Image

ആള്‍ 'വടിയായി.' ഇനി നമുക്കു അനുശോചിക്കാം (വിമര്‍ശനം)

ജോസ്‌ ചെരിപുറം Published on 26 February, 2012
ആള്‍ 'വടിയായി.' ഇനി നമുക്കു അനുശോചിക്കാം (വിമര്‍ശനം)
അലുമിനിം പോലുള്ള ഉടയാത്ത പാത്രങ്ങള്‍ കണ്ടു പിടിച്ച മനുഷ്യനെ പൂച്ച ശപിക്കുന്നുണ്ടായിരിക്കും. പാല്‍ കുടങ്ങള്‍ ഉടയുന്നില്ല, പൂച്ചകള്‍ക്ക്‌ പാലു കിട്ടുന്നില്ല. ഈ പ്രശ്‌നം നമ്മുടെ നാട്ടിലെ ചക്കി പൂച്ചകള്‍ക്ക്‌ മാത്രമെയുള്ളു. അമേരിക്കയില്‍ പൂച്ചകളൊക്കെ സുഖമായി കഴിയുന്നു. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം നമുക്ക്‌ ചുറ്റും ഇപ്പോള്‍ കാണുന്ന അനുശോചന യോഗങ്ങളുടെ ക്രമാതീതമായ വര്‍ദ്ധന കണ്ടിട്ടാണ്‌. പാല്‍ക്കുടം ഉടഞ്ഞ്‌ കിടക്കുന്നത്‌ കണ്ട്‌ പാലു നക്കാന്‍ വരുന്ന പൂച്ചയെപോലെ മനുഷ്യര്‍ പ്രവര്‍ത്തിക്കുന്നത്‌ ലജ്‌ജാകരമല്ലേ? നമ്മുടെ സ്വന്തക്കാരും, സുഹൃത്തുക്കളുമൊക്കെ നമ്മെ പിരിഞ്ഞുപോകുമ്പോള്‍ സ്വാഭാവികമായി അത്‌ നമ്മളെ വേദനപ്പെടുത്താറുണ്ട്‌. അതെപോലെ പ്രശസ്‌തരായ വ്യക്‌തികള്‍ അവര്‍ സമൂഹത്തിനും നാടിനും വേണ്ടി ചെയ്‌ത നന്മകള്‍ ഒക്കെ അവര്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ട്‌ അവരുടെ ആത്മാവിന്‌ നിത്യ ശാന്തി നേരാറുണ്ട്‌. എന്നാല്‍ സുന്ദരിമാരുടെ ഫേഷന്‍ ഷോ പോലെ അനുശോചനം എന്നും പറഞ്ഞ്‌ കുറേ പേര്‍ പത്രകടലാസ്സുകളില്‍ നിന്നും വെബ്‌മഗസിനുകളില്‍ നിന്നും മരിച്ചവരെ കുറിച്ച്‌ വായിച്ചറിഞ്ഞ വിവരങ്ങള്‍ സ്വന്തം പേരില്‍ എഴുതിയുണ്ടാക്കി അത്‌ വായിച്ച്‌ കൃതാര്‍ഥരായി നടക്കുന്നത്‌ മരിച്ച വ്യകതികളോട്‌ ചെയ്യുന്ന ആദരവാണോ ജീവിച്ചിരിക്കുന്നവരോട്‌ ചെയ്യുന്ന അപരാധമാണോ എന്നറിയില്ല. പ്രശസ്‌തനായ ഒരാളെ കുറിച്ച്‌ എഴുതി താന്‍ ഒരു സാഹിത്യകാരനാണെന്ന്‌ തെളിയിക്കാന്‍ ഒരാളുടെ മരണ സന്ദര്‍ഭം ഉപയോഗിക്കുന്നത്‌ ഹൃദയശൂന്യതയാണ്‌. എവിടെ നിന്നെങ്കിലും പകര്‍ത്തിയെഴുതി കൊണ്ട്‌ വരുന്ന സാധനങ്ങള്‍ വായനക്കാരായ എല്ലാവരും തിരിച്ചറിയുമെന്നു ഈ എഴുത്തുക്കാര്‍ ഓര്‍ക്കാത്തത്‌ കഷ്‌ടം.

ഇയ്യിടെ അന്തരിച്ച പ്രശസ്‌തനായ ഒരു എഴുത്തുകാരന്റെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ലാത്ത വ്യക്‌തി അദ്ദേഹത്തെ കുറിച്ച്‌ ഉപന്യാസം എഴുതിയത്‌ കാണാനുള്ള നിര്‍ഭാഗ്യം ഈ ലേഖകനുണ്ടായി. അതെകുറിക്ല്‌ ചോദിക്ലപ്പോള്‍ അദ്ദേഹം പറഞ്ഞു - മരിച്ചു എന്നു കേട്ടപ്പോള്‍ ഒരു പുസ്‌തകം സംഘടിപ്പിച്ച്‌ വായിച്ചുവെന്നു. എന്നാല്‍ പുസ്‌തകം വായിച്ച്‌ മനസ്സിലാക്കി ഒരു ലേഖനം തയ്യാറാക്കുകയല്ല ആ കക്ഷി ചെയ്‌തത്‌. പലരും എഴുതിയ ലേഖനങ്ങളില്‍ നിന്നും അല്‍പ്പാല്‍പ്പം എടുത്ത്‌ ഒരു മിശ്രിത രൂപം സൃഷ്‌ടിക്കയായിരുന്നു. എന്നാലും പലരും ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പുസ്‌തകം വായിക്കാന്‍ അദ്ദേഹം സന്മനസ്സ്‌ കാണിച്ചു. അതിനു അദ്ദേഹത്തെ അനുമോദിക്കാം. ഇതു കൊണ്ടൊക്കെ എന്തു നേട്ടമാണ്‌ കിട്ടാന്‍ പോകുന്നത്‌. എഴുത്തുകാരന്റെ പ്രായവും സൗന്ദര്യവും ഞങ്ങള്‍ക്ക്‌ പ്രധാനമല്ല അയാള്‍ എന്തു എഴുതുന്നു എന്നതാണ്‌ പ്രധാനം എന്നു അഭിപ്രായപ്പെട്ട വ്യകതിയോട്‌ ബഹുമാനമുണ്ട്‌. അത്‌ വളരെ ശരിയാണെന്നു ഞാനും സമ്മതിക്കുന്നു. എന്നാല്‍ എഴുതി വച്ചിരിക്കുന്നത്‌ എവിടെ നിന്നെങ്കിലും ആരെങ്കിലും എഴുതിയത്‌ സ്വന്തം വാചകത്തില്‍ ചില്ലറ ഭേദഗതികളോടെ അവതരിപ്പിച്ചതാണെന്നു മനസ്സിലാകുമ്പോള്‍ അത്‌ ഹീനവും, അന്യായവുമാണൈന്നു ഈ ലേഖകനു തോന്നുന്നത്‌ തെറ്റാണോ. അതും എഴുതുന്ന വ്യകതികള്‍ ഷഷ്‌ഠിപൂര്‍ത്തിയൊക്ക കഴിഞ്ഞവരാകുമ്പോള്‍. സുകുമാര്‍ അഴികോടിന്‌ മരിക്കുമ്പോള്‍ 85 വയസ്സായിരുന്നു. അദ്ദേഹം ഒരു സിനിമാതാരത്തെപോലെ സുന്ദരനല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രചനകള്‍ സുന്ദരവും ഗാംഭീര്യം നിറഞ്ഞതുമായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ സമകാലികരുടെ അല്ലെങ്കില്‍ പൂര്‍വ്വികരുടെ രചനകള്‍ നോക്കി അതെപോലെ എഴുതുകയല്ലായിരുന്നു. ഓരോരുത്തരും അവരുടെ വയസ്സാന്‍ കാലത്ത്‌ ആരെങ്കിലും എഴുതുന്നത്‌ കണ്ട്‌ തനിക്കും എഴുത്തുകാരനാകണമെന്ന ചിന്തയോടെ എഴുതുന്നത്‌ കൊണ്ട്‌ വലിയ പ്രയോജനമില്ലെന്നാണു എന്റെ അഭിപ്രായം. ചിലര്‍ ചിലരുടെ മാതൃക സ്വീകരിക്കും. അതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ എലി പപ്പടം കരളൂന്ന പോലെ അവിടുന്നും ഇവിടുന്നും എടുത്ത്‌ തന്റേതാക്കി എഴുതി വിടുമ്പോഴാണു അതു മനസ്സിലാക്കുന്നവര്‍ക്ക്‌ കഷ്‌ടം എന്നു തോന്നുന്നത്‌. പ്രശസ്‌തനായ ഒരാളെ കുറിച്ച്‌ എഴുതിയാല്‍ തനിക്കും പ്രശസ്‌തി കിട്ടുമെന്ന ചിന്തയില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ആ പ്രശസ്‌തി സൂത്രത്തില്‍ അടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണു അത്‌ ആഭാസകരമാകുന്നത്‌. കഴിഞ്ഞ കുറെ വാരാന്ത്യങ്ങള്‍ നുയോര്‍ക്ക്‌ മലയാളി സമൂഹം ദുഃഖത്തിലായിരുന്നു. ആരെ വിളിച്ചാലും അവര്‍ പറയുന്നത്‌ ഇന്നു വൈകുന്നേരം ഒരു അനുശൊചനമുണ്ടെന്നാണ്‌. ആരുടെയെന്ന്‌ ചോദിക്കുമ്പോഴാണ്‌ നമ്മള്‍ ഞെട്ടുന്നത്‌. അദ്ദേഹത്തിന്റെ അനുശോചനം കഴിഞ്ഞ ആഴ്‌ചയിലുണ്ടായിരുന്നല്ലോ. അതിനു മറുപടി ഞങ്ങള്‍ സാഹിത്യകാരന്മാര്‍ക്ക്‌ അദ്ദേഹത്തെ കുറിച്ച്‌ പറഞ്ഞാലും പറഞ്ഞാലും തീരുകയില്ല. അദ്ദേഹം അദ്വിതീയന്‍, അതികായന്‍, വിജ്‌ഞാന ഭണ്‌ഡാരം, അങ്ങനെ അങ്ങനെ പത്രത്തില്‍ വന്ന തലക്കെട്ടുകള്‍ നമ്മുടെ തലയില്‍ അവര്‍ തട്ടുന്നു.

എഴുതാനുള്ള കഴിവ്‌ ജന്മസിദ്ധമായി കിട്ടേണ്ടതാണ്‌. പണ്ട്‌ ഇവിടെ കേട്ടിരുന്ന ഒരു പരാതിയാണു കാശു കൊടുത്ത്‌ എഴുതിക്കുന്നു എന്നു. വെബ്‌ മാസികകളും പത്രങ്ങളുടെ ലഭ്യതയും കാര്യങ്ങള്‍ സുഗമമാക്കി. ചിലര്‍ അതൊക്കെ പരതി അവര്‍ക്ക്‌ വേണ്ടത്‌ കണ്ടെത്തി. ഇതൊക്കെ ആ വ്യക്‌തികളുടെ സ്വാതന്ത്ര്യം. നമ്മള്‍ അതില്‍ ഇടപെടേണ്ട. പക്ഷെ ആരെങ്കിലും എഴുതിയത്‌ നോക്കി പകര്‍ത്തി അല്ലെങ്കില്‍ അതിന്റെ ഒരു പകര്‍പ്പുണ്ടാക്കി എഴുത്തുകാരന്‍ എന്ന ലാബലുണ്ടാക്കി നടക്കുന്നത്‌ ശരിയല്ല. മൗലികമായ രചനകള്‍ നടത്തുന്നവരോട്‌ ചെയ്യുന്ന അപരാധമാണ്‌. ഇവിടെ ആരു വായിക്കാന്‍ എന്ന്‌ എന്റെ ഒരു സുഹുര്‍ത്ത്‌ ഏകദേശം ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എന്നോട്‌ ചോദിക്കുകയുണ്ടായി.. അന്നു എഴുത്തുകാര്‍ കുറവായിരുന്നു. ഇപ്പോള്‍ എഴുതുന്നവരില്‍ പലരും അന്നു എഴുതിയിരുന്നില്ല. ഇതെകുറിച്ച്‌ സംസാരിച്ചപ്പോള്‍ ഒരാള്‍ ചോദിച്ചു എഴുത്തിനു സമയവും കാലവുമുണ്ടോ? അമ്പതും അറുപതും വയസ്സിനു ശേഷമാണു ചിലര്‍ക്ക്‌ സര്‍ഗ്ഗ പ്രതിഭ ഉദിക്കുന്നതെന്നു. അതൊക്കെ ദൈവത്തിന്റെ കളിയത്രെ. അമ്മയെ തല്ലിയാലും രണ്ട്‌ അഭിപ്രായങ്ങള്‍.

എന്തായാലും യശ്ശഃശരീരായ മഹാത്മാക്കളെ ബഹുമാനിക്കുക. അവരുടെ ചരമത്തിന്റെ പേരില്‍ സ്വന്തം സാഹിത്യ പ്രതിഭ പ്രകടിപ്പിക്കാന്‍ ഒരവസരം കിട്ടുന്നു എന്ന ക്രൂര ചിന്ത ഉപേക്ഷിക്കുക.
ആള്‍ 'വടിയായി.' ഇനി നമുക്കു അനുശോചിക്കാം (വിമര്‍ശനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക