Image

സിഖ് സമൂഹം ഒരു മില്യന്‍ ഡോളറിന്റെ പരസ്യ പ്രചാരണം നടത്തും (ഏബ്രഹാം തോമസ്)

Published on 17 April, 2017
സിഖ് സമൂഹം ഒരു മില്യന്‍ ഡോളറിന്റെ പരസ്യ പ്രചാരണം നടത്തും (ഏബ്രഹാം തോമസ്)
അമേരിക്കയിലെ സിഖ് സമൂഹത്തിന് നേരെ അസഹിഷ്ണതയില്‍ നിന്ന് ഉടലെടുക്കുന്ന ഹിംസകളും കയേറ്റങ്ങളും വര്‍ധിച്ചുവരുന്ന സാഹ ചര്യത്തില്‍ ഒരു മില്യന്‍ ഡോളറിന്റെ ബോധവത്കരണം നടത്താന്‍ നേതാക്കള്‍ തീരുമാനിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളര്‍ന്നു വരുന്ന പ്രസ്ഥാനമാണ് വി ആര്‍ സിഖ്‌സ്. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ മുസ്‌ലിംങ്ങള്‍ക്കും സിഖ് മതസ്ഥര്‍ക്കും എതിരെ വിദ്വേഷവും ആക്രമണവും വര്‍ധിച്ചുവരികയാണെന്ന് ഇവര്‍ പറഞ്ഞു. സിഖ്കാരുടെ താടിയും ടര്‍ബനും തെറ്റിദ്ധരിച്ച് വിദ്വേഷമുള്ള കോപാകുലരായ ആളുകള്‍ അവരെ ആക്രമിക്കുകയാണെന്ന് വാഷിങ്ടണില്‍ നിന്നുള്ള ഡെന്റിസ്റ്റ് രാജ് വന്ത് സിംഗ് പറഞ്ഞു. 9/11 ന്റെ ഓര്‍മ്മകള്‍ കാലക്രമേണ മായുമെന്നും ആക്രമണങ്ങള്‍ കുറയുമെന്നും പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. സിംഗ് തുടര്‍ന്നു.

പരസ്യങ്ങള്‍ സിഎന്‍എന്നിലും ഫോക്‌സ് ന്യൂസിലും സിഖ്കാര്‍ ധാരാളമുള്ള കലിഫോര്‍ണിയായിലെ ഫ്രെസ്‌നോയിലെ ടിവി സ്റ്റേഷനുകളിലും നടത്തും. പരസ്യങ്ങളില്‍ 2001 ലെ ഭീകരാക്രമണത്തിനുശേഷം സിഖ് സമൂഹത്തിനു നേരെ ഉണ്ടായ 300 ല്‍ അധികം വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമര്‍ശം ഉണ്ടാവില്ല. പകരം സിഖ് കുടുംബങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിതമായ ലോകത്തിലെ അഞ്ചാമത്തെ വലിയ മതത്തിന്റെ തത്വങ്ങള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ എത്രമാത്രം ഉയര്‍ത്തി പിടിക്കുന്നു എന്ന് വിവരിക്കും.

ഇന്റര്‍നെറ്റിലും പരസ്യങ്ങള്‍ ഉണ്ടാവും. സിഖുകാര്‍ കൂടുതല്‍ താമസിക്കുന്ന മറ്റ് മൂന്നു നഗരങ്ങളിലും ടെലിവിഷന്‍ പരസ്യങ്ങള്‍ ഉണ്ടാവും. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത് അമേരിക്കന്‍ മൂല്യങ്ങളുമായി തോളോട് തോള്‍ ചേര്‍ന്ന് പോകുന്നതായ സിഖ് മൂല്യങ്ങള്‍, സഹിഷ്ണുത, മതസ്വാതന്ത്ര്യം, ലിംഗസമത്വം എന്നാണ് പരസ്യത്തില്‍ ചുവന്ന ടര്‍ബന്‍ ധരിച്ച വ്യക്തി പറയുന്നു.

അമേരിക്കന്‍ പോപ്പ് സംസ്‌കാരത്തെ സിഖുകാര്‍ എങ്ങനെ സ്വീകരിക്കുന്നു എന്ന് മറ്റൊരു പരസ്യം പറയുന്നു. പരസ്യത്തില്‍ ഒരാള്‍ പറയുന്നു. എനിക്ക് ഗെയിം ഓഫ് ത്രോണ്‍സ് (ടെലിവിഷന്‍ പരമ്പര) ഇഷ്ടമാണ്. മറ്റൊരാള്‍ പറയുന്നത് അയാള്‍ക്ക് സ്റ്റാര്‍ വാഴ്‌സിനോട് വലിയ അഭിനിവേശമാണെന്നാണ്.

റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് ഉപദേശക സ്ഥാപനങ്ങളുമായി ആലോചിച്ചാണ് പരസ്യം തയാറാക്കിയത്. നിയമ വിരുദ്ധ കുടിയേറ്റത്തെയും ഇസ്്‌ലാമിക് തീവ്രവാദത്തെയും എതിര്‍ക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് പരസ്യത്തില്‍ പ്രതിപാദിക്കുന്നില്ല. ട്രംപിന്റെ തിരഞ്ഞെടുപ്പിന് അടുത്ത നാളുകളിലാണ് സിഖ് സമൂഹം പ്രചരണത്തിനുവേണ്ടി പതിമൂന്ന് ലക്ഷം ഡോളര്‍ സമാഹരിച്ചത്. എന്നാല്‍ ട്രംപിന്റെ വിജയവുമായി ധനസമാഹരണത്തിന് ഒരുബന്ധവും ഇല്ലെന്ന് സംഘാടകര്‍ പറയുന്നു. ആറ് പേരുടെ മരണത്തിന് കാരണമാക്കിയ വിസ് കോണ്‍സിനിലെ ആരാധനാലയത്തിലെ വെടി വെയ്പ് സിഖ് സമൂഹത്തിലെ പലര്‍ക്കും ഇനിയും മറക്കാന്‍ കഴിഞ്ഞിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക