്കാരനായാണ് അറിയപ്പെടുന്നത് എന്നും സക്കറിയ തന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട് .അങ്ങനെ എല്ലാവര്ക്കും വേണ്ടപ്പെട്ട ഒരു അധ്യാപകന്‍,സാഹിത്യകാരന്‍,നിരൂപകന്‍ ,വിമര്‍ശകന്‍ അങ്ങനെ മലയാള സാഹിത്യത്തിന്റെ നേടും തൂണുകളില്‍ ഒരാളായ പ്രൊഫ:എം കെ സാനുമാസ്റ്ററെ ഫൊക്കാന ആദരിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആകും സമ്മാനിക്കുക .
പ്രൊഫ:എം കെ സാനുമാസ്റ്റര്‍ക്ക് നവതി പ്രണാമവുമായി ഫൊക്കാന (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക