Image

കുരിശ്, സാത്താന്‍, ബിഷപ്പുമാര്‍, വി.എസും കുമ്മനവും നടൻ ജോയ് മാത്യുവും

Published on 21 April, 2017
കുരിശ്, സാത്താന്‍, ബിഷപ്പുമാര്‍, വി.എസും കുമ്മനവും നടൻ ജോയ് മാത്യുവും
മൂന്നാര്‍: ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാ ഗ്രൂപ്പ് തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. 

വാഹനം ഉപയോഗിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതിന് 
മണ്ണുത്തി സ്വദേശി പൊറിഞ്ചു എന്നയാള്‍ക്കെതിരെയും കേസെടുത്തു. 

തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമായ സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ വെള്ളൂക്കുന്നേല്‍ ടോം സക്കറിയയ്‌ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി ശാന്തന്‍പാറ പൊലീസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

 പ്രാര്‍ഥനാ സംഘത്തിന്റെ താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും മൂന്ന് ഷെഡുകളുമാണ് പൊളിച്ചുമാറ്റിയത്. ഒരു ടണ്‍ ഭാരമുള്ള ഇരുമ്പ് കുരിശ് നീക്കം ചെയ്യുകയും ഷെഡുകള്‍ പൊളിച്ച് കത്തിക്കുകയും ചെയ്തിരുന്നു.

തൃശ്ശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് 'സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി'.
യേശുവിന്റെ വെളിപാട് 24 വര്‍ഷംമുമ്പാണ് തനിക്കുണ്ടായതെന്ന് 
ടോം സക്കറിയ  അവകാശപ്പെടുന്നു. 

കരിസ്മാറ്റിക് ഗ്രൂപ്പുകളുടേതിന് സമാനമാണ് ആരാധന. മരിച്ചുപോയവരുടെ ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ഈ സംഘടന ഉന്നയിക്കുന്നുണ്ട്.

സ്പിരിറ്റ് ഇന്‍ ജീസസ് എന്നത് വ്യക്തിയുടെ വഴിതെറ്റല്‍ മാത്രമാണെന്നും ഇത് സാത്താന്‍ ആരാധനയാണെന്നും മറ്റു ക്രൈസ്തവസഭകള്‍ പഠിപ്പിക്കുന്നു. ഇവരുമായി സഹകരിക്കുന്നതില്‍ കത്തോലിക്കാസഭ  വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമമവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. എന്നാല്‍ വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'വനഭൂമി കൈയ്യേറ്റത്തിനെ ന്യായീകരിക്കുന്നില്ല. എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ അവരുടേതായ ചില കാര്യങ്ങള്‍ സ്ഥാപിക്കുന്ന രീതി ദശകങ്ങളായി ഉണ്ടായിരുന്നു. 

വനഭൂമി കൈയേറി കുരിശു സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയല്ല. സഭ വനഭൂമി കൈയേറ്റത്തെ അംഗീകരിക്കുന്നില്ല. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്നും മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണ'മെന്നും കര്‍ദിനാള്‍ പറഞ്ഞു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതില്‍ തെറ്റുമില്ലെന്നും കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. 'പക്ഷേ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനാ വസ്തുവാണ്. അത് ജെസിബി വച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മാന്യമായ രീതിയില്‍ അതു പൊളിച്ചു നീക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതാണ് പറഞ്ഞത്. ആ നിലപാടിനെ പ്രശംസിക്കുന്നുവെന്നും  ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

സ്പിരിറ്റ് ഇന്‍ ജീസസുമായി സീറോ മലബാര്‍ സഭയ്ക്കു ബന്ധമില്ലെന്നു എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ പാടില്ലെന്നതാണു സഭ നിലപാട്. കുരിശ് ബഹുമാനിക്കപ്പെടണം. 

ആദരവോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുരിശ്. അതു അനാദരവുണ്ടാകുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നു ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു. 

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ വിവേചനം പാടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.  മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അപലപനീയമാണ്.
കൈയ്യേറ്റ ഭൂമിയിലെ കുരിശ് നീക്കംചെയ്ത രീതിയെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനകള്‍ പലതും ഇത്തരത്തില്‍ ആയിരുന്നില്ലെന്ന് കുമ്മനം ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുരിശ് നീക്കിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി വികാരംകൊള്ളുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം.

സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിയ്ക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണണം. 

കുരിശായാലും കൈയ്യേറ്റമാണെങ്കില്‍ ഒഴിപ്പിക്കണമെന്ന്‌ വിഎസ്‌ പറയുന്നു. ഏത്‌ രൂപത്തിലുള്ള കൈയ്യേറ്റവും ഒഴിപ്പിക്കണമെന്നും കുടിയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിലപാട്‌ തന്നെ സ്വീകരിക്കണമെന്നും വിഎസ്‌.

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സ്വഭാവിക നടപടിയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതേ കുറിച്ച് കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആരോട്‌ ചോദിച്ചിട്ടാണ്‌ കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നത്‌ എന്തുകൊണ്ടെന്നും പിണറായി ചോദിച്ചതിനെതിരെ കടുത്ത പ്രതിഷേധം തന്നെ ഉയര്‍ന്നിരിക്കുകയാണ്‌. 

ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത് സ്വയം കുരിശാകുകയാണു വേണ്ടത് നടന്‍ ജോയ് മാത്യു.

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകള്‍ സ്ഥാപിക്കും പിന്നെ ഒരു രൂപക്കൂട് വരും അതിനോട് ചേര്‍ന്ന് ഒരു ഭന്ധാരപ്പെട്ടി മെഴുകുതിരി സ്റ്റാന്‍ഡ് തുടര്‍ന്ന് ഒരു ചെറിയ ഷെഡ് അതിനു പ്രാര്‍ഥനാലയം എന്നു പേര്‍ പിന്നീടാണു അത് കോടികള്‍ ചിലവഴിച് പള്ളിയാക്കുക.

വെഞ്ചരിക്കല്‍ കര്‍മ്മത്തിനു മന്ത്രിപുംഗവന്മാര്‍ തുടങ്ങി ന്യായാധിപന്മാര്‍ വരെ വന്നെന്നിരിക്കും ഇനി പള്ളിപൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ച് തരണേ എന്ന പ്രാര്‍ഥന തുടങ്ങുകയായി സ്വന്തമായി ഒരു കൂരയോ ഒരു സെന്റ് ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീബലത്തില്‍ മതമാഫിയകള്‍ ഏക്കറുകള്‍ കൈവശപ്പെടുത്തുന്നത്

അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക നമ്മുടെ നാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത് ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല എന്ന് പറയുംബോള്‍ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു?

മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍ ,അത് ഏത് മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവര്‍മ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത് കുരിശ് നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവര്‍മ്മെന്റ് നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസിനുമതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ് എല്ലാ മതമേധാവികളും ഈ മാത്രുകപിന്തുര്‍ന്നിരുന്നെങ്കില്‍ ഈ നാട് എപ്പഴേ നന്നായേനെ

ഓര്‍ക്കുക :ക്രിസ്ത്യാനി മറ്റുള്ളവര്‍ക്ക് കുരിശാകരുത് സ്വയം കുരിശാകുകയാണു വേണ്ടത്
കുരിശ്, സാത്താന്‍, ബിഷപ്പുമാര്‍, വി.എസും കുമ്മനവും നടൻ ജോയ് മാത്യുവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക