Image

ലോകത്തോടൊപ്പം ഒരു നൂറ്റാണ്ട് നടന്ന ചിരിയുടെ, ചിന്തയുടെ വലിയ മെത്രാപ്പോലീത്ത

എ.എസ് ശ്രീകുമാര്‍ Published on 27 April, 2017
ലോകത്തോടൊപ്പം ഒരു നൂറ്റാണ്ട് നടന്ന ചിരിയുടെ, ചിന്തയുടെ വലിയ മെത്രാപ്പോലീത്ത
ചിരിയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റ നൂറാം ജന്‍മദിനത്തിന്റെ നിറവില്‍ സഭയുടെയും സമൂഹത്തിന്റെയും പൂമുഖത്തിരുന്നു ശുശ്രൂഷയുടെ ഉപഹാരങ്ങള്‍ അനവരതം കൈമാറുകയാണ്...യാത്രകള്‍, സന്ദര്‍ശനങ്ങള്‍, പ്രസംഗങ്ങള്‍, എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന നര്‍മോക്തികള്‍ ഒക്കെയായി. എത്രദൂരം യാത്രചെയ്തും സ്‌നേഹം വാങ്ങി മടങ്ങും. ആറടിയിലേറെ ഉയരവും 92 കിലോഗ്രാം ഭാരവുമുള്ള ഉടല്‍ ഇന്ന് (ഏപ്രില്‍ 27) നൂറ് വയസും കടന്നിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷ സ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ജന്‍മ ശതാബ്ദിയോടനുബന്ധിച്ച് മാര്‍ത്തേമ്മാ സഭ ഇക്കൊല്ലം നൂറ് വീടുകള്‍ നിര്‍മിക്കുന്നതിന് സഹായം നല്‍കും. ഭിന്ന ലിംഗക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നവോദയ മൂവ്‌മെന്റ് ഏന്ന പേരില്‍ പദ്ധതി നടപ്പാക്കും.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യു.സി കോളേജിലെ ബിരുദ പഠനത്തിന് ശേഷം 1943ല്‍ ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജില്‍ ചേര്‍ന്നു. 1944 ജനുവരി ഒന്നിന് ശെമ്മശ പട്ടവും 1944 ജൂണ്‍ മൂന്നിന് കശീശാ പട്ടവും ലഭിച്ചു. 1953 മെയ് 20ന് റമ്പാനായി നിയോഗം. 1954 മെയ് 23ന് എപ്പിസ്‌കേപ്പയായി നിയമനം. 1954ല്‍ കോട്ടയം ഭദ്രാസന എപ്പിസ്‌കോപ്പ. 1954ല്‍ തന്നെ കോട്ടയം-മലബാര്‍ ഭദ്രാസന എപ്പിസികോപ്പ. 1963ല്‍ മിഷണറി ബിഷപ്പായി. പിന്നീട് അടൂര്‍, കൊക്കാരക്കര ഭദ്രാസനാധിപന്‍. 1975ല്‍ ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം. 1990ല്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍. 1998ല്‍ ഒഫീഷേറ്റിങ് മെത്രാപ്പോലീത്തയായി. 1999 ഒക്ടോബര്‍ 23ന് സഭയുടെ 20മത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007 വലിയ മെത്രാപ്പോലീത്തയായി. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ ഇന്നും സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാര്‍ ക്രിസോസ്റ്റം. കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളേജില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. 1954ലും 1968ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 
***
ഒരിക്കല്‍ അദ്ദേഹം പങ്കുവച്ച ചില കോളേജ് അനുഭവങ്ങള്‍ ഈ നൂറാം ജന്‍മദിന വേളയില്‍ പ്രസക്തമാവുന്നു. അതിങ്ങനെ... മാരാമണ്‍ എബ്രഹം മാര്‍ മല്‍പ്പാന്‍ സ്‌കൂളിലായിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസം. ഇന്നത് ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളാണ്. മാരമണ്ണില്‍ത്തന്നെയുള്ള മിഡില്‍ സ്‌കൂളിലും പിന്നീട് കോഴഞ്ചേരിയിലുള്ള സ്‌കൂളിലുമായിരുന്നു പഠനം. അവിടെ നിന്ന് ആലുവ യു.സി. കോളജിലേക്കാണ് ഞാനെത്തിയത്. ആ കോളജ് ആണ് എന്നെ ഞാനാക്കി തീര്‍ത്തത്. പഠനത്തില്‍ അതിസമര്‍ത്ഥനും തീരെ മണ്ടനുമല്ലായിരുന്നു ഞാന്‍. വീടിനടുത്തും കോളജിലുമായി എനിക്കൊരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആരോടും പ്രത്യേകം സൗഹൃദം എനിക്കനുഭവപ്പെട്ടിരുന്നില്ല. എല്ലാവരും എനിക്കു പ്രിയപ്പെട്ടവരായിരുന്നു. അന്ന് യു.സി. കോളജ് മിക്‌സഡ് കോളജല്ലായിരുന്നു. അതിനാല്‍ എനിക്ക് പെണ്‍സുഹൃത്തുക്കളുണ്ടായിരുന്നില്ല. താമസം ഹോസ്റ്റലിലായിരുന്നു.

എന്റെ ഓര്‍മ്മയില്‍ മൂന്നുനാലു സുഹൃത്തുക്കളുടെ പേരു മാത്രമേയുള്ളൂ. അതില്‍ എന്നോടൊപ്പം പഠിച്ചവരും ജൂനിയറായി പഠിച്ചവരും എന്നെ പഠിപ്പിച്ച അധ്യാപകരുമുണ്ട്. പി.കെ. വാസുദേവന്‍നായര്‍, സി.പി. മാത്യൂസാര്‍, മന്‍മഥന്‍നായന്‍, പി.സി. അലക്‌സാണ്ടര്‍. ഞങ്ങളുടെ കൈയിലിരുപ്പുകൊണ്ട് അധ്യാപകരുടെ കൈയില്‍നിന്നും വീട്ടുകാരുടെ കൈയില്‍നിന്നും നല്ല സമ്മാനം കിട്ടിയിരുന്നു. സമ്മാനമെന്നു പറഞ്ഞാല്‍ നല്ല ചൂരല്‍വടികൊണ്ടുള്ള അടിയാണ്. അടിയും കിഴുക്കുമൊക്കെ കിട്ടുന്ന കാലമൊക്കെ മാറിയിരിക്കുന്നു. ഇന്നു പിള്ളേരെ അടിച്ചാല്‍ പിള്ളേരു തോക്കെടുത്ത് അപ്പനെയും അമ്മയെയും അധ്യാപകരെയും വെടിവയ്ക്കുന്ന കാലമാണ്. കുട്ടികളൊക്കെ ക്വട്ടേഷന്‍ കൊടുക്കും. ഇന്നത്തെ പിള്ളേരെ വച്ച് ഞങ്ങള്‍ എത്ര പാവങ്ങളായിരുന്നു. അതും ഒരു കാലം.

കോളജിനൊപ്പം ഹോസ്റ്റല്‍ ജീവിതവും ഞാനേറെ ആഘോഷിച്ചു. എന്നെ ഞാനാക്കിത്തീര്‍ത്തത്, ഇന്ന് സമൂഹത്തില്‍ ഈ സ്ഥാനം ഉണ്ടാക്കിത്തന്നത് അതൊക്കെ ആ ഹോസ്റ്റല്‍ ജീവിതമായിരുന്നു. അന്ന് കോളജില്‍ പഠിച്ചിരുന്നവരില്‍ 85 ശതമാനം പേരും ഹോസ്റ്റലില്‍ താമസിക്കുന്നവരായിരുന്നു. കോളജും ഹോസ്റ്റലും സ്വന്തം വീടുപോലെ തന്നെയായിരുന്നു. കളിച്ചും ചിരിച്ചും രസിച്ചുമുള്ള ഹോസ്റ്റല്‍ ജീവിതം കടുത്ത നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഞങ്ങളെ ബാധിച്ചിരുന്നില്ല. പഠനവും, കളിയുമൊക്കെ ഏറെ പ്രിയപ്പെട്ടതായിരുന്നു. ഭക്ഷണം കഴിക്കുന്നതൊക്കെ പങ്കിട്ടായിരുന്നു. എല്ലാം പങ്കിടാനുള്ള ഒരു മനോഭാവം ഉണ്ടാക്കിത്തന്നത് ഹോസ്റ്റല്‍ ജീവിതം തന്നെയായിരുന്നു.

സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിലായിരുന്നു ഞങ്ങളുടെ കോളജ് ജീവിതം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്നകാലത്ത് ഞങ്ങളും സമരം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അധ്യാപകരുടെയും വീട്ടുകാരുടെയും സമ്മാനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേണ്ടെന്നുവച്ചു. എന്നാല്‍ തിരുവനന്തപുരത്തുനിന്നുള്ള കോളജുകളിലെയും ഞങ്ങളുടെ കോളജുകളിലെയും കുട്ടികളൊക്കെ സമരത്തിനിറങ്ങിയതോടെ ഞങ്ങള്‍ക്കും അടങ്ങിയിരിക്കാന്‍ ഒക്കുമോ. അവര്‍ കോളജില്‍ വന്നതോടെ ഞങ്ങളും ഇറങ്ങി പ്രിന്‍സിപ്പലിനെതിരെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ''ഗോ ബാക്ക്'' എന്നു പറഞ്ഞ പ്രിന്‍സിപ്പലിനെക്കണ്ടു ഭയന്നോടി ഞങ്ങള്‍. വീണ്ടും സമരവുമായി ചെന്നപ്പോഴും ഇതുതന്നെ സംഭവിച്ചു. അടുത്തദിവസം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എന്‍.ജി. ചാക്കോ അര്‍ഥമറിയാതെ തിരിച്ചുവിളിച്ചു പറഞ്ഞു... ''യൂ ഗോ ബാക്ക്''. ഞങ്ങളുടെ സമരം അവിടെ വിജയിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ റൂമും കോളജും കൈയേറി വിജയമാഹ്‌ളാദിച്ചു. അര്‍ഥമറിയാതെ പറഞ്ഞതാണെങ്കിലും ഞങ്ങളുടെ സമരം വിജയിച്ചു. ഞങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനവിജയമായിരുന്നു. ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ പൊട്ടിച്ചിരിച്ചുപോകും.

അറംപറ്റിയ വാക്കിനെക്കുറിച്ച്...ഇതിനുള്ളില്‍ ഒരു കഥയുണ്ട്. ആ കഥയിലെ നായകന്‍ ഈ ഞാന്‍ തന്നെയാണ്. സമരത്തെക്കുറിച്ച് പറഞ്ഞല്ലോ. സമരത്തിനിടയില്‍ ആദ്യമൊക്കെ ചെല്ലാതിരുന്നതിന് തിരുവല്ലയിലെ കുട്ടി നേതാവായിരുന്ന പി.ടി. പുന്നൂസ് പറഞ്ഞു ''നീ എന്നും പെണ്ണുകെട്ടാതെ നിന്നുപോകുമെന്ന്...'' ഭാഗ്യത്തിന് എന്റെ കൂടെ അന്നുണ്ടായിരുന്നവരൊക്കെ പെണ്ണുകെട്ടി. ഞാന്‍ മാത്രം പെണ്ണുകെട്ടിയില്ല. ഇന്ന് ഞാനതൊരു ഭാഗ്യമായി കാണുന്നുണ്ട്. കാരണം ആ സുഹൃത്തിന്റെ ജീവിതം പോലെയല്ലല്ലോ എന്റെ ജീവിതം. സ്വസ്ഥതയും സമാധാനവുമുള്ള ജീവിതം നയിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. പിന്നെ ഇതൊക്കെ വായിക്കുമ്പോള്‍ നിങ്ങളോര്‍ക്കും എനിക്കു കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന്. അങ്ങനെയുള്ള ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. പിന്നെ എന്റെ ആ സുഹൃത്തിന്റെ അറംപറ്റിയ വാക്കിനെക്കുറിച്ചോര്‍ത്തപ്പോള്‍ ഇപ്പോള്‍ എനിക്കു സന്തോഷം തോന്നുന്നു.

നിയമംകൊണ്ട് മദ്യം നിരോധിക്കുന്നത് നല്ലതോ ചീത്തയോ എന്ന വിഷയത്തില്‍ കോളജില്‍ ഒരു സംവാദം നടത്തി. എന്റെ സുഹൃത്തായ എം.ഒ മത്തായി ശരിയല്ലായെന്നും കെ.എം ഉമ്മന്‍ ശരിയാണെന്നും വാദിച്ചു. ഇതിനിടയില്‍ പുതുപ്പള്ളിക്കാരനായ ഒരു സുഹൃത്ത് സാറിനോടു പറഞ്ഞു ''മദ്യത്തെക്കുറിച്ച് പറയാനാണ് ഞാന്‍ വന്നത്. പിന്നെ സാറു പറഞ്ഞതുകൊണ്ട് മാറ്റിപ്പറയാന്‍ തുടങ്ങുവാരുന്നു..'' പറഞ്ഞ് തീരുംമുമ്പ് അവനിട്ട് അടികിട്ടി. ഇതാണ് മദ്യത്തിന് കിട്ടിയ അടി. അന്നൊക്കെ എന്റെ താല്‍പ്പര്യങ്ങള്‍ പഠിക്കുന്ന കാര്യത്തേക്കാളും മറ്റുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധകൊടുക്കുന്നതിലായിരുന്നു. അതുകാരണമാണല്ലോ ഞാനിതൊക്കെ ഓര്‍ത്തെടുത്തത്.

കോളജിനെയും സുഹൃത്തിനെയും കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ അയല്‍ക്കാരനായ സുഹൃത്തിനെക്കുറിച്ച് പറയണം. അവന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഞാനീ വടിയൊക്കെ കുത്തി നടക്കുമ്പോള്‍ സാമുവലിന് വടിയൊന്നും വേണ്ട. അതിലിത്തിരി കുശുമ്പ് എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ അവനൊന്നു വീണു. അതറിഞ്ഞയുടന്‍ ഞാനവനെ കാണാന്‍പോയി. അവനോര്‍ത്തു ഞാന്‍ അയ്യോ നീ വീണോ എന്നു ചോദിക്കുമെന്ന്. അവനോട് ഞാന്‍ പറഞ്ഞു ''എടാ നീ വടിയൊക്കെ കുത്താതെ നടക്കുന്നത് കണ്ട ഞാന്‍ നീ ഇങ്ങനെ കിടക്കുന്നത് കാണാന്‍ വന്നതാണ്...'' എന്ന്. എങ്ങനെയുണ്ട്. ഞാനവനെ ഇങ്ങനെതന്നെയല്ലേ ആശ്വസിപ്പിക്കേണ്ടത്. ഇതൊക്കെ ഞാന്‍ എന്റെ കൊച്ചുകൊച്ചു സന്തോഷമാക്കി മാറ്റും. എന്തായാലും സാമുവല്‍ എനിക്കു പ്രിയപ്പെട്ട അയല്‍ക്കാരന്‍ തന്നെയാണ്.

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ തക്കവണ്ണം എനിക്കും എന്റെ സമൂഹത്തിനും നന്മ ചെയ്യുന്നതാണ് യഥാര്‍ത്ഥ സുഹൃത്ത്. എന്റെ സൗഹൃദത്തില്‍ എല്ലാവരും എനിക്കു സുഹൃത്തുക്കളാണ്. പ്രായമുള്ളവരും പ്രായം കുറഞ്ഞവരുമെല്ലാം. പ്രായം കുറഞ്ഞവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കേറെയിഷ്ടമാണ്. ഞാന്‍ ഒരു കാര്യം ചെയ്യാന്‍ ഒരുമണിക്കൂര്‍ എടുക്കുമ്പോള്‍ യുവജനങ്ങള്‍ അഞ്ചുമിനിറ്റു മാത്രമേ എടുക്കൂ. അവരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ആ പഴയകാലങ്ങളിലേക്ക് ഒന്നു തിരിഞ്ഞുപോകുകയായിരുന്നു...തിരുവല്ലയും മാരമണ്ണും ആലുവ യു.സി. കോളജും പിന്നെ പ്രായഭേദമെന്യേ കുറെ സുഹൃത്തുക്കളുമായി...
***
തിരുമേനിയുടെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചോദിച്ചാല്‍ അദ്ദേഹം ഇങ്ങനെ പറയും...''എന്റെ സന്തോഷം എന്നെപ്പോലെയുള്ള മനുഷ്യരെ കാണുന്നതാണ്. ആശുപത്രിയില്‍ പോയാല്‍ മരുന്നിനെക്കാളേറെ ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും സന്ദര്‍ശകരെയുമൊക്കെ കാണുന്നതാണ് എനിക്കു സൗഖ്യം തരുന്നത്. മനുഷ്യരെ കാണാതെ മരുന്നുകൊണ്ടു മാത്രം സൗഖ്യം കിട്ടുമെന്നു കരുതുന്നത് ജയിലിലിട്ടാല്‍ ഒരുവന്‍ നന്നാകുമെന്നു വിശ്വസിക്കുന്നതു പോലെയാണ്. എന്റെ പ്രസംഗങ്ങള്‍ വളരെ നൂതനമായതോ വെല്ലുവിളിക്കുന്നതോ ആയ ആശയങ്ങള്‍ നിറഞ്ഞതല്ല. ഞാന്‍ പ്രസംഗത്തിലൂടെ പഠിപ്പിക്കുകയല്ല, പഠിക്കുകയാണ്. ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഉറങ്ങുന്നവര്‍ ഈ ആശയം ഞങ്ങള്‍ക്കു സ്വീകാര്യമല്ലെന്ന് കണ്ണടച്ച് എനിക്കു മനസ്സിലാക്കിത്തരികയാണ്. എന്റെ അഭിപ്രായം കേട്ടു ചിരിക്കുന്നവര്‍ എന്നെ ഒരു പണ്ഡിതനായി അംഗീകരിക്കുന്നില്ലെന്നു പറയുകയാണ്. ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഉറക്കം കൊണ്ടു തലകുനിക്കുന്നവര്‍ എന്റെ ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നു തെറ്റിദ്ധരിക്കാന്‍ മാത്രം ബുദ്ധിഹീനത എനിക്ക് ആയിട്ടില്ല...'' പിറന്നാള്‍ തലേന്ന് തിപുമേനി പറഞ്ഞത് ''എന്റെ ജീവിതത്തില്‍ പൂര്‍ണതയായെന്ന് തോന്നുന്നില്ല...'' എന്നാണ്. അതേ, നൂറു തികയുമ്പോള്‍ നമ്മോടെല്ലാം പറയാന്‍ ഇനിയുമേറെയുണ്ട് വലിയ മെത്രാപ്പോലീത്തയുടെ മനസില്‍...ദീര്‍ഘായുഷ്മാന്‍ ഭവ...

ലോകത്തോടൊപ്പം ഒരു നൂറ്റാണ്ട് നടന്ന ചിരിയുടെ, ചിന്തയുടെ വലിയ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക