Image

ഇവിടെ ഇങ്ങിനെയൊക്കെയാണ്, ഇങ്ങിനെയൊക്കെ മതി (രാജു മൈലപ്രാ)

Published on 14 April, 2017
ഇവിടെ ഇങ്ങിനെയൊക്കെയാണ്, ഇങ്ങിനെയൊക്കെ മതി (രാജു മൈലപ്രാ)
'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ഇപ്പോള്‍ കാര്യങ്ങളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അടിപൊളിയാണ്. ഇത്തവണ വിഷുവും ദു:ഖവെള്ളിയാഴ്ചയും ഒരേ ദിവസമാണ്. കൂട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ഡോ. അംബേദ്കറുടെ ജന്മദിനവും. ദു:ഖമായാലും സന്തോഷമായാലും മലയാളി അത് ഒരു ആഘോഷമാക്കും. കള്ളില്ലാതെ എന്ത് ആഘോഷം? ഇപ്പോഴത്തെ സിനിമകളിലൊക്കെ അമ്മച്ചിമാര്‍ കള്ളടിക്കുന്ന രംഗങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. 

ആദര്‍ശദീരനായ ആന്റണിയുടെ ചാരായ നിരോധനമാണ് കേരളത്തില്‍ ഇത്രയധികം മദ്യപാനികളെ സൃഷ്ടിച്ചത്. അതിനു പിന്നാലെ വന്ന ജൂനിയര്‍ ആദര്‍ശ സുധീരന്‍ജി ബാറുകളും പൂട്ടിച്ചു. എന്നിട്ടും കേരളത്തിലെ പ്രബുദ്ധ ജനത പ്രകോപനമൊന്നും സൃഷ്ടിക്കാതെ പിടിച്ചു നിന്നു. അപ്പോള്‍ ദേ വരുന്നു സുപ്രീം കോടതിയുടെ ഒരു ഇണ്ടാസ്. മദ്യവില്പനശാലകളെല്ലാം പ്രധാന പാതയോരങ്ങളില്‍ നിന്നും അഞ്ഞൂറു മീറ്റര്‍ അകലെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പറ്റുകയുള്ളെന്ന്. കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ! കുടിയന്മാരുടെ കാര്യം വലിയ കഷ്ടത്തിലായി. പെറ്റമ്മമാര്‍ പോലും കരഞ്ഞു പോകുന്ന അവസ്ഥ. നിയമം അനുസരിച്ച് വില്പനശാലകള്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ അവടെല്ലാം വലിയ പുകിലുകള്‍. വീട്ടമ്മമാരും, വിദ്യാര്‍ത്ഥികളും, പള്ളീലച്ചന്മാരും കൂടി കുത്തിയിരിപ്പു സമരം. തുറക്കുന്ന കടകള്‍ അതേ വേഗത്തില്‍ അടപ്പിയ്ക്കുന്നു. 'ദേ വന്നു -  ദാ പോയി'- എന്നൊരു സുരേഷ് ഗോപി സ്റ്റൈല്‍ - പത്തനംതിട്ടയില്‍ മൂന്നു വിദേശ മദ്യ വില്പന ശാലകള്‍ ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിച്ചു പോരുകയായിരുന്നു. മൂന്നിനും താഴു വീണു. ഒരെണ്ണം താഴെ വെട്ടിപ്പുറത്തേക്കു മാറ്റി. ഉറങ്ങിക്കിടന്ന വെട്ടിപ്രം ഒന്നുണര്‍ന്നു. ടച്ചിംഗ്‌സ്, കപ്പയും എല്ലു കറിയും, മുട്ട പുഴുങ്ങിയതും സുലഭം. കാര്യങ്ങളൊന്നു ഉഷാറായി വന്നപ്പോഴേക്കും വെട്ടിപ്രം റോഡിനെ ദേശീയ പാതയായി പ്രഖ്യാപിച്ചു. ഡിം. 

ഇപ്പോള്‍ പത്തനംതിട്ടയിലെ കുടിയന്മാര്‍ക്ക് ഒന്നു പൂസാകണമെങ്കില്‍ പെരുനാട്ടിലോ, ചിറ്റാറിലോ, പുതുശ്ശേരി മലയിലോ പോകണം. മിക്കതും വനത്തിന്റെ നടുവിലാണ്. ഓട്ടോ റിക്ഷയില്ലാതെ എത്തിച്ചേരുവാന്‍ ഒരു നിവൃത്തിയുമില്ല. അഞ്ഞൂറു രൂപയ്ക്ക് ഒരു മാതിരി 'കിക്ക്' കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആയിരം രൂപയെങ്കിലും മുടക്കണം. ചെറിയ ഒരു പെരുപ്പു കിട്ടുവാന്‍ കുടിയന്മാരെ ഇങ്ങനെ ദ്രോഹിക്കുവാന്‍ അവര്‍ എന്തു കുറ്റമാണ് ചെയ്തത്? ഖജനാവിലേക്കു കോടികള്‍ ഒഴുക്കുന്ന മദ്യപാനികളോടു അധികാരികള്‍ കൊടും ക്രൂരതയാണു കാണിച്ചത്. ഇതിലും ഭേദമായിരുന്നു അവരെയെല്ലാം തൂക്കിക്കൊല്ലുവാന്‍ വിധിച്ചിരുന്നെങ്കില്‍!
 
ഇനി ഒരു സത്യം,  ഏതു കോടതി വിധിച്ചാലും കേരളത്തിലെ കുടിയന്മാര്‍ കുടിച്ചു നശിക്കുവാന്‍ ഉറച്ച തീരുമാനമെടുത്തവരാണ്. കടാപ്പുറത്തു കൂടി പരീക്കുട്ടി പാടി പാടി മരിക്കുവാന്‍ തീരുമാനിച്ചതു പോലെ, കുടിച്ചു കുടിച്ചു വയറുപൊട്ടി ചാകുമെന്നു ശപഥമെടുത്തിട്ടുള്ളവരാണ് മദ്യപാനികളായ മലയാളികള്‍. ഇതു സത്യം! സത്യം! സത്യം!.

തെരുവുനായ്ക്കള്‍ ഇടയ്‌ക്കൊരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായിരുന്നു. ഇപ്പോള്‍ അവര്‍ വീണ്ടും സജീവമായി രംഗത്തുണ്ട്. പണ്ടത്തെപ്പോലെ കുടിച്ചിട്ട് ഓടുകയൊന്നുമില്ല. കടിച്ചു പറിച്ചു കളയും. പിഞ്ചു കുഞ്ഞെന്നോ പടുകിളവിയെന്നോ വ്യത്യാസമൊന്നുമില്ല. നമ്മുടെ നാട്ടിലെ പീഡനവീരന്മാരെ പോലെ! ''ദു:ഖിതരേ, പീഡിതരേ, എന്റെയടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങള്‍ക്കു സമാധാനം തരാം'' എന്നു പറഞ്ഞ ദൈവപുത്രന്റെ അനുയായികള്‍ ഇപ്പോള്‍ അതു ചെറുതായൊന്നു തിരുത്തിയിട്ടുണ്ട്. 'ദു:ഖിതരേ, പീഡിതരേ ഞങ്ങളുടെയടുക്കല്‍ വരുവിന്‍. ഞങ്ങള്‍ നിങ്ങളെ പീഡിപ്പിക്കാമെന്ന്. ഈ സാധനം കൊണ്ട് വേറെ ചില പ്രയോജനങ്ങള്‍ ഉണ്ടെന്ന് പട്ടമേറ്റു കഴിഞ്ഞപ്പോഴാണു പല പട്ടക്കാര്‍ക്കും മനസ്സിലായത്. ബുദ്ധിയുറക്കാത്ത സമയത്താണല്ലോ പലരും  പുരോഹിതനാകുവാനുള്ള തീരുമാനമെടുക്കുന്നത്. സെമിനാരി പഠിത്തത്തോടു കൂടിയാണ് പലര്‍ക്കും 'സംഗതി' യുടെ കിടപ്പു വശം മനസ്സിലാകുന്നത്! നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവരെ കല്ലെറിയട്ടെ!

ഇടക്കാലത്തു വിദ്യാര്‍ത്ഥി സമരങ്ങളൊന്നും ഇല്ലായിരുന്നു. 'നേടിയെടുക്കും' എന്നു തൊണ്ട കീറി വിളിച്ചു കൂവാന്‍ പറ്റിയ വിഷയങ്ങളൊന്നും വീണു കിട്ടിയില്ല. അപ്പോഴാണ് സ്വാശ്രയ കോളേജുകളുടെ വിദ്യാഭ്യാസം വ്യവസായം തുടങ്ങിയത്. അതോടനുബന്ധിച്ച് ഇടിമുറിയും, അടിമപ്പണിയും മറ്റുമുണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ അടുത്ത കാലത്തു പുറത്തു വന്നു. പല വിദ്യാര്‍ത്ഥികളേയും ഇടിമുറിയില്‍ ഇട്ടു ചതച്ച ശേഷം, കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റി. പാചകറാണിയുടെ കോളേജിന്റെ അടുക്കളയിലാണ് ആദ്യം തീ പുകഞ്ഞത്. അവരെ ചുട്ടുകളയും, കരിച്ചു കളയും, പൊരിച്ചു കളയം എന്നെല്ലാം എന്തെല്ലാം വീമ്പിളക്കലായിരുന്നു. അവര്‍ക്കൊരു ചുക്കും സംഭവിച്ചില്ല. സര്‍ക്കാരിനും, പാര്‍ട്ടിക്കും വേണ്ടപ്പെട്ട കുടുംബം. എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ട നേതാക്കന്മാര്‍ക്കും കോളേജില്‍ കയറാതെ തന്നെ എല്‍.എല്‍.ബി ബിരുദം പേരിന്റെ വാലില്‍ കെട്ടിത്തൂക്കി കൊടുത്ത മാതൃകാ സ്ഥാപനം. ഒരു പോറലു പോലും ഏല്‍ക്കാതെ അവിടെയുമിവിടെയും അപ്പം ചുട്ടു കൊണ്ട് പാചകറാണി പറന്നു നടക്കുന്നു. 

കോളിളക്കം സൃഷ്ടിച്ച മറ്റൊരു സംഭവമായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണം. ഇടിച്ചതിനും അടിച്ചതിനുമെല്ലാം ശാസ്ത്രീയമായ തെളിവുകളുണ്ട്. പക്ഷേ, പ്രതികള്‍ക്കെല്ലാം മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന മഹാമനസ്തകതയാണ് നമ്മുടെ കോടതികള്‍ക്ക്!

ജിവിച്ചിരിക്കുമ്പോള്‍ തന്നെ അന്യന്റെ കാശു കൊണ്ടു സ്വന്തം സ്മാരകമായി മെഡിക്കല്‍ കോളേജും എഞ്ചിനീയറിംഗ് കോളേജും പടുത്തുയര്‍ത്തിയ മഹാനാണ് വെള്ളാപ്പള്ളി ഗുരുക്കള്‍! കാവലിനു കരിംപൂച്ചകളുമുണ്ട്. അപാരതൊലിക്കട്ടി തന്നെ. ഗുരുക്കളുടെ കോളേജില്‍ ഈയിടെ എസ്.എഫ്.ഐ പിള്ളേര്‍ ഒരു ഒന്നൊന്നര നിരക്കമങ്ങു നിരങ്ങി. രണ്ടു മൂന്നു കോടി രൂപയുടെ നഷ്ടം. വെള്ളാപ്പള്ളിക്ക് അതു പുല്ലാണ്. വെറും പുല്ല്!

പേപ്പട്ടി കടിക്കാഞ്ഞിട്ടു പോലും മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കുമാകെ പേയിളകിയിരിക്കുകയാണ്. ഭരണത്തിലൊന്നും ആര്‍ക്കും വലിയ താല്പര്യമൊന്നുമില്ല. അങ്ങോട്ടുമിങ്ങോട്ടും ചെളിവാരിയെറിഞ്ഞു കളിക്കുകയാണ്. രണ്ടു കൂട്ടരും.

ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലജിയും പരസ്പരം കാണുമ്പോള്‍ ഉമ്മവെയ്ക്കുമെങ്കില്‍ത്തന്നെയും, പുറത്തിറങ്ങിയാല്‍ പിന്നെ പാരവയ്പ്പാണ്. ഇതിനിടയില്‍ പാറയില്‍ ചിരട്ടയിട്ടുരയ്ക്കുന്നതു പോലെ ശബ്ദമുള്ള ഹസന്‍ജിയെ പിടിച്ച് ഇടക്കാല പ്രസിഡന്റാക്കി. ഹസനാരുടെ ആ സ്ഥാനത്തിന് വലിയ ആയുസില്ല എന്നാണ് കമ്പ്യൂട്ടര്‍ ജ്യോതിഷം പറയുന്നത്. ജപ്പാനിലെ ഏതോ മ്യൂസിയത്തിലിരിക്കുന്ന ഒരു മെഴുകുപ്രതിമ പോലെയിരിക്കുന്ന പി.പി തങ്കച്ചന്‍ എന്ന വാക്താവ്. ഒരു വാക്താവാകുമ്പോള്‍ രണ്ടു വാചകമടിക്കാനെങ്കിലും ഒരു മിനിമം ക്വാളിഫിക്കേഷന്‍ വേണ്ടെ! കേന്ദ്രത്തില്‍ നാഗന്മാരുടെ തൊപ്പിയും തലയിലണിഞ്ഞ് നമ്മളെ നാണം കെടുത്താനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആന്റണിജി. പയ്യനെ ഉടനെ പിടിച്ച് പ്രസിഡന്റാക്കി അവരോധിക്കുമെന്നു കേട്ടു. അതോടെ തീര്‍ന്നു കോണ്‍ഗ്രസിന്റെ കഥ.

രാഷ്ട്രീയ വിഢിത്വം വിളമ്പുന്നതില്‍ നമ്മുടെ ഒന്ന്, രണ്ട്, മൂന്നു മണിയാശാന്‍ തന്നെ മെഡല്‍ ജേതാവ്. ആരോട് എന്ത് പറയണമെന്നോ, എങ്ങിനെ പറയണമെന്നോ എന്നതിനെ പറ്റി ഒരു വിവരവുമില്ല. നാലാം ക്ലാസും, ഗുസ്തിയുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഭരിക്കുന്നതോ! തൊട്ടാല്‍ ഷോക്കടിക്കുന്ന ഇലക്ട്രിസിറ്റി വകുപ്പ്! ദോഷം പറയരുതല്ലോ! മണിയാശാന്റെ പ്രസംഗം കേട്ടിരിക്കുന്നത് ഒരു സുഖമുള്ള ഏര്‍പ്പാടാണ്.

ഇവിടെ ഇങ്ങിനെയൊക്കെയാണ്, ഇങ്ങിനെയൊക്കെ മതി (രാജു മൈലപ്രാ)
Join WhatsApp News
viswasi 2017-04-14 04:30:35
ഈ ദുഖവെള്ളിയാഴ്ച തന്നെ വേണോ പുരോഹിതന്മാർക്കിട്ടു പാര പണി.
Preacher 2017-04-14 04:34:08
The whole world is against drinking alcohol. Only evil spirits drink and smoke drugs. Please don't glorify the drunkards thru your article, like some cheap Malayalam movies.
mathai mappilla 2017-04-14 04:39:33
കോൺഗ്രെസ്സിന്റെ കാര്യം ഞങ്ങള് നോക്കിക്കൊള്ളാം. സാറു മറ്റു പണി വല്ലതും നോക്ക്. കഴിഞ്ഞ ആഴ്ചയിൽ കുട്ടനാട് MLA ചാണ്ടി സാറിന് വരെ ഞങൾ സ്വീകരണം കൊടുത്തു. ഇനിയും പൂമാലയുമായി ഞങ്ങൾ കാത്തിരിക്കുന്നു.
believer 2017-04-14 22:59:12
വിഷു ഒരു സത്യവും ആഘോഷവുമാണ്. ഈസ്റ്റര് ഒരു മിഥ്യയും വിശ്വാസവുമാണ്. രണ്ടും നല്ലതു തന്നെ.
J. MATHEW 2017-04-18 13:24:09
മിഥ്യയും യാഥാർഥ്യവും തമ്മിൽ തിരിച്ചറിയാനുള്ള
കഴിവാണ് ഒരു" വിശ്വാസിക്ക്" ആദ്യം വേണ്ടത്.ഉയര്പ്പു പരമമായ സത്യംആണ്.അതുകൊണ്ടാണ് ലോകം മുഴുവൻ സുവിശേഷം വ്യാപിച്ചത്.
George V 2017-04-18 18:10:36
രാജു കലക്കി. ഒന്നും കളയാനില്ല. നമ്മുടെ നാടിന്റെ അവസ്ഥ നന്നായി തന്നെ അവതരിപ്പിച്ചു. തുടർന്നും എഴുതുക. എല്ലാവിധ ആശംസകളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക